Image

കല കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസുകള്‍ ജൂണ്‍ രണ്ടാം വാരം

Published on 08 June, 2018
കല കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസുകള്‍ ജൂണ്‍ രണ്ടാം വാരം

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്‌കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കും. 

കഴിഞ്ഞ 28 വര്‍ഷമായി ഫ്‌ളാറ്റുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് കല നടത്തി വന്നിരുന്ന സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഇന്നു പുതിയ മാനം കൈ വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ചേര്‍ന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

“എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് നാടുകളിലെല്ലാം സജീവമായിട്ടുണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആന്പല്‍, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്‌സുകളാണ് മലയാളം മിഷന്‍ നടത്തുന്നത്. നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസു തത്തുല്യ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാന്‍ മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്ററിനു സാധിച്ചു. മാതൃഭാഷാ പഠന ക്ലാസുകളില്‍ പുതിയതായി ചേരുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കണിക്കൊന്നയിലേക്കും കണിക്കൊന്ന പരീക്ഷ വിജയകരമായി പൂര്‍ത്തികരിച്ചവര്‍ക്കായി സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലേക്കും രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു സുവര്‍ണാവസരമാണിത്. നാട്ടില്‍ വിദ്യാഭ്യാസം തുടരേണ്ടി വരുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സജീവ് എം. ജോര്‍ജ് ജനറല്‍ കണ്‍വീനറും ഷാജു വി.ഹനീഫ് കണ്‍വീനറുമായുള്ള സമിതിയാണ് മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 4 മേഖലകളിലും മേഖലാ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. അനീഷ് കല്ലുങ്കല്‍ (അബാസിയ), മണിക്കുട്ടന്‍ (അബുഹലീഫ), സജീവ് എബ്രഹാം (ഫഹാഹീല്‍), ജോര്‍ജ് തൈമ്മണ്ണില്‍ (സാല്‍മിയ) എന്നിവരാണ് മേഖലാ കണ്‍വീനര്‍മാര്‍.

പഠന പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കല കുവൈറ്റ് വെബ്‌സൈറ്റായ ംംം.സമഹമസൗംമശേ.രീാ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ള അധ്യാപകരും രക്ഷിതാക്കളും താഴെപറയുന്ന നന്പറുകളില്‍ ബന്ധപ്പെടുക.

അബാസിയ 69330304, 5029 2779, 24317875, അബുഹലീഫ 5135 8822, 6008 4602, ഫഹഹീല്‍ 6509 2366, 9734 1639, സാല്‍മിയ 6673 6369, 6628 4396.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക