Image

നവചൈതന്യം പകര്‍ന്ന് ഡെര്‍ബി തിരുനാള്‍; പ്രാര്‍ഥനയും കാത്തിരിപ്പുമാണ് ദൈവാനുഭവത്തിന്റെ വഴികളെന്ന് ഫാ. ജസ്റ്റിന്‍

Published on 12 July, 2018
നവചൈതന്യം പകര്‍ന്ന് ഡെര്‍ബി തിരുനാള്‍; പ്രാര്‍ഥനയും കാത്തിരിപ്പുമാണ് ദൈവാനുഭവത്തിന്റെ വഴികളെന്ന് ഫാ. ജസ്റ്റിന്‍

ഡെര്‍ബി: വിശ്വാസജീവിതത്തിന് പുത്തന്‍ ഉണര്‍വു പകര്‍ന്ന് ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആചരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് കൊടി ഉയര്‍ത്തിയതോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു തുടക്കമായത്.

വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ഥനയ്ക്കുശേഷം നടന്ന ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വാള്‍സാള്‍ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജസ്റ്റിന്‍ കാരക്കാട്ട് എസ്ഡിവി മുഖ്യകാര്‍മികത്വം വഹിച്ചു വചനസന്ദേശം നല്‍കി. ആദ്യ അവസരത്തില്‍ ഉത്ഥിതനായ ക്രിസ്തുവിനെ കാണാന്‍ തോമസിന് സാധിച്ചില്ലെങ്കിലും പ്രാര്‍ഥനയോടെ കാത്തിരുന്നപ്പോള്‍ തോമസിനുവേണ്ടി രണ്ടാമതും ഈശോ ശിഷ്യന്മാരുടെ മുന്പില്‍ പ്രത്യക്ഷപ്പെടുകയും തോമസിന്റെ ആഗ്രഹം സാധിക്കുകയും ചെയ്തു. സ്വന്തം ആഗ്രഹത്തിനനുസരിച്ചു ഈശോയെ കാണാന്‍ പറ്റാത്തതു കൊണ്ട് ശിഷ്യന്മാരുടെ കൂട്ടം വിട്ടുപോവുകയല്ല, മറിച്ചു അവരോടു കൂടി പ്രാര്‍ഥിച്ചു കാത്തിരുന്നപ്പോഴാണ് തോമസിനു വീണ്ടും ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ സാധിച്ചത്. ഇന്നും സഭയില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചു കിട്ടിയില്ലെങ്കിലും പരിഭവിച്ചു മാറിനില്‍ക്കാതെ സഭയുടെ മനസിനോട് ചേര്‍ന്നു നിന്നാല്‍ തോമാശ്ലീഹായെപ്പോലെ നമ്മക്കും ഈശോയെ അനുഭവിക്കാന്‍ സാധിക്കുമെന്നും അദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു. 

തുടര്‍ന്നു നടന്ന ലദീഞ്ഞ് പ്രാര്‍ഥനയുടെ സമാപനത്തില്‍ നടത്തപ്പെട്ട ഭക്തിനിര്‍ഭരമായ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. കുട്ടികളെ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നെള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനം സ്വര്‍ഗീയചൈതന്യം പകര്‍ന്നു. ഡെര്‍ബി 'മസാല ട്വിസ്റ്റ്’ ഒരുക്കിയ സ്‌നേഹവിരുന്ന് ഇടവക കൂട്ടായ്മയുടെ സ്‌നേഹാനുഭവം പങ്കുവച്ചു. ഡെര്‍ബി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡിന്റെ സാന്നിധ്യം അനുഗ്രഹമായി.

തിരുകര്‍മങ്ങള്‍ക്കും മറ്റു ക്രമീകരണങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈകാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, പ്രത്യേക തിരുനാള്‍ കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, അള്‍ത്താരശുശ്രൂഷികള്‍, ഗായകസംഘം, വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക