Image

ടെക്‌സസ് ഗവര്‍ണര്‍ ആബട്ട് വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത (ഏബ്രഹാം തോമസ്)

Published on 16 June, 2018
ടെക്‌സസ് ഗവര്‍ണര്‍ ആബട്ട് വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത (ഏബ്രഹാം തോമസ്)
ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടിയുടെ ടെക്‌സസ് കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോവില്‍ പുരോഗമിക്കുകയാണ്. ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയെ ഈ കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പൂര്‍വ്വാധികം ശക്തിയോടെയാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. വീണ്ടും ആബട്ടിന് നോമിനേഷന്‍ ലഭിക്കുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. രണ്ടും വര്‍ഷം മുന്‍പ് ആബട്ടിന് ഭീഷണി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത സ്ഥാനക്കാരന്‍ ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കോ മറ്റാരെങ്കിലുമോ ഒരു സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ശ്രമിക്കുമെന്നായിരുന്നു വാര്‍ത്ത.

ആ വര്‍ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്നു. ന്യൂയോര്‍ക്ക് വ്യവസായി ഡോണള്‍ഡ് ട്രംപ് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിനെ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പരാജയപ്പെടുത്തിയത് ടെക്‌സസ് ജിഒപിയില്‍ ചേരിതിരിവിന് കാരണമായി. പാട്രിക് ട്രംപിന്റെ പ്രചരണ പ്രധാന റോള്‍ വഹിക്കുകയും പൊള്ളലേറ്റ് ശയ്യാവലംബിയായിരുന്ന ആബട്ടിന് പകരം ജിഒപി കണ്‍വന്‍ഷനിലേയ്ക്ക് ടെക്‌സസ് ഡെലിഗേറ്റ്‌സിന് നേതൃത്വം നല്‍കുകയും ചെയ്തു. ആബട്ടിന് പാട്രിക് ഒരു വലിയ പ്രതിയോഗിയാകും എന്ന അഭ്യൂഹം ശക്തമായി.

എന്നാല്‍ 2017 ലെ ടെക്‌സസ് നിയമ സഭാ സമ്മേളനത്തിന് മുന്‍പ് തന്നെ താന്‍ ആബട്ടിനെതിരെ മത്സരിക്കില്ല എന്നു പാട്രിക് വ്യക്തമാക്കി. ആബട്ട് രാഷ്ട്രീയാഭയനഗരങ്ങള്‍ (സാം ക്ചുവറി സിറ്റീസ്) ക്കെതിരെ ശക്തമായി പ്രതികരിച്ചത് യാഥാര്‍ത്ഥികരെ സന്തോഷിപ്പിച്ചു. അതിനുശേഷം ഒരു പ്രത്യേക നിയമ സഭാ സമ്മേളനം വിളിച്ച് ബാത്ത് റൂം ബില്‍ നിയമമാക്കാന്‍ ശ്രമിച്ചു. ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്ന ലിംഗ വിവരം അനുസരിച്ച് ഭിന്നലിംഗക്കാര്‍ ശുചിമുറികള്‍ ഉപയോഗിക്കണം എന്നു നിഷ്‌ക്കര്‍ഷിക്കുന്ന ബില്‍ എല്‍ജിബിടിയുടെയും മറ്റ് ചില ജനവിഭാഗങ്ങളുടെയും പ്രതിഷേധം മൂലം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ നടക്കുന്ന ജിഒപി കണ്‍വന്‍ഷനില്‍ അടുത്ത അസംബ്ലി സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കേണ്ട അഞ്ച് പ്രധാന ബില്ലുകളില്‍ ഇതും ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 8,000 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കണ്‍വന്‍ഷനാണ് സാന്‍ അന്റോണിയോവില്‍ നടക്കുന്നത്. ആബട്ടിന്റെ രാഷ്ട്രീയ ജീവിതം വളരെ ദീര്‍ഘമാണ്. മുന്‍ ടെക്‌സസ് അറ്റേണി ജനറലും സുപ്രീം കോടതി ജസ്റ്റീസുമായ ആബട്ടും യുഎസ് സൈനറ്റര്‍ ജോണ്‍ കോര്‍ഡിനുമാണ് മുന്‍ ടീ പാര്‍ട്ടി നേതാക്കളായവരില്‍ സജീവമായി ടെക്‌സസ് രാഷ്ട്രീയത്തില്‍ ഇപ്പോഴും ഉള്ളത്.

മുന്‍ ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറിയെ പോലെ വ്യവസായ മനസ്ഥിതിയുള്ള റിപ്പബ്ലിക്കന്‍ നേതാക്കളില്‍ നിന്ന് വലതുപക്ഷ ചായ് വിലേയ്ക്കുള്ള രൂപാന്തരത്തിലും പ്രബലനായി ആബട്ട് നിലകൊള്ളുന്നു.

എന്നാല്‍ പെറിയില്‍ നിന്ന് വ്യത്യസ്തനായി അധികം കാണപ്പെടാതെ പാട്രിക് കൂടുതല്‍ കാണപ്പെടുന്നതില്‍ സന്തുഷ്ടനായിരുന്നു ആബട്ട്. രാഷ്ട്രീയ തിരമാലകളെ അതിജീവിക്കുവാന്‍ സമര്‍ത്ഥനാണ്. ടീ പാര്‍ട്ടിക്കാരോട് താന്‍ അവര്‍ക്കൊപ്പമാണെന്ന് പറയാനും ആബട്ട് തയാറായി. അതിര്‍ത്തി സുരക്ഷയിലും കുടിയേറ്റ പ്രശ്‌നത്തിലും സ്വീകരിച്ച നിലപാടും സ്വത്ത് വകകളുടെ നികുതി കുറയ്ക്കാമെന്ന വാഗ്ദാനം മൂലവും അനുയായികളെ വര്‍ധിപ്പിക്കാന്‍ ആബട്ടിന് കഴിഞ്ഞു.

പ്ലേനോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജെഫ് ലീച്ച് പറയുന്നത് ആബട്ടിന്റെ വീക്ഷണം ധീരവും യാഥാസ്ഥികവും ആണെന്നാണ്. ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറി ആബട്ടിന്റെ നേതൃത്വത്തിന് മതിപ്പ് നല്‍കണം. നവംബറിലെ തിരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ലീച്ച് പറഞ്ഞു.

ആബട്ടിന്റെ എതിരാളി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ലൂ പെ വാല്‍ഡെസ് ആയിരിക്കും. ആബട്ടിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആബട്ടിന്റെ വിഭവശേഷിയും ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും വാല്‍ഡെസിന് അവകാശപ്പെടാനാവില്ല. 20-22% വരുന്ന ഹിസ്പാനിക് വോട്ടുകളും 4% എല്‍ജിബിടി വോട്ടുകളും വാല്‍ഡെസിന് അനുകൂലമായിരിക്കും എന്ന് അവരുടെ പ്രചാരണ സംഘം പറയുന്നത്. എന്നാല്‍ തന്റെ ഭാര്യ ഹിസ്പാനിക് വംശജയാണെന്നും ലറ്റിനോകളുടെ ഒരു നല്ല ശതമാനം തനിക്ക് വോട്ടു ചെയ്യുമെന്നും ആബട്ട് പറയുന്നു.
ടെക്‌സസ് ഗവര്‍ണര്‍ ആബട്ട് വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക