Image

മരട് സ്‌കൂള്‍ വാന്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

Published on 12 June, 2018
മരട് സ്‌കൂള്‍ വാന്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
മരടില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്‌നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസന്‍സിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തില്‍ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു.

രണ്ടാം ഗിയറില്‍, 20 കിലോമീറ്റര്‍ വേഗതയില്‍ സാവധാനം തിരിയേണ്ട വളവ് ഡ്രൈവര്‍ അമിത വേഗത്തില്‍ തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ആര്‍ടിഒ പറഞ്ഞു.

അതേസമയം അനില്‍കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ മറ്റു കുറ്റങ്ങള്‍ തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക