Image

കുര്‍ബാന നാവില്‍ നല്‍കുന്നരീതി അനാരോഗ്യകരമാണെന്ന് ഡോക്ടര്‍മാര്‍

Published on 12 July, 2018
കുര്‍ബാന നാവില്‍ നല്‍കുന്നരീതി അനാരോഗ്യകരമാണെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാന  വിശ്വാസികളുടെ നാവില്‍ നല്‍കുന്നരീതി അനാരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടര്‍മാര്‍ വീണ്ടും രംഗത്ത്. ഇതവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക് കത്തുനല്‍കി.

ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷനും നേരത്തേ ഈ ആവശ്യവുമായി സഭാ നേതൃത്വങ്ങള്‍ക്ക് കത്തുനല്‍കിയിരുന്നു. ഡോക്ടറുടെ കത്ത് ലഭിച്ചെന്നും എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

യേശുവിന്റെ കുരിശുമരണത്തിന്റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയ്ക്കായാണ് കുര്‍ബാന ആചരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച അപ്പവും വീഞ്ഞുമാണ് ഇതിനുപയോഗിക്കുന്നത്. ക്രൈസ്തവസഭകള്‍ പലതും പലരീതിയിലാണ് ഇവ വിശ്വാസികള്‍ക്ക് നല്‍കുന്നത്.

നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡോ. പി.എ. തോമസ് പറയുന്നു.

'കുര്‍ബാനയില്‍ ചെറിയ അപ്പം പട്ടക്കാരന്‍ കൈകൊണ്ട് സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ പട്ടക്കാരന്റെ കൈവിരലുകളില്‍ സ്വീകര്‍ത്താവിന്റെ ഉമിനീര്‍ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണില്‍ എല്ലാവരുടെയും വായില്‍ പകരുമ്പോള്‍ പല സ്വീകര്‍ത്താക്കളുടെയും നാക്കിലും പല്ലിലും സ്പര്‍ശിക്കുകയും സ്പൂണില്‍ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യന്‍ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളില്‍ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്‌കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകര്‍ത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം' -കത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്കും ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ്മ, സി.എസ്.ഐ. സഭകള്‍ക്കും കത്തുനല്‍കിയത്. വിഷയം മെത്രാന്‍ സമിതിയില്‍ ആലോചിക്കാമെന്ന് കത്തോലിക്ക മെത്രാന്‍സമിതി മറുപടി നല്‍കിയിരുന്നു. മറ്റുസഭകളൊന്നും പ്രതികരിച്ചില്ലെന്ന് ക്യു.പി.എം.പി.എ. മുന്‍പ്രസിഡന്റ് ഡോ. ഒ. ബേബി പറഞ്ഞു. മനുഷ്യന് ഹാനികരമാകുന്ന ഇത്തരം ആചാരങ്ങള്‍ പരിഷ്‌കരിക്കാന്‍ സഭകള്‍ തയ്യാറാകണം. നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടും പരിസരങ്ങളിലും നിപ വൈറസ് പടര്‍ന്നപ്പോള്‍ 'ഒരറിയിപ്പുണ്ടാകുന്നതുവരെ കുര്‍ബാന അപ്പം കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനം ഇറക്കിയിരുന്നു. (Mathrubhumi)
Join WhatsApp News
സത്യ വിശ്വാസി 2018-07-12 13:46:36

അപ്പം കര്‍ത്താവിന്‍റെ ശരീരവും വീഞ്ഞ് രക്തവും ആയി പരിശുദ്ധ റൂഹ ആവസിച്ചു രൂപാന്തരം വരുത്തുന്നു. അതില്‍ ബാക്ടീരിയ വളരുകയില്ല.ഡോക്ടര്‍ പറയുന്നത് അനുസരിച്ചാല്‍ the whole liturgy and fundamental faith of the church has to be changed.

കപ്യാർ 2018-07-12 15:29:07
സത്യ വിശ്വാസി താങ്കൾക്ക് അങ്ങിനെ വിശ്വസിക്കാം. വിശ്വാസത്തെ ചോദ്യം ചെയ്കയില്ല. ഈ കുർബാന അപ്പം യേശുവിന്റെ ശരീരവും വീഞ്ഞ് രക്തവും എന്ന് വിശ്വസിച്ചു ആണല്ലോ നമ്മൾ കഴിക്കുന്നത്. മനുഷ്യ ശരീര പ്രകൃതി അനുസരിച്ചു അകത്തേക്ക്  പോകുന്ന എല്ലാം ദഹന പ്രക്രിയക്കു ശേഷം പുറത്തേക്കും പോകും. തിന്നു വിസ്സർജ്ജിക്കേണ്ട ഒന്നാണോ യേശുവിന്റെ ശരീരവും രക്തവും. അത് യേശുവിനെ അവഹേളിക്കുന്നതിനു തുല്യം അല്ലെ.
ചുരുങ്ങിയപക്ഷം കൊച്ചു കുട്ടികളെ എങ്കിലും ഈ പുരോഹിതരുടെ വൃത്തികെട്ട (പലരുടെയും വായിൽ സ്പർശിച്ച) കൈകൾ വായിലിടാൻ അനുവദിക്കാതിരിക്കുക. 
സത്യ വിശ്വാസി 2018-07-12 17:55:00
കപ്യാര്‍!
 കുര്‍ബാന ചെല്ലുമ്പോള്‍ ശ്രദ്ദിക്കണം ' ഈ അപ്പത്തെ നമ്മുടെ ദൈവമായ മശിഹയുടെ തിരു  ശരീരമായി .....എന്ന് ചൊല്ലുന്ന ഭാഗം.  വീഞ്ഞും വെള്ളവും കലര്‍ത്തിയ ഇ കാസയെ ........തിരു രക്തം ആയി .....എന്ന ഭാഗം ...
പെണ്ണുങ്ങളുടെ നിരയില്‍ ആണ് തന്‍റെ നോട്ടം അതാണ് കുര്‍ബാന താന്‍ കേള്‍ക്കാത്തത് 
''Let Holy Spirit come down and convert this bread to the Holy body of our God & Savior Jesus...
  ''                                                 mix of wine & water to the holy blood........
K A Pyaar 2018-07-12 22:22:53
സത്യ വിശ്വാസി, താങ്കൾ ശരിക്കും ആരാ, ഞാൻ വലതു വശം നോക്കുന്നത് താൻ ശ്രദ്ധിച്ചു അല്ലെ. ഗൊച്ചു ഗള്ള. പത്തിരുപതു കൊല്ലമായി ഞാൻ ഈ മദ്‌ബഹായിൽ, ഇന്നുവരെ മുകളിൽ നിന്നും ഒരു പരിശുദ്ധാത്മാവും പാര ചൂട്ടിൽ ഇറങ്ങി മദ്‌ബഹായിൽ വന്നു കണ്ടിട്ടില്ല. പിന്നെ അല്ലെ കുർബാന പകുതി ആകുമ്പോൾ വരുന്ന താൻ ഈ സംഭവം ഉണ്ടെന്നു വിശ്വസിക്കുന്നത്. യേശൂവിനെ അറിയൂ വിശ്വാസി. അതിനു ഈ വൃത്തികെട്ട പുരോഹിതരെയോ ഉടായിപ്പു പാസ്റ്റർ മാരെയും ആവശ്യമില്ല. സാമാന്യ ബുദ്ധി ഉപയോഗിച്ച് നമ്മുടെ കിതാബ് ഒന്ന് വായിച്ചു നോക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക