Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ 2018; ഫിലാഡല്‍ഫിയ അണിഞ്ഞൊരുങ്ങുന്നു

അനില്‍ പെണ്ണുക്കര Published on 12 June, 2018
ഫൊക്കാനാ കണ്‍വന്‍ഷന്‍ 2018; ഫിലാഡല്‍ഫിയ അണിഞ്ഞൊരുങ്ങുന്നു
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂലൈ 5 ന് വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ തിരിതെളിയും. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ഷൈലജയും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമാണ് വിശിഷ്ടാതിഥികളായി എത്തുന്നത്. മുഖ്യമന്ത്രി എത്തുമെന്നു തന്നെയാണു കരുതുന്നത്

രാഷ്ട്രീയക്കച്ചവടങ്ങള്‍ക്ക് ഇടം കൊടുക്കാതെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അവരുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും അധികാരത്തെ ഉപയോഗിച്ച ശ്രീമതി കെ.കെ ഷൈലജ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. സ്വന്തം താല്പര്യങ്ങളെക്കാള്‍ ജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്ത ശ്രീ രമേശ് ചെന്നിത്തലയേയും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്‍ അമേരിക്കന്‍ മലയാളികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ ഹരം കൊള്ളിക്കുന്നതാണ്. ജൂലൈ 5 ന് ആരംഭിക്കുന്ന ഈ സംഗമവേദി 3 ദിവസം നീണ്ട വിസ്മയവിരുന്നൊരുക്കി പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നു. ആര്‍പ്പുവിളികളും ആരവങ്ങളും നിറഞ്ഞ ഈ ആഘോഷരാവ് ജൂലൈ 8 ന് സമാപിക്കും.

ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ ആഘോഷങ്ങളുടെ വേദിമാത്രമല്ല ഒരുക്കുന്നത്, മറിച്ചു അമേരിക്കന്‍ മലയാളികള്‍ക്ക് ഫലപ്രദമായ ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഇടം കൂടിയാണ്. പ്രേക്ഷകരുടെ ആസ്വാദനത്തിനൊപ്പം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുകയാണ് ഫൊക്കാന. മെഗാ തിരുവാതിര, ഇന്‍ഡോര്‍ ഗെയിംസ്, മാജിക് ഷോ തുടങ്ങി കാണികളെ കോരിത്തരിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ മീഡിയ, ടുറിസം, ബിസ്സിനെസ്സ്, നേഴ്‌സസ് എന്നീ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

ഫൊക്കാനയുടെ ഈ കണ്‍വെന്‍ഷന്‍ കാണികളുടെ മനസ്സില്‍ ഇടം പിടിക്കുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി അവതരിപ്പിക്കുന്ന 'സര്‍ഗസന്ധ്യ' അരങ്ങത്തെത്തും. ഈ സംഗീത താര വിരുന്നിനു ലോകം കാത്തിരിക്കുകയാണ്. ജൂലൈ 7 ന് വലിയൊരു താര നിര തന്നെ അരങ്ങുതകര്‍ക്കാനായി എത്തുന്നു.

മലയാളികളുടെ മനസിലെ എക്കാലത്തെയും ആരാധനാപാത്രമായ നമ്മുടെ പ്രിയങ്കരി ഷീലാമ്മയുടെ സാന്നിധ്യം തന്നെ സര്‍ഗ്ഗ സന്ധ്യയുടെ മാറ്റുകൂട്ടുമെന്നത് തീര്‍ച്ച! ചിരിപ്പിച്ചും കരയിച്ചും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നിസ്സാരമായി കൈകാര്യം ചെയ്തു മലയാളികളുടെ മനം കവര്‍ന്ന ചിരിക്കുടുക്ക ജഗതീഷും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ യുവ പിന്നണി ഗായിക രഞ്ജിനി ജോസും കാണികള്‍ക്ക് ആവേശം പകരാന്‍ രംഗത്തെത്തും.

മിന്നാമിനുങ് എന്ന സിനിമയിലൂടെ മലയാളികളുടെ കണ്ണുനനച്ച ദേശീയ അവാര്‍ഡ് ജേതാവ് സുരഭി നായരും ഈ സംഗീത നിശയില്‍ പങ്കെടുക്കുന്നു. സിനിമ രംഗത്തും ടെലിവിഷന്‍ രംഗത്തും തിളങ്ങി നില്‍ക്കുന്ന അനീഷ് രവി, അനു ജോസഫ്, വിനോദ് കോവൂര്‍ എന്നിവരും കുടുകുടെ ചിരിപ്പിക്കാന്‍ വേദിയിലെത്തും. ആര്‍ട്ടിസ്റ്റ് നീതു, പിന്നണിഗായകന്‍ സുനില്‍ കുമാര്‍ എന്നിവരും പങ്കുചേരും. കീബോര്‍ഡില്‍ സംഗീതമാധുര്യം തീര്‍ത്തു രജീഷും സര്‍ഗസന്ധ്യയുടെ വേദിയില്‍ തരംഗം സൃഷ്ടിക്കും. ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കുന്ന ഈ സംഗീതതാരവിരുന്നിനായി നമുക്ക് കാത്തിരിക്കാം.
ഫൊക്കാനാ കണ്‍വന്‍ഷന്‍ 2018; ഫിലാഡല്‍ഫിയ അണിഞ്ഞൊരുങ്ങുന്നു ഫൊക്കാനാ കണ്‍വന്‍ഷന്‍ 2018; ഫിലാഡല്‍ഫിയ അണിഞ്ഞൊരുങ്ങുന്നു ഫൊക്കാനാ കണ്‍വന്‍ഷന്‍ 2018; ഫിലാഡല്‍ഫിയ അണിഞ്ഞൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക