Image

പി.സി.ജോര്‍ജിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശ്യാമ

Published on 12 June, 2018
പി.സി.ജോര്‍ജിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശ്യാമ
കൊല്ലം : ‘എനിക്കെതിരേ പി.സി.ജോര്‍ജ് എം.എല്‍.എ. നടത്തിയ ആക്ഷേപങ്ങള്‍ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെ മൊത്തം അവഹേളിക്കുന്നതും. ഞാനും ഒരു മനുഷ്യനാണ്. നിയമസഭാമന്ദിരത്തില്‍ പലരും കാണ്‍കെയാണ് എന്നെ പരസ്യമായി ആക്ഷേപിച്ചത്. ഒരു നിയമസഭാംഗത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണിത്. അദ്ദേഹത്തിന്റെപേരില്‍ നിയമനടപടി സ്വീകരിക്കും.’സാമൂഹികക്ഷേമവകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെ പ്രോജക്ട് ഓഫീസറായ ശ്യാമ പറഞ്ഞു.

എസ്.എഫ്‌.െഎ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ അസംബ്ലി’യില്‍ പങ്കെടുക്കാനെത്തിയ ശ്യാമ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഔദ്യോഗിക ആവശ്യത്തിന് തിങ്കളാഴ്ച നിയമസഭാമന്ദിരത്തില്‍ മന്ത്രി കെ.കെ.ശൈലജയെ കാണാനെത്തിയപ്പോഴാണ് പി.സി.ജോര്‍ജ് എം.എല്‍.എ. മോശമായി പെരുമാറിയതും ആക്ഷേപിച്ചതും എന്ന് ശ്യാമ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ശ്യാമ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം പ്രതികരിച്ചത്.

ഇതിനെക്കുറിച്ച് ശ്യാമ പറയുന്നതിങ്ങനെ:

‘പി.സി.ജോര്‍ജ് എം.എല്‍.എ.യെ പരിചയമുണ്ട്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയ്ക്ക് ചെന്നപ്പോള്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. നിയമസഭാമന്ദിരത്തില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. കണ്ടയുടനെ ഞാന്‍ ചിരിച്ചു. അദ്ദേഹം ഉടനെ ചോദിച്ചത്, നീ ആണല്ലേ പിന്നെയെന്തിനാ പെണ്‍വേഷംകെട്ടി നടക്കുന്നത്. നിനക്ക് മീശയൊക്കെയുണ്ടല്ലോ എന്ന്. ലിംഗപദവിയുടെ പേരില്‍ അധിക്ഷേപിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. എം.എല്‍.എ. എന്നനിലയില്‍ സത്യപ്രതിജ്ഞാ ലംഘനവും.’

നിയമസഭാമന്ദിരത്തില്‍ നടന്ന സംഭവം എന്നനിലയ്ക്ക് സ്പീക്കര്‍ക്ക് പരാതിനല്‍കാനാണ് ആലോചിച്ചതെന്നും ശ്യാമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക