Image

സൈനിക പരിശീലന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Published on 17 July, 2018
സൈനിക പരിശീലന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


അച്ചടക്കവും ദേശസ്‌നേഹവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സൈനിക പരിശീലന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം പത്ത്‌ ലക്ഷം യുവതീയുവാക്കളെ ഈ പരിശീലന പദ്ധതിയിലൂടെ `ദേശസ്‌നേഹികളാക്കാനാണ്‌' സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. നാഷണല്‍ യൂത്ത്‌ എംപവര്‍മെന്റ്‌ സ്‌കീം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി ബിജെപിയുടെ രാഷ്ട്രീയ കാഴ്‌ചപ്പാട്‌ അതേപടി പകര്‍ത്തി വെയ്‌ക്കുന്നതാണ്‌.

12 മാസത്തെ പരിശീലന കാലയളവില്‍ എല്ലാവര്‍ക്കും സ്‌റ്റൈപ്പന്‍ഡ്‌ നല്‍കും. പ്രതിരോധ, പാരാമിലിറ്ററി, പൊലീസ്‌ ജോലികള്‍ക്ക്‌ ഈ പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്യും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനായോഗം ജൂണ്‍ മാസത്തിലെ അവസാന ആഴ്‌ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നതായാണ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
പ്രതിരോധ മന്ത്രാലയം, യുവജന മനുഷ്യവിഭവശേഷി മന്ത്രാലയ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

മിലിറ്ററി ട്രെയിനിംഗ്‌ നല്‍കുന്നതിനൊപ്പം വൊക്കേഷണല്‍, ഐ.ടി സ്‌കില്‍, ദുരന്തനിവാരണം എന്നീ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനൊപ്പം തന്നെ യോഗ, ആയുര്‍വേദ, പുരാതന ഇന്ത്യന്‍ തത്വശാസ്‌ത്രം എന്നിവയിലും പരിശീലനം നല്‍കും. ഗ്രാമപ്രദേശങ്ങളിലുള്ള യുവതീയുവാക്കളെ ആയിരിക്കും സര്‍ക്കാര്‍ ഈ പദ്ധതിയിലേക്ക്‌ ലക്ഷ്യമിടുന്നത്‌.
പദ്ധതിയുടെ നടത്തിപ്പിനായി എന്‍സിസി (നാഷണല്‍ കേഡറ്റ്‌ കോര്‍പ്പ്‌സ്‌), എന്‍എസ്‌എസ്‌ (നാഷണല്‍ സര്‍വീസ്‌ സ്‌കീം) പദ്ധതികളുടെയും എംഎന്‍ആര്‍ഇജിഎ (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപവര്‍മെന്റ്‌ ഗ്യാരണ്ടി ആക്ട്‌) ഫണ്ട്‌, വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഫണ്ട്‌ എന്നിവ ഉപയോഗിക്കാനാണ്‌ തത്വത്തില്‍ ധാരണ ആയിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക