Image

വെള്ളില്‍പ്പറവകള്‍ ! (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 21 July, 2018
വെള്ളില്‍പ്പറവകള്‍ ! (കവിത: ചാക്കോ ഇട്ടിച്ചെറിയ)
വെള്ളില്‍പ്പറവകളേ നിങ്ങളിന്നെന്റെ
ഉള്ളില്‍കുളിരേകി മോഹനങ്ങള്‍
പാറിപ്പറന്നു നീലാകാശസീമയി
ലേറുമെന്‍മാനസമൊപ്പമെത്തി

നിങ്ങളെയൊന്നു തഴുകിപ്പുണരുന്ന
നിര്‍വൃതിതന്നില്‍ ലയിച്ചിടുമ്പോള്‍
നീലവാനിന്റെ നെറുകയിലാരിട്ടു
നിസ്തുലമാകും തിലകക്കുറി

നിങ്ങള്‍ക്കതിര്‍വരമ്പില്ലാത്ത നീലിമ
എങ്ങും പ്രശാന്തമാമന്തരീക്ഷം
പൊങ്ങിപ്പറന്നുപോം വേളയിലില്ലയോ
തിങ്ങുന്നമോദം ചിറകടിയാല്‍

ഞങ്ങള്‍മനുഷ്യര്‍ നടക്കുന്നപാതകള്‍
മങ്ങലേല്പ്പിക്കും മഹാരധന്മാര്‍
ചങ്ങാതികള്‍ ചമഞ്ഞൊത്തുകൂടീടിലും
പൊങ്ങച്ചമൊക്കെ പ്പറഞ്ഞീടിലും

ഉള്ളിലിരിപ്പതസൂയ കുശുംപുകള്‍
എള്ളോളമന്ന്യന്നു നന്‍മചെയ്‌വാന്‍
ഉള്ളമനസ്ഥിതിയില്ലാത്തവര്‍ വെറും
പൊള്ളത്തരങ്ങള്‍ പൊതിഞ്ഞു വയ്‌പോര്‍

എങ്ങുപോയ് നിങ്ങളെന്‍ചങ്ങാതികള്‍ മനം
തങ്ങുന്നുനിങ്ങള്‍തന്‍ ചാരെനിത്യം
വിങ്ങുന്നുമാനസ മീവഴിത്തരവി
ട്ടെങ്ങോഅലയുന്നു നിര്‍വൃതിക്കായ്

ഹായെത്രസുന്ദര സൌഭാഗ്യജീവിത
മീയുലകത്തില്‍ നിങ്ങള്‍ക്കുവന്നു
വെള്ളില്‍പ്പറവകളേ വെളിച്ചംവീശി
ഉള്ളിലെന്‍ചേതന ധന്യമാക്കൂ

എത്രവിശുദ്ധമേ നിങ്ങള്‍തന്‍ജീവിതം
എത്രനാള്‍ ജീവിച്ചുവെന്നാകിലും
നിങ്ങള്‍വിതക്കില്ല കൊയ്യില്ലശേഖരി
ച്ചെങ്ങുംകളപ്പുര ചേര്പ്പതില്ല

എന്നാലുംഇന്നും പുലര്‍ത്തുന്നുനിങ്ങളെ
നന്നായിസൃഷ്ടിച്ച സര്‍വേശ്വരന്‍
ഒന്നിന്നുമില്ലകുറവു യഹോവയി
ലൊന്നാശ്രയിപ്പോര്‍ക്കു ഭൂവിലേതും!.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക