Image

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളോട് ഒരു വാക്ക് (ജീന രാജേഷ് )

ജീന രാജേഷ് Published on 11 July, 2018
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളോട് ഒരു വാക്ക് (ജീന രാജേഷ് )
കേരളത്തിന്റെ ഇന്നത്തെ സുറിയാനി സഭകളുടെ അവസ്ഥയില്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞാന്‍ വളരെ വലിയ ആശയക്കുഴപ്പത്തിലാണ്. സുറിയാനി പാരമ്പര്യമുള്ള ക്രിസ്തീയ സഭകളുമായി ബന്ധപ്പെട്ടതാണ് എന്റെ വിശ്വാസധാര! ക്രിസ്തുവിന്റെ അനുയായി ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണവന്‍. ആ മരപ്പണിക്കാരന്റെ മകന്‍ 'യെഷ്വ' എന്ന ജീസസ് െ്രെകസ്റ്റ്!! ജനനം കൊണ്ട് എളിമയുടെയും ജീവിതം കൊണ്ട് പരസ്‌നേഹത്തിന്റെയും മരണം കൊണ്ട് ഏറ്റം മഹത്തായ ജീവത്യാഗത്തിന്റെയും അത്യുജ്വല ഉദാഹരണമായി മാറിയവന്‍. പക്ഷെ ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് പറയുന്ന ഈ സഭകള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായികള്‍ തന്നെയാണോ? അല്ലെന്നാണല്ലോ ഒരു കൂട്ടം 'ഇടയന്മാര്‍' നമുക്ക് കാണിച്ചു തരുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു സാധാരണക്കാരിയായ ഞാന്‍ ഇത്രമാത്രം ആശയക്കുഴപ്പത്തില്‍ ആകുന്നതും. ഞാനുള്‍പ്പെടുന്ന ബഹു ഭൂരിപക്ഷം വരുന്ന ഇത്തരം നാമ മാത്ര ക്രിസ്ത്യാനികളെ ഒന്നും അങ്ങിനെ വിളിക്കാതെ വെറും 'പള്ളി അനുയായികള്‍' എന്ന് വിളിക്കാന്‍ തോന്നുന്നത് എനിക്കു മാത്രമാണോ എന്ന് അത്ഭുതം തോന്നുന്നു. രാജാവ് നഗ്‌നനാണെന്ന് അറിഞ്ഞിട്ട് നാളുകളായി.പക്ഷേ ഇനിയും മിണ്ടാതിരിക്കാന്‍ വയ്യ!

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമുക്കിടയില്‍ ദളിത് ക്രിസ്ത്യാനികള്‍ ഉണ്ടാകുമായിരുന്നോ?

ആദ്യമായി ഈ വാക്കു കേട്ടപ്പോള്‍ അമ്പരന്നു നിന്നിട്ടുണ്ട്. പളളിയിലും സണ്ടേസ്‌ക്കൂളുകളിലും പഠിച്ച പാഠങ്ങളിലെങ്ങും ആ വാക്കില്ലായിരുന്നു. പഠിക്കുന്ന പാഠമൊന്ന് ജീവിതം മറ്റൊന്ന് എന്ന സത്യം ദഹിക്കാന്‍ കാലം കുറെ വേണ്ടി വന്നു.

തൊഴുത്തില്‍ ജനിച്ച ആ മരപ്പണിക്കാരന്റെ കൂട്ടുകാര്‍ മുഴുവന്‍ മുക്കുവരായിരുന്നു ഹേ! നിങ്ങള്‍ കെട്ടിപ്പൊക്കിയിരികുന്ന സഭ അവരാലാണ് സ്ഥാപിതം. അല്ലാതെ മാര്‍ത്തോമ്മാ ശ്‌ളീഹാ മാമ്മോദീസാ മുക്കിയെന്ന് പറയപ്പെടുന്ന ഉന്നത കുലജാതരാലല്ല. അതുകൊണ്ട് മതം മാറിവന്ന മരപ്പണിക്കാരനെയും മുക്കുവനെയും പുലയനെയും പറയനെയും 'മാര്‍ക്കം കൂടിയവന്‍ ' എന്നു വിളിച്ച് പടിക്ക് പുറത്തു നിര്‍ത്തുന്നതില്‍ കുറച്ചെങ്കിലും ഉളുപ്പ് വേണം. അല്ല അങ്ങിനെ തന്നെ ചെയ്‌തെ പറ്റൂ എങ്കില്‍ ചെയ്യുക. പകരം ആ ക്രിസ്ത്യാനി എന്നാ കുപ്പായം ഊരി വയ്ക്കൂ.അപഹാസ്യരെങ്കിലും ആകാതിരിക്കൂ!!

നല്ലൊരു വിപ്ലവകാരിയായ ക്രിസ്തുവിനെ ചാതുര്‍ വര്‍ണ്യത്തിന്റെ കൂട്ടില്‍ കെട്ടിയവരല്ലേ നമ്മള്‍ സുറിയാനി ക്രിസ്ത്യാനികള്‍? എന്തു ന്യായമാണ് നമുക്ക് യേശുക്രിസ്തുവിനോട് പറയാനുള്ളത്? ജാതികളുടെ ഇടയിലേക്ക് പോകാന്‍ പറഞ്ഞ ഇടയന്റെ അനുയായികള്‍ക്ക് പക്ഷെ ഒരാളെ സഹായിക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മാത്രമല്ലേ പള്ളിവക സ്ഥാപനങ്ങളിലോ എന്തിനു പള്ളിയില്‍ പോലും ഇടമുള്ളൂ. ഇതിനപവാദമായി ഒറ്റപ്പെട്ട ആളുകളും ഇടങ്ങളും ഇല്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം.

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമുക്കിടയില്‍ മാര്‍ത്തോമാ ശ്ലീഹ മാമ്മോദീസാ മുക്കിയ വരേണ്യവര്‍ഗ്ഗം ഉണ്ടാകുമായിരുന്നോ?

ബ്രാഹ്മണക്രിസ്ത്യാനികള്‍!! ശുദ്ധ ഭോഷ്‌ക് പറയാതിരിക്കാനുള്ള മര്യാദ എങ്കിലും കാണിച്ചു കൂടെ ദയവായി? പ്രാഞ്ചിയെട്ടന്‍ സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം, അതില്‍ മമ്മൂട്ടി ശ്രീരാമനെ കാണാന്‍ പോകുന്ന ഒരു സീന്‍. അത് പോലെ നീട്ടി വലിച്ചു എഴുതിപ്പിടിപ്പിക്കുന്ന കഥകള്‍, സ്വയമങ്ങനെ പുകഴ്ത്തി പുകഴ്ത്തി എഴുതപ്പെടുന്ന സവര്‍ണ്ണ ബ്രാഹ്മണ ബന്ധത്തിന്റെ കഥകളില്‍ സ്വന്തം കുടുംബപ്പേര് കൂടി ഇടം പിടിക്കാന്‍ ഓടി നടക്കുന്ന എത്രയോ കുടുംബനാഥന്മാരെ കണ്ടിരിക്കുന്നു. കുറ്റപ്പെടുത്തുകയല്ല നമ്മളെല്ലാം മനുഷ്യരാണ്. ഒരു കൂട്ടം ആളുകള്‍ ഓടിയപ്പോള്‍ കൂടെ അറിയാതെ ഓടിപ്പോയവരാണ്. ദയവായി തിരുത്തുക. ശുദ്ധ ഭോഷ്‌കുകള്‍ക്ക് വശം വദരാവതിരിക്കുക. കാരണം അവന്‍! ആ മരപ്പണിക്കാരന്റെ മകന്‍ യേശു പറഞ്ഞിരിക്കുന്നത് ഒരുവന്‍ ക്രിസ്തുവിലായാല്‍ പഴയത് കഴിഞ്ഞു പോയി എന്നാണ്. പഴയത് അതെന്തുമായിക്കോട്ടേ, ബ്രഹ്മണനോ പറയനോ മുസ്ലിമോ അല്ല മറ്റെന്തും ആയിക്കോട്ടെ, പഴയത് കഴിഞ്ഞു പോയിരിക്കുന്നു.

(ഈ വിഷയത്തില്‍ ചരിത്രപരമായ ഒരു വിശകലനത്തിന് മുതിര്‍ന്നാല്‍ ഇതിലുമേറെ പറയാനുണ്ട്. തല്‍ക്കാലം ഇതില്‍ നിര്‍ത്തുന്നു. ഇത്രയുമെങ്കിലും വായിക്കുന്നവന് മനസ്സിലായാല്‍ ഞാന്‍ കൃതാര്‍ത്ഥയായി)

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമ്മുടെ പള്ളികളില്‍ ഇങ്ങനെ കോടിക്കണക്കിനു വസ്തു വകകള്‍ കുമിഞ്ഞു കൂടുമായിരുന്നോ? ഉള്ളതെടുത്ത് ഇല്ലാത്തവന് ജാതിമത ഭേദമന്യേ കൊടുക്കുമായിരുന്നില്ലേ?

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമ്മുടെ സഭ നേതൃത്വം ഇത്രമാത്രം സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ടുഴലുമായിരുന്നോ?

ഒന്ന് ചോദിക്കട്ടെ? പള്ളി വക സ്ഥാപനങ്ങളില്‍ നമ്മുടെ നേഴ്‌സ് കുട്ടികള്‍ക്ക് എന്ത് ശമ്പളം ഉണ്ട്? പലയിടങ്ങളിലും സമരം നടത്തിയിട്ടു പോലും കൂട്ടിക്കൊടുത്തിട്ടില്ല. നമ്മള്‍ ആര്‍ക്കാണ് ഈ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നത്? പള്ളിയും പള്ളി വക സ്ഥാപനങ്ങളും ആര്‍ക്കു വേണ്ടിയാണ്? ഇടവകാംഗങ്ങള്‍ക്ക് വേണ്ടിയോ? ഒരു കാര്യം ചോദിച്ചോട്ടെ? പള്ളിയുടെയും പട്ടക്കാരന്റെയും ശുപാര്‍ശ വേണ്ടേ പല ഇടങ്ങളിലും സാധാരണക്കാര്‍ക്ക് ഒരു കാര്യം നടത്തി എടുക്കാന്‍. എവിടെയും കയ്യൂക്കുള്ളവന്‍ തന്നെ അല്ലെ കാര്യക്കാര്‍!! ഹേ ഇടവക ജനമേ, ഇടയന്മാരുടെ കൂട്ടമേ.. നിങ്ങള്‍ക്ക് തോന്നുന്നോ നിങ്ങള്‍ പണിതു വച്ചിരിക്കുന്ന ഈ രമ്യ ഹര്‍മ്യങ്ങളില്‍ അവനുണ്ടെന്ന്... ഇല്ല അവന്‍ ഇറങ്ങിപ്പോയിട്ടുണ്ടാകും, ഇനി അവന്‍ വരാന്‍ പോകുന്നത് ആ പഴയ ചാട്ടവാറുയാണ്. യെരുശലേം ദേവാലയത്തില്‍ പണ്ട് അവനൊന്നെടുത്തു പ്രയോഗിച്ചതാണ്. അത് നിങ്ങളുടെ മേല്‍ പ്രയോഗിക്കുന്ന ദിനം...! അത് വിദൂരമല്ല.

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമ്മുടെ ഇടയില്‍ ഒരു സിസ്റ്റര്‍ അഭയ ഉണ്ടാകുമായിരുന്നോ? പത്തു കല്പനകള്‍ ഇതുപോലെ പാലിക്കപ്പെടാതെ ജീവിക്കുന്ന ഒരു ഇടയവര്‍ഗ്ഗവും അവരെ സംരക്ഷിക്കുന്ന സഭകളും ഉണ്ടാകുമായിരുന്നോ ?

ക്രിസ്ത്യാനിയാണെന്ന് പറയുമ്പോള്‍ തല കുനിയണം എന്റെയും നിങ്ങളുടെയും. കാരണം നമ്മള്‍ അര്‍ഹരല്ല ആ പേരിന്! അഭയ കേസ് ആദ്യത്തേതല്ല അവസാനത്തെതുമല്ല. പല മഹാനുഭാവരും കൊലപാതകം പിടിച്ചുപറി, വ്യഭിചാരം ഇവയെല്ലാം ചെയ്ത് പിന്നെയും ജനങ്ങളെ സേവിക്കുന്നു. നാണിക്കുക കാരണം അവര്‍ പിന്നെയും ഇടവക ജനങ്ങളെ സേവിക്കുന്നു.! മനുഷ്യരാണ് തെറ്റുകള്‍ (കൊലപാതകത്തെയല്ല ന്യായീകരിക്കുന്നത് മറ്റുള്ളവ) സ്വാഭാവികം, പക്ഷെ അവയെ സഭകള്‍ ന്യായീകരിക്കുന്നതാണ് അക്ഷന്തവ്യമായ തെറ്റ്. വെള്ള പൂശിയ കുഴിമാടങ്ങളേ നിങ്ങള്‍ക്ക് ഹാ കഷ്ടം!!

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ പള്ളി വഴക്കുകള്‍ തീര്‍ക്കാന്‍ നമ്മള്‍ മദ്ബഹാകളില്‍ കുറുവടികള്‍ സൂക്ഷിക്കുകയും പള്ളിയങ്കണത്തില്‍ ഗുണ്ടകളെ വിന്യസിക്കുകയും ചെയ്യുമായിരുന്നോ? 
നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമ്മള്‍ മറ്റൊരു പള്ളി പിടിച്ചെടുക്കാന്‍ കോടതി വ്യവഹാരങ്ങളില്‍ പെട്ടുഴലുമായിരുന്നോ?

പള്ളിയങ്കണത്തില്‍ ഒളിപ്പിച്ചു വച്ച കുറുവടികള്‍ക്കും പള്ളിയങ്കണത്തിലെ പൊരിഞ്ഞ സംഘട്ടനത്തിന്റെയും കഥകള്‍ കുട്ടികള്‍ക്ക് ബൈബിള്‍ പാഠങ്ങളുമായി ചേര്‍ത്ത് പറഞ്ഞു കൊടുക്കാനാവാതെ, ഇടയ ലേഖനങ്ങളുടെ അര്‍ഥം പറഞ്ഞു കൊടുക്കാനാവാതെ സണ്‍ഡേ സ്‌കൂള്‍ അധ്യാപനം ഉപേക്ഷിച്ചതാണ് ഞാന്‍.! ഇതാണോ ക്രിസ്തുവിന്റെ പ്രബോധനം? ഒരു കാരണത്തടിക്കുന്നവന് മറു കരണം കാണിച്ചു കൊടുക്കാന്‍ പറഞ്ഞവന്റെ അനുയായികള്‍ വളരെ നന്നായി ചെയ്തു ഫലിപ്പിക്കുന്നുണ്ട് ആ പ്രബോധനങ്ങളെ.

' നിങ്ങള്‍ എന്നെ 'കര്‍ത്താവേ, കര്‍ത്താവേ,' എന്നു വിളിക്കുകയും എന്നാല്‍ ഞാന്‍ പറയുന്നതൊന്നും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട് '

ഈ വചനങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എഴുതപ്പെട്ടിരിക്കുന്നുവെന്നറിയുക

നമ്മള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ നമ്മുടെ കുമ്പസാര രഹസ്യങ്ങള്‍ ഇങ്ങനെ അങ്ങാടിപ്പാട്ട് ആകുമായിരുന്നോ?

പള്ളിയുടെ ഏറ്റവും പുറകില്‍ നിന്ന് കുര്‍ബാന കണ്ട്, കുമ്പസാരിക്കാതെ കുര്‍ബ്ബാന സ്വീകരിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചു കുര്‍ബ്ബാന സ്വീകരണത്തിനു നില്‍ക്കാതെ ഇറങ്ങിപ്പോരുന്ന ആളാണ് ഞാന്‍. കുമ്പസാരിക്കാത്തത് എന്ത് എന്ന് ചോദിക്കല്ലേ വിശ്വാസികളെ.. കേള്‍ക്കുന്നവര്‍ ചിരിക്കും!! ഒന്ന് പറഞ്ഞോട്ടെ ഞാന്‍ കുമ്പസരിച്ചിട്ടുണ്ട്, എനിക്ക് ബഹുമാനം തോന്നിയവരുടെ അടുത്ത്, ഇനിയും കുമ്പസാരിച്ചേക്കാം അങ്ങിനെ ഉള്ളവരുടെ അടുത്ത് മാത്രം!

സഭ പോകുന്ന ചില വഴികളും ബൈബിളും തമ്മിലുള്ള അകലവും സഭചരിത്രവും ലോക ചരിത്രവും തമ്മിലുള്ള അകലവും വല്ലാതെ കൂടുന്നതു കൊണ്ടാവാം ഇന്ന് ക്രിസ്ത്യന്‍ രാജ്യങ്ങളെന്ന് കേള്‍വി കേട്ട പലയിടങ്ങളിലും പളളികള്‍ വില്പനക്ക് വയ്‌ക്കേണ്ടുന്ന അവസ്ഥ സംജാതമായിട്ടുളളത് എന്ന് തോന്നുന്നു. പലരും പറയുന്നു സഭയെ അല്ലെങ്കില്‍ സഭകളെ നോക്കാതെ ക്രിസ്തുവിനെ നോക്കാന്‍. സത്യത്തില്‍ സഭയെയും യേശുവിനെയും നോക്കിയിട്ട് ഒരു സാധാരണക്കാരി എന്ന നിലയില്‍ മനസ്സില്‍ വന്നതാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.. .ഈ വിഷയത്തില്‍ സമഗ്രമായ ഒരു പഠനം വേണ്ടതാണ്.ബൈബിളും സഭയും തമ്മിലുള്ള ബന്ധം ഇഴകീറി പരിശോധിക്കേണ്ടതാണ്. ഈ എഴുത്ത് ആരെയും വിരോധിക്കാനോ എതിര്‍ക്കാനോ അല്ല. അര്‍ബുദം വന്നാല്‍ അവനവന്റെ ശരീരമാണെങ്കില്‍ കൂടെ മുറിച്ചു മാറ്റപ്പെടണം എന്നത് സാമാന്യ തത്വമാണ്

സഭ അല്ലെങ്കില്‍ സഭകള്‍ തിരുത്തണമെന്ന് പള്ളിയുടെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ചിലരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുക്രിസ്തുവിനോടുള്ള സ്‌നേഹത്തിലും ഭക്തിയിലും തതന്നെയാണ്.യേശുക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രം സഭയില്‍ നിന്നും അകന്നു പോയ ഒരുപാടു പേര്‍ ഉണ്ട്..!! തെറ്റുകള്‍ തിരുത്തിയാല്‍ അവരാവും ആദ്യം ചേര്‍ന്നു നില്‍ക്കുക കാരണം അവര്‍ ആര്‍ജ്ജവമുള്ള ക്രിസ്ത്യാനികള്‍ ആണ്.

പോള്‍ തേലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ കുറിലോസ് എന്നിങ്ങനെ ചില പിതാക്കന്മാര്‍ മാറ്റത്തിന്റെ, തെറ്റു തിരുത്തലുകളുടെ ചില സൂചനകള്‍ തരുന്നുവെങ്കിലും അവര്‍ക്ക് ലിഖിതവും അലിഖിതവുമായ നിയമങ്ങളുടെ ചിലന്തിവലകള്‍ ഭേദിക്കാനാവുമോ എന്ന് കാത്തിരുന്നു കണ്ടേ പറ്റൂ.

അവസാനമായി ഒന്ന്!, ഞാന്‍ മാപ്പ് ചോദിക്കുകയാണ്, യേശുക്രിസ്തു എന്ന വിപ്ലവകാരിയോട്, അത്രമേല്‍ ത്യാഗം സഹിച്ചിട്ടും ആ ത്യാഗത്തെയും ജീവിതത്തെയും നിസ്സാരവല്‍ക്കരിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായതില്‍!!ഴ


കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളോട് ഒരു വാക്ക് (ജീന രാജേഷ് )
Join WhatsApp News
Philip 2018-07-11 10:05:54
ഒരു സാധാരണ വിശ്വാസി തന്റെ മനസ്സിൽ ചോദിക്കുന്ന ചോദ്യങ്ങൾ ...നല്ല ചിന്തകൾ ... സഭ തിരുത്തപ്പെടേണ്ട കാലം എന്നെ കഴിഞ്ഞു . 
സഭ കൃസ്തുവിൽ നിന്നും കൃസ്തുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നും വളരെ അകലെ ആണ്. ഒരു വിശ്വസികുള്ള ത്യവ ഭയം ഇടയന്മാർക്കോ ഉന്ന സ്ഥാനികൾക്കോ ഇല്ല. സഭ കൃസ്തുവിലേക്കു മടങ്ങി വരുന്നില്ല എങ്കിൽ നാശത്തിലേക്കു ആണ് നീങ്ങുന്നത് എന്ന് അറിയുന്നില്ല....ഒരു കാപട്യവും എന്നന്നേക്കും മൂടി വെക്കുവാൻ സാധ്യമല്ല. എന്നെങ്കിലും പുറത്തു വരും. 
Converted 2018-07-11 11:32:24
ജാതി വ്യവസ്ഥ നില നിൽക്കുന്ന ഒരു രാജ്യത്തെ 
ജനങ്ങൾ മാർക്കം കൂടിയാലും അവരുടെ  ജാതി ജനം ഓർക്കും.
അതുകൊണ്ടാണ് കണ്ണടച്ചു ഇരുട്ടാക്കുന്നപോലെ 
കൃസ്ത്യാനികൾ മുതിർന്ന ജാതിയിൽ നിന്നും 
മതം മാറി വന്നവർ എന്ന് പറയുന്നത്. അങ്ങനെ 
അവകാശ പ്പെട്ടില്ലെങ്കിൽ അവരെ ആരും ബഹുമാനിക്കില്ല 
എന്ന ഭയമാകും.  
അവർ ധീരതയോടെ  പേരിനു പുറകിൽ നമ്പൂതിരി, നമ്പൂരി എന്നൊക്കെ 
ചേർത്ത് എഴുതേണ്ടതാണ്. തോമസ് നമ്പൂതിരി, അന്നമ്മ അന്തർജ്ജനം 
എത്ര മനോഹരമാണത്. 
പേരിലും ജാതിയിലും എന്തിരിക്കുന്നു. പ്രവർത്തി 
നന്നായാൽ മതി. കൃസ്ത്യൻ സമൂഹവും 
കൃസ്ത്യൻ പുരോഹിതരും സമൂഹ നന്മക്ക് 
വേണ്ടി പരിശ്രമിക്കുന്നുണ്ടല്ലോ. ചിലർ അതിനു 
അപവാദമെങ്കിലും ഒരു സമൂഹത്തെ മൊത്തത്തിൽ 
തള്ളി പറയരുത്. ലേഖനം വളരെ നല്ലതും 
സത്യസന്ധവും. കാര്യത്തോട് അടുക്കുമ്പോൾ 
എല്ലാവരും ആദർശം മറക്കുന്നതും സാധാരണം.
Saji 2018-07-11 22:33:07
Well done, Jena Rajesh 
Welcome to America 2018-07-12 09:58:09
പീഡിപ്പിച്ചു ജയിലിൽ പോയവർ അമേരിക്കയിൽ വന്നാൽ വമ്പിച്ച സ്വീകരണമായിരിക്കും.

കുമ്പസരിക്കാൻ ജനം ക്യൂ നിൽക്കും 

എങ്ങനെയൊക്കെ പ്രകൃതി വിരുദ്ധം ചെയ്തു എന്ന് സ്കെച്ചും പ്ലാനുമടക്കം വിവരിക്കാൻഇടിയായിരിക്കും 

Punnoose Chacko 2018-07-17 22:34:13

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക