Image

അച്ഛന്‍ കളിച്ച ഫുട്‌ബോള്‍ (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 14 June, 2018
അച്ഛന്‍ കളിച്ച ഫുട്‌ബോള്‍ (രാജന്‍ കിണറ്റിങ്കര)
അച്ഛന്‍ നല്ലൊരു 

ഫുട്ബാളറായിരുന്നു…

 

എതിരാളിയെ കബളിപ്പിച്ച്

ഡ്രിബ്ലിങ്  ചെയ്യും

മെസ്സിയെപ്പോലെ ...

 

ഫോര്‍വേഡും ഡിഫെന്‍സും

കളിക്കും

റൊണാള്‍ഡോയെപ്പോലെ…

 

വിങ്ങുകള്‍ മാറിമാറി

ഓടിനടക്കും  

നെയ്മറെപ്പോലെ ..

 

കണാരേട്ടന്റെ കയ്യിലെ

പണം വാങ്ങി

രാവുണ്ണിയേട്ടന് കൊടുത്ത്

ആ കടം തീര്‍ക്കാന്‍

സെയ്താലിക്കയോട് വാങ്ങി..

അങ്ങിനെ

കൊടുത്തും വാങ്ങിയും

അച്ഛന്റെ ഡ്രിബ്ലിങ് ....

 

മുന്നില്‍ നിന്ന്

നയിച്ചും

ഓടി തളരുമ്പോള്‍

അകത്തേക്ക്

പിന്‍വലിഞ്ഞും 

ഒരേ സമയം

ഫോര്‍വേഡും ഡിഫെന്‍ഡറും

ആകുന്ന രക്ഷകന്‍   ....

 

ഉമ്മറത്തും

അടുക്കളപ്പുറത്തും

തന്റെ സാന്നിധ്യം അറിയിച്ച്

വിങ്ങുകള്‍ മാറിമാറി

ടീമിന് ധൈര്യവും

ഊര്‍ജവും പകര്‍ന്ന

നായകന്‍ ...

 

ജീവിതത്തില്‍ പല

പൊസിഷനില്‍ കളിച്ച്

ടീമിനെ  രക്ഷിച്ചിട്ടും

ഒരവാര്‍ഡും

അംഗീകാരവും

തേടി വരാതെ അച്ഛന്‍…

 

മരണാനന്തര ബഹുമതിയായി

ഉമ്മറത്ത്

ചില്ലിട്ടു തൂക്കിയ

ഒരു ഫോട്ടോ   ഒഴിച്ച് ….

******************

 


അച്ഛന്‍ കളിച്ച ഫുട്‌ബോള്‍ (രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക