Image

തീരത്തടുക്കാതെ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 06 June, 2018
തീരത്തടുക്കാതെ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
തവജീവിതത്തിലിരുള്‍മഷി പടര്‍ന്നതിന്‍ നൊമ്പരം
നീയെനിക്കെന്നും പാതിവായിച്ച പുസ്തകം
വാക്കെറിഞ്ഞിടയ്ക്കിടെ വീഴ്ത്തുന്ന ചിന്തപോല്‍
വാഴ്ത്തുന്നൊടുവില്‍ പലര്‍ നിന്റെ നന്മകം.

ഇടനെഞ്ചില്‍ ചേര്‍ത്തുനിര്‍ത്തീടുന്ന സ്മരണകള്‍
തുടിക്കുന്നിടയ്ക്കിടെയെങ്കിലും ചില നരര്‍
മറക്കുന്നതെന്തുനിന്നൊടുങ്ങാത്ത കവിതപോല്‍
തപംചെയ്‌തെഴുതിയോ,രാമിഴിത്തുളളികള്‍.

നിനക്കുനേര്‍ക്കെയ്‌തെത്രയൊളിയമ്പുകള്‍ഖലര്‍
തുടച്ചുനീക്കാ,നുറച്ചെന്നപോല്‍ നിന്നവര്‍
വിറച്ചു: നിന്‍ മനഃശ്ശക്തിക്കനല്‍മിഴികള്‍ കണ്ടവര്‍
സ്മരിപ്പതേനിന്നുനിന്നൂര്‍ജ്ജത്തുടിപ്പുകള്‍.

കവിതയില്‍ വിരഹാര്‍ദ്രകാലങ്ങള്‍ പെരുകയാല്‍
കനല്‍വഴികളില്‍ ചിതറിവീണ,നിന്നാശകള്‍
തിരഞ്ഞുഞാനൊരുപാടലഞ്ഞതാണോര്‍മ്മയില്‍
നിറഞ്ഞന്നിമകളില്‍ ചുടുനിണത്തുളളികള്‍.

പിന്‍തിരിഞ്ഞെങ്ങോമറഞ്ഞ പൊന്‍പുലരിപോല്‍
വഴിപിരിഞ്ഞകലേയ്ക്കകന്നുനീ,യെങ്കിലും;
അനുതാപമാണിതെന്‍ സ്മരണതന്‍ നയനനീര്‍
തിരകളായറിയാതുയരുമെന്‍കവിതയില്‍!!

*പ്രിയ കവി ശ്രീ. ഡി. വിനയചന്ദ്രന്‍ മാഷിനെ സ്മരിച്ചുകൊണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക