Image

നേര്‍ കാഴ്ച്ചകള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 06 June, 2018
നേര്‍ കാഴ്ച്ചകള്‍ (കവിത: മഞ്ജുള ശിവദാസ്)
ഹൃത്തടമാലിന്ന്യമൊന്നു മറയ്ക്കുവാന്‍
കൃത്രിമച്ചിരിയാല്‍ മുഖം വിടര്‍ത്തി.
അന്തരം ശുദ്ധമെന്നന്യരെ ബോധ്യപ്പെടുത്തും
വിധത്തില്‍ പ്രകടനങ്ങള്‍.

മൊഴിയഴകിലലിയിച്ചൊഴുക്കുന്ന കരുണയില്‍
നാമൊന്നു തെറ്റിദ്ധരിച്ചുപോകാം.
നന്മകള്‍ക്കാലയമാകും മനസ്സുള്ള
സദ്ഗുണസമ്പന്നരാകുമെന്ന്.

വാക്കില്‍ കിനിഞ്ഞിറങ്ങീടുന്ന സ്‌നേഹത്തിന്‍
മായമറിയാത്ത നമ്മിലപ്പോള്‍
ഭാവിതന്‍ ഭാഗ്യത്തെയോര്‍ത്തുകൊണ്ടെന്നപോല്‍
സന്തോഷപ്പെയ്ത്തു തുടങ്ങിയേക്കാം.

കരുണമണക്കുന്ന വാക്കിലൊളിച്ചു
വച്ചസ്ത്രങ്ങളേറ്റു മുറിപ്പെടുമ്പോള്‍,
നമ്മില്‍ പ്രതീക്ഷയായ് പെയ്തിടും
സന്തോഷവര്‍ഷവും വൈകാതെ തോര്‍ന്നുപോകാം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക