Image

മൂന്നാമതൊരാള്‍(കഥ : പ്രിയ സജിത്)

പ്രിയ സജിത് Published on 30 July, 2018
മൂന്നാമതൊരാള്‍(കഥ : പ്രിയ സജിത്)
''പുറത്തു മഴ പെയ്യുന്നുണ്ട് ..മഴക്കാലം എപ്പോഴും അവളെയാണ് ഓര്‍മിപ്പിക്കാറുള്ളത്.ഓര്‍മകളുടെ ഒരു പെരുമഴക്കാലം എനിക്ക് സമ്മാനിച്ചവളെ. വേനലും അവള്‍ തന്നെയാണ്.. പ്രണയം മുഴുവണ് ഊറ്റിയെടുത്തു എന്നെ ഊഷര ഭൂമിയാക്കിയവള്‍. എല്ലാ ഋതുക്കളും അവളെ ഓര്‍മിപ്പിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഓര്‍ക്കാതെ കടന്നു പോകുന്ന ഏതു ദിവസമാണ് നിന്നെ കണ്ട അന്ന് മുതല്‍ എനിക്കുണ്ടായിരുന്നത്?'' ആനന്ദ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു. ഇതവള്‍ കണ്ടിരുന്നെകില്‍ എന്ന് വെറുതെ ആശിച്ചു. നിനക്ക് പൈങ്കിളി അല്ലാതെ ഒന്നും എഴുതാന്‍ അറിഞ്ഞൂടെ? എന്ന ഒരു മെസ്സേജ് എങ്കിലും വന്നിരുന്നെങ്കിലെന്നു അയാള്‍ വ്യര്ഥമായി മോഹിച്ചു. ഫേസ്ബുക് സൈന്‍ ഓഫ് ചെയ്തു അയാള്‍ എഴുത്തു മേശക്കരികില്‍ പോയിരുന്നു. തിരുവാതിര ഞാറ്റുവേല തിരുമുറിയാതെ പെയ്തു തീര്‍ക്കുകയാണ്. വായിച്ചു മടക്കിയ പുസ്തകം എം. മോഹനന്റെ 'ഒരിക്കല്‍ '  അയാള്‍ എടുത്തു നിവര്‍ത്തി.. അവള്‍ക്കു ആദ്യം സമ്മാനിച്ച പുസ്തകം. ഇത് വായിച്ചാണ് അവളെ 'ചക്കി' എന്ന് വിളിച്ചു തുടങ്ങിയതു്.
  
മേശ പുറത്തു അലസമായി കണ്ണോടിക്കുമ്പോള്‍ ആണ്, വൃത്തിയായി  'ആനന്ദ് മഠത്തില്‍'  എന്ന് ടൈപ്പ്   ചെയ്ത കടും നീല നിറമുള്ള ഒരു ഇന്വെലോപ്  ശ്രദ്ധയില്‍ പെടുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം സംബദ്ധിച്ചതോ അല്ലേക്ങ്കില്‍ ജോലിയുമായി ബന്ധപ്പെട്ടോ അല്ലാതെ ആരും തനിക്കു കത്തുകള്‍ അയക്കാറില്ലലോ എന്ന് അയാള്‍ ഒരു കൗതുകത്തോടെ ഓര്‍ത്തു. അല്ലെങ്കില്‍ തന്നെ വിശേഷ്ങ്ങള്‍ തിരക്കിയോ, ഒരു ആശംസ കാര്‍ഡോ തന്നെ  തേടി വന്നു വര്‍ഷങ്ങള്‍ ആയിരിക്കുന്നു. ചില ഓര്‍മകള്‍ക്ക് പോലും ഗൃഹാതുരത്വത്തിന്റെ മണമാണ്.

'നിനക്ക്'' എന്ന് തുടങ്ങുന്ന ആ കത്ത് ശരിക്കും വായിക്കാന്‍ ആനന്ദ് കണ്ണട മൂക്കില്‍ സ്ഥാപിച്ചു. ചക്കി എന്നും അങ്ങനെയാണ്.വരിയും നിരയുമൊപ്പിച്ചു എഴുതാന്‍ അവള്‍ക്കു മടിയാണ്. ഒരുറുമ്പു കൂട്ടം പോലെ കുനുകുനാ എഴുതി നിറക്കും. ഒരു ഭാഗത്തു നിന്ന് തുടങ്ങി വേറെ എവിടെയാണെകിലും അവസാനിക്കുന്ന വരികളും.

'നിനക്ക്,

എന്നത്തേയും പോലെ എനിക്ക് അറിയില്ല എന്താണ് എങ്ങനെയാണ്  എഴുതി തുടങേണ്ടത് എന്ന്. എഴുതി പകുതിയാകുമ്പോള്‍ നിന്ന്‌പോകുന്ന  ചിന്തകള്‍ ഇന്നും അത് പോലെ ദിക്കറിയാതെ  പകച്ചു നില്‍ക്കുന്നു.എഴുതി തീരും മുന്‍പേ മനസ്സ് മുന്നോട്ടു പോകുന്ന ആ 'അസുഖം'' അത് എന്നില്‍ പൂരവധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു. ഒരുപാട് പുസ്തകങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ ഇപ്പോള്‍ ഒരു അക്ഷരം പോലും വായിക്കാന്‍ സാധിക്കാതെ. ഒന്നും എഴുതാന്‍ കഴിയാതെ..നെഞ്ചിലാകെ ഒരു ഭാരം കേറ്റി വച്ച പോലെ. അത് എനിക്ക് ആരോടെങ്കിലും പറയണം  നിലവിട്ടൊന്നു കരയണം കാരണം സന്തോഷം വരുമ്പോള്‍ ചിരിക്കാനും സങ്കടം വരുമ്പോള്‍ കരഞ്ഞു തന്നെ തീര്‍കാനും എന്നോട് എപ്പോഴും പറയാറുണ്ടായിരുന്ന ആള് .കരഞ്ഞാലും തീരാത്ത സങ്കടങ്ങള്‍ ഉണ്ട് എന്ന് എനിക്ക് പഠിപ്പിച്ചു തന്ന ആളല്ലേ? നിനക്ക്  അല്ലാതെ വേറെ ആര്ക്കാണ് അത് മനസിലാവുക?

വര്‍ഷങ്ങള്‍ക്കിപ്പുറം എന്താണ് ഇങ്ങനെയൊരു കത്ത് എന്ന് നീ ഓര്‍ക്കുണ്ടാകും അല്ലെ..അതും ഇന്റര്‍നെറ്റ് വിരല്‍ത്തുമ്പില്‍ ഉണ്ടാകുമ്പോള്‍.ഞാന്‍ പതിവുകള്‍ തെറ്റിക്കാന്‍ ആഗ്രഹിക്കുന്നവള്‍ ആണ് എന്ന് നിനക്കു അറിയ മല്ലോ..ഇതെങ്കിലും ഒന്ന് എഴുതി മുഴുവന്‍ ആക്കണം എന്നാണു ഞാന്‍ മോഹിക്കുന്നത്. വയ്യ പടവെട്ടി തോറ്റു പോയിരിക്കുന്നു. ഒരു പാട് തവണ വെട്ടിയും തിരുത്തിയും മനസില്‍ എഴുതികൂട്ടി വെക്കാറുണ്ട്..പിന്നെ തോന്നും വേണ്ട എന്ന്.കട പുഴകി പോയത് ഒന്നും ഒരിക്കലും തിരിച്ചു മുള പൊട്ടാറില്ലല്ലോ.

ഒറ്റക്കായി എന്ന് തോന്നിയപ്പോഴെല്ലാം ഞാന്‍ നിന്നെകുറിച്ചു ഓര്‍ തു .തനിച്ചല്ലെന്നു ഓര്‍മകളെ കൂട്ടു പിടിച്ചു. ഒടുവില്‍ ജീവിതത്തിന്റെ ഓട്ടോഗ്രാഫില്‍ അത് മാത്രമാനല്ലോ ബാക്കിയാവുന്നത് ബകുറെയേറെ ഓര്‍മ്മകള്‍.എനിക്ക് ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു എന്ന ഒരു കാലത്തിന്റെ ശേഷിപ്പാണല്ലോ നീ. ഈയിടെയായി ഞാന്‍ ജീവിക്കുന്നത് തന്നെ പാസ്റ്റില്‍ ആണ്.കഴിഞ കാലത്തില്‍. നിന്നോട് കൂടെ ഉണ്ടായിരുന്ന കുറെ ദിവ്‌സസങ്ങളില്‍. ഒന്ന് വഴക്കിടാന്‍ എങ്കിലും കൂടെ ഉണ്ടായിരുന്നെകില്‍ എന്ന് അത്രമേല്‍ മോഹിച്ചു പോകുന്ന തീവ്ര പ്രണയത്തില്‍.

മരണം അടുത്ത് എത്തി എന്ന തോന്നല്‍ വരുമ്പോള്‍ ആണത്രേ  പ്രിയപെട്ടതിനോട്,.. പ്രിയപെട്ടവരോട് പറ്റിച്ചേരാന്‍ മനസു വെമ്പുക. എനിക്ക് പ്രിയപ്പെട്ടത് എന്ന് അടയാളപ്പെടുത്താന്‍ നീ മാത്രമല്ലെ ഉളൂ.. പക്ഷെ ഇനി ഒരു തിരിച്ചു നടത്തം അത് അസാധ്യമാണ്. മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധിക്കാതെ വഴികള്‍ നിശചലമായിരിക്കുന്നു..ഈ നിമിഷത്തില്‍.

നാളെ എന്റെ ആദ്യത്തെ കീമോ ആണ്. 'ചക്കി' പറയുമ്പോലെ ഞാന്‍ ഒരു സ്ത്രീയല്ലതായി മാറി കൊണ്ടിരിക്കാനുള്ള യാത്ര യിലാണ്. ഞണ്ടുകള്‍ എന്നില്‍ അവകാശം സ്ഥാപിച്ചിരിക്കുന്നു.. അവരുടേതെന്ന്. ഡോക്ടര്‍ നിര്‍വികാരമായ  തണുത്ത ശബ്ദത്തില്‍ എന്നോടത് പറയുമ്പോള്‍ ഞാന്‍ ഓര്ത്തു..നീ എന്റെ കൂടെ ഉണ്ടായിരുന്നെകില്‍ എന്ന്. ഒന്നെന്റെ കയ്യില്‍ മുറുക്കെ പിടിക്കാന്‍ ..ആര്‍ദ്രമായ ഒരു നോട്ടത്തില്‍ എന്നെ കൊരുക്കാന്‍ . ഞാന്‍ എപ്പോഴും പറയാറുള്ളപോലെ ''ഒരിക്കല്‍''  നമ്മുടെ ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും അറം പറ്റിപ്പോയല്ലോ എന്ന് പറഞ്ഞു ഉറക്കെ ഒന്ന് നനഞ്ഞു ചിരിക്കാന്‍. .പക്ഷെ .നീ പറയുംപോലെ പതിവുകള്‍ തെറ്റിക്കാന്‍ ഉള്ളത് അല്ലാലോ. ഒന്ന് ശ്രദ്ധിച്ചാല്‍ ഹൃദയത്തിന്റെ മിടിപ്പ് ഉച്ചത്തില്‍ കേള്‍ക്കുന്ന അത്രേം ഏകാന്തതയാണ് അപ്പോള്‍ എനിക്ക് കൂട്ടുണ്ടായിരുന്നത് എന്ന് പറഞ്ഞാല്‍ നിനക്ക് മനസിലാവോ ഡോക്ടര്‍ന്റെ മുറിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ കണ്ട മുഖങ്ങളിലെല്ലാം പ്രിയപ്പെട്ടവര്‍ക്കുള്ള പ്രാത്ഥനയായിരുന്നു. എനിക്ക് വേണ്ടി  പ്രാര്‍ത്ഥിക്കാന്‍, കൂട്ടിരിക്കാന്‍, നീ പോയ ശേഷം കൂടെ ആരെയും കൂട്ടാന്‍ തോന്നാത്തതിനെ മനസിന്റെ ഒരു ഭാഗം കൊണ്ട് ഞാന്‍ ശപിച്ചു. പിന്നെ തോന്നി ആരും ആര്‍ക്കും പകരമാവില്ലലോ എന്ന്.

ഞാനിപ്പോ ഉറങ്ങുന്നതും ഉണരുന്നതും മരുന്നുകളുടെ മടുപ്പിക്കുന്ന മണത്തിലേക്കാണ്. അതായി ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു. മരുന്നുകളുടെ അര്‍ദ്ധ മയക്കത്തില്‍ എപ്പോഴെക്കെയോ നീ വന്നുപോകുന്നു.ഓര്‍മകളായും സ്വപ്നമായും .ചിലപ്പോള്‍  എങ്കിലും എനിക്ക് നിന്നോട് വെറുപ്പ് തോന്നുന്നു.. ഇത്രേം സ്‌നേഹിച്ചു, കൊതിപ്പിച്ചു ഇങ്ങനെ നടുക്കടലില്‍ തനിച്ചാക്കി പോയതിനു..ഒരു ഭാഗം കൊണ്ട് വെറുക്കുമ്പോള്‍ മറ്റേ ഭാഗം കൊണ്ട് സ്‌നേഹിച്ചു പോകുന്നു.. എന്റേതെന്നു.

നീയെനിക്കെപ്പോഴും അങ്ങനെയാണല്ലോ... രണ്ടു വിരുദ്ധ വികാരങ്ങള്‍. ഒന്നാകാന്‍ കൊതിക്കുമ്പോള്‍ തന്നെ വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന, വേണ്ട എന്ന് വെക്കുമ്പോള്‍ വേണം എന്ന് മനസു നിലവിളിക്കുന്ന, കാണാന്‍ മോഹിക്കുമ്പോള്‍ തന്നെ പിറകോട്ടു വലിക്കുന്ന ഒരേ ശക്തി ഉള്ള രണ്ടു വികാരങ്ങള്‍. ആയിരം   കാര്യങ്ങള്‍ ഉണ്ടാക്കി മിണ്ടാതെ പോകുമ്പോള്‍ സത്യമായും മോഹിച്ചു എതിര്‍  വികാരത്തിന് ഒരിത്തിരി ശക്തി കൂടിയിരുന്നെങ്കിലെന്നു.. എല്ലാത്തില്‍ നിന്നും ഓടിപോകാമായിരുന്നല്ലോഎന്ന്  .ഇങ്ങനെ നടുക്ക് നിന്ന് ഉരുകി തീരണ്ടായിരുന്നാലോ എന്ന്.

ഓര്‍മകള്‍ എന്നെ ശ്വാസം മുട്ടിക്കുമ്പോള്‍ ഒക്കെയും തോന്നി.നമ്മള്‍ ഒരിക്കലൂം കണ്ടു മുട്ടപെടെണ്ടവരേ യായിരുന്നിലെന്ന്.ഒറ്റക്കായി പോയപ്പോഴൊക്കെയും  തോന്നി..വേറെ ഒരാളുടേതാണ് എന്ന് അറിഞ്ഞു തന്നെയല്ലേ  എല്ലാം തുടങ്ങി വച്ചതു എന്ന്. നിന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചും, വെറുക്കാന്‍ കാരണങ്ങള്‍ കണ്ടു പിടിച്ചും, അകന്നും, അടുത്തും നിഴലിനോട് യുദ്ധം ചെയ്തു  തോറ്റു പോകുമ്പോള്‍  തിരിച്ചറിഞ്ഞിട്ടുണ്ട് എന്റെ കഥയിലെ നായകനും പ്രതിനായകനും നീയാണെന്നു..നീ മാത്രമാണെന്ന്.

വിധി നമ്മളെ ചേര്‍ത്ത് വച്ചതു ഒരു പക്ഷെ ഇത്തരത്തില്‍ ആയിരിക്കും, നീ വാ പൊളിക്കണ്ട . ഞാന്‍ ഇപ്പൊ വിധി യില്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഞാന്‍ ഒരു പെണ്‍കുട്ടിയായി മാറുന്ന കാലത്താണ് നീ മറ്റൊരാളെ സ്വന്തമാക്കുന്നത്. എന്റെ സ്വപ്നങ്ങളില്‍ വര്ണങ്ങള് ചേര്‍ന്ന് തുടങ്ങിയ സമയത്തു നിങ്ങളുടെ പ്രണയം അവളുടെ വയറ്റില്‍ ഊറി തുടങ്ങിയിരുന്നു.അതിനും എത്രെയോ വര്ഷങ്ങള്ക്കിപ്പുറമാണ് നീ  പോലുമറിയാതെ ഞാന്‍ നിന്റെ ജീവിതത്തിലേക്ക് ഞെട്ടറ്റു വീഴുന്നത്. അതൊക്കെ വിധി അല്ലെങ്കില്‍ മറ്റെന്താണ്?

ഓര്‍മകള്‍ എന്നില്‍ മരം പെയ്യുന്നതു നീ എന്നില്‍ അവശേഷിപ്പിച്ചു പോയ മഴ തോരാത്തതു കൊണ്ടാകാം അല്ലെ? പുലരുവോളം നീണ്ട രാത്രി സംസാരങ്ങള്‍, നിലാവ് വീണ വഴികളില്‍ കൂട്ടിരുന്ന പാലക്കാടന്‍ കാറ്റ്, വയല്‍ വക്കത്തെ അമ്പലത്തിലെ  സുപ്രഭാതങ്ങള്‍, വെള്ളിയാഴ്ചകളിലെ പാതിര കവിതകള്‍, കള്ളു തലക്കു പിടിക്കുമ്പോള്‍ മാത്രം ഉണരുന്ന നിന്റെ ഗസല്‍ സ്‌നേഹം, ഒരു വിളിക്കപ്പുറവും ഇപ്പുറവും ഇരുന്നു നെയ്തു കൂടിയ സ്വപ്നങ്ങള്‍.. നിന്റേതു മാത്രമായിരുന്ന പ്രണയം പൂക്കുന്ന രാപകലുകള്‍ ഒക്കെയും ഓര്‍മയില്‍ ഇപ്പോഴും പൂപ്പല് പിടിക്കാതെ! പ്രണയം എന്തൊരു ലഹരിയായിരുന്നു അല്ലെ?

വോഡ്ക മണമുള്ള ഉമ്മകള്‍, നീണ്ട വഴക്കുകള്‍, പരാതികള്‍ പരിഭവങ്ങള്‍, ഒടുവിലെല്ലായെപ്പോഴും 'ചക്കി' എന്നൊരു വിളിയില്‍ നെറുകയിലോരു്മ്മയില്‍ അലിഞ്ഞു പോകുന്ന ദേഷ്യങ്ങള്‍,.എല്ലാം ഞാന്‍ ഇപ്പൊ മിസ് ചെയുന്നു വല്ലാതെ.നിന്റെ പഴയ ചക്കിയാവാന്‍, നമ്മുക്ക് നമ്മള്‍ ആവാന്‍  വേണ്ടി മാത്രം ജീവിതത്തിനു ഒരു റിവേഴ്‌സ് ബട്ടണ്‍ ഉണ്ടായിരുന്നെകില്‍ എന്നു ആത്മാര്ഥമായും മോഹിച്ചു പോകുന്നു.

ആകാശം നോക്കി കിടന്ന ഏതോ പാതിരക്കാണ് എനിക്ക് ആഗ്രഹങ്ങളുടെ വെളിപാട് ഉണ്ടായതു.എല്ലാ ആഗ്രഹങ്ങളിലും ചേരും പടി ചേരാത്ത പോലെ നീയാണെന്നു  അപ്പോഴാണ് തിരിച്ചറിഞ്ഞത്  . പിന്നെ ഓര്‍ത്തു മോഹങ്ങളുടെ കണക്കു എടുക്കുമ്പോള്‍ നിന്നെ എങ്ങനെ ആണ് ഞാന്‍ ഒഴിവാക്കുക എന്ന്. നീ എന്റെ ലോകം തന്നെയായിരുന്നു. അത് കൊണ്ടാണ്..സ്‌നേഹം ഒരു ബാധ്യതയാക്കരുത് എന്ന് നീ പറഞ്ഞിറങ്ങി പോയ  അന്നു് ഞാന്‍ കടപുഴകി വീണു പോയത്. വസന്തമുപേക്ഷിച്ച ഒറ്റ  മരമായതു.  നീ  പോയത് നിന്റേതെന്നു നീ അടയാളപ്പെടുത്തിയവരുടെ അടുത്തേക്കാണ് ഞാന്‍ മൂന്നാമതൊരാള്‍ ആകുന്ന ഇടം.എനിക്ക് പ്രവേശനമില്ലാത്ത 'നിന്റെ ലോകം' .

നിലാവ് ചാറുന്ന, മഴ വന്നു തൊടുന്ന, നടുമുറ്റമുള്ള നിറയെ വാതിലുകള്‍ ഉള്ള വീടും, ചാമ്പയും പേരക്കയും അതിരിടുന്ന അടുക്കള തോട്ടവും എന്റെ നില തെറ്റിക്കുന്നു. നമ്മുക്ക് ഒരിക്കലും ജനിക്കാതെ പോയ കുട്ടികള്‍ ചാള്‍സ് ലാംമ്പി ന്റെ 'ഡ്രീം ചില്‍ഡ്രന്‍' നെ പോലെ ലീത്തിന്റെ കരയില്‍ പുനര്‍ജ്ജന്മം കാത്തു നില്‍ക്കുന്നുണ്ടാകും അല്ലെ?'

കണ്ണീരു പടര്‍ന്ന അകഷരങ്ങള്‍  വായിക്കാന്‍ കഴിയാതെ ആനന്ദ് ആ കത്ത് മടക്കി വച്ചു.മുന്നിലിരുന്ന കസേരയിലേക്ക് കാല്‍ നീട്ടി വച്ചു കണ്ണുകള്‍ അടച്ചു അയാള്‍ കിടന്നു. അയാള്‍ ആ മനസിന്റെ വിഹ്വലതയെ കുറിച്ചോ, അവളുടെ നിസ്സഹായതയോ,സ്വപ്നങ്ങളെ കുറിച്ചോ ഓര്‍ത്തില്ല.വര്‍ണങ്ങള്‍ വാരി തൂവി അവള്‍ സമ്മാനിച്ച് പോയ ഒരു വസന്തത്തിന്റെ സുഖദമായ ഒരു ഓര്മയിലായിരുന്നു അയാള്‍.. ഇടക്കെപ്പോഴോ അയാള്‍ പിറുപിറുത്തു. ' ലെമീെി െരവമിഴല , യൗ േശ റശറ ിീ േ.. ശിളമര േംല റശറ ിീ.േ..'

മേശപുറത്തു അയാള്‍ ഉപേക്ഷിച്ച കണ്ണടയും 'ഒരിക്കല്‍' എന്ന പുസ്തകവും ആര്‍ക്കോ വേണ്ടി വിതുമ്പികൊണ്ടിരുന്നു. അകമുറിയില്‍ നിന്നെവിടെനിന്നോ ഒഴുകി വന്നൊരു ഗസല്‍ 'വീണ്ടും പാടാം സഖി നിനക്കായ് ..'പുറത്തെ മഴയോടൊപ്പം  അലിഞ്ഞു ചേര്‍ന്നുകൊണ്ടിരുന്നു.






മൂന്നാമതൊരാള്‍(കഥ : പ്രിയ സജിത്)
Join WhatsApp News
Sheby. G 2018-07-31 01:59:21
നല്ല ഫീൽ... ഉണ്ട്.. 
പ്രിയo❤
Ettan 2023-04-21 05:03:41
Thanks, Priya, for sharing. Excellent depiction - a third person experience portrayed with all ingenuity. leaving the pang of separation in the reader's mind. classic example of catharsis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക