Image

യുക്മ ദശാബ്ദി: ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും

Published on 20 June, 2018
യുക്മ ദശാബ്ദി: ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും

ലണ്ടന്‍ : ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പത്താം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്നു. യുകെയില്‍ അങ്ങോളമിങ്ങോളം, ഒന്‍പത് റീജണുകളിലായി, 120ല്‍ അധികം അംഗ അസോസിയേഷനുകളുടെ കരുത്തില്‍ വിജയകരമായ പത്താം വര്‍ഷത്തിലേക്ക് യുക്മ യാത്ര തുടരുകയാണ്. സമാനതകളില്ലാത്ത ഈ വിജയ ഗാഥ യുകെ മലയാളികള്‍ക്ക് ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുക്മ ദേശീയ നേതൃത്വം. 

2018 ജൂലൈ ഒന്നു മുതല്‍, 2019 ജൂണ്‍ 30 വരെയുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് യുക്മ വിഭാവനം ചെയ്യുന്നതെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. ദശവത്സരാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 'കേരളാ പൂരം 2018' നഗറില്‍, ജൂണ്‍ 30 ശനിയാഴ്ച അതിവിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍, ആയിരങ്ങളെ സാക്ഷിയാക്കി ലോകപ്രശസ്തനായ മലയാളി ശശി തരൂര്‍ എംപി നിര്‍വഹിക്കും. വി.ടി ബല്‍റാം എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ബ്രിട്ടനിലെയും നാട്ടില്‍നിന്നുള്ളവരുമായ മറ്റു നിരവധി വിശിഷ്ടവ്യക്തികളും 'കേരളാ പൂരം 2018' അനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് മിഴിവേകുന്നതിനായി എത്തിച്ചേരുന്നതായിരിക്കും. ഓക്‌സ്ഫഡിലെ ഫാര്‍മൂര്‍ തടാകത്തിലെ കുഞ്ഞോളങ്ങള്‍ക്ക് പാടിനടക്കാന്‍ ഒരു ഇന്ത്യന്‍ വീരഗാഥ തന്നെ രചിക്കാന്‍ തക്കവിധം ഗംഭീരമായ ഉദ്ഘാടന പരിപാടികളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. 

2018 നവംബറില്‍ പ്രകാശനം ചെയ്യത്തക്കവിധം സംഘടനയുടെ പത്തുവര്‍ഷത്തെ ചരിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മ ദശാബ്ദി സ്മരണിക'യുടെ അണിയറ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. യുകെ മലയാളികളുടെ സാമൂഹ്യ ജീവിതവുമായി ഇഴ പിരിഞ്ഞ യുക്മയുടെ ചരിത്രം, യുകെ മലയാളിസമൂഹത്തിന്റെ ഒരു ദശാബ്ദക്കാലചരിത്രത്തിന്റെ പരിഛേദം തന്നെ ആകുമെന്നതില്‍ തര്‍ക്കമില്ല. ഓക്‌സ്‌ഫോര്‍ഡ് മാത്യു അര്‍നോള്‍ഡ് സ്‌കൂളില്‍ നടന്ന യുക്മ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ദശാബ്ദി ആഘോഷങ്ങളെ കുറിച്ചുള്ള വിപുലമായ ചര്‍ച്ചകളും പ്രഖ്യാപനവും നടന്നത്. 

യുക്മ നേതൃത്വത്തിന്റെ അഭ്യര്‍ഥനപ്രകാരം പ്രത്യേകം കൂടിക്കാഴ്ച്ച അനുവദിച്ച ശരി തരൂരുമായി ലണ്ടനില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, 'കേരളാ പൂരം 2018' ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ഓഫീഷ്യല്‍ ലെയ്‌സണിങ് ചുമതലയുള്ള അഡ്വ. സന്ദീപ് പണിക്കര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം എത്തിച്ചേരാമെന്ന് അറിയിച്ചത്. തിരക്കിട്ട കാര്യപരിപാടികളാണ് അദ്ദേഹത്തിന് ആ ദിവസങ്ങളില്‍ ഉള്ളതെങ്കിലും മലയാളികള്‍ സംഘടിപ്പിക്കുന്ന യൂറോപ്പിലെ ജലമാമാങ്കം വീക്ഷിക്കുന്നതിനും ആഗോളപ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ 120ലധികം അംഗസംഘടനകളുള്ള യുക്മയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനും താനെത്തുമെന്ന ഉറപ്പാണ് അദ്ദേഹം ഭാരവാഹികള്‍ക്ക് നല്‍കിയത്. 

ആഗോളപ്രശസ്തനായ സാമൂഹികരാഷ്ട്രീയ നേതാവും ഈ കാലഘട്ടത്തിലെ മികച്ച പ്രഭാഷകനും കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ലോകം കാതോര്‍ക്കുമ്പോള്‍ യു.കെയിലെ മലയാളികള്‍ക്ക് മാത്രമായി യുക്മയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തിച്ചേരുന്നു. ഈ വിശേഷാവസരത്തിനു സാക്ഷ്യം വഹിക്കാന്‍ യുകെയിലെ എല്ലാ മലയാളികളെയും യുക്മ ദേശീയ സമിതി ജൂണ്‍ 30 ശനിയാഴ്ച ഓക്‌സ്ഫഡിലെ ഫാര്‍മൂര്‍ തടാകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കുന്നതിനായി മുഴുവന്‍ ദിനപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട് സജീഷ് ടോം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക