Image

കുഞ്ഞന്‍ രാജ്യത്തിന്‍റെ വമ്പന്‍ നേട്ടം; ഇത് സൂപ്പര്‍താരങ്ങില്ലാത്ത ക്രൊയേഷ്യന്‍ ടീം വര്‍ക്ക്

Published on 16 July, 2018
കുഞ്ഞന്‍ രാജ്യത്തിന്‍റെ വമ്പന്‍ നേട്ടം; ഇത് സൂപ്പര്‍താരങ്ങില്ലാത്ത ക്രൊയേഷ്യന്‍ ടീം വര്‍ക്ക്
എടുത്ത പറയാന്‍ ഇവര്‍ക്കൊരു മെസിയോ, നെയ്മറോ, റോണോയോ ഇല്ല. ഫുട്ബോളിലെ ഇതിഹാസങ്ങളും ദൈവങ്ങളുമില്ല. എന്നിട്ടും ലോകകപ്പിലെ കറുത്ത കുതിരകളായി അവര്‍ ഫൈനല്‍ വരെയെത്തി. അതും വമ്പന്‍മാരെ അട്ടിമറിച്ചും തോല്‍പ്പിച്ചും തന്നെ. 
ഒരു പക്ഷെ ഇന്ന് ലോകം ജേതാക്കളായ ഫ്രാന്‍സിനേക്കാള്‍ കൈയ്യടിക്കുന്നത് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് വേണ്ടിയായിരിക്കും. 
സൂപ്പര്‍താരങ്ങളൊന്നുമില്ലാതെയാണ് ലൂക്കാ മോഡ്രിച്ചും സംഘവും റഷ്യയിലേക്ക് എത്തിയത്. എന്നിട്ടും കിരീട നേട്ടത്തിനൊപ്പം അവര്‍ തങ്ങളുടെ രാജ്യത്തെ എത്തിച്ചു. വെറും 42 ലക്ഷമാണ് ക്രൊയേഷ്യയിലെ ജനസംഖ്യ. നമ്മുടെ മലപ്പുറം ജില്ലയുടെ ജനസംഖ്യയേക്കാള്‍ കുറവ്. എന്നിട്ടും കായിക ലോകത്ത് ക്രൊയേഷ്യ അതികായന്‍മാര്‍ തന്നെ. ഹാന്‍ഡ് ബോളിലും ബാസ്ക്കറ്റ് ബോളിലും വാട്ടര്‍ പോളോയിലും ലോകത്തെ ഒന്നാംനിരക്കാരാണ് ക്രൊയേഷ്യ. 
1993ലാണ് ഫിഫയുടെ അംഗീകാരം ക്രൊയേഷ്യന്‍ ഫുട്ബോളിന് ലഭിക്കുന്നത്. അന്ന് ലോക റാങ്കിങ്ങില്‍ 125ാം സ്ഥാനത്തായിരുന്നു ക്രൊയേഷ്യ. മൂന്നു വര്‍ഷത്തിനുള്ളില്‍ അവര്‍ യൂറോ കപ്പിനുള്ള യോഗ്യത നേടി. 1998ല്‍ ലകകപ്പില്‍ അരങ്ങേറിയ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. 
ഫൈനല്‍ നടക്കുമ്പോള്‍ ആരാധകര്‍ ഏറെയും ഫ്രാന്‍സിന് തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ക്രൊയേഷ്യയെയും കാല്‍പ്പന്ത് കളിയുടെ ലോകം സൂപ്പര്‍ രാജ്യങ്ങള്‍ക്കൊപ്പം തന്നെ നെഞ്ചേറ്റുന്നു. അത് ഫുട്ബോളിന് പിന്നാലെ അവര്‍ പായുന്ന വേഗം കൊണ്ടു തന്നെയാണ്.  കപ്പ് ഏറ്റെടുക്കാന്‍ ക്രൊയേഷ്യക്ക് ഭാഗ്യമുണ്ടായിരുന്നെങ്കില്‍ അത് ചരിത്രമാകുകമായിരുന്നു. പക്ഷെ അതുണ്ടായില്ല. പക്ഷെ അടുത്ത ലോകകപ്പിന് വേദിയൊരുങ്ങുമ്പോള്‍ ലോകമെങ്ങും ക്രൊയേഷ്യക്ക് വേണ്ടിയും ബാനറുകള്‍ ഉയരും. അവിടെ നിന്നും സൂപ്പര്‍താരങ്ങളുണ്ടാകും. അതിനുള്ള കളമൊരുക്കിയിട്ടാണ് ഇപ്പോള്‍ ക്രൊയേഷ്യ റഷ്യയില്‍ നിന്ന് മടങ്ങിയിരിക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക