Image

മാറുന്ന പെണ്‍ മലയാളം (ഉഷ. എസ് )

ഉഷ. എസ് Published on 30 May, 2018
മാറുന്ന പെണ്‍ മലയാളം (ഉഷ. എസ് )
സ്ത്രീപുരുഷ വ്യത്യാസമില്ലാതെ അലഞ്ഞു നടന്നിരുന്ന ആദിമ മനുഷ്യ കുലം. അമ്മ നയിച്ച ഗോത്ര സംസ്‌ക്കാരം. സ്ത്രീകള്‍ വീട്ടുപണികള്‍ക്ക് അകത്തും പുരുഷന്മാര്‍ അന്നം സമ്പാദിക്കുന്നതിന് പുറത്തുമായി പിന്നെയും കുറെക്കാലം. പിന്നെ നവോത്ഥാനത്തിന്റെ കാലം. കല്ലുമാല സമരം, മാറുമറയ്ക്കല്‍ സമരം, ഘോഷാബഹിഷ്‌ക്കരണം, സ്ത്രീ വിദ്യാഭ്യാസത്തിനുളള ശ്രമങ്ങള്‍. അങ്ങനെ സ്ത്രീ മുന്നേറ്റങ്ങള്‍.

            കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. മാറിവരുന്ന ജീവിതരീതിയില്‍ ആഢംബരമായി കരുതിയിരുന്ന പലതും അവശ്യ വസ്തുവായി മാറി. ശരാശരി നിലവാരത്തിലെങ്കിലും ജീവിക്കാന്‍ ആണും പെണ്ണും തൊഴിലെടുക്കണമെന്നായി. അങ്ങനെ സ്ത്രീകളും തൊഴില്‍ ചെയ്തു തുടങ്ങി. കുലിവേല, കുടില്‍ വ്യവസായം, കൈത്തൊഴില്‍, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികള്‍ അങ്ങനെ കഴിഞ്ഞ എണ്‍പതുകളായപ്പോഴേയ്ക്കും സ്ത്രീ വിദ്യാഭ്യാസവും തൊഴിലും സര്‍വ്വ വ്യാപകമായി.

          എന്നാല്‍ അപ്പോഴും പല പരാധീനതകളും സ്ത്രീ സമൂഹം നേരിട്ടിരുന്നു. ചില പ്രത്യേക തൊഴിലുകളില്‍ മാത്രം തളയ്ക്കപ്പെടുന്ന അവസ്ഥ, സാങ്കേതിക വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസത്തിലും തൊഴിലിലും അങ്ങനെ ഒരു തെരഞ്ഞെടുപ്പിലും സ്വയം നിര്‍ണ്ണയാവകാശമില്ലായ്മ, സമ്പത്തു കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യക്കുറവ്, തീരുമാനമെടുക്കുന്നതില്‍ പങ്കാളിത്തമില്ലായ്മ അങ്ങനെ പലതും.

          എന്നാല്‍ സ്വയംസഹായസംഘങ്ങളും കുടുംബശ്രികളും സാധാരണ സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ ഒട്ടൊക്കെ മാറ്റം വരുത്തി. സ്ത്രീകള്‍ക്ക് സ്വയം ബാങ്ക് ഇടപാടുകള്‍ നടത്താനും സ്വയം തൊഴില്‍  കണ്ടെത്താനും പൊതുകാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കാനും കഴിഞ്ഞു. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. വരുമാനം കൊണ്ടുവരുന്നവരെന്ന നിലയില്‍ തീരുമാനങ്ങളെടുക്കുന്നതിലും കുറച്ചൊക്കെ പങ്കാളികളാകാന്‍ കഴിഞ്ഞു. തൊഴിലുറപ്പുപദ്ധതിയും സാധാരണ ഗ്രാമീണ സ്ത്രീകള്‍ക്ക് ആശ്വാസമായി. എന്നാല്‍ സ്ത്രീകളുടെ ഗ്രൂപ്പുകള്‍ വഴി ലളിതമായ വ്യവസ്ഥയില്‍ ലഭിക്കുന്ന ലോണുകള്‍ സ്ത്രീധനം, വിവാഹാര്‍ഭാടം എന്നിവയുടെ വര്‍ദ്ധനവിനും തെറ്റായ ഉപഭോഗസംസ്‌ക്കാരത്തിനും വഴിവെച്ചു. ഉത്തരവാദിത്തമില്ലാത്ത പുരുഷന്മാര്‍ കൂടുതല്‍ അലസരുമായി.

       ഈയിടെ 69%സ്ത്രീകള്‍ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിക്കുന്നുവെന്ന രീതിയിലുള്ള സര്‍വ്വേ ഫലം പുറത്തു വന്നതായി കണ്ടു.സാങ്കതികമായി അത് തെറ്റോ ശരിയോ ആകട്ടെ മലയാളി സ്ത്രീകള്‍ മാറുമ്പോഴും നമ്മില്‍ പലരും ഇപ്പോഴും പുരുഷ നിര്‍മ്മിത കണ്ണാടിയിലൂടെ തന്നെ ലോകം കാണുന്നു. അതിനാല്‍ അവരവര്‍ സകല പ്രിവിലേജുകളും ആസ്വദിക്കുമ്പോഴും മറ്റ് സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്ന പ്രവണത നിലനില്‍ക്കുന്നു. രാഷ്ട്രീയ തലത്തിലും ബിസിനസ്സ് തലത്തിലുമെല്ലാം ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്ന ചില സ്ത്രീകള്‍ കുടുംബ ബന്ധങ്ങളെ കാത്തു സൂക്ഷിക്കാനും പുരുഷന്മാരെ ബഹുമാനിക്കാനും സാധാരണ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു. എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ചു ജീവിക്കുന്ന അത്തരക്കാര്‍ തങ്ങളുടെ ദന്തഗോപുരത്തിലിരുന്ന്., യാതൊരു മന:സമാധാനവുമില്ലാതെ വെറും തൃണാവസ്ഥയില്‍ കഴിയുന്ന സഹജീവികളോടാണ്ഉപദേശിക്കുന്നത്. ഇഷ്ടപ്പെട്ട വേഷം ധരിച്ച് സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കുന്ന കുറച്ചു പേര്‍ സോഷ്യല്‍ മീഡിയയിലും ഉപദേശം നടത്തി സ്ത്രീപുരുഷന്മാരുടെ കൈയടി വാങ്ങുന്നു. ഇതിന്റെ തന്നെ ബാക്കിപത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന 'ഫെമിനിച്ചി' വിളികളും. പുരുഷനു തുല്യം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സ്വതന്ത്രരായ ചില സ്ത്രീകള്‍ പോലും താന്‍ ഒരു ഫെമിനിസ്റ്റല്ലെന്ന് പറയുന്ന കാലം. ഒരു പുരുഷന്‍ ഫെമിനിസം പറയുമ്പോള്‍ സ്വാഗതം ചെയ്യുന്നവര്‍ തന്നെ സ്ത്രീയുടെ വാക്കുകള്‍ അവജ്ഞയോടെ തളളിക്കളയുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സുപരിചിതം. തങ്ങള്‍ കാലാകാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രിവിലേജുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാകാം പുരുഷനെ സ്ത്രീ സംസാരിച്ചു തുടങ്ങുമ്പോള്‍ വിറളി പിടിപ്പിക്കുന്നത്.

         ഏതായാലും സഹനവും ലജ്ജയും മുഖമുദ്രയായിരുന്ന മലയാളി സ്ത്രീ മാറിയിരിക്കുന്നു. സാമൂഹ്യ മാദ്ധ്യമങ്ങള്‍ സ്ത്രീകള്‍ക്ക് വലുതായ ആവിഷ്‌ക്കാര സ്വാതന്ത്ര്യമേകി. ഏതു കാര്യത്തിലും അഭിപ്രായം പറയാനും സ്വന്തം സര്‍ഗ്ഗാത്മകതയെ തുറന്നു കാട്ടാനും അവള്‍ക്കു കഴിയുന്നു. പ്രണയിക്കാനും പ്രണയം തുറന്നു പറയാനും തുടങ്ങുന്നു.

     പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഊര്‍ജ്ജ്വസ്വലരും സമര്‍ത്ഥരുമാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഏറെ തിളങ്ങുന്നതും പെണ്‍കുട്ടികള്‍ തന്നെ. വിദ്യാഭ്യാസം നേടുന്നവള്‍. തൊഴില്‍ ചെയ്യുന്നവള്‍.വരുമാനം സ്വന്തമായി കൈകാര്യം ചെയ്യുന്നവള്‍. ഒറ്റയ്‌ക്കോ കൂട്ടരൊത്തോ സാഹസിക യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവള്‍. അഭിനയം, മോഡലിംഗ്, നൃത്തം അങ്ങനെ പല താല്പര്യങ്ങളുളളവള്‍. അങ്ങനെ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ആമുഖം പലതാണ്. ഈ ധീരരായ പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ പറ്റിയ രീതിയില്‍ നമ്മുടെ ആണ്‍കുട്ടികള്‍ മാറേണ്ടതുണ്ട്. തന്റെ ആവശ്യങ്ങള്‍ നടത്തിത്തരാനുളള ഒരു ദാസിയെ പ്രതീക്ഷിക്കാതെ ഒരു ഒരു പങ്കാളി അഥവാ കൂട്ടുകാരി വേണമെന്നു തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക. വിവാഹം അത്യാവശ്യം അല്ലെന്നറിയുക. സഹനതലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. നമ്മുടെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഉയരാന്‍ തയ്യാറായില്ലെങ്കില്‍ വിവാഹമെന്ന പ്രസ്ഥാനത്തിന് അധികം ആയുസ്സുണ്ടാവില്ല.

മാറുന്ന പെണ്‍ മലയാളം (ഉഷ. എസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക