Image

ഈ ധീരതയ്ക്ക് ആയിരം സല്യൂട്ട് !(ലൗഡ് സ്പീക്കര്‍ 36: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 11 June, 2018
ഈ ധീരതയ്ക്ക് ആയിരം സല്യൂട്ട് !(ലൗഡ് സ്പീക്കര്‍ 36: ജോര്‍ജ് തുമ്പയില്‍)
എത്രയോ ധീര വാര്‍ത്തകള്‍ നാം കേട്ടിരിക്കുന്നു. എന്നാല്‍, ഏകദേശം ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇദ്ദേഹം കാട്ടിയ ധീരതയ്ക്കു പകരമാവില്ല മറ്റൊന്നും. അതിനെ മാനിക്കാതെ വയ്യ. നായകനാവട്ടെ പൈലറ്റും. വിമാനത്തിലെ കോക്പിറ്റിന്റെ ചില്ല് തകര്‍ന്നു തരിപ്പണമായി. ആ വിടവിലൂടെ കോക്ക്പിറ്റിലെ മുഴുവന്‍ സാധനങ്ങളും പറന്നു പോയി. ഒപ്പമുണ്ടായിരുന്ന പൈലറ്റു പോലും പുറത്തേക്ക് തെറിച്ചു. അതിനിടയ്ക്ക് ഓട്ടോ പൈലറ്റ് സംവിധാനവും നിലച്ചു. വിമാനം ആടിയുലയാന്‍ തുടങ്ങി. യാത്രക്കാരുടെ നിലവിളിയിലും ധൈര്യം കൈവെടിയാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാന്‍ജിയാനാണ് ഇപ്പോള്‍  താരം. ചോങ്കിംഗില്‍നിന്നു ലാസയിലേക്കു പുറപ്പെട്ട സിചുവാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ319 വിമാനമാണ് ദുരന്തത്തില്‍ പെട്ടത്. 119 യാത്രക്കാരടക്കം 128 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 900 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുമ്പോഴാണ് കോക്പിറ്റിന്റെ മുന്നിലെ ജനാലച്ചില്ല് തകര്‍ന്നു വീണത്. മുഖത്തടിച്ച ശക്തമായ കാറ്റും കൊടും തണുപ്പും അവഗണിച്ച് പരിക്കേറ്റ പൈലറ്റ് ലിയു വിമാനം ഇരുപതു മിനിറ്റിനകം ചെംഗ്ഡു വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. മുഖത്ത് മുറിവേല്‍ക്കുകയും നടുവിനു പരിക്കേല്‍ക്കുകയും ചെയ്ത ലിയുവിനെ ആശുപത്രിയിലാക്കി. സുഖം പ്രാപിച്ചു വരുന്ന ലിയുവിനെ തേടി ആശംസ പ്രവാഹമാണ്. യാത്രക്കാരില്‍ പലര്‍ക്കും മരണത്തിന്റെ വായില്‍ നിന്നും രക്ഷപ്പെട്ട് എത്തിയതിന്റെ തീവ്രത മാറിയിട്ടില്ല. വിമാനയാത്രകള്‍ ഇത്തരത്തില്‍ തീവ്രാനുഭവങ്ങള്‍ പലര്‍ക്കും പ്രദാനം ചെയ്യാറുണ്ട്. അപ്പോഴാണ്, ഒരു പൈലറ്റിന്റെ മൂല്യം നാം തിരിച്ചറിയുന്നത്.

************ ************ ************ ************ ************

ഇനി മറ്റൊരു വിമാന വാര്‍ത്ത. ടര്‍ക്കിയിലെ ഇസ്താംബുള്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്താവളത്തിനുള്ളില്‍ കിടന്ന വിമാനത്തില്‍ ടേക്കോഫ് ചെയ്യുന്ന മറ്റൊരു വിമാനം ഇടിക്കുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. ഇടിച്ച വിമാനത്തില്‍ നിന്നും ഞൊടിയിട അഗ്നിസ്ഫുലിംഗങ്ങള്‍ ഉയരുന്നത്  വിഷ്വലുകളില്‍ പ്രകടം. ഇസ്താംബുള്‍ അടാതുര്‍ക്ക് വിമാനത്താവളത്തിനുള്ളിലാണ് ഇരുന്നൂറു യാത്രക്കാരുമായി നീങ്ങിയ ഏഷ്യാനാ പ്ലെയിന്‍ അപകടത്തില്‍ പെട്ടത്. ഇടികൊണ്ടത്, ടര്‍ക്കി എയര്‍ലൈന്‍ എയര്‍ക്രാഫ്റ്റിനും. എന്താണ് സംഭവിച്ചതെന്ന് ആദ്യം പലര്‍ക്കും പിടി കിട്ടിയില്ല. ഏഷ്യാനാ പ്ലെയിനിന്റെ വലതു വശത്തെ ചിറക് ടര്‍ക്കി എയര്‍ലൈനിന്റെ പിന്നിലാണ് ഇടിച്ചത്. യാത്രക്കാര്‍ക്ക് ഒന്നും പരിക്കേറ്റില്ല. എന്നാല്‍ വിമാനങ്ങള്‍ക്കു കാര്യമായ കേടുപാട് ഉണ്ടായിട്ടുണ്ട്. ടേക്ക് ഓഫിനു തയ്യാറായ പ്ലേയിന്റെ വഴിയില്‍ ഇടി കൊണ്ട വിമാനത്തിനു പാര്‍ക്കിങ് നിര്‍ദ്ദേശിച്ചത് ആരാണെന്നു വ്യക്തമായിട്ടില്ല. എയര്‍ ട്രാഫിക്ക് സ്റ്റേഷനില്‍ ഇക്കാര്യം റിക്കോര്‍ഡ് ചെയ്തിട്ടുമില്ല. അപ്പോള്‍ പിന്നെ, സംഭവിച്ചത് ഗുരുതരമായ പിഴവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇസ്താംബുളില്‍ നിരവധി വിമാനങ്ങളാണ് നിത്യേന ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വിമാനത്താവളം അടച്ചിടേണ്ടിയും വന്നു. വിമാനത്താവളത്തിനുള്ളില്‍ ഇത്തരം കൂട്ടിയിടി അസാധാരണമാണ്. അതു തന്നെയാണ്, സംഭവത്തെ ലോകമെങ്ങും എത്തിച്ചതും.

************ ************ ************ ************ ************
കാമുകനും കാമുകിയും തമ്മില്‍ സൗന്ദര്യപ്പിണക്കം. ഒടുവില്‍ ബാറില്‍ വച്ച് അടിച്ചു പിരിഞ്ഞ്, പിരിയാന്‍ തീരുമാനിച്ചു. കാമുകന്‍ നഷ്ടപരിഹാരമായി റെഡി മണിയായി നല്‍കിയതു രണ്ടു മില്യണ്‍ യുവാന്‍ (3,13,509 അമേരിക്കന്‍ ഡോളര്‍). എന്നാല്‍ ഈ തുക കുറഞ്ഞു പോയെന്നായിരുന്നു കാമുകിയുടെ ഡിമാന്റ. ചൈനയിലെ ഹാംഗ്‌സ്ഹു സിറ്റിയിലാണ് ഈ പ്രണയസംഭവം നടന്നത്. പണം നല്‍കിയ ഉടനെ കാമുകന്‍ കടന്നു കളഞ്ഞു. പണം പോരെന്നു കണ്ട് കാമുകിയും പെട്ടി ഉപേക്ഷിച്ചു. പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു. ആരോ മറന്നു വെച്ച പെട്ടിയാകുമെന്നാണ് ഇയാള്‍ കരുതിയത്. പെട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതിനിടയിലാണ് പെട്ടി തുറുന്നു പോയതും പണം നിലത്തായതും. അതോടെ, സംഭവം പോലീസില്‍ എത്തി. സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്നാണ് പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തിയത്. കാമുകിക്ക് പണം നല്‍കി താന്‍ പോയെന്നും, അവര്‍ക്ക് പത്തു മില്യണ്‍ ആണ് നഷ്ടപരിഹാരമായി വേണ്ടതെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ പെട്ടി നല്‍കിയതെന്നുമായിരുന്നു ഐടി ഉദ്യോഗസ്ഥനായ യുവാവിന്റെ വാദം. ഒടുവില്‍ പെട്ടിയിലെ പണം തിരിച്ചു നല്‍കാന്‍ പോലീസ് തയ്യാറായി. എന്നാല്‍, കാമുകിയാവട്ടെ, പോലീസില്‍ എത്തുകയോ, പ്രതികരിക്കുകയോ ഉണ്ടായില്ല. പത്തു മില്യണ്‍ യുവാന്‍ നഷ്ടപരിഹാരം ചോദിച്ച ആ യുവതിയെ ഒന്നു കാണാന്‍ പോലീസും കാത്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതാണ് ന്യൂജെന്‍ പ്രണയത്തിന്റെ സാക്ഷ്യപത്രം. പണത്തിനു വേണ്ടി സ്‌നേഹത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറാകുന്നവര്‍ സ്വന്തം ഹൃദയത്തെ പോലും വിശ്വസിക്കുന്നില്ലെന്നു വേണം കരുതാന്‍. ഈ  സംഭവം ഇതിന് അടിവരയിടുകയും ചെയ്യുന്നു.

ഈ ധീരതയ്ക്ക് ആയിരം സല്യൂട്ട് !(ലൗഡ് സ്പീക്കര്‍ 36: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക