Image

സത്യസന്ധത എന്ന ധാര്‍മ്മികത (പകല്‍ക്കിനാവ്- 111: ജോര്‍ജ് തുമ്പയില്‍)

Published on 28 July, 2018
സത്യസന്ധത എന്ന ധാര്‍മ്മികത (പകല്‍ക്കിനാവ്- 111: ജോര്‍ജ് തുമ്പയില്‍)
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന സമയം. അവിടെ വച്ച്, കോണ്‍ഫറന്‍സിന്റെ ആദ്യ ദിനം പങ്കാളിയായെത്തിയ ഫാ.സി.ഒ. വര്‍ഗീസിന് പണമടങ്ങിയ കവര്‍ നഷ്ടപ്പെട്ടു. വൈകുന്നേരത്തെ അത്താഴ വിരുന്നിനു ശേഷം, ബാങ്ക്വറ്റ് ഹാള്‍ ക്രമീകരിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. പലേടത്തും തിരഞ്ഞെങ്കിലും നഷ്ടപ്പെട്ട കവര്‍ തിരികെ കിട്ടിയില്ല. എന്നാല്‍ അതേ സമയത്താണ് കസേരയിലിരുന്ന കവര്‍ റിസോര്‍ട്ടിലെ ജീവനക്കാരി കാമില്‍ ഹില്ലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം ആരും അടുത്തുണ്ടായിരുന്നില്ല. കാമില്‍ ഹില്‍ ആ കവര്‍ തന്റെ സൂപ്പര്‍വൈസര്‍ മാത്യു റോവില്ലിനെ ഏല്‍പ്പിച്ചു. മാത്യു റോവില്‍ കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വിവരം അറിയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി കാമില്‍ ഹില്ലിനെയും വറുഗീസ് അച്ചനെയും ഒന്നിച്ചു വിളിച്ചു വരുത്തുകയും കവര്‍ കൈമാറുകയും ചെയ്തു. കോണ്‍ഫറന്‍സ് സെന്ററിലെ വിശ്വാസപ്രഭയില്‍ മുങ്ങിയവര്‍ക്ക് ഹൃദയഹാരിയായ ഒരു വാര്‍ത്തയായിരുന്നു ഇത്. കളഞ്ഞു കിട്ടിയ കവറില്‍ ഉണ്ടായിരുന്നത് ഒന്നും രണ്ടും ഡോളറായിരുന്നില്ല, മറിച്ച് അതില്‍ ഉണ്ടായിരുന്നത് 2400 ഡോളറായിരുന്നു. പണമായിരുന്നതിനാല്‍ തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഹോട്ടല്‍ ജീവനക്കാരുടെ സത്യസന്ധത കോണ്‍ഫറന്‍സിന് എത്തിയവരുടെ മനം കവര്‍ന്നത്.

കവര്‍ തിരിച്ചേല്‍പ്പിച്ചു മാതൃകയായ ഹോട്ടല്‍ ജീവനക്കാരി വാസ്തവത്തില്‍ ആത്മീയനിറവില്‍ മുങ്ങിയ വിശ്വാസദീപ്തമായ കോണ്‍ഫറന്‍സ് സന്ദേശത്തിന്റെ മാതൃക ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. കലഹാരി ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായ കാമില്‍ഹില്ലിനാണ് ഡോളര്‍ അടങ്ങിയ കവര്‍ ലഭിച്ചത്. അവര്‍ അത് ഉടമസ്ഥനായ ഫാ. സി.ഒ. വറുഗീസിനു തിരിച്ചു നല്‍കി നല്ല മാതൃകയായി. ഫാ. സി. ഒ. വറുഗീസ് കാമില്‍ ഹില്ലിനെ അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും സമ്മാനമായി 100 ഡോളര്‍ നല്‍കുകയും ചെയ്തു. ഒപ്പം, സമാപനസമ്മേളനത്തില്‍ മാത്യു റോവില്ലിനെയും കാമില്‍ ഹില്ലിനെയും നല്ല രീതിയില്‍ ആദരിക്കുകയും പാരിതോഷകം നല്‍കുകയും ചെയ്തു. കോണ്‍ഫന്‍സിന്റെ ധന്യതയ്ക്ക് ഉത്തമ ഉദാഹരണമായ പ്രവര്‍ത്തിക്കു നിദാനമായിതിനു ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രോപ്പോലീത്ത പ്രത്യേകമായി സമ്മാനം നല്‍കുകയും ചെയ്തു. സദസ്സിലുണ്ടായിരുന്നവര്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെ ഇതു വരവേല്‍ക്കുകയും ചെയ്തു.

ഈ സത്യസന്ധത ജീവിതത്തില്‍ ഒരു പാഠമാണ്. നമുക്ക്, എങ്ങനെയൊക്കെ സത്യസന്ധരാവാമെന്നും എങ്ങനെയൊക്കെ സാഹചര്യങ്ങളെ സത്യസന്ധമാക്കാമെന്നും പഠിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ കഥയാണ് മുകളില്‍ വിവരിച്ചത്. ഇവിടെ അനുഷ്ഠിക്കാവുന്ന ഒരേ ഒരു കാര്യം, നിങ്ങള്‍ പരമാവധി സത്യസന്ധതയെ മുറുകെപ്പിടിക്കുക എന്നതു മാത്രമാണ്. എന്തെന്നാല്‍, സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു എന്നാണ് വിശുദ്ധ വേദ ഗ്രന്ഥം പറയുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് നമ്മുടെ സംസാരത്തിലും ജീവിതരീതിയിലും നാം സത്യസന്ധരായിരിക്കണം. അപ്പോസ്‌തോലനായ പൗലോസ് ശ്ലീഹ ഉദ്‌ബോധിപ്പിച്ചത് ഇങ്ങനെയാണ്: "ഓരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍.' (എഫെസ്യര്‍ 4:25) "സകലത്തിലും നല്ലവരായി നടപ്പാന്‍ നാം ഇച്ഛിക്കുന്നു' എന്നും അദ്ദേഹം പറയുകയുണ്ടായി. (എബ്രായര്‍ 13:18) സഹമനുഷ്യരില്‍നിന്ന് പുകഴ്ത്തല്‍ ലഭിക്കുകയെന്നതു മാത്രമല്ല, നമ്മുടെ സത്യസന്ധതയ്ക്ക് പിന്നിലുണ്ടായിരിക്കേണ്ടത്. മറിച്ചു നമുക്ക് അതൊരു ജീവിതധര്‍മ്മമാവണം. അതായിരിക്കണം നാം സത്യസന്ധരായിരിക്കുന്നതിന്റെ പിന്നിലെ പ്രേരകഘടകം. ഒപ്പം, നമ്മുടെ സ്രഷ്ടാവിനെ ആദരിക്കുന്നതിനാലും അവനെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാലുമാണ് നാം അങ്ങനെ ചെയ്യുന്നതെന്നും തിരിച്ചറിയണം. അതായിരിക്കണം ജീവിതവ്രതം.

ബൈബിള്‍ പറയുന്നതനുസരിച്ച് യഹോവ "വിശ്വസ്തദൈവമാ'ണ്. അവനോട് ചേര്‍ന്നിരിക്കുന്നവര്‍ സത്യസന്ധരായിരിക്കാന്‍ അവന്‍ പ്രതീക്ഷിക്കുന്നു. (സങ്കീര്‍ത്തനം 31:5) യഹോവയുമായി ചേര്‍ന്നു നിലകൊള്ളാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ നമ്മള്‍ നീതിമാന്മാരും സത്യത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നവരുമായിരിക്കണം.(സങ്കീര്‍ത്തനം 26:4.) "പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍' എന്ന് സദൃശവാക്യങ്ങള്‍ 20:7 പറയുന്നു. സത്യസന്ധനായ ഒരാള്‍ പരമാര്‍ഥതയുള്ളവന്‍, നിര്‍മലന്‍ ആയിരിക്കും. അയാള്‍ സഹമനുഷ്യരെ ചതിക്കുകയോ വഞ്ചിക്കുകയോ ഇല്ല. മറ്റുള്ളവര്‍ നിങ്ങളോട് അങ്ങനെ ഇടപെടാനല്ലേ നിങ്ങള്‍ ആഗ്രഹിക്കുക? സത്യാരാധനയുടെ അവിഭാജ്യ ഘടകമാണ് സത്യസന്ധത. ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനമാണത്. സത്യസന്ധരായിരിക്കുന്നതിലൂടെ യേശു പറഞ്ഞപ്രകാരമുള്ള പെരുമാറ്റച്ചട്ടം പിന്‍പറ്റാനുള്ള ആഗ്രഹമായിരിക്കും നാം പ്രകടിപ്പിക്കുന്നത്: "മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‌വിന്‍.' എന്നാണ് മത്തായിയുടെ സുവിശേഷത്തില്‍ വെളിപ്പെടുത്തുന്നത്. (7:12; 22:36-39.). നാം സത്യത്തോട് നിലകൊള്ളാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. വറുഗീസ് അച്ചന്റെ പണമടങ്ങിയ കവര്‍ തിരികെ നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാരി കാണിച്ച സത്യസന്ധതയുടെ മഹത്വം ഇവിടെ പ്രകീര്‍ത്തിക്കുന്നത്, നമ്മള്‍ ഓരോരുത്തരും ആ നിലയ്ക് വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കൂടി വ്യക്തമാക്കാനാണ്. പണസ്‌നേഹം നിരവധി വ്യഥകള്‍ക്ക് കാരണമാകുമെന്ന് ബൈബിളും പറയുന്നുണ്ട്,—(1 തിമൊഥെയൊസ് 6:9, 10.) നമ്മള്‍ സത്യത്തില്‍ വ്യതിചലിക്കുന്നിനു പിന്നിലെ ഒരു കാരണം ഇതാണ്. എന്നാല്‍ ഒരുവന് എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്തുവകകളല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്, മറിച്ച് അവന്റെ സത്യസന്ധതയാണെന്നു—ലൂക്കോസ് 12:15 പറയുന്നു.

ധര്‍മ്മവും നീതിയും ഇക്കാലത്ത് മഷിയിട്ടു നോക്കിയാല്‍ കാണില്ലെന്നതു സത്യമാണ്. അവിടെയാണ്, കാമില്‍ഹില്ലിന്റെ സത്യം എടുത്തു പറയത്തക്ക ഒരു വാര്‍ത്തയായി മാറുന്നത്. ഈ നീതിയും സത്യവും നമുക്കും ജീവിതത്തില്‍ ഉടനീളം ശീലിക്കേണ്ടിയിരിക്കുന്നു. സത്യം മാത്രമാണ് നിലനില്‍ക്കുന്നതെന്ന ആപ്തവാക്യം കൂടി ഓര്‍ത്ത് നമുക്ക് പ്രതിജ്ഞ ചെയ്യാം, നാം സത്യസന്ധരായിരിക്കാന്‍ പരമാവധി യജ്ഞിക്കുമെന്ന്.
സത്യസന്ധത എന്ന ധാര്‍മ്മികത (പകല്‍ക്കിനാവ്- 111: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Ninan Mathulla 2018-07-28 23:53:36
Very good value to follow in life. In this 21st century such values are not attractive to many. Most (including me) will look either side and if nobody watching, try to enjoy area of weakness. Since we are not caught so far, we walk around as symbols of role models in society. Some are eager to criticize other individuals or groups or religion in the comment column. When one criticize another person or group, he/she feel good about it and look at others from a higher level. Once a lady approached Gandhiji and asked to advice his son as he has the habit of eating sugar when nobody watching. Gandhiji thought for a minute and asked the lady to come after two weeks. The lady came after two weeks with the boy and Gandhji advised the boy. When about to leave the lady asked Gandhji why you asked me to come after two weeks. "I also have this habit of eating sugar when nobody watching. I was trying to win over this habit" was Gandhiji's reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക