Image

കിളിച്ചുണ്ടന്‍ മാമ്പഴമേ.....(വേനല്‍ക്കുറിപ്പുകള്‍ -3: സുധീര്‍ പണിക്കവീട്ടില്‍)

Published on 31 July, 2018
കിളിച്ചുണ്ടന്‍ മാമ്പഴമേ.....(വേനല്‍ക്കുറിപ്പുകള്‍ -3: സുധീര്‍ പണിക്കവീട്ടില്‍)
എന്തൊരു ചൂട്! എന്തൊരുതണുപ്പ്! ഓരോ കലാവസ്ഥയിലും മലയാളിക്ക് ഇങ്ങനെയുള്ള പരാതികളാണു്.എന്നാല്‍ എത്രമനോഹരമായദിവസം, എന്ന് വളരെ ചുരുക്കം പേരേപറയാറുള്ളു. വെയില്‍ ഒരു വര്‍ണ്ണമയൂഖത്തെ പോലെ പീലിവിരിച്ചു നില്‍ക്കുന്നു, മഴത്തുള്ളികള്‍ പുതുമണ്ണില്‍തുള്ളികളിക്കുന്നു,പ്രക്രുതി, മനോഹരി, സുന്ദരി എന്നൊക്കെ എഴുത്തുകാര്‍ എഴുതുമ്പോള്‍ അതൊക്കെ അവരുടെ "വട്ട്'' എന്ന്പറഞ്ഞ് സാധാരണമനുഷ്യര്‍ സ്വയം ന്യായീകരിക്കുന്നു. അനശ്വര നാടകക്രുത്തും, കവിയുമായ ഷേയ്ക്ക്‌സ്പിയര്‍ കവിയും, കാമുകനും, ചിത്തഭ്രമമുള്ളവനും ഒരേപോലെ ചിന്തിക്കുന്നുവെന്ന്പറഞ്ഞിട്ടുണ്ട്. ഭാവനയുടെ അതിഭാവുകത്വത്തില്‍ രമിക്കുന്നവരാണു അവര്‍ എന്ന് അദ്ദേഹം പറഞ്ഞത് വായനക്കാര്‍ ശരിവച്ചിട്ടുണ്ട്. ആ വിഭാഗത്തില്‍ അദ്ദേഹവും പെടുന്നുവെന്നതാണുവിചിത്രം. അത്‌കൊണ്ട് ഇംഗ്ലീഷ്ഭാഷക്ക് അതുല്യങ്ങളായ ക്രുതികള്‍ലഭിച്ചു.എഴുത്തുകാരെ അലട്ടുന്ന ഒരു അസ്കതയാണ് പ്രേമം. പ്രക്രുതിപലപ്പോഴും അതിനെപ്രോത്സാഹിപ്പിക്കുന്നു. അന്തിവാനില്‍ ഒറ്റക്ക് ഉദിച്ചു നില്‍ക്കുന്ന ചന്ദ്രലേഖ വിരഹിണിയായ ഒരു അപ്‌സരസ്സാണെന്ന് കവിക്ക്‌തോന്നുന്നു. അവള്‍ വിപ്രലംഭശ്രുംഗാരന്രുത്തമാടാന്‍ വരുന്നു എന്നദ്ദേഹം എഴുതുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും അത്തരം ദ്രുശ്യങ്ങളില്‍ ഉന്മാദലഹരി അനുഭവപ്പെടുന്നു.

സ്വര്‍ണ്ണം ഉരുകിവീഴുന്നപോലെയുള്ള വെയിലിന്റെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുമ്പോള്‍ ഞാന്‍ ഷേയ്ക്‌സ്പിയറുടെ കവിത ഓര്‍മ്മിക്കുന്നു. നിന്നെ ഞാനൊരു വേനല്‍കാലദിനത്തോട് ഉപമിക്കട്ടെ എന്ന വരികള്‍.പക്ഷെ ഈ കവിതയില്‍ അദ്ദേഹം വേനലിന്റെ കുറവുകള്‍ നിരത്തി യുവത്വത്തിനെ അല്ലെങ്കില്‍തന്റെ കാമുകിയെ വര്‍ണ്ണിക്കുന്നു. അവസാനം പറയുന്നു അവര്‍ ഈ വരികളിലൂടെ ജീവിക്കുമെന്ന്. തന്റെ രചനകള്‍ കാലങ്ങളെ ജയിച്ചുകൊണ്ട് ആസ്വാദകമനസ്സുകളില്‍ ജീവിക്കുമെന്നുമാണു് ഷെയ്ക്‌സ്ഫിയര്‍ ഉദ്ദേശിച്ചത്എന്ന്‌വായനകാര്‍ക്ക് ചിന്തിക്കാവുന്നതാണ്.

കവിയും,കാമുകനും, ഭ്രാന്തനും ഒരേ വിഭാഗത്തില്‍പെടുന്നത്‌കൊണ്ട് സാഹിത്യത്തിനും നേട്ടങ്ങള്‍ ഉണ്ടാകുന്നു. ഈ വരികള്‍ ഷേയ്ക്‌സ്ഫിയര്‍ എഴുതിയത ്മിഡ്‌സമ്മര്‍ നൈറ്റ്‌സ്ഡ്രീം എന്ന നാടകത്തിലാണെന്നുള്ളത് ഓര്‍ക്കേണ്ടതാണു്. ഒരു മധ്യവേനല്‍സ്വപനം പോലെ ചില കാര്യങ്ങള്‍നമ്മളെസ്വാധീനിക്കുന്നു, ആഹ്ലാദിപ്പിക്കുന്നു.വിദ്യാര്‍ഥി ജീവിത കാലത്തെമധ്യവേനല്‍ അവുധി ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല. സ്വ്പനം വിടരുന്നമിഴികളുമായി സുന്ദരിമാര്‍നല്‍കിയ കടാക്ഷങ്ങളെ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ കാഞ്ചിപുരം സാരി ചുറ്റിയ യുവതിയെപോലെ വേനല്‍ദിനങ്ങള്‍ ഓരോന്നായി കടന്ന്‌വരുന്നു. ചന്ദനക്കുറിയിട്ട ഒരു പാവാടക്കാരി കയ്യില്‍ പാല്‍പ്പാത്രവുമായിദൂരെനിന്നും നടന്നുവരുന്നു.കൗമാരം വിട്ട അവളുടെ പ്രായത്തിനു കോളേജ്കുമാരനോട് ആരാധനയാണ്, ആദരവാണു്.കണ്മഷി പടര്‍ന്ന മിഴികളോടെ അവള്‍ അയാളെ നോക്കുമ്പോള്‍ നനവാര്‍ന്ന അവളുടെ ചുണ്ടുകളില്‍ നിന്ന്‌തേന്മയമുള്ളവാക്കുകള്‍ വഴുക്കിവീഴുന്നു.അവള്‍ക്ക്‌പ്രേമത്തിന്റെ മഹത്വവും തൊന്തരവുമറിഞ്ഞ്കൂടാ. ഞാനെത്ര നേരമായി ഈ ജാലകവാതില്‍ക്കല്‍ നില്‍ക്കുന്നു.അതാണവളുടെ പരിഭവം.പുലരിതുടിപ്പുള്ള അവളുടെ കവിളില്‍ അനുരാഗചന്ദനം പരക്കുന്നു. പ്രതിദിനം ഓരോ കടങ്കഥകളുമായിവരുന്ന അവള്‍ക്ക് ആംഗലസാഹിത്യത്തിലെനായികമാരെ കുറിച്ചറിയാന്‍മോഹം. നാട്ടിന്‍പുറത്തിന്റെശാലീനതമുഴുവന്‍ കവര്‍ന്നെടുത്ത് ഇളവെയില്‍പോലെഅവളും മനസ്സില്‍ ആനന്ദം നിറയ്ക്കുന്നു. ചെമ്പരുത്തി സിനിമയിലെശോഭന (റോജ രമണി) അവതരിപ്പിച്ച കഥാപാത്രത്തെപോലെനിര്‍മ്മലയായ അവളുടെ മുന്നില്‍ ഈ വിശ്വം മുഴുവന്‍വെളുത്താണിരിക്കുന്നത്. കളിപ്പാന്‍ കുളങ്ങരെ കടിഞ്ഞൂല്‍പെറ്റു കന്നിചെമ്പരുത്തിയെന്ന് നിഷകളങ്കയായിപാടിനടക്കുന്ന ഒരു ചിത്രശലഭം. ഒരു ഇളങ്കാറ്റ് അത്‌വഴിവന്ന് അവളുടെ മുടിയിലെ എള്ളെണ്ണയുടെ മണം അവിടമെല്ലാം പരത്തുന്നു. ആ സുന്ദരിയെനോക്കി കിളിചുണ്ടന്‍മാമ്പഴമേ, കിളി കൊത്താതേന്‍പഴമേ...എന്ന്മനസ്സ് ഉരുവിടുമ്പോള്‍ കവിയും, ഭ്രാന്തനും, കാമുകനും എന്ത്‌വ്യത്യാസം എന്നുസ്വയം മനസ്സിലാക്കുന്നു.അവള്‍ അരികില്‍വരുമ്പോള്‍ ഇംഗ്ലീഷ് സാഹിത്യക്ലാസ്സിലെ പാഠങ്ങള്‍ എനിക്ക് കൂടുതല്‍സുതാര്യമാകുന്നുവെന്ന് അറിയിക്കുമ്പോള്‍അവള്‍ മിറാന്‍ഡയാകുന്നു, ഡസ്ഡിമോണയാകുന്നു, കോര്‍ഡിലിയയാകുന്നു,ഹെര്‍മിയയും, ഹെലേനയുമാകുന്നു, ജൂലിയയും, ജൂലിയറ്റും, ഹിപ്പൊലൈറ്റിയും, ഇസ്‌ബെല്ലയുമാകുന്നു. ഋതുക്കളിലൂടെ കാലം മനുഷ്യനുപകര്‍ന്ന്‌കൊടുക്കുന്നത് പ്രേമമെന്നസൗന്ദര്യം. വയലാറിന്റെവരികള്‍ കടമെടുത്ത് ഒന്ന് ഭേദഗതിചെയ്യുകയാണു്. സ്വര്‍ഗ്ഗദീപാവലിനീവന്നു കൊളുത്തും സൗന്ദര്യം എന്തൊരുസൗന്ദര്യം കാലമേ, ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും ഈ സൗന്ദര്യം കവിക്കും, കാമുകനും ഉന്മാദിക്കും മാത്രം.മനസ്സിനുവയസ്സാകുന്നില്ല. വയസ്സ് ശരീരത്തിനുമാത്രം. ഒരു പുഴയൊഴുകുമ്പോലെശാന്തമായി ഓര്‍മ്മകള്‍ ഞൊറിവച്ചുടുത്ത് കണ്മുന്നിലൂടെ മന്ദം മന്ദം നീങ്ങുന്നു.

അമേരിക്കയില്‍ വേനല്‍കാലം സമ്രുദ്ധിയുടെ കാലം കൂടിയാണു്. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പാനീയങ്ങള്‍, അങ്ങനെകൊതിയൂറുന്ന ഒത്തിരി വിഭവങ്ങള്‍, പനിനീര്‍പ്പൂക്കള്‍, പച്ചപ്പുല്ലുകള്‍, പത്തരമാറ്റില്‍ ഉദിച്ചു നില്‍ക്കുന്നവെയില്‍, ആറിതണുത്ത രാവിന്റെ മാദകത്വം, നക്ഷത്രദീപങ്ങള്‍, നീണ്ടപകലുകള്‍, കുറിയരാത്രികള്‍.വര്‍ഷമേഘ സുന്ദരിമാര്‍ കുടം കമഴ്ത്തിഭൂമിദേവിയെ പൂജിക്കുന്ന ജലാര്‍ച്ചന. നനഞ്ഞ വെയിലിന്റെ കോടിമുണ്ടുകള്‍ ഉണങ്ങുന്ന കുളിരുള്ള പകലുകള്‍.ഋഗ്വേദംഅനുസരിച്ച് വര്‍ഷ ഋതുവിനുമുമ്പുള്ള ഒമ്പത് മാസങ്ങള്‍ സൂര്യന്‍സമുദ്ര ജലം കുടിക്കുകയും അതിനുശേഷം വരുന്നമൂന്നു മാസങ്ങളില്‍ ആ ജലം മഴയായിവര്‍ഷിക്കയും ചെയ്യുന്നുവെന്നാണു.ഗ്രീഷ്മ ഋതുവില്‍ ദാഹജലത്തിനായി മനുഷ്യര്‍ വിഷമിക്കുന്നപോലെ പക്ഷികളും ആ ദുരിതം അനുഭവിക്കുന്നു എന്നുകാണിക്കുന്ന സംസ്ക്രുതശ്ശോകങ്ങള്‍ ഉണ്ടു. ഒരുദാഹരണം "ദാഹിച്ച് വലഞ്ഞ ഒരു കുഞ്ഞുതത്ത ഒരു സുന്ദരിയുടെ മാര്‍വ്വിടങ്ങള്‍ക്ക്മുകളില്‍ ചേക്കേറിഅവളുടെ മുത്തുമാലയിലെ മുത്തുകള്‍ ജലബിന്ദുക്കളാണെന്നു ധരിച്ച് മുത്തിക്കുടിക്കുന്നു.''പ്രചണ്ഡതാപം മൂലം ഉണ്ടാകുന്നനീരാവിയുടെ ഈര്‍പ്പം കൊണ്ട് ഇടിയും മിന്നലുമായി മഴപെയ്യുമ്പോള്‍ ആകാശവിതാനത്ത് കാണുന്നമഴവില്ല് നയനാനന്ദകരമാണു.പക്ഷിമ്രുഗാദികളും വേനല്‍മാസം അവരുടെ ഉത്സവകാലമായി കരുതി ആനന്ദിക്കുന്നു.

സായാഹ്ന സവാരിക്കിറങ്ങുമ്പോള്‍ നേരെവരുന്ന സായിപ്പിന്റെ കുശലം. എത്രമനോഹരമായ ദിവസമായിരുന്നു ഇന്ന്. പകലൊടുങ്ങുന്നത്രിസന്ധ്യയില്‍ ദീപങ്ങള്‍കൊളുത്തി ഈശ്വരനെവന്ദിക്കുന്നവര്‍. അവര്‍ ഉരുവിടുന്ന മന്തോച്ഛാരണങ്ങളില്‍നാട്ടിലെതുളസിസുരഭില യാമങ്ങളുടെ ഓര്‍മ്മകള്‍. ഉഷസ്സോസന്ധ്യയോസുന്ദരിയെന്ന്‌ചോദിച്ച കവിയുടെ കാല്‍പ്പാടുകള്‍പിന്‍തുടരുമ്പോള്‍പുലര്‍കാലമേഘങ്ങളില്‍ ഉഷസ്സിന്റെ അരുണിമ. അത് കണ്ട് കടത്തുനാട്മാധവിയമ്മ എന്ന കവയിത്രിക്ക് സംശയം. നുകം വച്ച് തൊലി അടര്‍ന്ന്‌പോയ വെള്ളക്കാളകളുടെ കഴുത്താണൊ അങ്ങ് ആകാശത്ത് കാണുന്നത് എന്ന്.ഭാവനാശാലികളായ എഴുത്തുകാര്‍ഭാഷയ്ക്കും ആസ്വാദക മനസ്സുകള്‍ക്കും എന്തെല്ലാം ഒരുക്കി വച്ചു, വച്ചുകൊണ്ടിരിക്കുന്നു

മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീംഎന്ന നാടകത്തില്‍ (അങ്കം അഞ്ച്, രംഗം ഒന്ന്) വിവാഹിതയാകാന്‍ പോകുന്ന രാജ്ഞി തന്റെ പ്രതിശ്രുതപതിയോട് പറയുന്നത് ഈ കമിതാക്കള്‍പറയുന്നതെല്ലാം വിചിത്രമെന്നാണു്. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിലാണുകവിയും, കാമുകനും ഭ്രാന്തനും ഒരേപോലെ ചിന്തിക്കുന്നവര്‍ എന്ന ഈ പരാമര്‍ശം. കവികള്‍ അപസ്മാരരോഗികളെ പോലെ ചുറ്റുപാടും നോക്കി ഒരിക്കലും ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നു. പ്രണയികള്‍ വിരൂപിയായ ഒരു പെണ്ണിനെനോക്കി ഏറ്റവും ആകര്‍ഷകയായവള്‍ എന്നു ചിന്തിക്കുന്നു.ഇവരെല്ലാം തീവ്രമായ സര്‍ഗ്ഗശക്തിയുള്ളവരാണ്്, അവര്‍ക്ക് സന്തോഷം വരുമ്പോള്‍ ഏതൊ അഭൗമശക്തി അവര്‍ക്കായി അത്‌കൊണ്ട്‌വന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. രാത്രിയില്‍ ചുള്ളിക്കാട് കണ്ട് അത് ഉഗ്രമായ ഒരു കാട്ടില്‍നില്‍ക്കുന്ന കരടിയാണെന്നും ഭാവന ചെയ്യുന്നു.ഭാവനാശക്തിയില്ലാത്തവര്‍ ഈ ലോകത്തെപ്രായോഗികമായും തുറന്നും കാണുന്നു. ഭാവനാശക്തിപ്രായോഗികതയെ കുറിച്ചുള്ളഒരാളുടെ കാഴ്ചപ്പാട്, ഈ ലോകം, അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാം മാറ്റുന്നു."ഭാവന നമ്മളെ ഇല്ലാത്ത ഒരു ലോകത്തേക്ക്‌കൊണ്ട് പോകുന്നു. എന്നാല്‍ അത് കൂടാതെനമുക്ക് ഒരിടത്തും പോകാന്‍ കഴിയില്ല''.വെയില്‍പൊന്നുരുക്കിയാലും, പുഷ്പങ്ങള്‍സുഗന്ധവും മധുവും നല്‍കിയാലും, ഇളംങ്കാറ്റില്‍കൊച്ചോളങ്ങള്‍ ഞൊറി വച്ച് ഒരുങ്ങിയാലും, കിളികള്‍ ചിലച്ചാലും, പാടിയാലും, നമുക്ക് ചുറ്റും സൗന്ദര്യദ്രുശ്യങ്ങള്‍ അരങ്ങേറിയാലും അതൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ കണ്ണുകള്‍കൊണ്ട് എന്തു പ്രയോജനം. കണ്ണുകള്‍ കാണുന്നുണ്ടെങ്കിലും അവയെ കുളിര്‍പ്പിക്കുന്നത ്ഭാവനയുടെ ചിറകില്‍ അവ സഞ്ചരിക്കുമ്പോഴാണ്. പ്രക്രുതിനമുക്കായി ഒരുക്കുന്ന ഋതുക്കളില്‍ പങ്ക്‌ചേരുക, അവളെ പ്രേമിക്കുക.

പ്രക്ര്തിയെവേറിട്ടൊരു ജീവിതമുണ്ടൊ നരനു
പ്രക്രുതിയല്ലോ ഈശ്വരന്‍പ്രക്രുതിയെസ്‌നേഹിക്കും
മനുജനു എന്നും നന്മകളെവരൂ....

(വേനല്‍ കുറിപ്പുകള്‍ തുടരും)

ശുഭം
Join WhatsApp News
P R Girish Nair 2018-07-31 21:34:33
ശ്രീ സുധീർ സർ, താങ്കളുടെ ലേഖനങ്ങൾ ഒന്നിനൊന്നു മെച്ചം എന്ന് എടുത്ത് പറയാതിരിക്കാൻ വയ്യ. പ്രകൃതിയെ സ്നേഹിക്കുന്ന താങ്കളുടെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള സന്മനസ്സിനെ വണങ്ങുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Easow Mathew 2018-08-01 10:48:31
Poetic, educative; a beautiful article; Congratulations to Sudheer Panickavettil! Dr. E. M. Poomottil
andrew 2018-08-01 13:01:11
Another beautiful narration from a talented & gifted writer. Brings out the hidden little boy in us. Inspiring like being in Nature. 
ജി . പുത്തൻകുരിശ് 2018-08-01 18:05:47
വേനൽകാലത്തിന്റെ സൗന്ദര്യം ഒരു ചിത്രകാരവന്റെ പാടവത്തോടെ ശ്രീ സുധീർ തന്റെ തൂലികയിലൂടെ വായനക്കാർക്കായി വരച്ചിട്ടിരിക്കുന്നു .  അഭിനന്ദനം 
കോരസൺ 2018-08-01 22:01:51
ആരാമത്തിലെ ചെറു നടപ്പിനിടയിൽ ശൃംഗാരിയായ വേനൽ കുറിപ്പുകൾ തുടരട്ടെ!! ഇറ്റിറ്റു വീഴുന്ന ജലകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചു കണ്ണുകൾ അറിയാതെ അടഞ്ഞു പോകുന്നു ..ഭംഗിയുള്ള വാക്കുകളിൽ തിളക്കമുള്ള ചിന്തകൾ ..കോരസൺ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക