Image

ഫൊക്കാനയുടെ തീം സോങ്ങുമായി ശബരി

അനില്‍ പെണ്ണുക്കര Published on 08 June, 2018
ഫൊക്കാനയുടെ തീം സോങ്ങുമായി ശബരി
അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും മുഖമുദ്രയായ കൂട്ടായ്മ ഫൊക്കാനയുടെ തീം സോങ് പുറത്തിറങ്ങി.

ചരിത്രപ്രാധാന്യമുള്ള നിരവധി നാടകങ്ങളും ടെലിഫിലിമുകളും സംവിധാനം ചെയ്ത മലയാളികളുടെ പ്രിയഗായകന്‍ ശബരിനാഥ് നായരാണ് തീം സോങ് സംവിധാനം ചെയ്തിരിക്കുന്നത്.

'മറുനാട്ടിലെ മണ്ണില്‍ വന്നു മലയാളികള്‍ ഒന്നായി ചേര്‍ന്ന് മനസിന്റെ ഐക്യമിതാണ് ഫൊക്കാന' എന്ന് തുടങ്ങുന്ന ഫൊക്കാനയുടെ തീം സോങ്ങിന് ഇന്ന് മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ളവര്‍ പോലും താളം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഓണവും പെരുന്നാളും വിഷുവും ആഘോഷിച്ചു പെരിയാറിന്റെ വിശുദ്ധിയില്‍ വള്ളംകളിയുടെ ആരവത്തില്‍ വരിനെല്ലിന്‍ കതിരും കടല്‍ക്കരകളും പറയുന്ന മലയാളികളുടെ വേറിട്ട സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഫൊക്കാനയുടെ തീം സോങ്.

തീം സോങ് ഇത്രയധികം ആകര്‍ഷണീയമായതിനു പിന്നില്‍ ശബരിനാഥ് എന്ന സംവിധായകന്റെ പ്രയത്‌നം ഒന്നുതന്നെയാണ്. 2008 മുതല്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും പിന്തുണക്കുകയും ചെയ്ത വ്യക്തിയാണ് ശബരിനാഥ്. ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ ഫൊക്കാനയുടെ പല പരിപാടികളും മികച്ച രീതിയില്‍ അവതരിപ്പിക്കാനും സ്‌നേഹവും സത്യസന്ധതയും മുതല്‍കൂട്ടാക്കി തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശബരി മറന്നില്ല.

സ്വപ്നങ്ങളെ കാവല്‍, ബിങ്കോ, ഐ ലവ് യു, എന്നീ ടെലിഫിലിമുകളും മാര്‍ത്താണ്ഡവര്‍മ്മ, ഭഗീരഥന്‍, വിശുദ്ധന്‍, സ്വാമി അയ്യപ്പന്‍ എന്നീ പ്രൊഫഷണല്‍ നാടകങ്ങളും ശബരിയുടെ കൈയൊപ്പാണ്. ഇന്ന് മലയാളികള്‍ നെഞ്ചിലേറ്റിയ തീം സോങ് ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി വിജയിപ്പിക്കാനും ശബരിക്ക് കഴിഞ്ഞിട്ടുണ്ട്.

ഫൊക്കാനയുടെ ആരംഭകാല പ്രവത്തകനായ ശ്രീ മുല്ലശ്ശേരി മുകുന്ദന്റെ മകനായ ശബരിക്ക് അച്ഛന്റെ കര്‍ത്തവ്യ ബോധവും നിസ്സ്വാര്‍ത്ഥ മനോഭാവവും എന്നും കൂട്ടായി ഉണ്ടായിരുന്നു.

നന്നേ ചെറുപ്പത്തില്‍ തന്നെ പ്രശംസകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ഈ അനുഗ്രഹീത കലാകാരന് മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതമില്ല. ഇന്ന് ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഫൊക്കാനയുടെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണ് ശബരിനാഥ്.
ഫൊക്കാനയുടെ തീം സോങ്ങുമായി ശബരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക