Image

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെപറ്റി പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍

Published on 19 July, 2018
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെപറ്റി പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: സര്‍വ കക്ഷി സംഘം സന്ദര്‍ശിച്ചപ്പോള്‍മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി പലതവണ പരാമര്‍ശിച്ചു. എപ്പോഴാണ് അമേരിക്കയില്‍നിന്ന് തിരിച്ചുവന്നതെന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രിയെ അദ്ദേഹം സ്വീകരിച്ചത്. സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന കുശലാന്വേഷണത്തിനുശേഷം മറ്റുവിഷയങ്ങളിലേക്ക് കടന്നു.

വെള്ളപ്പൊക്കത്തെക്കുറിച്ചും സഹായത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലേക്ക് കടന്നപ്പോഴും പ്രധാനമന്ത്രി അമേരിക്ക എടുത്തിട്ടു. തന്റെ ഓഫീസില്‍ നിരന്തരമായി കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ വാര്‍ത്തകള്‍ എത്തിയിരുന്നു. മഴക്കെടുതിയുടെ സമയത്ത് താങ്കള്‍ കേരളത്തില്‍ ഇല്ലല്ലോ എന്നോര്‍ത്ത് താന്‍ വിഷമിക്കുകയുംചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംഭാഷണത്തിന്റെ അവസാനഘട്ടത്തിലും അമേരിക്കന്‍ യാത്ര പൊതുവില്‍ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചു. ലഘുസന്ദര്‍ശനമായിരുന്നുവെന്ന മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് അവിടെ അധികസമയം ചെലവഴിക്കാന്‍ പറ്റില്ലെന്ന് തനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നായിരുന്നു മോദിയുടെ പ്രതികരണം. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക