Image

അഭിമന്യു വായനശാലക്ക്‌ തന്റെ പുസ്‌തകങ്ങളുടെ പകര്‍പ്പുകള്‍ നല്‍കുമെന്ന്‌ കെ ആര്‍ മീര; ഡിസി ബുക്‌സ്‌ ആയിരം പുസ്‌തകം നല്‍കും

Published on 11 July, 2018
അഭിമന്യു   വായനശാലക്ക്‌   തന്റെ പുസ്‌തകങ്ങളുടെ പകര്‍പ്പുകള്‍ നല്‍കുമെന്ന്‌  കെ ആര്‍ മീര; ഡിസി ബുക്‌സ്‌ ആയിരം പുസ്‌തകം നല്‍കും

കോട്ടയം : മഹാരാജാസ്‌ കോളേജില്‍ എസ്‌ഡിപിഐ ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്‌മരണക്കായി വട്ടവടയില്‍ ആരംഭിക്കുന്ന വായനശാലക്ക്‌ കൈയിലുള്ള തന്റെ പുസ്‌തകങ്ങളുടെ പകര്‍പ്പുകള്‍ നല്‍കുമെന്ന്‌ എഴുത്തുകാരി കെ ആര്‍ മീര. അഭിമന്യു സ്‌മാരക ഗ്രന്ഥശാലക്ക്‌ പുസ്‌തകം ശേഖരിക്കാനായി സമീപിച്ചവരെയാണ്‌ കെ ആര്‍ മീര ആദ്യം ഇക്കാര്യം അറിയിച്ചത്‌.

14 പുസ്‌തകങ്ങളാണ്‌ കെ ആര്‍ മീരയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്‌. ഇവയുടെ കൈയിലുള്ള എല്ലാ കോപ്പികളും അഭിമന്യു സ്‌മാരക ഗ്രന്ഥശാലക്ക്‌ നല്‍കുമെന്ന്‌ കെ ആര്‍ മീര   പറഞ്ഞു.

അഭിമന്യുവിന്റെ സ്വപ്‌നമായിരുന്നു വട്ടവടയില്‍ ഒരു വായനശാലയെന്നത്‌. അഭിമന്യു കൊല്ലപ്പെട്ടതിനു ശേഷം സാമൂഹ്യമാധ്യമങ്ങള്‍ ഈ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അഭിമന്യു സ്‌മാരക വായനശാലയിലേക്ക്‌ പുസ്‌തകങ്ങള്‍ സംഭാവന ചെയ്യാനുള്ള ക്യാമ്പയിന്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ്‌ പുസ്‌തകങ്ങള്‍ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചും സുഹൃത്തുക്കളോട്‌ അഭ്യര്‍ഥിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്‌തത്‌. നിരവധി പേര്‍ സ്വയം സന്നദ്ധരായി പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ വായനശാലക്ക്‌ കൈമാറാനും മുന്നിട്ടിറങ്ങി.

ഇ കെ നായനാരുടെ പുസ്‌തക ശേഖരത്തില്‍ നിന്നും അഭിമന്യു സ്‌മാരക ലൈബ്രറിക്ക്‌ പുസ്‌തകങ്ങള്‍ സംഭാവന ചെയ്യുമെന്ന്‌ ഭാര്യ ശാരദ ടീച്ചര്‍ പറഞ്ഞു. ക്യാമ്പയിന്‍ ഏറ്റെടുത്ത്‌ ഡിസി ബുക്ക്‌സും ആയിരം പുസ്‌തകങ്ങള്‍ ഗ്രന്ഥശാലക്ക്‌ സംഭാവന ചെയ്യുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക