Image

ബിജെപി ഭീകരസംഘടനയാണെന്ന്‌ മമത ബാനര്‍ജി

Published on 21 June, 2018
 ബിജെപി ഭീകരസംഘടനയാണെന്ന്‌ മമത ബാനര്‍ജി


പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ്‌ പോര്‌ ഏറ്റെടുത്ത്‌ നേതാക്കള്‍. ബിജെപി ഒരു ഭീകരസംഘടനയാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. എന്നാല്‍ ബിജെപിയെ പോലെ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഒരു ഭീകരസംഘടനയല്ലെന്നും മമത പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചാല്‍ കൊന്നുകളയുമെന്ന്‌ പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ്‌ ഘോഷ്‌ ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപി പൊതുയോഗത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെ ഘോഷ്‌ വധഭീഷണി മുഴക്കിയത്‌. ബിജെപിക്കുള്ള പ്രതികരണമെന്നോണമാണ്‌ മമതയുടെ പ്രസ്‌താവന.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ അടുത്തയാഴ്‌ച്ച ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ ദിലീപ്‌ ഘോഷിന്റെ ഭീഷണി. `അദ്ദേഹം വരുന്നു. ഗബര്‍സിംഗ്‌ ചോദിക്കും എത്രബുള്ളറ്റുകളാണ്‌ ഇവിടെ ബാക്കിയുള്ളതെന്ന്‌. ഞാന്‍ സത്യം ചെയ്യുന്നു, ഒരു ബുള്ളറ്റുപോലും ബാക്കിയുണ്ടാവില്ല. എല്ലായിടത്തും മൃതദേഹങ്ങള്‍ വീഴും. ഒന്നുകില്‍ ജയിലില്‍ പോകുക, അതല്ലെങ്കില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും'- സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ഷോലെ അനുസ്‌മരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

ഇതുപോലെ നിരവധി ആളുകള്‍ വീഴും. കെസ്റ്റോയും ബിസ്റ്റോയും ആരും ഒഴിവാകില്ല (തൃണമൂല്‍ കോണ്‍ഗ്രസ്‌ ബിര്‍ഭും ജില്ലാ പ്രസിഡന്റ്‌ അനുബ്രാതാ മണ്ഡലിന്റെ ചെല്ലപ്പേരാണ്‌ കെസ്റ്റോ). തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണങ്ങള്‍ ക്ഷമിക്കുന്നതിനു പരിധിയുണ്ട്‌.

രസഗുള നല്‍കി അവരെ സത്‌കരിക്കാമെന്ന്‌ ആരോടും കരാറില്ല. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. അവര്‍ ബോംബ്‌ ഉപയോഗിച്ചാല്‍ തങ്ങളും ബോംബ്‌ ഉപയോഗിക്കും. തോക്ക്‌ ഉപയോഗിച്ചാല്‍ തങ്ങളും തോക്ക്‌ ഉപയോഗിക്കുമെന്നും ഘോഷ്‌ പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക