Image

യുഎഇ വീസ നയത്തില്‍ മാറ്റം; തൊഴിലാളികള്‍ക്കു ബാങ്കു ഗാരന്റി വേണ്ട, പകരം ഇന്‍ഷ്വറന്‍സ്

Published on 15 June, 2018
യുഎഇ വീസ നയത്തില്‍ മാറ്റം; തൊഴിലാളികള്‍ക്കു ബാങ്കു ഗാരന്റി വേണ്ട, പകരം ഇന്‍ഷ്വറന്‍സ്

ദുബായ്: വിദേശതൊഴിലാളി വീസ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ യുഎഇ തീരുമാനിച്ചു. വിദേശ തൊഴിലാളികളുടെ പേരില്‍ സ്വകാര്യ കന്പനികള്‍ നിര്‍ബന്ധിത ബാങ്ക് ഗാരന്റി നല്കണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചതാണ് പ്രധാനം. ഒരു തൊഴിലാളിക്ക് 3000 ദിര്‍ഹം വച്ചാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതിനു പകരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹത്തിന്റെ വാര്‍ഷിക ഇന്‍ഷ്വറന്‍സ് എടുത്താല്‍ മതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങള്‍.

വിദേശ തൊഴിലാളികള്‍ക്കായി എടുക്കുന്ന ഇന്‍ഷ്വറന്‍സിന് 20,000 ദിര്‍ഹമാണ് കവറേജ് തുക. തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, രോഗപ്രതിരോധ ചെലവുകള്‍, ജോലി നിര്‍ത്തുന്‌പോഴുള്ള ആനുകൂല്യം, മടക്കയാത്രാ ടിക്കറ്റ് എന്നിവയ്‌ക്കെല്ലാം ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും. വിദേശതൊഴിലാളികളുടെ പേരില്‍ ഇതുവരെ നിക്ഷേപിച്ചിട്ടുള്ള 1400 കോടി ദിര്‍ഹം സ്വകാര്യ കന്പനികള്‍ക്കു മടക്കി നല്കും. സ്വകാര്യ മേഖലയിലെ ബിസിനസ് വികസനം അടക്കമുള്ളവയ്ക്ക് ഇതോടെ ആക്കം കൂടും.

തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് താത്കാലിക വീസ സൗജന്യമായി നല്കാനും തീരുമാനിച്ചു. നിലവില്‍ മൂന്നു മാസത്തിനകം തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്വയം മടങ്ങാന്‍ അവസരം നല്കുന്ന തീരുമാനവുമുണ്ട്. വീസ പരിമിതപ്പെടുത്താനും പുതുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യം വിടാതെയും രാജ്യത്തു കടക്കാതെയും അതു ചെയ്യാം. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായുള്ള ഫീസ് 48 മണിക്കൂര്‍ നേരത്തേക്ക് ഒഴിവാക്കാനും തീരുമാനിച്ചു. 50 ദിര്‍ഹം അടച്ചാല്‍ ട്രാന്‍സിറ്റ് വീസ 96 മണിക്കൂര്‍ നീട്ടി നല്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക