Image

ഇതോ ദൈവത്തിന്റെ സ്വന്തം നാട് ? (കവിത : ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 30 July, 2018
ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?  (കവിത : ജയന്‍ വര്‍ഗീസ്)
(കുമ്പസാരക്കൂടുകളില്‍ നിന്ന് കൂട്ടക്കരച്ചിലുകള്‍, കന്യാസ്ത്രീ മഠങ്ങളില്‍ സംബന്ധത്തിനെത്തുന്ന  കള്ള കാമദേവന്മാര്‍, കഞ്ഞിക്കലത്തില്‍ മണ്ണ് വാരിയിടുന്ന പ്രതികരണത്തൊഴിലാളികള്‍, എട്ടു ദിവസം പട്ടിണിയില്‍ മരണത്തിന് കീഴടങ്ങുന്ന പിഞ്ചു ബാല്യങ്ങളുടെ ശിശുക്ഷേമ ഭാരതം. ഇതൊ ദൈവത്തിന്റെ സ്വന്തം നാട് ?? )


ഇവിടെയീ ധന്യമാം 
സ്‌നേഹത്തിന്‍ തീരത്തി  
ലൊരു ദേശമുണ്ടായിരുന്നു !

സഹസ്രാബ്ദ മോഹങ്ങള്‍ 
ചിറകടിച്ചുഷസ്സിന്റെ  
നെറുകയില്‍ മുത്തം ചൊരിഞ്ഞും, 

മനുഷ്യാഭിലാഷങ്ങള്‍ 
ഇതള്‍ വിരിച്ചൊരുപാട്  
നിറമുള്ള കനവുകള്‍ തീര്‍ത്തും, 

മല നാട്ടിന്‍ മണമുള്ള 
മനുഷ്യന്റെ മനസ്സിലെ 
വിനയവും, ശുദ്ധിയും പൂത്തും, 

നറു മുല്ലക്കാറ്റിന്റെ 
മടികളില്‍ നിറവിന്റെ 
മലരുകള്‍ പൊട്ടി വിരിഞ്ഞും, 

വയലേല, യതിരിട്ട  
യരുവിയില്‍ തുള്ളുന്ന 
പരലുകള്‍ തത്തിക്കളിച്ചും, 

മനസ്സിന്റെ താരാട്ടില്‍ 
നിറയുമീ ഹരിതാഭം 
കണി കാണാനെത്തി ഞാന്‍ വീണ്ടും.

ഃ.           ഃ.           ഃ.           ഃ.         ഃ

ഒരു വേള, വഴിതെറ്റി  
യെത്തിയോ ? യെവിടെയെന്‍ 
കരളിന്റെ കുളിരായ ഭൂമി ?

അമറുന്ന രാഷ്ട്രീയ  
ക്കുതിരകള്‍ തേരോടി  
ച്ചതയുന്ന, പിടയുന്ന മണ്ണില്‍, 

അടിപൊളി പ്രേതങ്ങ  
ളലയുന്ന വേതാള  
ക്കലകളാല്‍ മുടിയുമീ നാട്ടില്‍, 

മതമെന്ന മതിലിന്റെ, 
മറപറ്റി മനുഷ്യന്റെ 
തല കൊയ്തു തള്ളുന്ന നാട്ടില്‍, 

അപമാന ഭാരത്താ  
ലവിടുത്തെ തിരു നാമ  
മതിവേഗം മായ്ക്കുന്നു ദൈവം !!

ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?  (കവിത : ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക