Image

ഭ്രൂണഹത്യ നാസികള്‍ നടത്തിയ വംശഹത്യക്ക് തുല്യമെന്ന് മാര്‍പാപ്പ

Published on 17 June, 2018
ഭ്രൂണഹത്യ നാസികള്‍ നടത്തിയ വംശഹത്യക്ക് തുല്യമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ ഒഴിവാക്കുന്നതിനെ നാസി കാലഘട്ടത്തിലെ വംശഹത്യ (നാസി യൂജെനിക്‌സ്)യോടുപമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുദ്ധ ആര്യന്‍ വര്‍ഗം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഭ്രൂണഹത്യ നടത്തുകയും ശാരീരിക മാനസിക ദൗര്‍ബല്യമുള്ളവരെ വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു നാസി യൂജെനിക്‌സ്(വര്‍ഗോന്നതി വാദം).

'ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യമാസങ്ങളില്‍ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. അതൊരു ഫാഷനോ സ്വാഭാവിക സംഭവമോ ആയി മാറിയിരിക്കുന്നു. ഇതിനെ വേദനയോടെയാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ വംശീയ ശുദ്ധീകരണമെന്ന പേരില്‍ നാസികള്‍ നടത്തിയതിനെയൊക്കെ ലോകം നിന്ദിക്കാറുണ്ട്. അതു തന്നെയല്ലേ ലോകം മുഴുവനുമിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ഇപ്പോള്‍ വെളുത്ത ഗ്ലൗസുകള്‍ കയ്യിലണിയുന്നുണ്ട് എന്‌ന വ്യത്യാസം മാത്രം!' മാര്‍പാപ്പ പറഞ്ഞു.

ഭ്രൂണഹത്യയെക്കുറിച്ചും ഭ്രൂണ ലിംഗ പരിശോധനയെക്കുറിച്ചും പ്രതിഷേധ നിലപാട് വ്യക്തമാക്കിയ മാര്‍പാപ്പ കുടുംബം എന്ന സങ്കല്‍പ്പത്തെക്കുറിച്ചും സംസാരിച്ചു. കുടുംബം എന്ന വാക്ക് കൊണ്ടര്‍ഥമാക്കുന്നത് പരസ്പര ധര്‍മ്മം എന്നാണ്. അത് ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സ്ത്രീയും പുരുഷനും ദൈവ വിശ്വാസമില്ലാത്തവരാണെങ്കില്‍ കൂടി അവര്‍ക്കൊരു കുഞ്ഞ് ജനിച്ച് കുടുംബമായി മാറുന്നതോടെ അവരറിയാതെ തന്നെ ദൈവത്തിന്റെ പ്രതിരൂപമായി മാറുകയാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

സ്വദേശമായ അര്‍ജന്റീനയില്‍ 14 ആഴ്ച്ച വരെയുള്ള ഭ്രൂണഹത്യക്ക് അനുമതി നല്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക