Image

അന്‍സിബ: ഞാനൊരു ഫെമിനിസ്റ്റല്ല (എം.ആര്‍.കെ.)

എം.ആര്‍.കെ. Published on 05 June, 2018
അന്‍സിബ: ഞാനൊരു ഫെമിനിസ്റ്റല്ല (എം.ആര്‍.കെ.)
ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അന്‍സിബ ഹസ്സന്‍, ടെലിവിഷന്‍ അവതാരകയായും തിളങ്ങി. പെണ്‍കുട്ടികള്‍ അധികം കൈവയ്ക്കാത്ത സംവിധാന രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്ന അന്‍സിബയുടെ വിശേഷങ്ങള്‍...

നടിയായി സിനിമയില്‍ എത്തുമ്പോള്‍ തന്നെ സംവിധാനം എന്ന മോഹം ഉണ്ടായിരുന്നോ?

ചെറുപ്പം മുതല്‍ സിനിമയോട് ഭ്രാന്തമായ ആവേശമുള്ളൊരാള്‍ ആയിരുന്നു എന്നതൊഴിച്ചാല്‍ അഭിനയിക്കാന്‍ കഴിയുമെന്നോ നടിയാകുമെന്നോ സംവിധാനം ചെയ്യുമെന്നോ ഒരിക്കലും കരുതിയതല്ല. നല്ല സിനിമകള്‍ ഭാഷ പോലും നോക്കാതെ കാണുന്ന ശീലം അന്നുമിന്നുമുണ്ട്. ഉമ്മയുടെ കൂടെയിരുന്ന് നസീര്‍ സാറിന്റെയും സത്യന്‍ മാഷിന്റെയും സിനിമകള്‍ കാണും. അടൂര്‍ സാറിന്റെ സിനിമയും സി.ഐ.ഡി മൂസയും ഒരുപോലെ ആസ്വദിക്കുന്ന ആളാണ് ഞാന്‍. തമിഴ് അറിയാത്ത സമയത്ത് കുത്തിപ്പിടിച്ചിരുന്ന് തമിഴ് സിനിമകള്‍ കണ്ടാണ് ആ ഭാഷ പഠിച്ചത്. അതുപക്ഷേ , തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമെന്ന മുന്‍വിധിയോടെ ആയിരുന്നില്ല. കുടുംബസമേതം തീയറ്ററില്‍ പോയി മിക്ക സിനിമയും കണ്ടിരുന്നു. കണ്ട ചിത്രങ്ങളുടെ കഥ സീന്‍ ബൈ സീനായി കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുന്നതായിരുന്നു സ്‌കൂള്‍കാലയളവില്‍ പ്രധാന വിനോദം. സിനിമ കണ്ടശേഷം അവര്‍ വന്നു പറയും : 'നീ പറഞ്ഞതുപോലെ തന്നെ. ഒരു സീന്‍ പോലും മാറ്റമില്ല. ഭാവിയില്‍ നിനക്ക് സിനിമയെടുക്കാം.' അന്നത് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും നമ്മള്‍ പോലും അറിയാതെ അത്തരം വാക്കുകള്‍ മനസ്സില്‍ ഉടക്കിക്കിടക്കും. ആവശ്യം വരുമ്പോള്‍ നമുക്കത് പ്രചോദനമാകും.

എന്തുകൊണ്ടാണ് ഷോര്‍ട് ഫിലിം തെരഞ്ഞെടുത്തത്?

കോയമ്പത്തൂര്‍ രത്തിനം കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. അവസാന വര്‍ഷത്തെ പ്രോജക്ടിന്റെ ഭാഗമായാണ് ഷോര്‍ട് ഫിലിം ചെയ്തത്. എന്തായാലും ഒരു ഫിലിം ചെയ്യണം, അതിലൂടെ സമൂഹത്തോട് എന്തെങ്കിലും പറയാന്‍ കഴിയുന്നത് നല്ലതായിരിക്കുമെന്ന് തോന്നി. എല്ലാവരും തിരക്കുള്ളവരായതുകൊണ്ട് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് പറയാവുന്ന കഥയാണ് ആലോചിച്ചത്.

'എ ലൈവ് സ്‌റ്റോറി' സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള പ്രേരണ ആണെന്ന് കേട്ടു?

ഫെയ്ക്ക് ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും മോശം കമന്റുകള്‍ ഇടുന്നതും സമൂഹ മാധ്യമങ്ങളില്‍ ഒരു പതിവാണ്. അത്തരം ദുരനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. നമ്മള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് വരുന്നത് നമ്മളെ സ്‌നേഹിക്കുന്നവരോട് സന്തോഷം പങ്കുവെക്കാനാണ്. അങ്ങനെയുള്ളപ്പോള്‍ ഒരാള്‍ അശഌല കമന്റ് പോസ്റ്റ് ചെയ്യുന്നത് വല്ലാതെ വേദനിപ്പിക്കും. എന്റെ സങ്കടംകണ്ട് കൂട്ടുകാര്‍ ചേര്‍ന്നാണ് കമന്റിട്ട വ്യക്തിയുടെ അക്കൗണ്ട് ട്രെയ്‌സ് ചെയ്തത്. സിനിമാക്കാരൊക്കെ ആകുമ്പോള്‍ തിരക്കുകള്‍ക്കിടയില്‍ പിന്നാലെ വരില്ലല്ലോ എന്ന ധൈര്യംകൊണ്ട് ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുതന്നെ ആയിരുന്നു സന്ദേശം. സിനിമയിലുള്ളവര്‍ പൊതുസ്വത്താണെന്നും എന്തും പറയാം എന്നുമുള്ള തോന്നലും ഉണ്ടായിരുന്നിരിക്കാം. ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് അയാളെ വിളിച്ചപ്പോള്‍, ആ അക്കൗണ്ട് അയാളുടേതാണെന്ന് സമ്മതിച്ചു. പക്ഷെ, കമന്റിട്ടത് അയാളല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞു. എന്തോ പൊട്ടബുദ്ധിക്ക് അയാള്‍ ഫോണ്‍ ഭാര്യയ്ക്ക് കൊടുത്തു. ഞാന്‍ അന്‍സിബയാണെന്നു പറഞ്ഞപ്പോള്‍ അറിയാം, സിനിമയില്‍ കണ്ടിട്ടുണ്ടെന്നൊക്കെ അവര്‍ സ്‌നേഹത്തോടെ പറഞ്ഞു. ഭര്‍ത്താവിട്ട കമന്റ് കേട്ടപ്പോള്‍ അതുവരെ നിര്‍ത്താതെ സംസാരിച്ച ചേച്ചി എന്തുപറയണമെന്നറിയാതെ നിന്നു. അവരെ കുത്തി നോവിക്കേണ്ടെന്നു കരുതി ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഈ അനുഭവമാണ് ഷോര്‍ട് ഫിലിമിന്റെ ത്രെഡ്.

ഈ രംഗത്തുള്ളൊരാള്‍ എന്ന നിലയില്‍ കഥയെഴുത്തും സംവിധാനവും എളുപ്പമായെന്നു തോന്നിയോ?

അങ്ങനെ പറയാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി ഒരുദിവസം എത്രത്തോളം കഷ്ടപ്പാട് സഹിക്കേണ്ടി വരുമോ ആ എഫേര്‍ട്ടും ചെലവുമൊക്കെ ഇതിനും വേണ്ടി വന്നിരുന്നു. പിന്നെ മനസ്സില്‍ കണ്ടൊരു സ്റ്റാര്‍ കാസ്റ്റ് സാധ്യമായതൊക്കെ ഈ ഫീല്‍ഡില്‍ ഉള്ളതിന്റെ പ്ലസ് ആണ്. 'ലയ' എന്ന ബോള്‍ഡ് ക്യാരക്ടര്‍ എഴുതുമ്പോള്‍ തന്നെ മനസ്സില്‍ 'മെറീന മൈക്കിള്‍' ആയിരുന്നു. അതുപോലെ പ്രസന്നന് വേണ്ട മാന്യന്റെ ലുക്ക് പ്രജോദേട്ടനുണ്ടെന്ന് (കലാഭവന്‍ പ്രജോദ്) തോന്നിയാണ് അദ്ദേഹത്തെ സമീപിച്ചത്. സ്‌ക്രിപ്റ്റ് കേട്ടതും മറ്റൊന്നും ആലോചിക്കാതെ ചേട്ടന്‍ സമ്മതിച്ചത് അടുപ്പമുള്ളതുകൊണ്ടുകൂടിയാണ്.

സംവിധാനം പോലുള്ള മേഖലയിലേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി വരണമെന്ന അഭിപ്രായമുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല. അവനവന് താല്പര്യമുള്ളത് ചെയ്യുക എന്നതാണ് പ്രധാനം. ചില ഓഫിസുകളില്‍ ചെന്നാല്‍ ഉഴപ്പുമട്ടില്‍ മടിപിടിച്ചിരിക്കുന്നവരെ കണ്ടിട്ടില്ലേ. അതവരുടെ കുറ്റംകൊണ്ടല്ല. ഇഷ്ടമുള്ള തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ കഴിയൂ. സിനിമയോട് പാഷന്‍ ഉള്ളവര്‍ ആണായാലും പെണ്ണായാലും ഈ രംഗത്തേക്ക് വരുണമെന്നാണ് എനിക്ക് പറയാനുള്ളത്.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തെക്കുറിച്ചുള്ള ഹ്രസ്വ ചിത്രം എന്ന നിലയില്‍ അനുകൂലമായി പ്രതികരിച്ചതും സ്ത്രീകള്‍ ആയിരുന്നോ?

വേണമെങ്കില്‍ എനിക്കൊരു ലീഡിങ് യൂട്യൂബ് ചാനലില്‍ ഈ ചിത്രത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്യാമായിരുന്നു. ഞങ്ങള്‍ പുതിയതായി ആര്‍ട്ട് ഗാലറി എന്റര്‍ടെയ്ന്‍മെന്റ് എന്നൊരു ചാനല്‍ തുടങ്ങിയിട്ടാണ് വീഡിയോ ഇട്ടത്. ഒറ്റ ആഴ്ചകൊണ്ട് ഒരുലക്ഷംപേര്‍ അത് കണ്ടു എന്നത് വലിയൊരു കാര്യമാണ്. അതൊരിക്കലും സ്ത്രീകളുടെ മാത്രം സപ്പോര്‍ട്ട് കൊണ്ട് സാധ്യമാകില്ല. ഷോര്‍ട്ട് ഫിലിമിനെ അനുകൂലിച്ച് പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ചേട്ടന്മാരാണ്. ചെറിയൊരു ശതമാനം വരുന്ന ആളുകളുടെ പേരില്‍ ആണുങ്ങളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. എനിക്കൊരിക്കലും ഫെമിനിസ്റ്റ് ആകാന്‍ കഴിയില്ല. എന്റെയും മൂന്ന് അനിയന്മാരുടെയും അനിയത്തിയുടെയും കാര്യങ്ങള്‍ ഒരുപോലെ പരിഗണിക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടാകാമത്. പലരും പറയും അവനുമില്ലേ അമ്മയും പെങ്ങളുമെന്ന്. അമ്മയില്ലാതെ പൊട്ടിമുളയ്ക്കാന്‍ മനുഷ്യന്‍ അമീബയെപ്പോലെ ഏകകോശജീവി അല്ലല്ലോ? ആ ചിന്ത ഉള്ളവര്‍ സ്ത്രീകളെ ബഹുമാനിക്കും.

സമീപ ഭാവിയില്‍ സംവിധായികയുടെ കുപ്പായമണിഞ്ഞ് അന്‍സിബയില്‍ നിന്നൊരു സിനിമ ഉണ്ടാകുമോ?

ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. പൂര്‍ത്തിയാക്കിയ ഒരു കഥ ഉര്‍വശിച്ചേച്ചിയെ കാണിച്ചു. ഫീമെയില്‍ ഓറിയന്റഡ് സബ്‌ജെക്ടാണ്. അവരത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു കഥയുടെ പണിപ്പുരയിലാണിപ്പോള്‍. ആദ്യം ഏതു ചിത്രമാകും ചെയ്യുക എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എങ്കിലും ഒന്നുറപ്പാണ്. സ്വപ്നം കാണുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും.

അന്‍സിബ: ഞാനൊരു ഫെമിനിസ്റ്റല്ല (എം.ആര്‍.കെ.)അന്‍സിബ: ഞാനൊരു ഫെമിനിസ്റ്റല്ല (എം.ആര്‍.കെ.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക