Image

ശ്രീകുമാര്‍ ഉണ്ണിത്താന്‍ :ഫൊക്കാനയുടെ മാധ്യമ മുഖം

അനില്‍ പെണ്ണുക്കര Published on 10 June, 2018
ശ്രീകുമാര്‍ ഉണ്ണിത്താന്‍ :ഫൊക്കാനയുടെ മാധ്യമ മുഖം
അമേരിക്കയില്‍ എത്തിയില്ലായിരുന്നു എങ്കില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരന്‍, അല്ലങ്കില്‍ ഒരു സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയിലേക്ക് വളരുമായിരുന്നു .പക്ഷെ യാദൃച്ഛികത അദ്ദേഹത്തെ അമേരിക്കന്‍ മണ്ണില്‍ എത്തിച്ചു . ഇന്ന് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മാധ്യമ മുഖമായി മാറുകയും സംഘടനയുടെ നിരവധി പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്നു . അടുത്ത ഫൊക്കാന കമ്മിറ്റിയില്‍ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്യുന്നു . ഏല്‍പ്പിക്കുന്ന ജോലി ഏതു സംഘടനയില്‍ ആണെങ്കിലും കൃത്യമായും സൂക്ഷ്മമായും, ഭംഗിയായതും നിര്‍വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം . അതുകൊണ്ടു തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കുകയും അംഗീകരിക്കുകയും ചെയുന്നു. തന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇ-മലയാളിയോട് സംസാരിക്കുന്നു.

ചോദ്യം : ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമാന്തരമായി മാധ്യമ പ്രവര്‍ത്തനത്തിലും സജീവമാണല്ലോ. ഫൊക്കാനായുടെ പി.ആര്‍ ഒ ആയി കര്‍മ്മനിരതനാണല്ലോ. ഈ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ക്രമീകരിക്കുന്നത്?

ഉത്തരം: ഫൊക്കാനയുടെ റീജിയണല്‍ പ്രസിഡന്റ്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം , മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഫൊക്കാനയുടെ പി.ആര്‍.ഒ ജോലിയൊക്കെ ഞാന്‍ വളരെ സീരിയസായിത്തന്നെ നോക്കി കാണ്‍കയും അവയോട് നൂറു ശതമാനം നീതി പുലര്‍ത്തി ചെയ്യുവാനും ശ്രമിക്കുന്നുണ്ട്. ജോലിത്തിരക്കിനിടയില്‍ ആണ് മിക്കവാറും എല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളിലും മുഴുകുക. ഞാനും അതില്‍ നിന്നും വ്യത്യസ്ത നല്ല. നമ്മെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ജോലി അതേ വിശ്വാസത്തോടെ ഭംഗിയായി ചെയ്യുന്നു.  അതിന് ഞാന്‍ ഉള്‍പ്പെടുന്ന സാംസ്കാരിക സമൂഹത്തിന്റെ അംഗീകാരവും ലഭിക്കുന്നുണ്ട്. അതില്‍ വലിയ സന്തോഷവും ഉണ്ട്. ഫൊക്കാന ആയാലും, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനമായാലും അയ്യപ്പ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആയാലും ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. കേരളം വിട്ട് നമ്മള്‍ മറ്റൊരു സ്ഥലത്ത് പ്രവാസി ആകമ്പോള്‍ നടക്കുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ ഒരു തലമാണ് ഉള്ളത്. കുറേക്കൂടി ഉത്തരവാദിത്വം പ്രവാസ ജീവിതത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കാണ് . അതിനു കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ആളുകള്‍ കുറവാണ് എന്നതാണ്. കുറച്ച് വ്യക്തികളുടെ കഠിന പ്രയത്‌നമാണ് പ്രവാസ മേഖലകളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്നത്.

ചോദ്യം: പക്ഷേ പദവികള്‍ക്കു വേണ്ടി പലരും നെട്ടോട്ടമോടു
ന്നുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫൊക്കാനയുടെ അടുത്ത കമ്മറ്റിയിലേക്ക് നിരവധി ആളുകള്‍ മത്സര രംഗത്ത് ഉണ്ടല്ലോ. നിരവധി പുതുമുഖങ്ങളും ഉണ്ടല്ലോ. ഇതൊക്കെ അധികാരത്തിനു വേണ്ടിയുള്ള ഓട്ടമായി തോന്നിയിട്ടുണ്ടോ?

ഉത്തരം: എന്ത് അധികാരം, അതൊന്നും അത്ര പ്രശ്‌നമായോ , അല്ലങ്കില്‍ അധികാരക്കൊതി അയോ എനിക്ക് തോന്നിയിട്ടില്ല. നാട്ടിലെ രാഷ്ട്രീയക്കളികള്‍ ഇവിടെ ഇല്ല. അധികാരത്തില്‍ വരുന്നതു വരെയുള്ള മത്സരങ്ങളേ ഇവിടെ ഉള്ളു. പിന്നീട് സംഘടനയ്ക്ക് വേണ്ടി എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കും. അതില്‍ വ്യക്തി വൈരാഗ്യമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. ഒരേ മനസോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം.

ചോദ്യം: ഫൊക്കാനയുടെ നിരവധി പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതത്തോട് ചേര്‍ന്ന് നിന്ന് നടപ്പില്‍ വരുത്തിയിട്ടുണ്ടല്ലോ. കേരളത്തില്‍ ഒരു പക്ഷേ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കടുതല്‍ ജനോപകാര പദ്ധതികള്‍ ഫൊക്കാനയാണ് നടത്തിയിട്ടുള്ളത്. ആരോഗ്യമേഖല, ഭാഷാ വികസനം, ഭവന പദ്ധതികള്‍ തുടങ്ങി നിരവധി ജീവകാരുണാ പ്രവര്‍ത്തനങ്ങള്‍  ഫൊക്കാനയുടേതായി ജനഹൃദയങ്ങളില്‍ ഉണ്ട്.  ഇവയെക്കുറിചെല്ലാം താങ്കളുടെ വിലയിരുത്തലുകള്‍ എന്താണ്?

ഉത്തരം: ഞാന്‍ ഫൊക്കാനയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണ്. ഫൊക്കാനയുടെ മുന്‍കാലങ്ങളിലുള്ള സഹായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ഒരു സംഘടനയ്ക്കം വലിയ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ സാധാകാത്ത സാഹചര്യം ഇന്ന് കേരളത്തില്‍ നിലവിലുണ്ട്. അതിന് പ്രധാന കാരണം സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ആണ്. അത് എല്ലാ സംഘടനകളേയും ബാധിച്ചിട്ടുണ്ട്. പക്ഷേ ഫൊക്കാനാ അതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഒരു അമാന്തവും വരുത്തിയിട്ടില്ല. ഇപ്പോളത്തെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറോളം വീടുകള്‍ കേരളത്തില്‍ വീട് ഇല്ലാത്ത നിര്‍ധനര്‍ക്കായി നിര്‍മ്മിച്ചു നല്‍കി. ഫൊക്കാന കമ്മറ്റി അംഗങ്ങള്‍ മുന്‍കൈ എടുത്താണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് നടപ്പാലാക്കിയത്. ഭാഷയ്‌ക്കൊരു ഡോളര്‍ ഫൊക്കാനയുടെ പ്രസ്റ്റീജ് പ്രോജക്ടുകളില്‍ ഒന്നാണ്. അവ ഒരു മുടക്കവും കൂടാതെ ഭംഗിയായി നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചത് ഫൊക്കാനയുടെ വിജയമായിട്ടാണ് ഞാന്‍ കാണുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഫൊക്കാന അതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ഭംഗവും വരുത്തിയിട്ടില്ല. തുടര്‍ന്നും ഇത് തുടരുവാനും ജനഹൃദയങ്ങളില്‍ സ്ഥാനം നേടുവാനും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

ചോദ്യം: ഫൊക്കാനയുടെ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉണ്ടോ.?

ഉത്തരം: ഇല്ല. ഇപ്പോള്‍ രണ്ട് പാനല്‍ മത്സരിക്കുന്നു. അതില്‍ മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലില്‍ ആണ് ഞാന്‍ മത്സരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ ആശയപരമായ തര്‍ക്കങ്ങളൊന്നും ഇപ്പോള്‍ ഇല്ല രണ്ട് പാനല്‍ അവരുടേതായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മുന്നോട്ട് പോകണം. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാവരും ഒരേ മനസോടെ ഫൊക്കാനയ്ക്ക് കീഴില്‍ നിലകൊള്ളും. സംഘടനയാണ് എനിക്ക് വലുത്. വ്യക്തികള്‍ അല്ല. അത്തരം ഏകീകരണത്തോട് എനിക്ക് യോജിപ്പില്ല.

ചോദ്യം: മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറുപ്പക്കാരുടെ ഒരു നിര ഫൊക്കാനയിലേക്ക് കടന്നു വന്നിട്ടുണ്ട്. യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്.

ഉത്തരം: ഫൊക്കായുടെ പ്രവര്‍ത്തനങ്ങളോട് അമേരിക്കന്‍ മലയാളി യുവതലമുറ വളരെ അനഭാവപൂര്‍ണ്ണമായ സഹകരണമാണ് നല്‍കി പോന്നിട്ടുള്ളത്. ഇത്തവണ ചെറുപ്പക്കാരുടെ ഒരു ഒഴുക്ക് സംഘടനയിലേക്ക് ഉണ്ടായിട്ടുണ്ട്. അത് ഫൊക്കാനയുടെ വളര്‍ച്ചയുടെ മൂന്നാം ഘട്ടമായി ഞാന്‍ കാണുന്നു.പുതിയ തലമുറ ഫൊക്കാനയെ സ്വീകരിക്കുന്നതില്‍, അതിന് പങ്കാളി ആയതില്‍ സന്തോഷമുണ്ട്. യുവതയെ ആകര്‍ഷിക്കുക മാത്രമല്ല, അമേരിക്കയിലെ മൂന്നാം തലമുറയിലെ സാംസ്കാരിക ബോധത്തിനും അവരുടെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിനു വരെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. ഫൊക്കാന രൂപീകരിക്കപ്പെട്ടതു തന്നെ ഇത്തരം ഒരു ആശയത്തിനു കൂടി ആണ്. അത് സജീവമായി തുടരുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ട്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഏറ്റവും വേണ്ടപ്പെട്ട മുഖമാണ്. നിരവധി ഉത്തരവാദിത്വങ്ങള്‍ ആണ് ഫൊക്കാനാ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത് . ഫൊക്കാനയുടെ ന്യൂ യോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് , ഫൊക്കാനാ പി ആര്‍ ഓ എന്നീ രണ്ടു പദവികളും അദ്ദേഹത്തില്‍ ഇപ്പോഴും ഭദ്രം. കൂടാതെ ന്യൂ യോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സംഘാടകനായും മികച്ച സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം .ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . ഫൊക്കാനയുടെ വാര്‍ത്തകള്‍ കൃത്യസമയത്തു എല്ലാ മലയാള മാധ്യമങ്ങള്‍ക്കും കൃത്യമായി എത്തിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഫൊക്കാനയുടെയും ഫൊക്കാനാ പ്രവര്‍ത്തകരുടെയും മനസറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനറിയാം. ഒരു മികച്ച പത്രപ്രവര്ത്തകന് വേണ്ട കയ്യടക്കം അദ്ദേഹത്തിന്റെ ഓരോ വാര്‍ത്തയിലും നമുക്ക് കാണാം .

ഇരുപതു വര്‍ഷമായി ന്യൂ യോര്‍ക്കിലെ നിറ സാന്നിധ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം നടത്തിയ ചിട്ടയോടു കൂടിയ എല്ലാ പരിപാടികളും ന്യൂയോര്‍ക്ക് മലയാളികളുടെ കണ്ണിനും കാതിനും സന്തോഷം പകരുന്നതായിരുന്നു.

സാംസ്കാരിക സംഘടന രംഗത്തു പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ് .കെ എച് എന്‍ എ യുടെ ജോ: ട്രഷറര്‍ , വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994 ല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലൈന്‍സിലാണ് താമസം . വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന്‍ കൂടിയാണ് . ഭാര്യ ഉഷ ഉണ്ണിത്താന്‍ , മക്കള്‍ ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍ .
ശ്രീകുമാര്‍ ഉണ്ണിത്താന്‍ :ഫൊക്കാനയുടെ മാധ്യമ മുഖം
Join WhatsApp News
Wise Man 2018-06-10 21:37:02
 നിങ്ങൾക്ക് പെട്ടെന്ന് ഈ മലയാളിയിൽ പ്രസിദ്ധനാകാൻ ട്രംപിനെ പൊക്കിപിടിച്ചെഴുതുക .  പിന്നത്തെ കാര്യം ട്രംപിനെ എതിർക്കുന്നവർ നോക്കിക്കൊള്ളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക