Image

കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ' യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ജീവിത മുഹൂര്‍ത്തങ്ങളുമായി പുസ്തകം

അനില്‍ പെണ്ണുക്കര Published on 03 June, 2018
കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ'  യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ജീവിത മുഹൂര്‍ത്തങ്ങളുമായി പുസ്തകം
മുന്‍മന്ത്രിയും എഴുത്തുകാരനുമായിരുന്ന യു.എ ബീരാന്‍ സാഹിബിനെക്കുറിച്ചു ഒരു പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു. ചരിത്രകാരനും ,എഴുത്തുകാരനുമായ ബഷീര്‍ രണ്ടത്താണിയാണ് ഈ പുസ്തകം രചിക്കുന്നത് .

നാലു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന ജനനായകനായിരുന്നു യു.എ ബീരാന്‍.പത്ര പ്രവര്‍ത്തകന്‍ ,എഴുത്തുകാരന്‍ ,മികച്ച പാര്‌ലമെന്റേറിയന്‍ , ഭരണാധികാരി എന്നീനിലകളില്‍ കേരള രാഷ്ട്രീയ ,സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു യു എ ബീരാന്‍ സാഹിബ് .

1925 മാര്ച് 9 ന് കോട്ടക്കലില്‍ ഉള്ളാടശ്ശേരി അഹമ്മദ് എന്നയാളുടെ മകനായി ജനിച്ചു .വിദ്യാഭ്യാസത്തിന്‍ ശേഷം 1943 ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ സായുധ സേനയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മലേഷ്യയിലും ഇന്തോനേഷ്യ യിലുമായി ബ്രിട്ടീഷ് സൈനിക അട്മിനിസ്‌ട്രെഷനിലും ജോലി ചെയ്തു.ബോംബെയില്‍ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് കമ്പനി യില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ബോംബെ കേരള മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമയത്തു മന്ത്രിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സി എച് മുഹമ്മദ് കോയയെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി .

ജോലി രാജി വെച്ചു ചന്ദ്രികയില്‍ ചേരാന്‍ സി എച് പ്രേരിപ്പിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു ചന്ദ്രിക യില്‍ ചേരുകയും കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു .ഒരേസമയം നിയമസഭയിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ഥാനം വഹിച്ചവരില്‍ എടുത്തുപറയേണ്ട പേരാണ് യു.എ. ബീരാന്‍േറത്. മുസ്ലിംലീഗിന്റെയും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെയും പ്രമുഖ നേതാവായിരുന്ന ബീരാന്‍ വര്‍ഷങ്ങളോളം എം.എല്‍.എ സ്ഥാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും ഒരുമിച്ചാണ് വഹിച്ചത്.

1978ല്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിട്ടില്ല. 1963ലാണ് ബീരാന്‍ ആദ്യമായി കോട്ടക്കലിന്റെ അധിപനാവുന്നത്. 1980 വരെ ഈ പദവിയിലിരുന്നു. ഇതിനിടെ '70ല്‍ മലപ്പുറത്തുനിന്നും '77ല്‍ താനൂരില്‍ നിന്നും നിയമസഭയിലത്തെി. 1978ല്‍ സി.എച്ച്. മുഹമ്മദ്‌കോയയുടെ തെരഞ്ഞെടുപ്പ് '77ല്‍ താനൂരില്‍ നിന്നും നിയമസഭയിലത്തെി. 1978ല്‍ സി.എച്ച്. മുഹമ്മദ്‌കോയയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ലീഗ് ബീരാനെ ഏല്‍പ്പിച്ചു. ഒരു വര്‍ഷത്തോളം ഇദ്ദേഹം കോട്ടക്കലുകാരുടെ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും താനൂരിന്റെ എം.എല്‍.എയും കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു.1980ല്‍ വീണ്ടും മലപ്പുറത്ത് നിന്നും '82ല്‍ തിരൂരില്‍ നിന്നും ബീരാന്‍ വിജയം ആവര്‍ത്തിച്ചു. 1982-87ല്‍ ഭക്ഷ്യ സിവില്‍ സപൈ്‌ളസ് മന്ത്രിയായി.

എം.എല്‍.എയായിരിക്കെ 1990ല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചത്തെി. മന്ത്രിയെന്ന വലിയ പദവിയിലിരുന്നിട്ടും പഞ്ചായത്ത് അംഗത്വം വഹിക്കാന്‍ ഇദ്ദേഹം മടി കാണിച്ചില്ല. 1993ലാണ് ബീരാന്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നത്. 1991ല്‍ തിരൂരങ്ങാടിയില്‍ നിന്ന് ലീഗ് പ്രതിനിധിയായി ഒരിക്കല്‍ കൂടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2001 മേയ് 31ന് ബീരാന്‍ അന്തരിച്ചു.രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നു എങ്കില്‍ മലയാളത്തിലെ സാഹിത്യ നായകരുടെ മുന്‍ നിരയില്‍ തന്നെ നിലയുറപ്പിക്കുമായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാര്‍ക്കിടയിലെ സാഹിത്യകാരനായിരുന്നു ബീരാന്‍ സാഹിബ്. കവിതകളും ചെറുകഥകളും വിവര്‍ത്തനങ്ങളും,ജീവചരിത്രങ്ങളും സഞ്ചാരസാഹിത്യങ്ങളുമടക്കമുള്ള കനപ്പെട്ട രചനകളിലൂടെ അദ്ദേഹം മലയാള സാഹിത്യ ലോകത്തെ സമ്പന്നമാക്കി.വിശ്വസാഹിത്യത്തെ മലയാള വായനക്കാര്‍ക്കു സുപരിചിതമാക്കുന്നതിനു അദ്ദേഹത്തിന്റെ രചനകള്‍ പങ്കുവഹിച്ചു.ആന്റണ്‍ ചെക്കോവ്, മോപ്പസാങ്ങ്, സോമര്‍സെറ്റ്‌മോം തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ രചനകള്‍ അദ്ദേഹം മലയാളത്തിലേക്കു തര്‍ജമ ചെയ്തു.വിവര്‍ത്തനത്തിന്റെ മനോഹാരിത സാധാരണ വായനക്കാര്‍ക്കു പോലും അനുഭവ വേദ്യമാക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍.

കുപ്പിവളകള്‍ (1958),ടൂട്ടര്‍ (1988) തുടങ്ങിയ കഥകള്‍, മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (1966),നജീബിന്റെ ആത്മകഥ (1971),നാസറിന്റെ ആത്മകഥ തുടങ്ങിയ ജീവചരിത്രങ്ങള്‍,അറബ് രാജ്യങ്ങളും യൂറോപ്പും (1989) ,അറബ് രാജ്യങ്ങള്‍,റഷ്യ, മാലി(1986) തുടങ്ങിയ യാത്രാ വിവരണങ്ങള്‍, വിഭജനത്തിന്റെ വിവിധ വശങ്ങള്‍ (1995) എന്ന ചരിത്രനിരീക്ഷണം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായിരുന്നു യു.എ ബീരാന്‍ സാഹിബ്.അറബ് രാഷ്ട്രീയ ചരിത്രത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന യു.എ ബീരാന്‍ സാഹിബിനെ യുണൈറ്റഡ് അറബ് ബീരാന്‍ എന്നാണ് ഒരിക്കല്‍ സി.എച്ച്.വിശേഷിപ്പിച്ചത്.

സാഹിത്യ പ്രവര്‍ത്തക കോ-ഓപറേറ്റീവ് സൊസൈറ്റി അംഗം,കാന്‍ഫെഡ് മെമ്പര്‍, ലോക്കല്‍ ലൈബ്രറി അതോറിറ്റി മെമ്പര്‍, ഗ്രന്ഥശാലാ സംഘം സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ഒട്ടേറെ ജീവിത മുഹൂര്‍ത്തങ്ങളുമായി 'കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ കഥ മാത്രമാവില്ല ,ഒരു ദേശത്തിന്റെയും ,അവിടെ ജീവിച്ച ഒരു കൂട്ടം നല്ല മനുഷ്യരുടെയും കഥ കൂടിയാകും പറയുക .
കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ'  യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ജീവിത മുഹൂര്‍ത്തങ്ങളുമായി പുസ്തകം കോട്ടക്കല്‍ ഒരു ദേശത്തിന്റെ ആത്മകഥ'  യു.എ ബീരാന്‍ സാഹിബിന്റ അറിയപ്പെടാത്ത ജീവിത മുഹൂര്‍ത്തങ്ങളുമായി പുസ്തകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക