Image

അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്‌ അപകടാവസ്ഥയിലെന്ന്‌ കൂടരഞ്ഞി പഞ്ചായത്ത്‌

Published on 20 June, 2018
അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്‌ അപകടാവസ്ഥയിലെന്ന്‌ കൂടരഞ്ഞി പഞ്ചായത്ത്‌

കോഴിക്കോട്‌: പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്ക്‌ അപകടാവസ്ഥയിലാണെന്ന്‌ കൂടരഞ്ഞി പഞ്ചായത്ത്‌. എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക്‌ തുറക്കുന്ന കാര്യം ആലോചിച്ച്‌ മാത്രമേ തീരുമാനിക്കാനാകൂ എന്ന്‌ പഞ്ചായത്ത്‌ വ്യകതമാക്കി. അതേസമയം, പാര്‍ക്കിന്റെ ബലക്ഷയം സംബന്ധിച്ച്‌ കൂടുതല്‍ പരിശോധകള്‍ നടത്തുമെന്ന്‌ പറഞ്ഞ വിദഗ്‌ധസമിതി പാര്‍ക്കില്‍ പരിശോധനക്ക്‌ എത്തിയില്ല. പാര്‍ക്കില്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കേടിയോരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

പാര്‍ക്കിന്‌ അടിവശത്ത്‌ ശക്തമായ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ്‌ വിദഗ്‌ധ സമിതിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ഇന്ന്‌ കൂടുതല്‍ പരിശോധനയ്‌ക്കായി സന്ദര്‍ശനം നടത്തുമെന്ന്‌ സമിതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പോ തക്കതായ കാരണമോ ഇല്ലാതെ വിദഗ്‌ധ സമിതി സന്ദര്‍ശനം മാറ്റിവക്കുകയാണ്‌ ചെയ്‌തത്‌. ഇത്‌ എംഎല്‍എയുടെ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്‌.

അതേസമയം, വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ണ്ണമായും വറ്റിച്ചു. കുന്നിന്‌ മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത്‌ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടി.

എംഎല്‍എ ആയതു കൊണ്ടാണ്‌ പാര്‍ക്കിനെ സംബന്ധിച്ച്‌ വിവാദം ഉയര്‍ന്നതെന്നും വാട്ടര്‍ തീം പാര്‍ക്കില്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടായിരുന്നെന്നാണ്‌ കണക്ക്‌. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌ പാര്‍ക്കിന്‌ നോട്ടീസ്‌ നല്‍കിയിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക