Image

ചിറകടികള്‍! (കവിത: ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 15 June, 2018
ചിറകടികള്‍! (കവിത: ജയന്‍ വര്‍ഗീസ് )
( ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയില്‍ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്ന ആധുനിക ലോകം, അമേരിക്കന്‍  ഉത്തര കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയും, അതുണര്‍ത്തുന്ന സമാധാന സാധ്യതകളും പേറി പുത്തന്‍ പ്രതീക്ഷകളുടെ പുതുനാന്പുകള്‍ വിരിയിക്കുന്‌പോള്‍, ആഗോള മനുഷ്യരാശിയുടെ ആത്മ നൊന്പരങ്ങളില്‍ ഉണരുന്ന സ്വപ്നങ്ങളുടെ ചിറകടികള്‍! സര്‍വ്വശ്രീ ഡൊണാള്‍ഡ് ട്രന്പിനും, കിം ഇല്‍ ഉന്നിനും അഭിവാദനങ്ങള്‍ !! )

ഉത്തുംഗ വിന്ധ്യ ഹിമവല്‍ സാനുക്കളെ, 
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, 
സുപ്രഭാതങ്ങള്‍ വിടര്‍ത്തും നഭസ്സിന്റെ  
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, 

ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തന്‍ 
മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ  
വര്‍ഗ്ഗത്തിനായി ഞാന്‍ മാപ്പു ചോദിക്കട്ടെ, 
ഹൃദ് മിഴിനീരാല്‍ കഴുകട്ടെ കാലുകള്‍ ! 

നിത്യവും സൂര്യനുദിക്കാതിരുന്നില്ല, 
കൃത്യമാ, യെത്താതിരുന്നില്ല രാവുകള്‍.
തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകള്‍ 
ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകള്‍?

എന്റെ വര്‍ഗ്ഗത്തിനായെന്തെന്തു ചാരുത 
മന്ദസ്മിതങ്ങള്‍ക്കു ചാര്‍ത്തി നീ വിശ്വമേ !
 തിന്നും,കുടിച്ചു, മിണചേര്‍ന്നും നാളെയെ 
പൊന്നിന്‍ കിനാവിന്റെ തൊട്ടിലി, ലാട്ടിയും, 

ജന്മാന്തരങ്ങള്‍ കൊഴിച്ചിട്ട തൂവലില്‍ 
' വല്യ' സംസ്‌കാരത്തിന്‍ കോട്ടകള്‍ കെട്ടിയും, 
രണ്ടായിരത്തിന്‍ പടികളില്‍ മാനവ 
മില്ലേനിയത്തിന്റെ പൂവിളി കേള്‍ക്കവേ,

ഞെട്ടുന്നു, നമ്മള്‍ നടുങ്ങുന്നു കേവലം 
വട്ടനായ് തീരുന്നു മാനവന്‍ ഭൂമിയില്‍!
ഹൃത്തടം പൊട്ടുന്നു, വേദന യാണവ  
യശ്വമേധങ്ങള്‍ കുതിക്കുന്നു ഭൂമിയില്‍?

മെക്‌സിക്കന്‍ ഊഷര ഭൂമിയിലാദ്യമായ് 
കെട്ടഴിഞ്ഞീ നവ  രാക്ഷസനിന്നലെ, 
ജപ്പാന്റെ മാറ് പിളര്‍ന്നു ചുടു ചോര  
യിറ്റിക്കുടിച്ചു മദിച്ചു രസിച്ചിവന്‍?

ബ്രിട്ടനില്‍, റഷ്യയില്‍, ഫ്രെഞ്ചില്‍, ജനതതി 
മുട്ടിയുരുമ്മി പുലരുന്ന ചൈനയില്‍, 
എത്തിപ്പോയ് ! ദൃംഷ്ടങ്ങളില്‍ ചുടുചോര ത  
ന്നുഗ്രത, പൊഖ്‌റാനില്‍, ബുദ്ധന്റെ ഭൂമിയില്‍ ? 

എന്തിനായ് നമ്മള്‍ പരസ്പരം ചോര തന്‍ 
ഗന്ധം മണത്തു നശിക്കുന്നു ( നാറികള്‍ ?)
എന്തിനു സോദരര്‍ തമ്മില്‍ തലകീറി 
കൊന്നു മുന്നേറാന്‍ കൊതിക്കുന്നു നാടുകള്‍?

ആരും ജയിക്കാത്ത പന്തയക്കളിയുടെ 
പേരാണ് ' യുദ്ധ ' മെന്നറിയുവാന്‍ നമ്മുടെ 
 'ഗീത' യിലില്ലയോ ബോധനം? വേദങ്ങള്‍ 
പാടി നടക്കുന്നതീ സത്യമല്ലയോ?

മാനവന്‍ ! ഭൂമിതന്‍ ധന്യത, ദൈവത്തിന്‍ 
സ്‌നേഹം കടഞ്ഞ യമൃതിന്റെ തുള്ളികള്‍ !
തോളോട് തോള്‍ ചേര്‍ന്ന് നാളെയെ നന്മയി  
ലൂതിയുരുക്കി യുണര്‍ത്തേണ്ട മുത്തുകള്‍ !

ഏതോ പ്രലോഭന നീതി ശാസ്ത്രങ്ങള്‍ ത 
ന്നൂരാക്കുടുക്കില്‍ അകപ്പെട്ടു പോയി നാം. 
ആരുടെ നെഞ്ചും പിളര്‍ന്നതിനുള്ളിലെ 
ചോരയില്‍ മുങ്ങുന്നതാണൊയീ ജീവിതം ??

രത്‌ന ഗര്‍ഭങ്ങള്‍ വഹിക്കുമീ ഭൂമിയില്‍ 
കുത്തി നിറച്ച ചെകുത്താന്റെ വാളുകള്‍, 
ദൂരെയെറിഞ്ഞു തിരുത്തുന്നു മാനവ  
സ്‌നേഹികള്‍, നമ്മുടെ കോരിത്തരിപ്പുകള്‍ !!!!

 ഉത്തുംഗ വിന്ധ്യ ഹിമവല്‍ സാനുക്കളേ, 
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, 
സുപ്രഭാതങ്ങള്‍ വിടര്‍ത്തും നഭസ്സിന്റെ  
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, 

ഇത്തിരിപ്പൂവായ്, യിവിടെയീ ഭൂമി തന്‍  
മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ  
വര്‍ഗ്ഗത്തിനായി ഞാന്‍ മാപ്പു ചോദിക്കട്ടെ ! 
ഹൃദ് മിഴിനീരാല്‍ കഴുകട്ടെ കാലുകള്‍ !!

ചിറകടികള്‍! (കവിത: ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക