Image

രാജ്യത്തിനും ജനങ്ങള്‍ക്കും സമര്‍പ്പിച്ച ജീവിതമാണ് തന്റേതെന്ന് കുമ്മനം

Published on 20 June, 2018
രാജ്യത്തിനും ജനങ്ങള്‍ക്കും സമര്‍പ്പിച്ച ജീവിതമാണ് തന്റേതെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അപ്രതീക്ഷിതമായി തന്നില്‍ അര്‍പ്പിക്കപ്പെട്ട ചുമതലയാണ് മിസോറാം ഗവര്‍ണര്‍ പദവിയെന്ന് തിരുവനന്തപുരം പൗരാവലി നല്‍കിയ ആദരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ കഴിയില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഭാരിച്ച ഉത്തരവാദിത്വം രാഷ്ട്രപതി എല്‍പ്പിച്ചപ്പോള്‍ എന്താണ് വേണ്ടതെന്ന് പലവട്ടം ആലോചിച്ചു. ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു. താന്‍ ഇതിന് യോഗ്യനാണോ എന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. യോഗ്യതയില്ല എന്ന നിങ്ങളുടെ പ്രതികരണമാണ് യോഗ്യത എന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് വെല്ലുവിളിയായി ഏറ്റെടുക്കൂവെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല.

തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയാണ് താന്‍. വര്‍ഗീയവാദിയെന്നും പിന്തിരിപ്പനെന്നും മൂരാച്ചിയെന്നും വിശേഷിപ്പിച്ചവരുണ്ട്. നെഞ്ചിലേറ്റ കല്ലേറുകള്‍ ആത്മവിശ്വാസം നല്‍കി. അവരെയെല്ലാം ഇന്ന് നന്ദിപൂര്‍വം ഓര്‍ക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ നെഞ്ചുറപ്പോടെ മുന്നോട്ടുപോകാന്‍ ധൈര്യം പകര്‍ന്നത് സഹപ്രവര്‍ത്തകരാണ്. തന്റെ കാഴ്ചപ്പാടുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെങ്കിലും പിന്നീട് സ്ഥിതിമാറി. മത മൈത്രിയുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുള്‌ള അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് ഉറച്ച് വിശ്വിസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക