Image

മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ രണ്ട്‌ മരണം

Published on 12 July, 2018
മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ രണ്ട്‌ മരണം


മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ രണ്ട്‌ മരണം. മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട്‌ ഷംസുദ്ദീന്റെ മകന്‍ (രണ്ടര) വീടിനു സമീപമുള്ള തോട്ടിലെ ഒഴുക്കില്‍ പെട്ട്‌ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ്‌ ഒരു മത്സ്യത്തൊഴിലാളിയും മരിച്ചു. സംസ്ഥാനത്ത്‌ 36 വീടുകള്‍ പൂര്‍ണമായും മൂന്ന്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നു. കനത്ത മഴ 17 വരെ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ കാറ്റ്‌ ശക്തമായതിനാല്‍ കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളായി കേരളത്തില്‍ പരക്കെ മഴ പെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഇത്‌ മൂന്ന്‌ ദിവസം കൂടി തുടരുമെന്നാണ്‌ നിലവിലെ വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്തോട്‌ ചേര്‍ന്ന്‌ ന്യൂനമര്‍ദം രൂപപെട്ട്‌ വരാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ഇതിന്റെ സ്വാധീനത്തില്‍ മഴയുടെ അളവ്‌ കൂടിയേക്കും. വെള്ളിയാഴ്‌ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്‌.

സംസ്ഥാനത്ത്‌ ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച്‌ അഞ്ച്‌ ശതമാനം മഴ അധികമാണ്‌. പാലക്കാട്ടാണ്‌ ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്‌, 32 ശതമാനം. കോട്ടയത്തും 21 ശതമാനം മഴ അധികമാണ്‌. തൃശൂരിലാണ്‌ മഴ ഏറ്റവും കുറവു ലഭിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക