Image

സ്‌നേഹമെന്നത് പാതകമായി തോന്നുന്നവരോട് (ശ്രീപാര്‍വതി)

Published on 02 June, 2018
സ്‌നേഹമെന്നത് പാതകമായി തോന്നുന്നവരോട് (ശ്രീപാര്‍വതി)
അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആധിയാണ്. ഈ നിമിഷങ്ങളെ ആ പെണ്‍കുട്ടി എങ്ങനെയാവും അതിജീവിക്കുക?! മൂന്നു വര്‍ഷത്തെ പ്രണയത്തിന്റെയൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുന്നു, വീട്ടുകാര്‍ അറിയാതെ നടത്തിയ വിവാഹത്തിന്റെയൊടുവില്‍ മൂന്നാം നാള്‍ അയാള്‍ കൊല്ലപ്പെടുന്നു. അതിക്രൂരമായി അയാളെ കൊലപ്പെടുത്തിയത് ഇരുപത് വര്‍ഷത്തോളം സ്വന്തമായി സ്‌നേഹിച്ചിരുന്നവര്‍, സ്വന്തം വീട്ടുകാര്‍...
ഒരു കൊലപാതകം പോലും ചെയ്യാന്‍ മടിയില്ലാത്ത ബന്ധുക്കളെ ഓര്‍ക്കുമ്പോള്‍ ഭീതി കൊണ്ട് അവളുടെ ഉള്ളില്‍ കടലിരമ്പുന്നുണ്ടാവണം!

മകള്‍ സ്‌നേഹിച്ചതിന്റെ പേരില്‍ , മകന്‍ സ്‌നേഹിച്ചതിന്റെ പേരില്‍, ജാതിയിലും മതത്തിലും താഴ്ന്ന പങ്കാളിയെ ഇല്ലാതാക്കുന്നത് ഒരു പുതിയ നിലപാടല്ല . കാലങ്ങള്‍ മുന്‍പോട്ടു മനുഷ്യര്‍ നടക്കുമ്പോഴും പിന്നോട്ട് നടക്കുന്ന ചിലരുടെ ദുരഭിമാനം എല്ലായ്‌പ്പോഴും പ്രണയം കടന്നു ജാതിയിലും മതത്തിലും ഒക്കെ വന്നു തറയ്ക്കും.
'ആഹ്, അവള് .... ചെക്കന്റെ കൂടെ ഒളിച്ചോടി അല്ലെ....?'
അന്വേഷണത്തിനായി വന്നു ചേരുന്ന നാട്ടിന്‍പുറത്തിന്റെ ഭാഷയില്‍ അമര്‍ത്തി വയ്ക്കപ്പെട്ട സന്തോഷമുണ്ടാകും. സമാധാനത്തോടെ , വലിയ നിലയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വന്നൊരു ഗതിയെ! എന്നൊക്കെ അവര്‍ തലയില്‍ കൈ വച്ച് വിഷമം അഭിനയിച്ചു പങ്കു വയ്ക്കുകയും ചെയ്യും. അവിടെ തകര്‍ന്നു വീഴുന്ന ദുരഭിമാനത്തിനു പിന്നെ കണ്ണുകളില്ല. പോയവള്‍ പോയവളാണ്, അവളോട് ഇനി ഒരു ബന്ധവുമില്ല, അവള്‍ മരിച്ചു പോയവളാണ്, അവളിനി സുഖിച്ചു ജീവിക്കുകയും വേണ്ട... പ്രതികാരം അവളെ കൊണ്ടു പോയവനോടല്ല, ഇത്രയും നാള്‍ കൂടെ ജീവിച്ച മകളോടാണ് . അവള്‍ വിധവയായാലും വേണ്ടില്ല, സുഖിച്ചു ജീവിക്കാന്‍ വിടില്ല! എന്തൊരു നിശ്ചയദാര്‍ഢ്യമായിരിക്കും അപ്പോള്‍ മനസ്സില്‍!

ആ പെണ്‍കുട്ടി ഇനി ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് സ്‌നേഹിക്കേണ്ടത്? സ്‌നേഹം ഒരിക്കലും തെറ്റാണെന്ന് അവള്‍ക്ക് ഇന്നേവരെ ആരും പറഞ്ഞു കൊടുത്തിരുന്നില്ല, വായിച്ചിടത്തും കേള്‍ക്കുന്നിടത്തും എല്ലാം സ്‌നേഹത്തിന്റെ പ്രകമ്പനങ്ങള്‍, ജാതിയും മതവും എല്ലാം കടന്നു പ്രണയത്തിന്റെ നെഞ്ചിടിപ്പ് പകരാന്‍ കെല്‍പ്പുള്ള ഒരാള്‍, അവന്‍ അവളെ ചതിച്ചില്ല. മൂന്നു വര്‍ഷം, പൊന്നെ, കരളേ എന്ന് പറഞ്ഞു കൊണ്ടു നടന്നിട്ട്, അവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞില്ല. പകരം, കൂടെ പോരുന്നോ പെണ്ണെ എന്ന് വിളിച്ചു അവളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി. ചങ്കൂറ്റമുള്ള കാമുകനായിരുന്നു കെവിന്‍. ഇത്രയും പ്രണയത്തോടെ കൈപിടിച്ചവനാണ് മൂന്നാം ദിവസം സ്വന്തക്കാരുടെ ക്രൂരമായ കൈകള്‍ കൊണ്ടു കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട് മരണത്തിലേയ്ക്ക് നടന്നു പോയത്. ഇനി അവനില്ല!
തിരിച്ചു ചെല്ലേണ്ടത് ജനിപ്പിച്ച,പക്ഷെ , കൊല്ലാന്‍ മടിയില്ലാത്ത മനുഷ്യരുടെ അടുത്തേക്കാണ്... ഇപ്പോഴുള്ള നിസ്സംഗമായ ഹൃദയാവസ്ഥകളെ കളഞ്ഞു സത്യത്തിലേക്ക് ചെല്ലുമ്പോള്‍ അവള്‍ മനസ്സിലാക്കും മതത്തിനും അഭിമാനത്തിനും മീതെ ആയിരുന്നില്ല സ്‌നേഹമെന്ന്, അത് അവള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തത് ബന്ധുക്കളും. ഇല്ല, ഇനി ആ പെണ്‍കുട്ടിയ്ക്ക് ആരെയും സ്‌നേഹിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല... അമ്മയോടും അച്ഛനോടും ബന്ധുക്കളോടും നിരന്തരമായ ഉള്‍ഭീതിയില്‍ അവള്‍...

അന്യായത്തിനും അനീതിയ്ക്കും എതിരെ എന്തെങ്കിലും ഫലം കിട്ടുമെന്ന് കരുതി അവള്‍ ചെന്ന് മുട്ടി വിളിച്ചത് സംസ്ഥാന പോലീസിന്റെ ഓഫീസിലാണ്. മറ്റെവിടെയാണ് ചെല്ലേണ്ടത്? പ്രണയിച്ചവനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്നു അവള്‍ക്ക് ഉറപ്പായിരുന്നു, പക്ഷെ അതൊക്കെ പറഞ്ഞിട്ടും പോലീസ് ഒരു സ്ത്രീയുടെ ഭാഗം പറഞ്ഞില്ല, അവളുടെയൊപ്പം നിന്നില്ല. സ്റ്റേഷനിലെ ഇടനാഴിയില്‍ അവള്‍ തല കുമ്പിട്ട്, കരഞ്ഞു കലങ്ങി എത്ര നേരം നിന്നിട്ടുണ്ടാവണം! ഒടുവില്‍ ഇനി അവന്‍ തിരിച്ചു വരാത്ത ലോകത്തേയ്ക്ക് മടങ്ങിയെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക് കേരളത്തിലെ നീതി വ്യവസ്ഥയോടും ഉള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവളായി ഏറ്റവും നിസ്സംഗയായി അവള്‍ തനിച്ചായിപ്പോയി. ഇനി അവള്‍ക്ക് എവിടെ നിന്നും നീതി ലഭിക്കാനാണ്! ഗാന്ധിനഗറിലെ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത മുഖം രക്ഷിച്ച പോലീസ് വകുപ്പിന് ലജ്ജ തോന്നുന്നില്ലേ എന്നല്ലാതെ എന്താണ് വേറെ ചോദിയ്ക്കാന്‍! അല്ലെങ്കിലും നാളുകളേറെയായി പോലീസ്, നിയന്ത്രണം നഷ്ടപ്പെട്ടു പല ജീവനുകള്‍ക്കും ഉത്തരം നല്കാനാകാതെ തല കുമ്പിട്ട് നില്‍ക്കുക തന്നെയാണല്ലോ...

പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ജാതിയ്ക്കും വ്യത്യാസമുണ്ടായിരുന്നു. പൊട്ടലിന്റെയും ചീറ്റലിന്റെയും അപ്പുറം സ്‌നേഹത്തിന്റെ വില മനസ്സിലാക്കുന്ന സ്വന്തക്കാര്‍ .. ഹോ, അതെന്തൊരു പ്രിവിലേജായിരുന്നു! മതമല്ല മനുഷ്യനാണ് വലുതെന്നു കണ്ടെത്തുമ്പോള്‍ സ്‌നേഹത്തിനും വിശ്വാസത്തിനും അതിര്‍ത്തികളില്ലാതാകുന്നു. പക്ഷെ കണക്കും ബിസിനസും സയന്‌സുമൊക്കെ പഠിച്ച കൂട്ടത്തില്‍ സ്‌നേഹത്തെ കുറിച്ച് പഠിക്കാനാകാതെ പോയ പല മനുഷ്യരില്‍ പെട്ടവരായിപ്പോയല്ലോ കെവിന്‍ നിന്നെ കൊന്നവര്‍! നാളെ ഒരുപക്ഷെ ഈ കേസില്‍ നിന്നും അവര്‍ പതിവ് പോലെ രക്ഷപെട്ടേക്കാം, എന്നിരുന്നാലും സ്‌നേഹം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിസ്സംഗത മരണത്തില്‍ പോലും അവരെ വെറുതെ വിടുമെന്ന് തോന്നുന്നില്ല.

ദുരഭിമാനക്കൊല ആവര്‍ത്തിക്കപ്പെടുന്നു. അടുത്ത് തന്നെ ഇത് എത്രാമത്തെയാണ്! നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ദുരാചാരങ്ങളുടെ പ്രേതാത്മാക്കള്‍ ഇപ്പോഴും ഈ നൂറ്റാണ്ടിലും മനുഷ്യരില്‍ അലഞ്ഞു നടക്കുന്നുണ്ടെന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നു. അവനവന്‍ ചെയ്യുന്ന ജോലിക്കനുസരിച്ചു വിഭജിക്കപ്പെട്ട ജാതി വ്യവസ്ഥ നിറത്തിലും ജാതിക്കോളത്തിലും മാറ്റി നിര്‍ത്തി മനുഷ്യര്‍ അവഗണിക്കപ്പെടുമ്പോള്‍ അത് സ്‌നേഹത്തിലേക്കും വന്നെത്തുന്നു. മനുഷ്യര്‍ മാറ്റി നിര്‍ത്തപ്പെടുന്നു, കെട്ടിയിടപ്പെടുകയും മര്‍ദ്ദിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നു. നിയമത്തെ നിസ്സാരമായി അവഗണിച്ചു നിറവും ജാതി മേല്‍ക്കോയ്മയും അധികാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഇനിയുമെത്ര ദുരഭിമാനക്കൊല ന്യൂ ജനെറേഷനായി എന്നഭിമാനിക്കപ്പെടുന്ന മലയാളികള്‍ കാണണം! അനാഥരാക്കപ്പെടുന്ന സ്‌നേഹങ്ങളുടെ ശാപങ്ങള്‍ നമ്മുടെ തലയ്ക്കു മീതെയുണ്ടെന്നോര്‍ക്കണം ഓരോ നിമിഷവും.

ആ പെണ്‍കുട്ടിയുടെ താഴ്ന്ന മുഖം, ചിലമ്പിച്ച ശബ്ദം എല്ലാം ചങ്കിലേയ്ക്കടിച്ചു കയറുന്നു. ഓരോ മനുഷ്യനും സ്വയം സംസാരിക്കണം, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ സ്‌നേഹത്തെയും മനുഷ്യനെയും വേര്‍തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മനസിലാകില്ല, കെവിന്റെ മരണം നിങ്ങളെ സംഭ്രമിപ്പിക്കില്ല. അവളുടെ അനാഥത്വവും ഭീതിയും ഊഹിക്കാന്‍ പോലും കഴിയുകയുമില്ല.
കരച്ചില് വരുന്നു...
ചുറ്റുമുള്ള ലോകം ഇത്രമേല്‍ സ്‌നേഹരാഹിത്യമുള്ളവരുടേതുമായിപ്പോയല്ലോ!
സ്‌നേഹമെന്നത് പാതകമായി തോന്നുന്നവരോട് (ശ്രീപാര്‍വതി)
Join WhatsApp News
Sober Man 2018-06-02 10:27:32
വഴിയെ പോകുന്ന ഏതോ അലവലാതിയോടു തോന്നുന്ന ഒന്നാണോ സ്‌നേഹം? അപ്പനൊടും അമ്മയോടും സഹോദരനൊടുമൊന്നും സ്‌നേഹം വേണ്ടേ?സ്വയം നശിച്ചു. സ്വന്തം കുടുംബം തകര്‍ത്തു. ഇത് ആഘോഷിക്കേണ്ട കാര്യമാണോ?
കോഴിക്കോട്ട് ഇതു പോലെ ഒരു പെണ്‍കുട്ടി ഓടിപ്പോയി. പയ്യനെയും കുടുംബക്കാരെയും പോലീസ് വിരട്ടി. പയന്റെ് ചെട്ടന്‍ ആത്മഹത്യ ചെയ്തു.
കാമുകന്റെ വീട്ടില്‍ കക്കൂസ് പോലുമില്ലത്രെ. പിന്നെ നാട്ടുകാര്‍ ഒരു കുഴി കക്കൂസ് തീത്തു കൊടുത്തു.
അപ്പനും കുടുംബവും തിരിഞ്ഞു നോക്കാത്തതില്‍ അവരെ പഴിക്കണ്ടല്ലൊ.
വനിതാ എഴുത്തുകാരികളാണു ഈ ദുരന്ത പ്രണയങ്ങളെ വാഴ്ത്തുന്നത്. കുടുംബം നോക്കാന്‍ കഴിവില്ലാത്തവര്‍ പ്രേമിക്കാന്‍ പോകരുത്‌ 

observer 2018-06-02 10:57:23
മക്കളുടെ തോന്ന്യാസത്തിനു വിട്ടുകൊടുക്കണോ മാതാപിതാക്കള്‍? വേലയും കൂലിയും ഒക്കീ ആകും വരെ ആ പെങ്കൊച്ചിനു കാത്തിരിക്കാമായിരുന്നു. അതിനിപ്പുറം കെട്ടിക്കുമെന്നു പറയുന്നതൊന്നുമിക്കലഠ് നടക്കുന്ന കാര്യമല്ല 
Ninan Mathullah 2018-06-02 11:36:25
We decide matters based on the laws of the country or the biased personal opinions of a few? Adult couples can decide whom they want to marry. All other arguments against it are from vested interests. Yes, there is consequence in marrying from a different race, religion or culture. It is the job of parents to educate them when they are young about these consequences rather than commit murder.
മാർട്ടിൻ വിറങ്ങേലി 2018-06-02 12:55:21
ബഹുമാനപെട്ട ശ്രീ പാർവതി, തങ്ങൾ ആരെയാണ് ഉപദേശിക്കുന്നത്. അമേരിക്കൻ മലയാളികളെയോ..?

എല്ലാവരുടെയും തന്നെ താമസം അമേരിക്കയിലാണെന്നത് സമ്മതിച്ചു, പക്ഷേ പല മലയാളികളും കേരളത്തിനേക്കാൾ ഒരു 20 അല്ലെങ്കിൽ 30 വർഷം പുറകിലാണ്‌ ഇപ്പോഴും.

ജീവിത നിലവാരം ഉയർന്നിട്ടുണ്ടാകാം, പക്ഷേ കാഴ്ചപ്പാട് വളരെ പരിതാപകരമായ നിലയിലാണ്!
സണ്ണി വയനാട് 2018-06-02 12:59:01
ഒരു വ്യക്തിക്ക് എത്രത്തോളം താഴാം, അതറിയാൻ ഒന്നുകിൽ നേരെ സംസാരിക്കുക അല്ലെങ്കിൽ പ്രതികരണ കോളങ്ങൾ നോക്കുക.

ശ്രീ പാർവതി ഒരു ഞായറാഴ്ച പ്രാർത്ഥനാലയത്തിൽ വന്ന് 'അടുക്കളയിലെ ആണുങ്ങളോട്" സംസാരിക്കണം. പിന്നെ ജീവിതത്തിൽ എഴുത്തിൻറെ ശൈലിയെ മാറും.

നിങ്ങളുടെ മോൾ അല്ലെങ്കിൽ മോൻ ഒരു ആഫ്രിക്കൻ അമേരിക്കനെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ, ഈ ഒരൊറ്റ ചോദ്യം. മിക്ക അമേരിക്കൻ മലയാളികളുടെയും "തുല്യത" അപ്പോൾ തിരിച്ചറിയാം. സംശയമുണ്ടെങ്കിൽ ഒരു ചോദ്യം കൂടി ചോദിക്കുക. നിങ്ങളുടെ മോൾ അല്ലെങ്കിൽ മോൻ ഒരു അമേരിക്കനെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ?

മിക്കവാറും ആളുകൾ ഇരട്ടത്താപ്പുകാരാണ്, പൊതുജനങ്ങളുടെ ഇടയിൽ, മുഖം വെളിയിൽ കാണിക്കാൻ ഭയപ്പെടുന്നവരും.
Voice of the oppressed 2018-06-02 16:32:38
പാർവതീയുടെ  ഭാഷ ട്രംപിന്റെ വാലാട്ടികൾക്ക് മനസിലാകില്ല .  വർഗ്ഗീയതയുടെയും ജാതി ചിന്തകളുടെയും ചെളിക്കുണ്ടിൽ ജീവിക്കുന്ന ഈ നികൃഷ്ട ജീവികൾക്ക് മറ്റു മനുഷ്യ ജീവികളുടെ ഹൃദയസ്പന്ദനമോ താളമോ മനസ്സിലാക്കാനുള്ള കെല്പില്ല . 'ഇവാങ്ക എന്റെ മകളല്ലായിരുന്നെങ്കിൽ ഞാൻ അവലുമായി കറങ്ങുമായിരുന്നു, പ്ലേയ് ബോയ് മാഗസിനിലെ നഗ്ന ചിത്രങ്ങൾക്ക് പറ്റിയ ശരീര ഘടനയാണ് അവൾക്ക്' എന്നൊക്കെയാണ് ട്രംപ് സ്വന്തം മകളെക്കുറിച്ചു പറഞ്ഞത്. ഇങ്ങനെയുള്ള വ്യക്തികൾക്ക് മറ്റുള്ള ജാതിയിൽപ്പെട്ടവർ സ്വന്തത്തെ മകളെ വിവാഹം കഴിക്കുന്നത് ചിന്തിക്കാനുടെ കഴിയില്ല . ഇത്തരക്കാർ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല . അവർ സ്വന്ത വിളവ് കൊയ്യത് മെതിച്ചു ഭക്ഷിക്കും . ഇവന്റെയൊക്കെ ഭാര്യയാകുന്നതും പെണ്മക്കളായി ജനിക്കുന്നതും നിർഭാഗ്യകരം - നല്ലൊരു ശതമാനം ട്രംപിന്റെ ആരാധകരായ മലയാളികൾ സ്ത്രീകളെ അടിച്ചമർത്തി ജീവിച്ചിരിക്കുന്നവരാണ് . ഇവരുടെ ഭാഷയിൽ അതിന്റെ ധ്വനികാണാം 
pokkan 2018-06-04 08:40:39
ആ പെങ്കൊച്ചിനെ പൊക്കരുതെ. ഇത് പ്രണയമല്ല. ചാപല്യം. പഠിക്കാന്‍ പോയി. അത് ചെയ്തില്ല. മതാപിതാക്കളെ അനുസരിച്ചില്ല. കുടുംബം തകര്‍ത്തു. ഇതൊക്കെയാനൊ മകളില്‍ നിനു നാം പ്രതീക്ഷിക്കുന്നത്?
ഇപ്പോള്‍ കേരളത്തിലെ ഓരോ കുടുംബത്തിലും സ്ത്രീകളുടെ സ്വാതന്ത്യം കുറഞ്ഞു. അച്ചനമ്മമാര്‍ പെണ്മക്കളെ സംശയത്തോടെ നോക്കുന്നു.
ഇത്തരം തെറ്റായ സ്ഥിതിക്കു കാരണക്കാരി എന്തോ മഹാകാര്യം ചെയ്തു എന്ന് എഴുതരുതേ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക