Image

അഭിമാനവും ദുരഭിമാനവും: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Published on 30 May, 2018
അഭിമാനവും ദുരഭിമാനവും: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
കഴിഞ്ഞ ദിവസങ്ങളില്‍ മലയാള വാര്‍ത്താ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത ഒന്നാണ് ദുരഭിമാനക്കൊല? മനുഷ്യന്‍ അഹങ്കാരത്തോടെ പടുത്തുയര്‍ത്തിയ അഭിമാനം ഇല്ലാതാകുവാന്‍ ഒരു രാത്രിയുടെ അകലം മാത്രം. ക്രൈസ്തവ സമൂഹത്തിനു ഇത് സ്വയം തിരിച്ചറിയാലിന്റെ നിമിഷമായി മാറണം. അഹങ്കാരം മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചു നമുക്ക് നന്നായി അറിയാം. 'സ്വത്വാഭിമാനം' ഒരളവുവരെ നല്ലതാണ്. പക്ഷേ അത് നമുക്കും നമ്മുടെ ചുറ്റിലുള്ളവര്‍ക്കും പ്രശ്‌നങ്ങളും ഭയപ്പാടുകളും ഉണ്ടാക്കുന്നുവെങ്കില്‍ അത് ' ദുരഭിമാനം ' തന്നെയാണ്.

പിന്നാക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് മുന്നോക്ക വിഭാഗക്കാരന്‍ എന്നഭിമാനിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിനും അവസാനം ജീവന്‍ ബലികൊടുക്കുന്നതിനും ഇടയായത്. മൂന്ന് ദിവസം മുമ്പാണ് കെവിന്റെയും നീനുവിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവിടെ ഒരു ചോദ്യം ഉയരുന്നത് എവിടെപ്പോയി ഇരു കൂട്ടരുടെയും സഭകള്‍ ?. കെവിന്റെ മൃതശരീരം സംസ്‌കരിക്കുവാന്‍ അഞ്ചോളം യുവവൈദീകരുണ്ടായിരുന്നു എന്നത് ശ്രദ്ധേയം. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ് എന്നാണു അറിയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കേരളത്തില്‍ നിലനില്‍ക്കുന്ന ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സവര്‍ണ-അവര്‍ണ വിവേചനം ക്രൈസ്തവ സഭകളിലും നിലനില്‍ക്കുന്നു എന്ന സന്ദേശം ഉള്‍ക്കൊള്ളുവാന്‍ സഭകള്‍ തയ്യാറാവണം. ഉചിതമായ ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. ദളിത് വിവാഹത്തെ അംഗീകരിക്കുവാന്‍ സാധിക്കാത്ത രീതിയില്‍ ജാതീയമായ വിവേചനം എല്ലാക്കാലവും നാം പിന്തുടരുന്നു എന്നത് ചരിത്രയാഥാര്‍ഥ്യം.

ഇവിടെ കൊന്നതും കൊലചെയ്യപ്പെട്ടതും രാഷ്ട്രീയ വിഷയങ്ങളാലല്ല. ജാതിയുടെയും ഉപജാതിയുടെയും അഭിമാനപ്രശ്നമാണ്. അഥവാ ദുരഭിമാനം. സ്വന്തം കാര്യം വരുമ്പോള്‍ അല്പം അഭിമാനവും ദുരഭിമാനവും ഇല്ലാത്തവര്‍ കുറയും. പക്ഷെ അത് ആസൂത്രിത കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നീങ്ങുമ്പോഴാണു നാം നമ്മെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നത്. വാര്‍ത്താ ചാനലുകളില്‍ ആടിതിമിര്‍ക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടിയുള്ളത് മാത്രമാണ്. ഇരുകൂട്ടരുടേയും രാഷ്ട്രീയ ചിന്താഗതികളും അനുഭാവ സ്വഭാവങ്ങളും അസംബന്ധ രാത്രി ചര്‍ച്ചകളായി വഴിമാറുന്നു. അവിടെ മതവും ക്രൈസ്തവ സഭകളും തല്ക്കാലം രക്ഷപെട്ടു എന്ന് വേണമെങ്കില്‍ അഭിമാനിക്കാം.

വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചിന്താഗതികളും അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും നമ്മെ പിന്നോട്ട് നയിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളെ ഞെട്ടലോടെ വേണം വിലയിരുത്തുവാന്‍. ക്രൈസ്തവ സഭകള്‍ക്ക് ഇവിടെ എങ്ങനെ ഇടപെടുവാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും അഭ്യസ്തവിദ്യരും സാംസ്‌കാരികമായി ഉന്നതിയിലുള്ളവരും സഹോദരങ്ങളായി ജീവിച്ചുപോരുന്ന ഈ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊന്നും നടക്കുകയില്ലെന്നു വിചാരിച്ചിരുന്നു. ജനാധിപത്യത്തിലെ നാലാം തൂണുകള്‍ എന്നവകാശപ്പെടുന്നവര്‍പോലും ഇന്നും പണത്തിനുവേണ്ടി ജോലിയെടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അധഃപതനത്തിന്റെ വെടിയൊച്ചകളും നിലവിളികളും നമ്മുടെ കാതുകളില്‍ മുഴങ്ങുകയാണ്.

അന്യന്റെ ജീവനു വിലയില്ലാതാകുകയും അക്രമവും അക്രമവാസനകളും പെരുകുകയും എതിരാളിയെ അറപ്പില്ലാതെ ഇല്ലാതാക്കാനുള്ള മാനസിക നിലവാരത്തിലേക്കു കേരള ജനതയും തരംതാണു പോകുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാനാകുകയില്ല. നവമാധ്യമങ്ങളും വിവരസാങ്കേതിക വിദ്യയും വളര്‍ന്നു പന്തലിച്ചപ്പോള്‍ നന്മയേക്കാള്‍ ഏറെ തിന്മയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, പകയുടെ വാഹക കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.നിയമ വ്യവസ്ഥകള്‍ക്കും നിയമപാലകര്‍ക്കും അതിന്റേതായ ചില പോരായ്മകള്‍ ഉള്ളപ്പോഴും നഷ്ടമാകാതെ പോകേണ്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിലാണു നമ്മള്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യേണ്ടത്. അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും നാളുകളില്‍ നിന്നു നമ്മെ കൈപിടിച്ചുയര്‍ത്തിയ മത-സാംസ്‌കാരിക-രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങളുടെ കെട്ടുറപ്പും, ദിശാബോധവും എവിടെയൊക്കെയോ കൈമോശം വന്നിരിക്കുന്നു. മനുഷ്യനെ മനുഷ്യനായ് കാണുവാനും പരസ്പരം സ്നേഹിക്കുവാനും വെറുപ്പിനു പകരം സ്നേഹവും അനുകമ്പയും സമത്വവും പകര്‍ന്നുനല്കാനുമാകുമ്പോള്‍ മാത്രമേ നാളെയുടെ നന്മ പ്രത്യാശിക്കാന്‍ വകയുള്ളൂ.

വിവിധ മതങ്ങളില്‍പെട്ടവരും മതമില്ലാത്തവരും ജീവിക്കുന്ന നാടാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികപരമായും വളരെയേറെ ഉന്നതിയില്‍ നില്‍ക്കുന്നവരും ഉല്‍ബുദ്ധരും നമ്മള്‍ കേരളീയര്‍ തന്നെയാണ് എന്നാണ് നമ്മുടെ അവകാശവാദം. എന്നാല്‍ ആധുനിക വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ അവകാശവാദം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നില്ലേ എന്നൊരു സംശയം ബാക്കിനില്‍ക്കുന്നു. എല്ലാവരും വിശ്വസിക്കുന്നത് അവരവരുടെ ഭാഷ്യം ശരിയാണ് എന്ന് തന്നെയാണ്. പിന്നെ ആര്‍ക്കാണ് പിഴച്ചത്? ഈ ചോദ്യത്തിന് എല്ലാവര്‍ക്കുമറിയുന്ന ഒരു ഉത്തരമുണ്ട് 'ഞങ്ങള്‍ക്കല്ല ' എന്ന്. ഇവിടെ എല്ലാവരും ശരിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ശരിയാണ് എന്ന് അംഗീകരിച്ചുകൊടുക്കില്ല എന്നതാണ് സത്യം.

സ്‌നേഹത്തിന്റെ കുറവാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ 'ദുരഭിമാനം ' ചിലരില്‍ കൂടുന്നത് എന്നറിയില്ല. പക്ഷെ ഇത് മൂലമുള്ള പ്രശ്‌നങ്ങള്‍ അനവധി ആണെന്ന് മനസ്സിലാക്കാം. അഭിമാനം മൂത്തു അവരിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ അവര്‍ക്കു തന്നെ അതിലും ഭീകരമായി അഭിമാന ക്ഷതം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പോലും അവര്‍ മനസ്സിലാക്കുന്നില്ല. എല്ലാരിലും കുറച്ചു അഭിമാനം വേണം എന്ന് പറയുന്നു. എന്നാലും ചില സത്യങ്ങള്‍ മറച്ചു പിടിക്കുവാന്‍ അതിനു സാധിക്കുന്നു. തനിക്കും മറ്റുള്ളവര്‍ക്കും അത് ദോഷമുണ്ടാക്കുന്നവ അല്ലെങ്കില്‍ കുഴപ്പമില്ല എന്ന ഒരു വശവും ഉണ്ട്. എന്നിരുന്നാലും ഇത്രയും ദോഷങ്ങള്‍ തരുന്ന അഭിമാനങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയാല്‍ തനിക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യവും സ്‌നേഹവും ഉറപ്പായും ലഭിക്കും.

കേരളത്തില്‍ ശക്തിപ്പെടുന്നത് ജാതീയതയാണ്. സഭയിലും രാഷ്ട്രത്തിലും അനുദിനം വര്‍ദ്ധിക്കുന്നു. മനുഷ്യത്വം മരവിക്കുമ്പോള്‍ ജാതിയതയും അധികാരവും ശക്തിപ്പെടും.വേര്‍കൃത്യങ്ങള്‍ വളരും. പുത്തന്‍ യുഗത്തിലും കേരളം ജാതീയതയുടെ കരാളഹസ്തത്തില്‍ തന്നെ എന്ന് നിസംശയം പറയാം.

ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം മലയാളി മനസ്സിനെ എവിടെ എത്തിച്ചു എന്ന് വിലയിരുത്തുന്നത് ഉചിതമാണ്? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- ഇന്നലകളില്‍ നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ ഫലവും വിശകലനം ചെയ്താല്‍ ജാതീയത അതിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് പലായനം ചെയ്യുക മാത്രമാണ് ചെയ്തത്. കടുത്ത അവഗണനക്കും അവഹേളനത്തിനും ഇടയിലും ദളിതന് രാജ്യത്തിന്റെ രാഷ്ട്രീയ- വിദ്യഭ്യാസ- കലാ സാംസ്‌കാരിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും എത്തിപ്പെടാന്‍ സാധിച്ചു എന്നത് ചെറിയൊരു ആശ്വാസം തന്നെ. അവിടെ ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ ഇന്ന് ജാതിവ്യവസ്ഥ അതിന്റെ പഴയ കാല രീതികളും കര്‍മമണ്ഡലങ്ങളും മാറ്റി പുതിയ രീതിയില്‍ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് മാത്രം.ജാതീയത അതിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിന്റെ മറ്റൊരു തെളിവാണ് ഞായറാഴ്ചകളിലെ ജാതി തിരിച്ചുള്ള മാട്രിമോണിയലുകള്‍. ഈഴവ മാട്രിമോണി, നായര്‍ മാട്രിമോണി, പുലയ മാട്രിമോണി എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇവയെല്ലാം തന്നെ ഭൂരിപക്ഷ ന്യുനപക്ഷ വര്‍ഗീയതയെ പരോക്ഷമായി വളര്‍ത്തുകയാണ്. 
Join WhatsApp News
Viswaasi 2018-05-30 17:11:12
ഒരു ഓര്‍ത്തഡോക്‌സ് പുറൊഹിതന്‍ തന്നെ ഇത് പറയണം. ക്രീസ്തവ വിശ്വസത്തെ കേരളത്തില്‍ ഒരു ജാതി ആക്കിയത് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗമാണ്. അതാണല്ലോ നമ്മുടെ പാരമ്പര്യ സഭ. എന്തു വേണ്ടു, ഈ സഭകളില്‍ ഇപ്പോഴും പറയനും പുലയനും ഇല്ല.
കത്തോലിക്ക പോര്‍ട്ടുഗീസുകാരുടെ വരവോടെ എല്ലാവരെയും സ്വീകരിക്കാന്‍ ആരംഭിച്ചു. ചാവറ അച്ചന്‍ ദളിതരെയും സ്വീകരിച്ചു. അതു കൊണ്ട് കേരളഠില്‍ ഇത്രയെങ്കിലും ക്രിസ്താനി ഉണ്ട്. അല്ലെങ്കില്‍, കള്ളി-കാളിയാങ്കല്‍ കാര്‍ മത്രമായി തുടര്‍ന്നേനെ. ഇന്ത്യയില്‍ ക്രൈസ്തവ സഭ വളരാതിരുന്നത് കേരളഠിലെ സവര്‍ണ കൃസ്ത്യാനികളുടെ ജാതിബോധം കൊണ്ടു മാത്രമാണു്.
ഇനി കെവിനെ ആക്രമിച്ചത്. ജാതി മാത്രമല്ല, ജീവിക്കാന്‍ വഴിയില്ലാഠ ഒരുത്തന്റെ കൂടെ ഒരു പെണ്ണ് ഇറങ്ങിപ്പോയാല്‍ ആരെങ്കിലും സഹിക്കുമോ? നമ്മളാരെങ്കിലും സഹിക്കുമോ?വാസ്തവഠില്‍ പെണ്ണിനിട്ടു രണ്ടു കൊടുക്കുന്നതിനു പകരം അവര്‍ ആ പയ്യനെ തേടി പോയി. ഈടാക്രമിക്കാനും കൊല്ലാനും ഒരു ന്യായവുമില്ലല്ലൊ.
ഏറെ തമാശ ആ പെങ്കൊച്ചിനു വേണ്ടി ഏറെ പരിതപിക്കുന്നത് വനിതകളാണ്. ആണുങ്ങള്‍ക്ക് സംഗതി അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്നു പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നോക്കിയാല്‍ വ്യക്തമാകും
ജോർജ് 2018-05-31 11:47:10
ശ്രി ജോൺസൻ പുഞ്ചക്കോണം എഴുതിയ ലേഖനം നല്ലതു. എന്നാൽ താങ്കൾ ഉൾപ്പെടുന്ന പുരോഹിതർ ഇത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ കാര്യമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നു. ദളിത് ക്രിസ്ത്യരെ മാർഗ വാസികൾ എന്ന് ഓമനപ്പേരിലാണ്  പുരോഹിതർ ഉൾപ്പെടെ നാട്ടിൽ വിളിക്കുന്നത്. അവരെ പള്ളി ഭരണത്തിൽ ഒരിക്കലും അടുപ്പിക്കാറില്ല (അവർക്കു അടുക്കാനും താല്പര്യം കുറവാണ്) എന്നത് പോട്ടെ പള്ളിയുടെ മുഖ്യ ധാരയിൽ ഉൾപെടുത്താൻ മടി കാണിക്കുന്നവർ ആണ് ഭൂരിപക്ഷവും. അവരുടെ വീട്ടിൽ എന്തെങ്കിലും കൂദാശാക്കു പോയാൽ അവിടുന്ന് ജലപാനം കഴിക്കാൻ ഇന്നും പുരോഹിതർ മടിക്കുന്നു. നിർബന്ധിച്ചാൽ രണ്ടു പൂവൻ പഴവും ഒരു ഇളനീരും അകത്താക്കി കൊടുക്കുന്ന പണം 'ഇതൊന്നും വേണ്ടായിരുന്നു' എന്നും പറഞ്ഞു വാങ്ങി കീശയിൽ ഇട്ടു കപ്യാരേയും വിളിച്ചു സ്ഥലം വിടുന്ന പാതിരി മാരെയും നേരിട്ട് കണ്ടിട്ടുണ്ട്.  അവരെ മുൻ പന്തിയിലുള്ക്കു കൊണ്ടുവരാൻ സഭ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ഇതുപോലുള്ള ദയനീയ കാഴ്ചകൾ കാണാൻ ഇട വരുത്തുന്നു.        
 ശ്രി ജോൺസൻ പുഞ്ചക്കോണം, താങ്കളെ പോലുള്ള പുരോഹിതർ ഒരു പൊതു സമൂഹത്തിൽ വരുമ്പോഴും എഴുതുമ്പോഴും എന്തിനാണ് ഫാദർ അല്ലെങ്കിൽ അച്ഛൻ എന്ന് ഉപയോഗിക്കുന്നത്. താങ്കളുടെ പള്ളിയിലും വിശ്വാസികളുടെ അടുത്തും നിങ്ങൾക്കു അച്ഛൻ അമ്മാച്ചൻ  എന്ന് തുടങ്ങി എന്തും വിളിക്കാം വിളിപ്പിക്കാം. അത് നിങ്ങളുടെ മത സ്വാതന്ത്യം. എന്നാൽ പൊതു സമൂഹത്തിൽ നിങ്ങൾ എങ്ങിനെ ഫാദർ അല്ലെങ്കിൽ അച്ഛൻ മെത്രാൻ തിരുമേനി ഒക്കെ ആകും. പുരോഹിതൻ പാതിരി എന്നൊക്കെ അല്ലെ വിളിക്കപ്പെടേണ്ടത്. ആരുടേയും മത വികാരത്തെ വേദനിപ്പിക്കാൻ അല്ല. അറിയാൻ വേണ്ടി ആണ് 
Johny 2018-05-31 13:40:23
 ക്രിസ്തീയ പുരോഹിതരെ എന്ത് കൊണ്ട് അച്ഛൻ മെത്രാൻ തിരുമേനി കത്തോലിക്ക എന്നൊക്കെ സമൂഹത്തിലെ മറ്റുള്ളവർ വിളിക്കണം എന്നതൊരു പ്രാധാന്യമുള്ള ചോദ്യം ആണ്. ബൈബിൾ പഴയ നിയമം വായിച്ചാൽ അതിനു ഉത്തരങ്ങൾ കിട്ടും. അക്കാലത്തു പുരോഹിതരെ ദൈവത്തിന്റെ നേരിട്ടുള്ള ഏജന്റ് ആയിട്ടാണ് അവർ തന്നെ ജനത്തെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നത്. പുരോഹിതൻ ഇങ്ങിനെയുള്ള വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം (തടിച്ച ആട് മാടുകളുടെ ഏതു ഭാഗം ഭക്ഷിക്കണം എന്ന് വരെ) സമൂഹത്തിൽ ഒരാൾക്ക് അസുഹം വന്നാൽ അത് മാറിയോ എന്നൊക്കെ അക്കാലത്തു അവരാണ് തീരുമാനിച്ചിരുന്നത്.
 ഭൂരിപക്ഷം അച്ചന്മാരും അവർ അഹരോന്റെ പിൻഗാമികൾ എന്ന ഗർവിൽ തന്നെ ആണ് ഇപ്പോഴും പെരുമാറുന്നത്. സ്വർഗത്തിൽ കൊണ്ടുപോകാം എന്നുപറഞ്ഞു കൊതിപ്പിച്ചും നരകത്തിൽ വിടും എന്ന് ഭീഷണി മുഴക്കിയും അവർ ജീവിക്കുന്നു.  അതും വിശ്വസിച്ചു വിശ്വാസികൾ അവരെ തോളിൽ കയറ്റിക്കൊണ്ടു നടക്കുന്നു ഇപ്പോഴും. 
truth and justice 2018-05-31 19:50:18
Even now the christianity is a just name but any christian denomination accept and teach what Jesus taught and practice. There are so many differences in India especially in kerala Gods own country if a financially poor boy loved a girl,whose parents made some money after going to middle east do servanhood work of Persian leaders allow to marry.
We have to change these systems. Even if the parents of girl dont agree there is no point of killing the poor boy who was the only help for their parents.
Oommen 2018-05-31 22:08:07
സമൂഹത്തിലെ തിന്മകൾക്കെതിരെ  ശക്തമായ ഭാഷയിൽ  ശബ്ദമുയർത്തുന്ന  ലേഖനത്തിനു നന്ദി.
യേശു 2018-05-31 22:22:10
ട്രംപിനെ സപ്പോർട്ട് ചെയ്യുന്നവന്മാർക്ക് സമൂഹത്തിലെ നന്മ തിന്മകളെ എങ്ങനെ തിരിച്ചറിയാം.  
നീ പറയുന്നതും ചെയ്യുന്നതും എന്തെന്ന് അറിയാകകൊണ്ടു നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക