Image

വിലക്ക്‌ തീര്‍ന്നു: കണ്‌ഠരര്‌ മോഹനര്‍ വീണ്ടും തന്ത്രി പദവിയിലേക്ക്‌

Published on 17 June, 2018
വിലക്ക്‌ തീര്‍ന്നു: കണ്‌ഠരര്‌ മോഹനര്‍ വീണ്ടും തന്ത്രി പദവിയിലേക്ക്‌

പത്തനംതിട്ട: പന്ത്രണ്ട്‌ വര്‍ഷത്തെ വിലക്കിനു ശേഷം കണ്‌ഠരര്‌ മോഹനര്‍ വീണ്ടും തന്ത്രി പദവിയിലേയ്‌ക്ക്‌. ശബരിമലയിലെ മുന്‍ തന്ത്രിയായിരുന്നു കണ്‌ഠരര്‌. ഇദ്ദേഹത്തെ ഇനി നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അറിയിക്കുകയായിരുന്നു. അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ്‌ മുന്‍ തന്ത്രിയെ തിരികെ കൊണ്ട്‌ വരുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ പത്മകുമാര്‍ നിലപാട്‌ എടുത്തത്‌.

ദേവപ്രശ്‌നം ഇന്ന്‌ തീരും. 2006 ലെ ബ്ലാക്‌മെയിലിംഗ്‌ കേസിനെ തുടര്‍ന്നാണ്‌ ശബരിമല തന്ത്രിയായിരുന്ന കണ്‌ഠരര്‌ മോഹനരെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന്‌ വിലക്കിയത്‌. തന്ത്രിയെ ഫ്‌ലാറ്റില്‍ എത്തിച്ച്‌ സ്‌ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വര്‍ണഭാരണവും തട്ടിയെടുക്കുകയായിരുന്നു. കേസില്‍ തന്ത്രിയെ മനപൂര്‍വ്വം കുടുക്കിയതാണെന്ന്‌ തെളിയുകയും പ്രതികളെ എര്‍ണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതി ശിക്ഷിക്കുകയും ചെയ്‌തു.

മൂന്ന്‌ ദിവസമായി ശബരിമലയില്‍ നടന്ന്‌ വരുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ചെയ്യാത്ത കുറ്റത്തിന്‌ പൂജാദികര്‍മ്മങ്ങളില്‍ നിന്ന്‌ മോഹനരെ വിലക്കിയത്‌ പാപമാണന്ന്‌ തെളിഞ്ഞു. തുടര്‍ന്നാണ്‌ പാപപരിഹാരമായി മോഹനര്‍ക്ക്‌ വീണ്ടും താന്ത്രികാവകാശം നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന്‌ ദൈവജ്ഞര്‍ ദേവസ്വം ബോര്‍ഡിനോട്‌ ആരാഞ്ഞത്‌. ദേവസ്വം ബോര്‍ഡ്‌ അനുകൂല നിലപാട്‌ എടുത്ത സാഹചര്യത്തില്‍ അടുത്ത മാസം തന്നെ മോഹനരര്‍ക്ക്‌ പൂജ ചെയ്യാന്‍ കഴിയും.

പൂജക്ക്‌ അവസരമൊരുക്കാമെന്ന്‌ തന്ത്രി കണ്‌ഠരര്‌ രാജീവരും പ്രശ്‌നവേദിയില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ കളവ്‌ നടക്കുന്നുണ്ടെന്നും ,മദ്യപിച്ചെത്തുന്നവരുടെ സാന്നിധ്യമുണ്ടെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. മകര വിളക്ക്‌ ചടങ്ങുകള്‍ മാറ്റേണ്ടതില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക