Image

പൂവിളി (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 16 June, 2018
പൂവിളി (കവിത: ചാക്കോ ഇട്ടിച്ചെറിയ)
തളിരിളംതാരുകള്‍ താളംതുള്ളി
തന്തിന്നോ താനിന്നോ തന്തിന്നാനോ
തെരുതെരെ പൂമഴ പെയ്തുമേന്മേല്‍
തരുനിര വരവായിതെന്നല്‍മെല്ലെ!.

കൊച്ചിളംകാറ്റ് വന്നുമ്മവച്ചു
പിച്ചി,തുളസി,പൂമുല്ലയേയും
കൊച്ചുങ്ങള്‍ ദൂരത്തുനോക്കിനിന്നു
പിച്ചിക്കുനാണം തെളിഞ്ഞുവന്നു

നാണിപ്പതെന്തു പൂമുല്ലചൊല്ലി
ആണുങ്ങളല്ലവര്‍ പിള്ളരല്ലേ! ?
പിള്ളരാണെങ്കിലുമുണ്ടു നാണം
പിള്ളരെക്കാണുമ്പോള്‍ പിച്ചിയോതി!

അക്കിടാങ്ങള്‍ മുത്തമേകിറോജാ
അക്കാണുംപൂവിനെ തൊട്ടുണര്‍ത്തി!
ഇക്കിളികൊണ്ടു തരിച്ചുമെല്ലെ
അക്കളിത്തോഴി കുണുങ്ങിനാണം

പൂക്കള്‍ സുഗന്ധംപരത്തിനില്‍ക്കെ
കേള്‍ക്കുന്നൊരാരവം ബാലികമാര്‍
പൂവിളികേട്ടു പരിചിലെത്തി
പൂമുത്തമേകി കടന്നുപോയി !

ഹാ!വിളിച്ചോ മൗനമങ്ങുദൂരെ
ആവിളികേട്ടു കുതിച്ചുവന്നീ
കൊച്ചുകിടാങ്ങള്‍ കളങ്കമേതും
വച്ചുപുലര്‍ത്താത്ത പൂങ്കിടാവേ!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക