Image

ഡല്‍ഹിയില്‍ തെന്നിന്ത്യന്‍ നേതാക്കളുടെ രഹസ്യയോഗം

Published on 16 June, 2018
ഡല്‍ഹിയില്‍ തെന്നിന്ത്യന്‍ നേതാക്കളുടെ രഹസ്യയോഗം

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഡല്‍ഹിയില്‍ രഹസ്യ കൂടികാഴ്ച നടത്തി. ബംഗാളില്‍ നിലനില്‍ക്കുന്ന തൃണമൂല്‍ സിപിഎം സംഘര്‍ഷത്തിനിടയിലും മമതാ ബാനര്‍ജിയുമായി കൂടികാഴ്ചയ്ക്ക് പിണറായി തയാറായി എന്നത് വലിയ സസ്പെന്‍സാണ് രാഷ്ട്രീയ രംഗത്ത് നല്‍കുന്നത്. നീതി ആയോഗിന്‍റെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്. അതിനിടെയാണ് അപ്രതീക്ഷിത കൂടികാഴ്ചയ്ക്ക് സാഹചര്യമൊരുങ്ങിയത്. എന്തായിരുന്നു പെട്ടന്നുള്ള കൂടികാഴ്ചയുടെ സാഹചര്യമെന്നോ ചര്‍ച്ച ചെയ്ത വിഷയമെന്നോ ഇതുവരെയും പുറത്തു വന്നിട്ടില്ല. 
ബിജെപി വിരുദ്ധ മുന്നണിയിലെ കരുത്തരാണ് അപ്രതീക്ഷിത കൂടികാഴ്ചയില്‍ പങ്കെടുത്തവര്‍ എല്ലാവരും എന്നത് കൂടികാഴ്ചയുടെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നതാണ്. ബംഗാളില്‍ സിപിഎമ്മിനെതിരെ നടക്കുന്ന തൃണമൂല്‍ അക്രമണങ്ങളില്‍ മമതയ്ക്കെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിക്കുന്നവരാണ് കേരളത്തിലെ സിപിഎം നേതാക്കളെന്നതിനാല്‍ പിണറായിയുടെ മമതയുമായിട്ടുള്ള കൂടികാഴ്ച കേരളത്തില്‍ പോലും അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. 
അതേ സമയം ഈ മുഖ്യമന്ത്രിമാര്‍ എല്ലാവരും തന്നെ ഡല്‍ഹിയില്‍ സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കേജരിവാളിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച മമതാ ബാനര്‍ജിക്ക് കൂടികാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പിണറായി വിജയന്‍ കേജരിവാളിനെ കാണാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക