Image

ഒരു അമേരിക്കന്‍ യാത്രാവിവരണം (സുധാമണി ആനന്ദന്‍)

Published on 01 August, 2018
ഒരു അമേരിക്കന്‍ യാത്രാവിവരണം (സുധാമണി ആനന്ദന്‍)
അമേരിക്കയിലേക്ക് ഒരു യാത്ര പുറപ്പെടുകയാണ്. പെട്ടികളെല്ലാം പാക്ക് ചെയ്ത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തി. ഞാനും എന്റെ ഭര്‍ത്താവും കൂടിയാണ് യാത്ര പോകുന്നത്. ഇളയ മകനാണ് യാത്ര അയക്കാന്‍ വന്നത്. അമേരിയ്ക്കയില്‍ മൂത്ത മകനും ഭാര്യയും അവര്‍ക്കൊരു കുഞ്ഞും ഉണ്ട്. ആ കുഞ്ഞിനെ കാണാന്‍ വേണ്ടിയാണ് ഈ യാത്രം. 70 വയസ് പ്രായത്തിനകം ആദ്യത്തെ അനുഭവങ്ങളാണിതെല്ലാം. എയര്‍പോര്‍ട്ടിനകത്ത് കയറിയപ്പോള്‍ തന്നെ വീല്‍ചെയര്‍ അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കിയിരുന്നു. ഞങ്ങള്‍ രണ്ടും വീല്‍ചെയറില്‍ ഇരുന്നു. അവര്‍ ലെഗേജ് ചെക്കിന്‍ ചെയ്യാനും മറ്റും സഹായിച്ചു. ഫ്‌ളൈറ്റിനകത്ത് കയറി സീറ്റിലിരുന്ന് എല്ലാം അതിശയം പോലെ നോക്കി കണ്ടു. വിമാന റാഞ്ചല്‍ തടയാന്‍ സ്‌കൈമാര്‍ഷല്‍മാര്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ആദ്യം തന്നെ അവരെയാണ് തിരഞ്ഞുകൊണ്ടിരുന്നത്. എനിക്ക് സൈഡ് സീറ്റായിരുന്നു. സീറ്റ് ബെല്‍റ്റിട്ട് ഫ്‌ളൈറ്റ് പറന്നു പൊങ്ങിയശേഷം നിര്‍ദേശമില്ലെങ്കിലും ഫോണ്‍ ഓണ്‍ ചെയ്ത് ഫോട്ടോയും വീഡിയോയും എടുത്തുകൊണ്ടിരുന്നു. പുലര്‍ച്ചെ 4.10ന് തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച 8.30ന് ദുബായില്‍ എത്തി. ഇതിനകം പ്രഭാത ഭക്ഷണം കഴിച്ചു.

ദുബായില്‍ നിന്നും എമറ്റൈറ്റിന്റെ ഫ്‌ളൈറ്റിലായിരുന്നു യാത്ര. 13 മണിക്കൂര്‍ ഓരേ പോലുള്ള യാത്രയായിരുന്നു. സീറ്റ് നിവര്‍ത്തിക്കിടന്നു അല്പസമയം എഴുന്നേറ്റ് നിന്നും ഫ്‌ള്‌ലൈറ്റിലെ ഭക്ഷണം കഴിച്ചുമൊക്കെ ന്യൂയോര്‍ക്കില്‍ എത്തി. ഇന്ത്യയില്‍ നിന്നും പകല്‍ തുടങ്ങിയ യാത്ര ന്യുയോര്‍ക്കില്‍ എത്തിയപ്പോഴും പകല്‍ തന്നെയായിരുന്നു. വീല്‍ചെയര്‍ വളഞ്ഞു തിരക്കുള്ള എമിഗ്രേഷന്‍ ക്യുവില്‍ നിന്നും ഡെല്‍റ്റഗ്രൗണ്ട് സ്റ്റാഫിന്റെ എന്തിനാണ് വന്നത്, എത്രനാള്‍ നില്‍ക്കും എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ലഗേജ് കളക്ട് ചെയ്ത് പുറത്തുവന്നു. മകനും ഭാര്യയും കുഞ്ഞും ഞങ്ങളെ പ്രതീക്ഷിച്ച് നിന്നിരുന്നു. വീട്ടില്‍ വന്ന് ഭക്ഷണമൊക്കെ കഴിച്ച് പകലാണെങ്കിലും നമ്മുടെ രാത്രിയാണല്ലോ ഉറങ്ങിപ്പോയി.

പിന്നീട് പല സ്ഥലങ്ങള്‍ കാണാനിടയായി. ആദ്യം ന്യൂയോര്‍ക്ക് സിറ്റി കാണാനായാണ് പോയത്. ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ന്യൂയോര്‍ക്ക്. എല്ലാ രാജ്യത്തുനിന്നും കുടിയേറി വന്നവരാണ് അവിടെയുള്ളവരെന്ന് അറിയാന്‍ കഴിഞ്ഞു. അനേകം ഭാഷ സംസാരിക്കുന്നവരെയും അനേകം വേഷം ധരിക്കുന്നവരെയും അവിടെ കണ്ടു. അതുകൊണ്ടുതന്നെ നാനാതരത്തിലുള്ള ഭക്ഷണവും അവിടെ കിട്ടുന്നുണ്ടായിരുന്നു. ന്യൂ ആംസ്റ്റര്‍ഡാം എന്നായിരുന്നു ഈ നഗരത്തിന്റെ പേര്. അറ്റ്‌ലാന്റിക് തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സബ്‌വേ എന്നറിയപ്പെടുന്ന അണ്ടര്‍ഗ്രൗണ്ട് ട്രെയിനിലാണ് ഞങ്ങള്‍ ഇവിടെ വന്നത്. പിന്നീട് ഞങ്ങള്‍ എംയര്‍‌സ്റ്റേറ്റ് ബില്‍ഡിംഗ് കാണാനായാണ് പോകുന്നത്. അവിടേക്ക് പോകുന്ന വഴി ഒരു ബോംബ് സ്‌ഫോടനശബ്ദവും ജനത്തിരക്കും. പോലീസ് ആകെ ഒരു ഭീകരാന്തരീക്ഷം, ഗാര്‍ബേജ് ബോക്‌സില്‍ നിന്നും ഒരു കുക്കര്‍ ബോംബ് പൊട്ടിയതായിരുന്നു. മിടുക്കനായ ഡ്രൈവര്‍ ഏതൊക്കെയോ വഴിലിയൂടെ ഞങ്ങളെ യഥാസ്ഥാനത്ത് കൊണ്ടെത്തിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണ് എംപയര്‍‌സ്റ്റേറ്റ് ബില്‍ഡിംഗ്. 102 നിലകളുള്ള ബില്‍ഡിംഗിന്റെ 86-ാം നിലവരെ ഞങ്ങള്‍ കയറി. ബുള്ളറ്റ് കെര്യര്‍ എന്നറിയപ്പെടുന്ന ഹൈസ്പീഡ് ലിഫ്റ്റ് വഴിയാണ് കയറിയത്. മുകളില്‍ നിന്നാല്‍ ന്യൂയോര്‍ക്ക് മുഴുവന്‍ കാണാം. 2001 സെപ്റ്റംബര്‍ 11ന് ട്വിന്‍ ടവര്‍ തകര്‍ന്ന് വീഴുന്ന കാഴ്ച ടെലിവിഷനില്‍ കണ്ടപ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല അവിടം നേരില്‍ കാണാന്‍ കഴിയുമെന്ന്. അവിടെ ഗ്രൗണ്ട് സീറോ സ്മാരകം കാണാം. അന്നത്തെ അത്യാഹിതത്തില്‍ മരിച്ചവരുടേയെല്ലാം പേരുകള്‍ കൊത്തിവച്ച് സ്മാരകമാണത്. എല്ലാം കണ്ട് ഞങ്ങളുടെ കാറില്‍ കറങ്ങി വരുമ്പോള്‍ നഗരമധ്യത്തില്‍ സംരക്ഷിത വനങ്ങള്‍, അതെല്ലാം നാഷണല്‍ പാര്‍ക്കുകളാണ്.

അവിടത്തെ വീടുകള്‍ പുറമേ ഒതുക്കമുള്ളതായി തോന്നുമെങ്കിലും അകത്ത് ധാരാളം സൗകര്യങ്ങള്‍ ഉള്‍ക്കൊച്ചിരിക്കുകയാണ്. മിക്ക വീടുകളിലും ബേസ്‌മെന്റ് ഉണ്ട് അതിനുതന്നെ സാധാരണ ഒരു വീടിന്റെ സൗകര്യം ഉണ്ട്. മിക്ക വീടുകളിലും തടി കൊണ്ടുള്ളതാണെങ്കിലും നൂറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വീടുകളും ഫ്‌ളാറ്റുകളും ഇഷ്ടികയില്‍ തീര്‍ത്തിട്ടുള്ള ന്യൂയോര്‍ക്കില്‍ കണ്ടു.

ഒരു വര്‍ഷത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. ധാരാളം കാഴ്ചകള്‍ കാണാനുള്ള അവസരം ഉണ്ടായി. ചരിത്ര സ്മാരകങ്ങള്‍, അക്വേറിയങ്ങള്‍, മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, എയര്‍പോര്‍ട്ടുകള്‍, വൈറ്റ് ഹൗസ്, പാര്‍ലമെന്റ് എന്നുവേണ്ട പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാഴ്ചകളും യാത്രകളും അനുഭവങ്ങളും ആയിരുന്നു. അതില്‍ മറക്കാനാകാത്ത രണ്ട് യാത്രയായിരുന്നു സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും നായാഗ്ര വെള്ളച്ചാട്ടവും കാണാന്‍ പോയത്.

ലോകാത്ഭുതങ്ങളിലൊന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കാണാന്‍ പോയത് ന്യൂജേഴ്‌സിയില്‍ നിന്നാണ്. ലിബേര്‍ട്ടാസ് എന്ന റോമന്‍ ദേവതയുടെ ശില്പമാണ് സ്റ്റാച്ചു. അമേരിക്കയുടെ നൂറാമത് സ്വാതന്ത്ര്യദിനത്തില്‍ 1886ല്‍ ഫ്രാന്‍സ് സ്‌നേഹസമ്മാനമായി അമേരിക്കയ്ക്ക് നല്‍കിയതാണ് ഈ പ്രതിമ. ഇതിന് ആകെ 305 അടി ഉയരമാണുള്ളത്. പ്രതിമയ്ക്ക് മാത്രം 151 അടി പൊക്കമുണ്ട്. ഈ പ്രതിമയുടെ ശില്പിയും ഡിസൈനറും ഫെഡറിക് അഗസ്റ്റി ആണ്. ലിബോര്‍ട്ടാസ് എന്ന ദേവതയുടെ ശില്പം ചെയ്ത് വന്നപ്പോള്‍ ശില്പിയുടെ അമ്മയുടെ മുഖചായ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഈ സ്റ്റാച്ചു മുഴുവന്‍ ലോഹങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. ശില്പം 31 ടണ്‍ കോപ്പറും 125 ടണ്‍ സ്റ്റീലും ഉള്‍പ്പടെ 450000 പൗണ്ട് ആണ് ഭാരം. ഞങ്ങള്‍ മിഡില്‍ വരെ കയറി. ധാരാളം ഫോട്ടോകളും വീഡിയോകളും എടുത്തു. നല്ലൊരു അനുഭവമായിരുന്നു അത്.

ലോകാത്ഭുതങ്ങളില്‍ മറ്റൊന്നായ നയാഗ്രയിലേക്കായിരുന്നു അടുത്ത യാത്ര. കാര്‍ യാത്രയില്‍തന്നെ നദികളുടെ ഒഴുക്ക് കണ്ട് തീരത്തുകൂടി ആയിരുന്നു വന്നത്. ടിക്കറ്റ് എടുത്ത് റെയിന്‍കോട്ട് ധരിച്ചുകൊണ്ട് ഫെറിയില്‍ കയറി യാത്ര ആരംഭിച്ചു. അമേരിക്കയുടേയും കാനഡയുടേയും കപ്പലുകള്‍ (ഫെറി) പോകുന്നുണ്ടായിരുന്നു. നീല റെയിന്‍കോട്ട് അമേരിക്കയുടേയും ചുവന്ന റെയിന്‍കോട്ട് കാനഡയുടേതുമാണ്. നാലുമാസം പ്രായമായ കുഞ്ഞും വാര്‍ദ്ധക്യത്തിലെത്തിയ ഞങ്ങളും ഉള്ളതുകൊണ്ട് മുകള്‍ത്തട്ടില്‍ കയറിയില്ല. മിഡ് ഓഫ് ദി മിസ്റ്റില്‍ കൂടിയാണ് കപ്പല്‍ പോകുന്നത്. ഞങ്ങള്‍ യാത്ര ചെയ്യുന്ന നദിയുടെ ഒരു വശത്ത് അമേരിക്കയും മറുകരയില്‍ കാനഡയുമാണ്. കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വെള്ളച്ചാട്ടത്തിനിടയില്‍ക്കൂടിയാണ് യാത്ര. പ്രകൃതിയുടെ മനോഹരമായ സൃഷ്ടിയാണ് നയാഗ്ര. ആ അവിശ്വസനീയമായ കാഴ്ചകള്‍ കണ്ടും അനുഭവിച്ചും ക്യാമറിയില്‍ പകര്‍ത്തിയും കരയില്‍ എത്തി. പിന്നീട് കേവ് ഓഫ് വിന്റ് കാണാന്‍ പോയി 1920ല്‍ ഒരു ഗുഹ ഉണ്ടാക്കി അതില്‍ പടികള്‍ പണിത് ആ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ എത്താനുള്ള സൗകര്യം ഉണ്ട്. അതു കാണാന്‍ ടിക്കറ്റ് എടുത്ത്. പച്ച റെയിന്‍കോട്ടും ചപ്പലും ധരിച്ചുകൊണ്ടായിരുന്നു യാത്ര. മകന്‍ ഞങ്ങളെ പിടിച്ച് മുകളില്‍ കൊണ്ടെത്തിച്ച്, ആ അപാര വെള്ളച്ചാട്ടിനടിയില്‍ നില്‍ക്കുന്ന കാഴ്ച മകന്‍ വീഡിയോയില്‍ പകര്‍ത്തി.

ഒരു വശത്തു കൂടികയറി മറുവശത്തുകൂടിയായിരുന്നു ഇറക്കം. നയാഗ്രയുടെ രാത്രികാല ലൈറ്റുകളും കാഴ്ചകളും കണ്ടിട്ടാണ് മടങ്ങിയത്. ഇനിയും ധാരാളം നല്ല അനുഭവങ്ങള്‍ ഉണ്ട്. കണ്ടുതീര്‍ക്കാന്‍ പറ്റാത്ത അത്ര കാഴ്ചകളുടെ നിലവറയാണ് അമേരിക്ക, ഇനിയും അവസരം കിട്ടിയാല്‍ പോകാനുള്ള ആഗ്രഹവുമായി തത്കാലം നിര്‍ത്തുന്നു.

>>>കൂടുതല്‍ വായിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക