Image

കന്യാസ്ത്രീയുടെ പരാതി കര്‍ദ്ദിനാളിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് സംഭാഷണത്തില്‍ കര്‍ദ്ദിനാളിന്‍റെ മറുപടി

Published on 19 July, 2018
കന്യാസ്ത്രീയുടെ പരാതി കര്‍ദ്ദിനാളിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് സംഭാഷണത്തില്‍ കര്‍ദ്ദിനാളിന്‍റെ മറുപടി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞതിന് വിരുദ്ധമായി പുതിയ ഫോണ്‍ സംഭാഷണ രേഖ പുറത്ത്. 
മഠത്തില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങളും തനിക്കെതിരെ നടന്ന പീഡന ശ്രമങ്ങളും ഫോണ്‍ സംഭാഷണത്തിലൂടെ കര്‍ദ്ദിനാളിനോട് കന്യാസ്ത്രീ പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തില്‍ പക്ഷെ താന്‍ ഇക്കാര്യത്തില്‍ നിസഹായനാണെന്നും തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കര്‍ദ്ദിനാള്‍ കന്യാസ്ത്രീയെ അറിയിക്കുന്നുണ്ട്. 
ലത്തീന്‍ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാല്‍ പരാതി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും കര്‍ദ്ദിനാള്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. 
എന്നാല്‍ അന്വേഷണ സംഘത്തിനോടും മാധ്യമങ്ങളോടും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് കര്‍ദ്ദിനാള്‍  ആലഞ്ചേരി പറഞ്ഞത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായാണ് കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞത്. 
ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിലും ഗസ്റ്റ് ഹൗസിലും വെച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. കര്‍ദ്ദിനാളിനടക്കം പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക