Image

പന്മന മലയാളം (മനോജ് മനയില്‍)

Published on 05 June, 2018
പന്മന മലയാളം (മനോജ് മനയില്‍)
രണ്ടായിരത്തിനാലില്‍ അമൃത ടിവി സംപ്രേഷണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ വഴുതക്കാട് ഓഫീസില്‍ പ്രോഗ്രാം ഡയരക്ടര്‍ ശ്രീ ശ്യാമപ്രസാദിന് ഒരു കത്തുവന്നു. അതുവരെ സംപ്രേഷണം ചെയ്ത പ്രോഗ്രാമിലും ന്യൂസിലുമായി സംഭവിച്ച തെറ്റുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കുനുകുനാ മലയാളത്തിലെഴുതിയതായിരുന്നു കത്ത്. ശ്യാമപ്രസാദ് ആ കത്ത് എനിക്കു തന്നു. ഞാന്‍ നോക്കിയപ്പോള്‍ കത്തിന്റെ അടിയില്‍ പന്മന രാമചന്ദ്രന്‍ നായര്‍, വഴുതക്കാട് എന്നെഴുതി ഒപ്പിട്ടിരിക്കുന്നു. ഇതുകണ്ട് അദ്ഭുതംകൂറി, പന്മനയുടെ വീട് വഴുതക്കാടാണോ എന്നു ചോദിച്ച

മറ്റൊന്നും പറയാതെ ശ്യാമപ്രസാദ് തന്റെ മുറിയുടെ ജനാലയ്ക്കരികില്‍ വന്നുനിന്ന് ചുണ്ടിക്കാണിച്ചു പറഞ്ഞു, അതാണ് പന്മനയുടെ വീടെന്ന്. വഴുതക്കാട്ടെ അമൃത ചാനലിന്റെ ഉമ്മറത്തോട് തൊട്ടുള്ള വീട്ടിലായിരുന്നു പിശകില്ലാത്ത ആ മലയാളമഹാമതി താമസിച്ചിരുന്നത് എന്ന് എന്നെ അദ്ഭുതപ്പെടുത്തി.

കത്ത് എനിയ്ക്കു തന്നതിനു ശ്യാമപ്രസാദിനു മറ്റൊരുദ്ദേശ്യവുമുണ്ടായിരുന്നു. ഞാന്‍ പന്മനയെ ചെന്നുകണ്ട് ആ എഴുത്തിനു കൃതജ്ഞത അറിയിക്കണം. ഭാവിയില്‍ ഈ തെറ്റുകള്‍ തിരുത്തുകയും തെറ്റുകള്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ചെയ്യാമെന്ന് അദ്ദേഹത്തിന് ഉറപ്പുകൊടുക്കണം. ആ ജോലി ശരിക്കും എനിക്കിഷ്ടപ്പെട്ടു. അതുവരെ രാമചന്ദ്രന്‍ സാറിനെ ഞാന്‍ പരിചയപ്പെട്ടിരുന്നില്ല. ഏതായാലും ഇത്രയും അടുത്തുണ്ടായിട്ടും അതുവരെ സാറിന്റെ താമസം അറിയാതെ പോയല്ലോ എന്നു ഞാന്‍ വിചാരിച്ചു.

പിറ്റേന്നുതന്നെ ഞാന്‍ സാറിന്റെ വീട്ടില്‍ച്ചെന്നു കാണുകയും കത്തുകിട്ടിയെന്നും അതിനെക്കുറിച്ചു സംസാരിക്കാന്‍ വന്നതാണെന്നും അറിയിച്ചു. മലയാള ടെലിവിഷന്‍ ചാനലുകള്‍ വരുത്തിക്കൂട്ടുന്ന തെറ്റുകളെക്കുറിച്ച് അന്നേരം സാര്‍ വാതോരാതെ സംസാരിച്ചു. മറ്റു ചാനലുകളിലേക്കും ആദ്യകാലത്ത് സാര്‍ എഴുതാറുണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ആരും മുഖവിലയ്‌ക്കെടുക്കാറുണ്ടായിരുന്നില്ലെന്നും അതിനാല്‍ താന്‍ പിന്നെ അപ്പണി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. അമൃത സംപ്രേഷണം തുടങ്ങിയിട്ടല്ലേയുള്ളൂ എന്നതുകൊണ്ടാണ് എഴുതാന്‍ തോന്നിയതെന്നും സാര്‍ പറഞ്ഞു.

ഏറെനേരം ടെലിവിഷനിലെ മലയാള വാക്കുകളുടെ വികലമായ പ്രയോഗത്തെക്കുറിച്ച് പന്മന സാര്‍ സംസാരിച്ചു. എത്രപറഞ്ഞാലും ആ വിഷയം അദ്ദേഹത്തിന് മടുക്കുന്നില്ലെന്നു എനിക്കു മനസ്സിലായി. ഭാഷയുടെ ശരി തെറ്റുകളിലൂടെ അദ്ദേഹം നിര്‍ബാധം സഞ്ചരിക്കുകയായിരുന്നു.

ഇനി മേപ്പടി തെറ്റുകള്‍ വരുത്തില്ലെന്നുറപ്പുവരുത്തി അവിടെ നിന്നും പടിയിറങ്ങി. അല്‍പ്പകാലം എല്ലാവരും കാര്യമായി ശ്രദ്ധിച്ചു. പിന്നീട് കാര്യങ്ങള്‍ പഴയപടിയിലായി. തെറ്റുകള്‍ അനുവാരം വന്നുകൊണ്ടിരുന്നു. അതും പന്മന സാര്‍ കണ്ടിരിക്കണം. മറ്റു ചാനല്‍പോലെ ഇവരും നന്നാവില്ലെന്നു അദ്ദേഹത്തിന്റെ മനസ്സു പറഞ്ഞിരിക്കണം. എന്തോ!

പിശകാത്ത മലയാളവുമായി പിശകുകളെ തിരുത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പന്മന രാമചന്ദ്രന്‍ നായരെന്ന ഭാഷാമനീഷിക്കു ആദരാഞ്ജലികള്‍. ഫേസ് ബുക്കില്‍ വരുന്ന വികലമായ മലയാളം അദ്ദേഹം കണ്ടിരുന്നില്ലെന്നു നമുക്കു ആശ്വസിക്കാം. ഉണ്ടായിരുന്നെങ്കില്‍ പുതിയ തലമുറയെ അദ്ദേഹം ശപിച്ച് ഭസ്മമാക്കിയേനെ. സോഷ്യല്‍ മീഡിയ മലയാളം അത്രയ്ക്കും അബദ്ധപഞ്ചാംഗമാണല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക