Image

ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)

Published on 11 June, 2018
ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: 2006 മുതല്‍ ഒരു പതിറ്റാണ്ടുകാലം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സ്റ്റേറ്റുകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന നിരവധി മലയാളി സംഘടനകള്‍ക്കു വേണ്ടി ഓണാഘോഷത്തോടനുബന്ധിച്ച് മഹാബലിയായി വേഷമിട്ടിരുന്ന ജോയി പുളിയനാലിനെ വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍, ബ്രോങ്ക്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ആളാണ് ജോയിച്ചേട്ടന്‍. അറിയപ്പെടുന്നവരുടെ ഇടയില്‍ അദ്ദേഹം മഹാബലി എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

മഹാബലിയായി വേഷമിട്ടിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ സാധാരണ മറക്കാറില്ല. അദ്ദേഹത്തിന്റെ കുടവയറും, കൊമ്പന്‍ മീശയുമെല്ലാം കണ്ടാല്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നവര്‍ ശരിക്കും ആള്‍ മഹാബലിയുടെ അവതാരം തന്നെ എന്നു തോന്നുമായിരുന്നു. വയറ് കൂടുതലുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനുപറ്റിയ മഹാബലിയുടെ വേഷവിധാനങ്ങള്‍ കേരളത്തില്‍ നിന്നും പ്രത്യേകം ഓര്‍ഡര്‍ കൊടുത്ത് അദ്ദേഹം തന്നെ തൈയ്പ്പിച്ചു കൊണ്ടുവന്നവയാണ്. അതുപോലെ തന്നെ ഓലക്കുടയും. ഒരു സാധാരണക്കാരന്‍ ആയിരുന്നിട്ടുകൂടി സമൂഹത്തിനുവേണ്ടി സ്വന്തം കൈയ്യില്‍ നിന്നും പണം മുടക്കി വാങ്ങിച്ചുകൊണ്ടു വന്നതാണെന്നുള്ള സത്യം ഈ ലേഖകന് നന്നായി അറിവുള്ളവയാണ്. അദ്ദേഹം മഹാബലിയായി വേഷമിട്ടു കഴിയുമ്പോള്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവര്‍ പോലും അദ്ദേഹത്തിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താല്പര്യം കാട്ടിയിരുന്നു.

വാസ്തവത്തില്‍ കൊച്ചുകുട്ടികളുമായി തമാശകള്‍ പറയാന്‍ അദ്ദേഹത്തിന് നല്ല ചാതുര്യം ഉണ്ടായിരുന്നു. ഈ ലേഖകനോടൊപ്പം നിരവധി പ്രസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ആത്മാര്‍ത്ഥതയുള്ളവരെ നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുക വളരെ വിഷമമാണ്.

അക്കാരണത്താല്‍ത്തന്നെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത എഴുതാന്‍ ഞാന്‍ നിര്‍ബന്ധതിനായിത്തീര്‍ന്നത്.

അദ്ദേഹത്തെപ്പോലെതന്നെ അദ്ദേഹത്തിന്റെ ഭാര്യ മോളിയും ഒരു സാധാരണക്കാരിയായിരുന്നു. എങ്കിലും ജോയിച്ചേട്ടന്‍ എവിടെയെല്ലാം പോകാറുണ്ടോ അവിടെയെല്ലാം പോകാറുണ്ടായിരുന്നു.

ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റില്‍ ഭീകരന്മാരോടൊപ്പം ജയിലില്‍ കിടന്നിരുന്ന അവസരത്തില്‍ എന്നോടൊപ്പം അദ്ദേഹത്തെ കാണാന്‍ വരാന്‍ തയ്യാറാണോ എന്നു ചോദിച്ചപ്പോള്‍ ധൈര്യസമേതം അദ്ദേഹം വരാമെന്നു സമ്മതിച്ച് എന്നോടൊപ്പം വന്നകാര്യം ഇപ്പോള്‍ ഞാന്‍ സ്മരിക്കുന്നു. 2010 മുതല്‍ 2013 വരെ റൈക്കേഴ്‌സ് ഐലന്റിലും മന്‍ഹാട്ടിനിലെ ജയിലുമായി കഴിഞ്ഞുകൂടിയിരുന്ന ആനന്ദ് ജോണിനെ കാണാന്‍ എന്നോടൊപ്പം നിരവധി പേര്‍ വന്നിട്ടുണ്ട് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ ആനന്ദ് ജോണ്‍ റൈക്കേഴ്‌സ് ഐലന്റിലെ ജയിലില്‍ കിടന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ പല മലയാളികള്‍ക്കും പുച്ഛമായിരുന്നു. റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും ആനന്ദ് ജോണ്‍ വെളിച്ചം കാണുകയില്ല എന്ന് മലയാളികള്‍ കൊട്ടിഘോഷിച്ചിരുന്ന ആ കാലത്ത് എന്നോടൊപ്പം ഭീകരന്മാരെ പാര്‍പ്പിച്ചിരുന്ന ആ ജയിലില്‍ വന്നിട്ടുള്ള ചുരുക്കം ചില മലയാളികളിലൊരാളാണ് ജോയി പുളിയനാല്‍. റൈക്കേഴ്‌സ് ഐലന്റിലെ ജയില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കറിയാം എത്രമാത്രം കഷ്ടതകള്‍ സഹിച്ചശേഷമാണ് ജയില്‍പുള്ളികളെ സന്ദര്‍ശിക്കാന്‍ സാധിക്കുക എന്നുള്ളത്. വാസ്തവത്തില്‍ ജയില്‍പുള്ളികളെ സന്ദര്‍ശിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാണ് എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് സത്യം തന്നെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തു പോകുന്നു. അക്കാരണത്താല്‍ത്തന്നെ ജോയിച്ചേട്ടനും സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

ആനന്ദ് ജോണിനെ കോടതിയില്‍ ഹാജരാക്കിയിരുന്നപ്പോള്‍ എന്നോടൊപ്പം വരാറുണ്ടായിരുന്ന അപൂര്‍വ്വം ചില വ്യക്തികളാണ് ജോയിച്ചേട്ടനും ഭാര്യ മോളിയും. എത്ര ദിവസങ്ങള്‍ എത്രമാത്രം കഷ്ടതകള്‍ സഹിച്ചാണ് അവര്‍ എന്നോടൊപ്പം കോടതിയില്‍ വന്നിരുന്നതെന്നും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. വാസ്തവത്തില്‍ സാധാരണക്കാര്‍ക്കു മാത്രമേ അത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ സഹിച്ച് കോടതിയിലും, ജയിലിലുമെല്ലാം പോകാനുള്ള സഹിഷ്ണുതയുള്ളു എന്ന കാര്യത്തില്‍ സംശയമില്ല.

ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസ് തീര്‍ന്നപ്പോഴാണ് ഹഡ്‌സണ്‍ റിവറില്‍ ബോട്ട് ആക്‌സിഡന്റില്‍പ്പെട്ട മലയാളി യുവാവിന്റെ പ്രശ്‌നം പൊന്തി വന്നത്. തുടക്കത്തില്‍ ആ മലയാളി യുവാവിനെ രക്ഷിക്കാന്‍ ആരും മുമ്പോട്ടു വരാതിരുന്ന അവസരത്തില്‍ എന്നോടൊപ്പം പല തവണ റോക്‌ലാന്റില്‍ പോകാന്‍ സന്നദ്ധത കാണിച്ച ജോയിച്ചേട്ടന്‍ സാധാരണക്കാരനെങ്കിലും വലിയൊരു മനുഷ്യന്‍ തന്നെ ആയിരുന്നു എന്നു നിസ്സംശയം പറയാം.

അങ്ങിനെ ഇരുന്നപ്പോഴാണ് ശ്രീരാജ് ചന്ദ്രന്‍ എന്ന ചെറുപ്പക്കാരനെ ഒരു സ്പാനിഷ്കാരന്‍ കാറിടിച്ചുകൊലപ്പെടുത്തിയതും ആ ചെറുപ്പക്കാരന്റെ അമ്മയ്ക്കു നീതി ലഭിക്കുന്നതിനു വേണ്ടി ഈ ലേഖകനോടൊപ്പം ശ്രീരാജ് ചന്ദ്രന്റെ ചിത്രമുള്ള ടീഷര്‍ട്ടുമണിഞ്ഞ് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടികോര്‍ട്ടില്‍ ധൈര്യസമേതം പോകാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജോയിച്ചേട്ടന്‍. ടീഷര്‍ട്ടും ധരിച്ച് ചെന്നാല്‍ കോടതിയില്‍ കയറ്റുകയില്ലെന്ന് പല മലയാളി വക്കീലന്മാര്‍ വരെ ഉപദേശം നല്‍കിയ കാര്യം ഞാനിവിടെ ഓര്‍ത്തുപോകുന്നു. പക്ഷേ ആരും തടഞ്ഞതുമില്ല. അമേരിക്കന്‍ ടി.വി. ചാനല്‍ വരെ അന്ന് ടീഷര്‍ട്ടും ധരിച്ചു ചെന്നവരെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ഒരൊറ്റ മലയാളം ചാനലുകാരും അതുപോലുള്ള വാര്‍ത്തകള്‍ ഇടാന്‍ മുമ്പോട്ടു വന്നതുമില്ല.

ഏറ്റവും ഒടുവില്‍ ന്യൂജേഴ്‌സിയില്‍ ചാറ്റിങ്ങിലൂടെ ജയിലിലായ ചെറുപ്പക്കാരനെ വിമുക്തമാക്കാന്‍, ആ ചെറുപ്പക്കാരനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ജോയിച്ചേട്ടനും മോളിയും നിരവധി തവണ, കഷ്ടതകള്‍ സഹിച്ച് എന്നോടൊപ്പം വന്നിട്ടുണ്ട് എന്നുള്ള സത്യം ഞാന്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ അത് ദൈവനീതിക്കു ചേര്‍ന്നല്ല എന്നു ഞാന്‍ കരുതുന്നു.

നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ മുമ്പ് വന്ന അദ്ദേഹം അധികം വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരന്‍ ആയിരുന്നു. അക്കാരണത്താല്‍ത്തന്നെ കുറഞ്ഞ ശമ്പളത്തില്‍ ഒരു കമ്പിനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയി കയറിപ്പറ്റി. തന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം സംരക്ഷിച്ചുവന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കമ്പിനിയില്‍ ലേ ഓഫ് ഉണ്ടായി ജോലിയും നഷ്ടപ്പെട്ടു. ആ സമയത്താണ് അദ്ദേഹത്തിന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടുപിടിക്കുന്നത്.

2 വര്‍ഷം മുന്‍പായിരുന്നു ക്യാന്‍സര്‍ രോഗം കണ്ടുപിടിച്ചത്. അതിന് കീമോതെറാപ്പിയും നല്‍കിയിരുന്നു. ഒരുമാസം മുന്‍പ് വീണ്ടും ഒരു സര്‍ജറി കൂടി നടത്തേണ്ടതായി വന്നു. രണ്ട് ആഴ്ചയോളം ഹോസ്പിറ്റലില്‍ കിടന്നശേഷം ഇപ്പോള്‍ അദ്ദേഹത്തെ യോങ്കേഴ്‌സിലുള്ള സാന്‍ സൂസിറീഹാബ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സര്‍ജറി നാക്കിലായതിനാല്‍ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുകയില്ല എങ്കിലും കൈകാലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും കുഴപ്പമൊന്നുമില്ല.

തന്നെക്കാണാന്‍ സംഘടനക്കാരോ, പള്ളിക്കാരോ, താന്‍ ബന്ധപ്പെട്ടിരുന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പുകാരോ വരാറില്ല എന്നദ്ദേഹം ആംഗ്യം കാണിക്കുകയുണ്ടായി- ചുരുക്കം ചിലരൊഴികെ. സീറോ മലബാര്‍ ചര്‍ച്ചില്‍ എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും സ്ഥിരമായി പൊയ്‌ക്കൊണ്ടിരുന്ന ഒരു വ്യക്തിയാണദ്ദേഹം. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ തുടക്കം മുതല്‍ എല്ലാ പരിപാടികളിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. കൂടാതെ ഫൊക്കാനോ, കാത്തലിക് അസ്സോസിയേഷന്‍, തുടങ്ങിയ പ്രസ്ഥാനങ്ങളിലും.

വാസ്തവത്തില്‍ സംഘനക്കാര്‍ക്കും, പ്രാര്‍ത്ഥനാഗ്രൂപ്പുകാര്‍ക്കും, പള്ളിക്കാര്‍ക്കുമെല്ലാം ഇത്തരത്തിലുള്ളവരെ സന്ദര്‍ശിക്കാനും ആശ്വാസവാക്കുകള്‍ പറയാനും ഉള്ള ഒരു കടമയില്ലേ? ആരെങ്കിലും സന്ദര്‍ശിക്കാന്‍ വരുന്നതും, കുശലം പറയുന്നതുമെല്ലാം തനിക്ക് ആശ്വാസദായകമാണെന്ന് അദ്ദേഹം ആംഗ്യം കൊണ്ട് പറയുകയുണ്ടായി. രോഗികളായിക്കഴിയുമ്പോള്‍ പലര്‍ക്കും ആള്‍ക്കാര്‍ വരുന്നത് ഇഷ്ടമല്ല. എന്നാല്‍ ജോയിച്ചേട്ടന്‍ ആള്‍ക്കാരെ കാണാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഒന്നും മറയ്ക്കാനില്ല. ആള്‍ക്കാര്‍ സന്ദര്‍ശിക്കാന്‍ വരുന്നില്ലെങ്കില്‍ ഞാന്‍ ഒരു ചെറിയ വാര്‍ത്ത എഴുതി ഇടുന്നതില്‍ വിരോധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതില്‍ വളരെ സന്തോഷമേയുള്ളൂ എന്ന് അദ്ദേഹം സമ്മതം മൂളി.

വാസ്തവത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കിടക്കുന്നയാള്‍ക്ക് വിഷമമുണ്ടായെങ്കിലോ എന്നു കരുതിയാവാം പലരും അറിഞ്ഞിട്ടും പോകാതിരിക്കുന്നത് എന്നനുമാനിക്കാം. ഇത്തക്കാരെ സംഘടനകള്‍ സഹായിക്കേണ്ടതല്ലേ? ഇന്നും വാടകവീട്ടിലാണദ്ദേഹം കിടക്കുന്നത്.

യേശുക്രിസ്തു പറഞ്ഞിരിക്കുന്നതുപോലെ രോഗികളെ സന്ദര്‍ശിച്ചാല്‍, ആശ്വസിപ്പിച്ചാല്‍ അത് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള എളുപ്പവഴികൂടിയാണ്. സാധിക്കുന്നവര്‍ അദ്ദേഹത്തെ പോയി കാണുക. ആശ്വാസവാക്കുകള്‍ പറയുക.

അഡ്രസ്സ്: പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്, റൂം നമ്പര്‍ 109-സാന്‍സൂസി റീ ഹാബ് സെന്റര്‍
ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍ (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക