Image

സംസ്ഥാനത്ത്‌ മഴക്കെടുതിയില്‍ മരണം 12 ആയി

Published on 17 July, 2018
സംസ്ഥാനത്ത്‌  മഴക്കെടുതിയില്‍  മരണം 12 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ മരണം 12 ആയി. മൂന്നു പേരെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായി. പത്തനംതിട്ട പമ്‌ബയില്‍ ശബരിമല തീര്‍ഥാടകനെയും കോട്ടയത്ത്‌ മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയുമാണ്‌ കാണാതായത്‌.

കോഴിക്കോട്‌ ജില്ലയിലും കനത്ത മഴ തുടരുകയാണ്‌. മലയോരം മണ്ണിടിച്ചില്‍ ഭീതിയിലാണ്‌. തൃശൂരില്‍ 15 വീടുകള്‍ തകര്‍ന്നു. 13 വീടുകള്‍ ഭാഗികമായും രണ്ട്‌ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുപ്ലിയം, കല്ലൂര്‍, വെള്ളികുളങ്ങര, കാടുകുറ്റി, വെങ്കിടങ്ങ്‌,വാടാനപ്പള്ളി, മാടക്കത്തറ വില്ലേജുകളിലാണ്‌ വീടുകള്‍ തകര്‍ന്നത്‌. എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

കാലവര്‍ഷക്കെടുതിയില്‍ ഈ മാസം ഒന്‍പതു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത്‌ എട്ട്‌ കോടിയുടെ നാശനഷ്ടമുണ്ടായി. 20 വരെ കനത്ത മഴ തുടരുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ഈ മാസം ഒന്‍പത്‌ മുതല്‍ ഇന്നലെ വരെ 12 പേരാണ്‌ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്‌. സംസ്ഥാനത്ത്‌ 190 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്‌. 6,065 കുടുംബങ്ങളിലായി 2731 പേരാണ്‌ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്‌.
കേരള, ലക്ഷദ്വീപ്‌ തീരങ്ങളില്‍ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന്‌ മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 6070 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌. കേരള തീരത്തും ലക്ഷദ്വീപ്‌ തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ്‌ തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്കുപടിഞ്ഞാറ്‌ ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന്‌ പോകരുതെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക