Image

മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ ആകുന്നത് മാധ്യമ അപചയം: കടകംപള്ളി

ഫ്രാന്‍സീസ് തടത്തില്‍ Published on 08 July, 2018
മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ ആകുന്നത് മാധ്യമ അപചയം: കടകംപള്ളി
ഫിലഡല്‍ഫിയ: മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ ആയി മാറുന്നതാണ് പുതിയ മാധ്യമ പ്രവര്‍ത്തനത്തില്‍ കണ്ടുവരുന്ന അറ്റവും വലിയ അപചയമെന്ന് കേരള ടൂറിസം വകുപ്പ് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍. ഓരോ മാധ്യമങ്ങള്‍ക്കും അവരവരുടേതായ താത്പര്യള്ളളുള്ളതിനാലാണ് ഈ അപചയം സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ 99 ശതമാനവും കോര്‍പറേറ്റ് ഭീമന്മാരുടെ ഉടമസ്ഥതയിലാണ്. റൂപര്‍ മര്‍ഡോക്കിനെപ്പോലുള്ള മാധ്യമ ഭീമന്മാര്‍ക്ക് അവരുടേതായ വ്യക്തിതാത്പര്യങ്ങളും കച്ചവട താത്പര്യങ്ങളുമുണ്ട്. ഈശ്വരന്‍ തെറ്റ് ചെയ്താല്‍ പോലും ഞങ്ങള്‍ അതു വര്‍ത്തകളാക്കുമെന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വക്കം അബ്ദുള്‍ ഹക്കീം മൗലവി എന്നിവര്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്താന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്കിയിരുന്നു. എന്നാല്‍ ഇന്ന് ആ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് മാധ്യമ മുതലാളിമാരുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാകുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തകര്‍ വിധികര്‍ത്താക്കളാകുന്ന ഇന്നത്തെ പ്രവണതയോട് ഭൂരിഭാഗം ജനങ്ങളും യോജിക്കുന്നില്ലെങ്കിലും ആരും പ്രതികരിക്കുന്നില്ല. അന്തിചാനല്‍ ചര്‍ച്ചകളില്‍ വിധികര്‍ത്താക്കളും വിധിയാളന്മാരുമായി എത്തുന്നവര്‍ എന്തൊക്കെയാണ് പടച്ചുവിടുന്നത്. ഇത്തരം പ്രവണത അവസാനിപ്പിച്ചേ മതിയാകൂ- മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകുന്നതിനെക്കുറിച്ച് പ്രതികരിച്ചാല്‍ പിന്നീടത് വളച്ചൊടിച്ച് പ്രതികരിച്ചവനെതിരേ വാര്‍ത്തായാക്കുമെന്നു തുടര്‍ന്നു പ്രസംഗിച്ച വി.പി. സചീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം ജനജീവിതത്തെ ബാധിക്കുന്ന ബന്ദുകള്‍ ആഹ്വാനം ചെയ്യുന്നതുവരെ എത്തി. ചില വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പത്രക്കാരെ കാണുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഓടിയൊളിക്കേണ്ട അവസ്ഥ വരും- സചീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകരെ നേരിടാന്‍ ഏറ്റവും മിടുക്കന്മാര്‍ കെ.എം. മാണിയും ഉമ്മന്‍ചാണ്ടിയുമാണെന്നു തമാശരൂപേണ പറഞ്ഞ സചീന്ദ്രന്‍ ഉമ്മന്‍ചാണ്ടി പത്രക്കാരോട് സംസാരിക്കുമ്പോള്‍ 'ബ്ബ...ബ്ബു...ബ്ബു' എന്ന വിക്ക് മനപ്പൂര്‍വ്വം കാട്ടുന്നതാണെന്നു തമാശ രൂപേണ പറഞ്ഞു. ഇങ്ങനെ വിക്കി വിക്കി വാക്കുകള്‍ക്കായി പരതുന്നനേരം എന്താണ് പറയേണ്ടതെന്നു അദ്ദേഹം മനസ്സില്‍ തപ്പിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രക്കാരെ കാണുമ്പോള്‍ മാണിസാറിന്റെ പോളിസിയാണ് ഏറ്റവും നല്ലത്. ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ പ്രതികരിക്കുക. അങ്ങനെ വരുമ്പോള്‍ ഒരു വിവാദങ്ങളുമുണ്ടാവില്ല. എന്നാല്‍ പ്രതികരിച്ചില്ല എന്നു പറയാനുമാവില്ല. സദസ്സില്‍ കൂട്ടച്ചിരിക്കിടയില്‍ സചീന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യമുള്ളതുപോലെ രാഷ്ട്രീയത്തിലുമുണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യം. കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയക്കാര്‍ ഒരു മുറിയില്‍ കിടന്നാല്‍ അതു വാര്‍ത്തയല്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ അതു വാര്‍ത്തയാകും. മാധ്യമങ്ങള്‍ ഉള്ളതുകൊണ്ട് അഴിമതി ഒരു പരിധി വരെ ഒഴിവാകുന്നുണ്ട്- സചീന്ദ്രന്‍ പറഞ്ഞു.

പത്രമാധ്യമങ്ങള്‍ പ്രബലമായിരുന്നകാലത്ത് തെറ്റുകള്‍ സംഭവിച്ചാല്‍ പത്രാധിപര്‍ തിരുത്തലിലൂടെ ക്ഷമാപണം നടത്തുമായിരുന്നുവെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ എത്തിയതോടെ കഥ മാറി. തെറ്റ് പറ്റിയാല്‍ അവ തിരുത്തുകയില്ലെന്നു മാത്രമല്ല, തെറ്റിനെ ശരിയാക്കി സമര്‍ത്ഥിക്കാനുള്ള ശ്രമവും നടത്തും - അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ ഒരിക്കലും വിധികര്‍ത്തക്കളാകാന്‍ പാടില്ല. ഒരു വിഷയം എടുത്ത് ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് ഒടുവില്‍ അത് അസത്യമാണെന്നു തെളിയുമ്പോള്‍ ഒരു ന്യായീകരണം പോലും നടത്താതെ വിഷയം ചര്‍ച്ചയാക്കുന്നു. ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ തെറ്റിയിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണമെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് ആനന്ദന്‍ പറഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വയല്‍നികത്തല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എത്രയോ മാധ്യമ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പണിതിരിക്കുന്നത് ഇങ്ങനെ വയല്‍ നികത്തിയ ഭൂമിയിലാണ്. ഒരു സ്വയം വിമര്‍ശനത്തിന് ഇത്തരം മാധ്യമങ്ങള്‍ തയാറാകുമോ? -അദ്ദേഹം ചോദിച്ചു. മനുഷ്യന്റെ വ്യക്തിജീവിതത്തില്‍ പോലും കടന്നുകയറ്റം നടത്തുന്ന മാധ്യമ പ്രവര്‍ത്തനവും അവസാനിപ്പിക്കണം.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പത്രപ്രവര്‍ത്തകന്‍ റെജി ലൂക്കോസ്, കെ.പി.സി.എന്‍.എ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ജോര്‍ജ് കാക്കനാടന്‍, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന പ്രസിഡന്റ് ഇലക്ട് മാധവന്‍ ബി. നായര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, സുമേഷ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഫൊക്കാന മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യന്‍ പ്രാക്കാനം, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ്, ന്യൂസ് എഡിറ്റര്‍ ഫ്രാന്‍സീസ് തടത്തില്‍, മാധ്യമ പ്രവര്‍ത്തകരായ സണ്ണി മാളിയേക്കല്‍, തോമസ് കൂവള്ളൂര്‍, സാഹിത്യകാരന്‍ ജോണ്‍ ഇളമത, ഗോപിയോ പ്രസിഡന്റ് സണ്ണി എന്നിവര്‍ പങ്കെടുത്തു. ഫൊക്കാന പി.ആര്‍.ഒയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇലക്ടുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതവും, ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്താ നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ ആകുന്നത് മാധ്യമ അപചയം: കടകംപള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക