Image

അണ തുറക്കുന്ന ജാഗ്രത (മുരളി തുമ്മാരുകുടി)

Published on 28 July, 2018
അണ തുറക്കുന്ന ജാഗ്രത (മുരളി തുമ്മാരുകുടി)
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് അടി എത്തിയെന്നും അത് രണ്ടായിരത്തി നാനൂറ് അടിയായാല്‍ അധികമായി എത്തുന്ന ജലം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണെന്നും അതിനാല്‍ ചെറുതോണി/പെരിയാര്‍ നദികളുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കേരളം സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഒരു നോട്ടീസ് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കണ്ടു.

ഫേക് ന്യൂസിന്റെ കാലമാണ്. സത്യമാണോ എന്നറിയില്ല. നേരെ കെ എസ് ഇ ബി യുടെ വെബ്‌സൈറ്റ് തിരഞ്ഞു. വന്നത് ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് ആണ്. അവിടെ ഇതിനെ പറ്റി ഒരു വിവരവും ഇല്ല.

കേരള ഡാം സേഫ്റ്റി അതോറിറ്റി എന്ന സ്ഥാപനം ആണ് രണ്ടാമത് തിരഞ്ഞത്. അവര്‍ക്ക് വെബ്‌സൈറ്റ് പോലും ഇല്ല.

ബോര്‍ഡിന് മാത്രമായി ഒരു ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉണ്ട്. അവരുടെ വെബ്‌സൈറ്റ് തിരഞ്ഞു. നോ രക്ഷ.

കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പോയി നോക്കി. അവിടെ മല്‍സ്യ തൊഴിലാളികള്‍ക്ക് ഉള്ള ജാഗ്രത നിര്‍ദ്ദേശം ഉണ്ട് (ജൂലൈ ഇരുപത്തി ആറാം തീയതിയിലെ), പക്ഷെ ഇരുപത്തി അഞ്ചാം തിയതി വന്ന അണക്കെട്ട് തുറക്കുന്നതിന്റെ ജാഗ്രത നിര്‍ദ്ദേശം ഇല്ല. അതുകൊണ്ടു തന്നെ താഴെ ഉള്ള നോട്ടീസ് ശരിയാണോ എന്ന് എനിക്കറിയില്ല. ഉത്തരവാദിത്ത പെട്ട ആരെങ്കിലും ഒക്കെ ഒന്ന് കണ്‍ഫേം ചെയ്താല്‍ നല്ലത്.

ഇതിപ്പോള്‍ ശരിയാണെന്ന് വിചാരിക്കുക. എന്നിട്ട് ഈ നോട്ടീസില്‍ ഉള്ള വിവരം വച്ച് നാം എന്ത് ചെയ്യണം എന്ന് ചിന്തിക്കുക.

എന്റെ വീട് പെരുമ്പാവൂരില്‍ ആണ്, പെരുമ്പാവൂരിനടുത്തൂടെ ആണ് പെരിയാര്‍ ഒഴുകുന്നത്. എന്റെ കുടുംബത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?

"പറഞ്ഞില്ലേ, ജാഗ്രതയോടെ ഇരിക്കണം.

"എന്ന് വച്ചാല്‍ ?"

"എന്ന് വച്ചാല്‍ അത് തന്നെ". അതില്‍ കൂടുതല്‍ നിര്‍ദ്ദേശം ഒന്നും ആരും തന്നിട്ടില്ല.

ഈ ജാഗ്രത സിനിമ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും വാസ്തവത്തില്‍ ഈ വാക്കിന്റെ ഇവിടുത്തെ അര്‍ഥം എനിക്കത്ര ഉറപ്പില്ല. ഞാന്‍ പോയി നിഘണ്ടു നോക്കി....

ജാഗ്രത

നാ.
ഉറക്കമൊഴിച്ചില്‍

നാ.
സൂക്ഷ്മത

നാ.
താത്പര്യം, ശ്രദ്ധ

ജനങ്ങള്‍ ഉറക്കമൊഴിച്ചിരിക്കണം എന്നാകുമോ ?, ഏയ് അതാവില്ല.

ജനങ്ങള്‍ സൂക്ഷ്മതയോടെ ഇരിക്കണം ?

ജനങ്ങള്‍ താല്പര്യത്തോടെ ഇരിക്കണം ?,

ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കണം ?

ഉറക്കമൊഴിച്ച്, ശ്രദ്ധയോടെ, സൂക്ഷ്മതയോടെ, താല്പര്യത്തോടെ ജനങ്ങള്‍ എന്ത് ചെയ്യണം ?

അണക്കെട്ട് തുറക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം ?, എങ്ങനെ ?

വെള്ളം പൊങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം ?, എവിടെ ?

അണക്കെട്ട് തുറന്നാല്‍ ജനങ്ങള്‍ എന്ത് ചെയ്യണം ?

വെള്ളം പൊങ്ങിയാല്‍ ജനങ്ങള്‍ എന്ത് ചെയ്യണം ?

അതിരിക്കട്ടെ, ആരാണ് ജാഗ്രത പുലര്‍ത്തേണ്ടത് ?

പെരിയാര്‍/ചെറുതോണി നദികളുടെ ഇരുകരകളിലും ഉള്ളവര്‍ ആണ് ജാഗ്രത പാലിക്കേണ്ടത്.

ഇരു കരകളിലും എന്ന് പറഞ്ഞാല്‍ ?

നദിയുടെ കരയില്‍ വീടുള്ളവര്‍ ?, നൂറുമീറ്ററിന് അകത്തുള്ളവര്‍, ഒരു കിലോമീറ്ററിന് അകത്തുള്ളവര്‍ ?

(വാസ്തവത്തില്‍ നദിയില്‍ നിന്നുള്ള ദൂരമല്ല വെള്ളപ്പൊക്കത്തില്‍ പ്രധാന ഘടകം നിങ്ങളുടെ വീട് നദിയില്‍ നിന്നും എത്ര ഉയരത്തില്‍ ആണെന്നാണ്. അപ്പോള്‍ ഇടുക്കി മുതല്‍ മലയാറ്റൂര്‍ വരെ കുന്നുകളുടെ ഇടയിലൂടെ നദി ഒഴുകുമ്പോള്‍ നദിയുടെ അമ്പതോ നൂറോ മീറ്ററില്‍ പോലും വെള്ളം കയറിയില്ല എന്ന് വരും, കാലടിയും കഴിഞ്ഞു ആലുവയില്‍ എത്തുമ്പോള്‍ അത് ഒരു കിലോമീറ്റര്‍ കടന്നാലും അതിശയം ഇല്ല)

സുരക്ഷാ വിഷയങ്ങളെ പറ്റി ഒരു നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ അത് വായിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കണം. അല്ലെങ്കില്‍ അത് സുരക്ഷിതമാക്കുന്നത് നിര്‍ദ്ദേശം കൊടുക്കുന്നവരുടെ ജോലിയെ മാത്രമാണ്. നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പറയാമല്ലോ ഞങ്ങള്‍ ഇരുപത്തി അഞ്ചാം തീയതി തന്നെ ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തിരുന്നു എന്ന്.

ഞാന്‍ ഇപ്പോള്‍ പെരുമ്പാവൂരില്‍ ഇല്ല, പക്ഷെ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് പറയാം. ഇതൊരു ഔദ്യോഗിക നിര്‍ദ്ദേശം ആയി എടുക്കേണ്ട, പക്ഷെ പ്രയോഗിക്കാമെന്ന് തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ മടിക്കേണ്ട.

1. വീടിനോ വീടിനടുത്തോ ഉള്ള ഏറ്റവും പ്രായമായവരോട് പണ്ടെന്നെങ്കിലും നിങ്ങളുടെ വീടിനടുത്ത് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുക. ഉണ്ട് എന്നാണ് ഉത്തരം എങ്കില്‍ എവിടെ വരെ വെള്ളം വന്നു, ഏതു പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയി എന്നൊക്ക അറിഞ്ഞു വക്കുക. പുഴകള്‍ ഇടക്കിടക്ക് അതിരുകള്‍ തിരിച്ചു പിടിക്കുന്ന കഥ ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ.

2. നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയോ പുഴയിലേക്ക് എത്തുന്ന തോടോ ഉണ്ടോ എന്ന് പരിശോധിക്കുക. നാട്ടുകാരല്ലാത്തവരും ഫ്‌ലാറ്റില്‍ താമസിക്കുന്നവരും ഒക്കെ ഉറപ്പില്ലാത്തവര്‍ ഗൂഗിള്‍ ഏര്‍ത്ത് നോക്കുക.

3. മുന്‍പ് പറഞ്ഞ ഗവേഷണത്തില്‍ നിന്നും നിങ്ങളുടെ വീട്ടില്‍ വെള്ളം കയറാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയാല്‍, നിങ്ങളുടെ വീടിനകത്ത് വെള്ളം കയറിയാല്‍ എന്ത് സംഭവിക്കും എന്ന് ചിന്തിക്കുക. വീടിനകത്തുള്ള വസ്തുക്കള്‍ നശിച്ചു പോകാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും ?. കാറുണ്ടെങ്കില്‍ അത്എ വിടെയാണ് സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റുന്നത് ? (ചെന്നൈ വെള്ളപ്പൊക്കത്തില്‍ ഫ്‌ലാറ്റില്‍ ജീവിക്കുന്നവരുടെ ആയിരക്കണക്കിന് കാറുകള്‍ ആണ് വെള്ളം കയറി ഡാമേജ് ആയത്)

4. വെള്ളം കയറുന്നതിനാല്‍ രണ്ടു ദിവസം മാറിനില്‍ക്കേണ്ടി വന്നാല്‍ ആരുടെ അടുത്തേക്കാണ് പോകുന്നത് ? അവരവിടെ ഉണ്ടോ എന്നന്വേഷിക്കുക.

5. അണക്കെട്ട് തുറന്നു എന്ന് അറിയിപ്പ് വന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും പുറത്തു പോകാനുള്ള വഴികള്‍ ഏതാണ്, അവ വെള്ളത്തില്‍ മുങ്ങാനുള്ള സാധ്യതയുണ്ടോ ?

6. വെള്ളം കാരണം രണ്ടു ദിവസത്തേക്ക് ഫ്‌ലാറ്റില്‍ നിന്നും പുറത്തു പോകാന്‍ പറ്റാതെ വന്നാല്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആണ് വേണ്ടത് ?, ഭക്ഷണം ?, വെള്ളം ?, മരുന്നുകള്‍,
സാനിറ്ററി നാപ്കിന്‍, ബിവറേജസ് ?

7. വെള്ളം പൊങ്ങുന്നത് പലപ്പോഴും വളരെ പെട്ടെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ വീട് വിട്ടു പോകേണ്ടി വന്നാല്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ വീട്ടിലുണ്ടോ ? (പ്രായമായവര്‍, ഭിന്നശേഷി ഉള്ളവര്‍, രോഗികള്‍).

8. വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ വീടിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും ?

9. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത് ?

10. രണ്ടു ദിവസം വൈദ്യുതി ഇല്ലാതായാല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം എന്താണ്?

11. രാത്രി ഉറങ്ങുമ്പോള്‍ അപായ സൂചന വന്നാല്‍ എങ്ങനെയാണ് നിങ്ങള്‍ അറിയുന്നത്?

12. പുഴയുടെ അടുത്തും അണക്കെട്ടിന്റെ അടുത്തും ഒക്കെ നമുക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ ? വെള്ളം അവിടെ ഉയര്‍ന്നാല്‍ നമുക്ക് ഒരു മുന്നറിയിപ്പ് തരണം എന്ന് അവരോട് പറഞ്ഞു വക്കാമല്ലോ ?

13. അണക്കെട്ട് തുറന്നു എന്നോ വെള്ളം പൊങ്ങി എന്നോ ഒക്കെ വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചാല്‍ എങ്ങനെയാണ് അത് സത്യമാണോ എന്ന് പരിശോധിക്കുന്നത് ?

14. വീട്ടില്‍ നിന്നും നമ്മളോ കുട്ടികളോ പുറത്തു പോയതിന് ശേഷമാണ് വെള്ളം പൊങ്ങിയതെങ്കില്‍ അവരെ എങ്ങനെ അറിയിക്കും, അവര്‍ എവിടേക്കാണ് പോകേണ്ടത് ?

15. വീട്ടിലെ ആരെങ്കിലും കൂടുതല്‍ അപകട സാധ്യത ഉള്ള സ്ഥലത്തേക്ക് ജോലിക്കോ പഠിക്കാനോ പോകുന്നുണ്ടോ ?

ഇത്രയും കാര്യങ്ങള്‍ സ്വയം ചിന്തിക്കുക, വിഷയം വീട്ടില്‍ ഉള്ളവരും ആയി ചര്‍ച്ച ചെയ്യുക. വേണ്ടത്ര മുന്‍കരുതലുകള്‍ വ്യക്തിപരമായും കുടുംബമായും എടുക്കുക.

ഇതെല്ലം വ്യക്തിപരമായി ചിന്തിച്ചു മുന്‍കരുതല്‍ എടുത്തതിന് ശേഷം വിഷയം നിങ്ങളുടെ റെസിഡന്റ് അസോസിയേഷനില്‍ ഉന്നയിക്കുക. സാധാരണ മിക്കവാറും പേര്‍ ചിരിച്ചു തള്ളുകയോ നിസാരമായി കാണുകയോ ചെയ്യും. പക്ഷെ അവര്‍ താല്പര്യം കാണിച്ചാല്‍ മുന്‍പ് പറഞ്ഞ പ്രധാന ചോദ്യങ്ങളെല്ലാം വ്യക്തിഗത രൂപത്തില്‍ നിന്നും അസോസിയേഷന്റെ തലത്തില്‍ ചോദിക്കുക. വെള്ളം പൊങ്ങുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഒരു സംവിധാനം അസോസിയേഷന്‍ തലത്തില്‍ ഉണ്ടാക്കുക. അതില്‍ മുന്നറിയിപ്പ് തൊട്ടു റെസ്ക്യൂ വരെയുള്ള കാര്യങ്ങള്‍ക്ക് ടീമുകള്‍ ഉണ്ടാക്കണം.

ഇതൊക്കെ അല്പം ഓവര്‍ അല്ലേ ചേട്ടാ എന്ന് ചോദിക്കാം. ഞാന്‍ എപ്പോഴും പറയുന്ന പോലെ "ഠവല ാീൃല ്യീൗ ംെലമ േശി ുലമരല, വേല ഹല ൈ്യീൗ യഹലലറ ശി ംമൃ" എന്നത് തന്നെയാണ് അടിസ്ഥാനം. ഒരു മഴ വരാന്‍ വഴിയുണ്ടെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ കുട കയ്യില്‍ കരുതിയത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ. മഴ വന്നാല്‍ നമ്മള്‍ തയ്യാറാണ്, മഴ വന്നില്ലെങ്കില്‍ കുട തിരിച്ചു വീട്ടില്‍ വക്കാമല്ലോ. മുകളില്‍ പറഞ്ഞ തരത്തില്‍ ഉള്ള ഒരു തയ്യാറെടുപ്പ് വ്യക്തിപരമായും കുടുംബമായും റെസിഡന്റ് അസോസിയേഷന്‍ വഴിയും ചെയ്തുകഴിഞ്ഞാല്‍ അത് ഇപ്പോള്‍ അണക്കെട്ട് തുറന്നാലും ഇല്ലെങ്കിലും ഭാവിയില്‍ ഗുണകരമാകും, സംശയം വേണ്ട.

ജാഗ്രതൈ, സുരക്ഷിതരായിരിക്കൂ

(കൂട്ടത്തില്‍ ഒരു കാര്യം പറയട്ടെ, ഇടുക്കി ഡാമിലെ ജലത്തിന്റെ കണക്ക് പറയുമ്പോള്‍ രണ്ടായിരത്തി നാനൂറ് അടി അല്ലെങ്കില്‍ രണ്ടായിരത്തി നാനൂറ്റി മൂന്ന് അടി എന്നും മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ കണക്ക് പറയുമ്പോള്‍ നൂറ്റി മുപ്പത്തി ആറോ നൂറ്റി നാല്പത്തി രണ്ടോ അടിയെന്നുമൊക്കെ നിങ്ങള്‍ വായിക്കുന്നുണ്ടല്ലോ. മുല്ലപെരിയാറിലും ഏകദേശം ഇരുപത് ഇരട്ടി ഉയരത്തില്‍ ആണോ ഇടുക്കിയിലെ ജല നിരപ്പ് ?

ഇതൊരു തെറ്റിദ്ധാരണ ആണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കണക്ക് നദിയുടെ (അണക്കെട്ടിന്റെ) തറ നിരപ്പില്‍ നിന്നും ഇടുക്കിയിലെ അണക്കെട്ടിലെ കണക്ക് സമുദ്ര നിരപ്പില്‍ നിന്നും ആണ് കണക്കു കൂട്ടി പറയുന്നത്. ഇടുക്കിയിലെ ആര്‍ച്ച് ഡാമിന് നൂറ്റി അറുപത്തി എട്ടു മീറ്ററും ചെറുതോണി അണക്കെട്ടിന് നൂറ്റി മുപ്പത്തി എട്ടു മീറ്ററും ആണ് പൊക്കം. അപ്പോള്‍ റിസര്‍വോയറിന്റെ ആഴം ഏതാണ്ട് അഞ്ഞൂറ് അടിയിലും താഴെ ആയിരിക്കും, കൃത്യം കണക്ക് ബോര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ പറയണം. ഈ അടിക്കണക്കൊക്കെ നമ്മള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉപേക്ഷിച്ചതല്ലേ, ഇനി മുതലെങ്കിലും മീറ്ററില്‍, അതും എല്ലാ അണക്കെട്ടിലെ കാര്യവും ഒരുപോലെ, പറഞ്ഞു വേണം ജനങ്ങളെ മനസ്സിലാക്കാന്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക