Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-2: സാംസി കൊടുമണ്‍)

Published on 27 May, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-2: സാംസി കൊടുമണ്‍)
ആലീസിന്റെ കണ്ണുകള്‍ മെല്ലെ അടയുന്നു. മൂന്നുനാലു ദിവസമായി അനുഭവിക്കുന്ന മാനസിക പീഡകള്‍ മനസ്സിനെയും ശരീരത്തെയും തളര്‍ത്തിയിരുന്നു. ജിജിയും ജോളിയും മുറിയുടെ വാതില്‍ മെല്ലെ ചാരി പുറത്തു കടന്നു.

“”പാവം എന്നും കഷ്ടപ്പാടുകള്‍ മാത്രം. ഇതെന്നു തുടങ്ങിയതാ.... എല്ലാവരെയും കൈ പിടിച്ചുയര്‍ത്താനായി ഒരു ജീവിതം. എന്നിട്ട് സ്വന്തം കാര്യത്തിനൊരു കൈത്താങ്ങിന്....’’ ജോളി എന്തൊക്കെയോ ഓര്‍ത്തിട്ടു സ്വയം പറഞ്ഞു. ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു. ജോളി ഫോണെടുത്തു. ചിക്കാഗോയില്‍നിന്ന് ഒരു അമ്മിണി. അറിഞ്ഞതു വൈകിയാണത്രേ. വിളിച്ചു എന്നു പറയണം. ജോളി ഫോണ്‍ വെച്ചു.

“”ആരായിരുന്നു.’’ ആലീസ് പകുതി മയത്തില്‍ വിളിച്ചു ചോദിച്ചു.

“”ചിക്കാഗോയില്‍നിന്ന് ഒരു അമ്മിണി’’ ജോളി വിളിച്ചു പറഞ്ഞു.

ആലീസില്‍ നിന്നൊരു നീണ്ട നെടുവീര്‍പ്പുയര്‍ന്നു. അമ്മിണി! അവള്‍ സമയത്തറിഞ്ഞു കാണില്ല. അവളോടാരു പറയാന്‍! അറിഞ്ഞിരുന്നുവെങ്കില്‍ അവള്‍ വരുമായിരുന്നു.

അതൊരു കാലത്തിന്റെ കൂട്ടായിരുന്നു. ഡല്‍ഹിയില്‍ തുടങ്ങിയ കൂട്ട്. എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരു കൂട്ടുകാരി. എങ്കിലും അമ്മിണിയുടെ ജീവിതം.... അവള്‍ എല്ലാവരില്‍നിന്നും അകന്നുപോയില്ലേ. വിധി ആയിരിക്കാം....

“”ആലീസേ എല്ലാം വിധിയാണ്.’’ ജോണിച്ചായന്‍ എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ ഫ്രെയിമിലിരുന്നു ചിരിക്കുന്നു. ഒന്നുമറിയാത്തവനെപ്പോലെ. വിധി അവനെ വല്ലാതെ പ്രണയിച്ചിരുന്നുവല്ലോ. പിന്നെ ചിരിക്കയല്ലാതെന്തു ചെയ്യും. ഒമ്പതാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്താന്‍ പോയവനെ വിധി തിരുത്തിയില്ലേ?

അപ്പച്ചന്‍ തോമാച്ചായനോടു ചോദിച്ചു. “”എടാ തോമാച്ചാ.... നീ ജോണിയോട് ഇനി സ്കൂളില്‍ പോകണ്ട ാന്നു പറഞ്ഞോ? ഇനിയുള്ള കാലം പഠിപ്പില്ലാത്തവന്‍ ഒന്നിനും കൊള്ളാത്തവനാ... അവനെ നീ പള്ളിക്കൂടത്തില്‍ വിട് വേണ്ട തു ഞാന്‍ ചെയ്യാം.’’ അപ്പച്ചന്റെ കണ്ണുകള്‍ പതിവിലും ചുവന്നിരുന്നു. നരച്ച രോമങ്ങള്‍ കുഞ്ഞിരാമന്റെ കത്തിയേയും സ്വപ്നം കണ്ട ുകഴിയുന്നുണ്ട ായിരുന്നു.

അപ്പച്ചനോടു പതിവില്ലാത്ത സ്‌നേഹം തോന്നി. അമ്മച്ചി അപ്പച്ചനോടു കാര്യമായി പറഞ്ഞിട്ടുണ്ട ാകും. കരളിലെ നൊമ്പരം ഒന്നു കുറഞ്ഞപോലെ.

ഉറക്കം അകലെ.... അകലെ ആയിരുന്നു. എന്തോ ഒരു നിര്‍വൃതിയാല്‍ മനസ്സാകെ നിറഞ്ഞു നില്‍ക്കുന്നു. നിര്‍വചനങ്ങള്‍ക്കതീതമായ ഒരു നിറവ്. അത് മനസ്സില്‍ നിന്നും ശരീരമാകെ നിറയുന്നു. ജനാലയുടെ അഴികളിലൂടെ നിലാവ് അവളെ ചുംബിക്കുന്നു. ചെറു കാറ്റ് അവളെ തഴുകി. അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കിടന്നു. പൊടിമീശ കിളുര്‍ത്തു തുടങ്ങിയ അവന്റെ സുന്ദരമുഖം അവളിലേക്കടുത്തു വരുന്നു. അവളുടെ രഹസ്യങ്ങളിലവന്‍ ചുംബിച്ചു. അവള്‍ ആസകലം പൂത്തു. ഭാര രഹിതമായ അവളുടെ ശരീരം ആകാശങ്ങളില്‍ പറന്നു.

പിറ്റേന്ന് ഒരു പെണ്ണായി എന്ന തിരിച്ചറിവുമായി അവള്‍ എഴുന്നേറ്റു. ആരുടേയും മുഖത്തു നോക്കാതെ. എന്തൊക്കെയോ അരുതാത്തതു തനിക്കു സംഭവിച്ചിരിക്കുന്നു എന്ന കുറ്റബോധത്തോടെ അവള്‍ മൂത്ത ചേച്ചി റാഹേലിന്റെ അടുത്തു ചെന്നു പരുങ്ങിനിന്നു. സ്ത്രീ സഹജമായ വാസനകൊണ്ട ് കാര്യങ്ങള്‍ ഗ്രഹിച്ച റാഹേല്‍ അവള്‍ക്ക് വേണ്ട തെല്ലാം പറഞ്ഞു കൊടുത്തു. ചേച്ചി അമ്മയോടെന്തോ പറഞ്ഞു. അമ്മ അവളെ ഇതിനു മുമ്പു കണ്ട ിട്ടില്ലാത്തപോലെ നോക്കി. അവള്‍ ലജ്ജ കൊണ്ട ് അമ്മയുടെ മുഖത്തേക്കു നോക്കിയില്ല. കുളിക്കാനായി ആറ്റു കടവിലേക്കു നടക്കുമ്പോള്‍ അകാരണമായ ഒരു വിറയല്‍. പിടിക്കപ്പെടുമോ എന്ന ഭയം. അവന്റെ വീടും കടന്നുവേണം ആറ്റു കടവിലെത്താന്‍. അവള്‍ അവന്റെ വീട്ടുമുറ്റത്തേക്കു ഏറുകണ്ണിട്ടു നോക്കി. അവനെ ഒന്നു കാണാന്‍ വല്ലാത്തൊരു മോഹം. സ്വകാര്യമായതെന്തോ അവനോടു പറയാനുണ്ടെ ന്നൊരു തോന്നല്‍. ഇന്നലെ രാത്രിയില്‍ താന്‍ പൂര്‍ണ്ണമായി അവന്റേതായി മാറിയിരുന്നുവല്ലോ. അവന്‍ കുളിക്കടവിലുണ്ട ായിരുന്നു. ആദ്യരാത്രിക്കുശേഷം നവ വധുവിന്റെ നാണമായിരുന്നു അവള്‍ക്ക്.

“”ആലീസേ അച്ചാച്ചനെന്നോടു സ്കൂളില്‍ പോയിക്കൊള്ളാന്‍ പറഞ്ഞു.’’ കുളി കഴിഞ്ഞു കയറുന്ന അവന്‍ അവളെക്കണ്ട പ്പോള്‍ വിളിച്ചു പറഞ്ഞു. അവന്റെ ഹൃദയം ആഹ്ലാദം കൊണ്ട ു തുളുമ്പുന്നതവളറിഞ്ഞു.

അവളുടെ ഉള്ളിലും നിറവായിരുന്നു. ഇരട്ടിമധുരം കഴിച്ചവള്‍. അവനെ നോക്കിച്ചിരിച്ചു. അവന്റെ വിധി തിരുത്തിയതിന്റെ ഒരു ചെറുവിഹിതം അവള്‍ക്കും അവകാശപ്പെട്ടതായിരുന്നു. തന്നിലും പരിവര്‍ത്തനം സംഭവിച്ച ദിവസമായിരുന്നു. അതിനെപ്പറ്റി അവന്‍ എന്തെങ്കിലും ചോദിക്കും എന്നവള്‍ കൊതിച്ചു. അല്ലെങ്കിലവനെന്തറിയാം? പൊട്ടന്‍. അവള്‍ കുളിക്കടവിലേക്കിറങ്ങുമ്പോള്‍ അവന്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നു. അവന്റെ മുന്നില്‍ അവള്‍ക്കാദ്യമായി നാണം തോന്നി. തലേ രാത്രിയിലവന്റെ ചുണ്ട ുകള്‍ മുത്തമിട്ടടത്തൊക്കെയൊരു നാണം. അവള്‍ കൈകള്‍ പിണച്ച് മാറുമറച്ചു.

“”എന്താ ആലീസേ...’’ അവന്‍ ചോദിച്ചു. അവള്‍ മന്ദമായി പുഞ്ചിരിച്ചു. എന്നിട്ട് തുണിമാറാതെ ആഴങ്ങളിലേക്കിറങ്ങി. ആരൊക്കെയോ കുളിക്കടവിലേക്കു വരുന്നുണ്ട ായിരുന്നു. അവന്‍ ആലീസിനെ ഒന്നു നോക്കി. അവന്റെ സ്വകാര്യ ആഹ്ലാദവുമായി നടന്നു. നടന്നകലുന്ന അവനെ നോക്കി അവള്‍ ഉള്ളില്‍ ഒന്നുകൂടി പറഞ്ഞു. “പൊട്ടന്‍... ഒന്നുമറിഞ്ഞുകൂടാത്ത പൊട്ടന്‍.’ അവള്‍ ആഴങ്ങളിലിറങ്ങി നീന്തി.

ആ രാത്രിയില്‍ തനിക്കു സംഭവിച്ചതിനെക്കുറിച്ച് അവനോടു പറയണമെന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട ്. പക്ഷെ എന്തുകൊണ്ടേ ാ കഴിഞ്ഞിട്ടില്ല. ആ ഒരു രഹസ്യം മാത്രം തന്റെ കൂടെ ഇരിക്കട്ടെ.

താന്‍ ഈ ഭൂമിയിലേക്കു ചേര്‍ക്കപ്പെടുമ്പോള്‍ ഭൂമിദേവിക്കു കൊടുക്കാനായി ഒരു രഹസ്യമെങ്കിലും വേണ്ടേ ... “മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് കാരമില്ലാതെ പോയാല്‍ പിന്നെ അതിനെ എന്തിനു....’ സ്വപ്നങ്ങള്‍ ഉപ്പും അതിലെ രഹസ്യങ്ങള്‍ കാരവുമാകാം. ഭൂമിയില്‍ നിന്നു സ്വീകരിച്ചതിനൊക്കെയും പകരമായി ഒരല്പം ഉപ്പും അതിലെ കാരവും....

പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ ഓരോരുത്തര്‍ ഓരോ കള്ളികള്‍ തിരിച്ച് അവരവരുടെ വഴികളിലേക്കു തിരിയുകയായിരുന്നു. ആലീസ് ടൈപ്പും ഷോര്‍ട്ട്ഹാന്റും പഠിക്കാന്‍ ചേര്‍ന്നു. അവന്‍ അപ്പന്റെകൂടെ പാടത്തും പറമ്പത്തും ചെറുകൈത്താങ്ങായി. അവന്റെ ചുണ്ട ത്തെ മീശ നന്നായി കറുത്തിരുണ്ട ു. തടിയും പൊക്കവും വെച്ചു.

ഒരു വെയിലുള്ള ഉച്ചക്ക്, തെങ്ങുകേറ്റം നിര്‍ത്തി ഒരു കരിക്കുവെട്ടി ആലീസിനു കൊടുത്തുകൊണ്ട ് അവന്‍ പറഞ്ഞു.

“”ഞാന്‍ ഇവിടെ നിന്നു പോകുവാ....’’ ആലീസിന്റെ നെഞ്ചിലൊരു പിടച്ചില്‍ അവള്‍ പെട്ടെന്നു ചോദിച്ചു. “”എങ്ങോട്ട്.’’

അവന്‍ എല്ലാമാലോചിച്ചുറപ്പിച്ചവനെപ്പോലെ പറഞ്ഞു. “”പട്ടാളത്തില്‍ ചേരാന്‍.’’

ആലീസവനെ മിഴിച്ചുനോക്കി. അവള്‍ക്കൊന്നും മനസ്സിലായില്ല. “പട്ടാളം.’ അവള്‍ വെറുതെ ആ വാക്ക് വായിലിട്ടുരുട്ടിക്കളിച്ചു. അവന്‍ പറഞ്ഞതിന്റെ ഉറപ്പിനെന്നപോലെ കൂട്ടിച്ചേര്‍ത്തു. “”വടക്കേലെ ബേബിച്ചായന്‍ എയര്‍ഫോഴ്‌സിലല്ലിയോ. ഇപ്പം വന്നിട്ടുണ്ട ്. ബാംഗ്ലൂരില്‍ ചെന്നാല്‍ എടുപ്പിക്കാമെന്നു പറഞ്ഞു. പക്ഷേ ഒരായിരത്തഞ്ഞൂറു രൂപ വേണം. അതാ പ്രശ്‌നം.’’ അവനൊന്നു നിര്‍ത്തി ആലീസിനെ നോക്കി. അവള്‍ ഒന്നും പറഞ്ഞില്ല. അവളാകെ ആശങ്കയിലായിരുന്നു. ഒരു നീണ്ട മൗനംകൊണ്ട വള്‍ സ്വയം വീണ്ടെ ടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ അവളുടെ മൗനം തോറ്റു. അവള്‍ ചോദിച്ചു.

“”എപ്പോള്‍.’’

“”ചിലപ്പോള്‍ രണ്ട ാഴ്ചക്കകം..... രൂപയുണ്ട ാക്കണം.’’ പോകാനുള്ള അവന്റെ തിടുക്കം അവള്‍ തിരിച്ചറിഞ്ഞു.

“”പോണോ.’’ അവള്‍ ആശങ്കയോടെ ചോദിച്ചു.

“”പിന്നെ പോകാതെ.... ആലീസെ ഞാന്‍ വീട്ടിലെ മൂത്ത മകനാ. അച്ചാച്ചന്‍ കിട്ടുന്നതില്‍ പകുതിയും കള്ളുകുടിച്ചു കളയും. അമ്മയും ഇളയ കുഞ്ഞുങ്ങളും....’’ അവന്‍ വിദൂരതയിലെവിടയോ നോക്കി പറഞ്ഞു. തെങ്ങുകളുടെ നിഴല്‍ കിഴക്കോട്ടു വളരുന്നുണ്ട ായിരുന്നു. ആലീസ് അതില്‍ നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവന്റെ വീടിനെക്കുറിച്ചുള്ള കരുതല്‍ അവള്‍ അറിയുന്നുണ്ട ായിരുന്നു. പക്ഷെ അതിലും വലുതായി അവളുടെ ഉള്ളില്‍ മറ്റെന്തൊക്കെയോ ആയിരുന്നു. “”എന്താ ആലീസേ.’’ അവന്‍ ചോദിച്ചു. “”ഓ. ഒന്നുമില്ല.’’ അവള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. അതു തുളുമ്പുമോ എന്നവള്‍ ഭയപ്പെട്ടു.

“”ആലീസേ നീ എവിടാ. ഈ പെണ്ണ് എവിടെപോയിക്കിടക്കുവാന്നാ.’’ അമ്മച്ചി പറമ്പിലേക്കു വരികയാണ്. ആലീസ് കണ്ണുകള്‍ തുടച്ചു. “”എടീ നീ കഞ്ഞിയ്ക്ക് ഇത്തിരി വെള്ളം വെച്ചേ.’’ അവള്‍ അവനെ ഒന്നു പാളിനോക്കി. അകത്തേക്കു പോയി. “”എന്താ ജോണിക്കുട്ടി നീ വല്ലാതിരിക്കുന്നത്.’’ “”ഒന്നുമില്ലമ്മച്ചി. ഞാന്‍ പട്ടാളത്തില്‍ ചേരാന്‍ പോകുവാണെന്ന് ആലീസിനോട് പറയുകയായിരുന്നു.’’

“”നേരോ....അല്ലേലും ഇവിടെക്കിടന്നാ നീ രക്ഷപെടില്ല. നിനക്ക് പട്ടാളത്തില്‍ ചേരാനുള്ള തണ്ട ും തടിയുമുണ്ട ല്ലോ. അതാ നല്ലത്. അല്ല ജോണിക്കുട്ടി ഇപ്പോള്‍ എവിടാ യുദ്ധം നടക്കുന്നത്?’’ അമ്മച്ചി അല്പം ആലോചിച്ച് സംശയനിവാരണത്തിനായി ചോദിച്ചു.

യുദ്ധം ഇപ്പോള്‍ ഈ മുറ്റത്ത് രണ്ട ാത്മാക്കളുടെ ഉള്ളിലാണെന്നു പറയാന്‍ അവന്‍ ആഗ്രഹിച്ചു. പക്ഷെ അവന്‍ പറഞ്ഞത് അറിയില്ലെന്നായിരുന്നു.

“”അമ്മച്ചിയെ എനിക്കിപ്പോള്‍ ഒരു ആയിരത്തഞ്ഞൂറു രൂപ വേണം.’’ “”അതിനിപ്പം നിന്റെ കയ്യില്‍ വല്ലതുമുണ്ടേ ാ.’’ അമ്മച്ചി എല്ലാമറിയുന്നവളെപ്പോലെ ചോദിച്ചു. “”ഇല്ല.’’ അവന്‍ പറഞ്ഞു. “”നീ തോമാച്ചനോടു പറഞ്ഞില്ലെ.’’ അമ്മച്ചി ചോദിച്ചു. “”അതിപ്പം ചോദിക്കുന്നതും ചോദിക്കാത്തതും ഒരുപോലാ.’’ അവന്‍ പറഞ്ഞു. ഇവിടിപ്പം കാശൊന്നുമില്ല. എല്ലാം കടത്തിലാ. ഞാന്‍ ഇവിടുത്തെ അപ്പച്ചനോടൊന്നു പറഞ്ഞു നോക്കട്ടെ. “”അമ്മച്ചി എന്തോ ചിന്തകളില്‍ മുഴുകി കുറെ ചൂട്ടും കൊതുമ്പും പെറുക്കിക്കൊണ്ട ുപോയി.’’

എല്ലാ പ്രതിസന്ധികളിലും തുണയായിട്ടുള്ള ഈ അമ്മച്ചിക്കു നല്ലതു വരേണമേ എന്നവന്‍ പ്രാര്‍ത്ഥിച്ചുകാണും. അവന്‍ ഉന്മേഷവാനായി. ആ കാലത്ത് തന്റെ കുടുംബം പ്രതിസന്ധിയിലായിരുന്നു. അപ്പച്ചന്റെ കച്ചവടമാകെ മെലിഞ്ഞു. ഇപ്പോള്‍ കട തുറക്കുന്നു എന്നേ ഉള്ളൂ. എവിടെയോ പിണഞ്ഞ ഒരു നോട്ടക്കുറവ്. ആളുകള്‍ പലതും പറയുന്നു. ആലപ്പുഴയില്‍ പലചരക്കെടുക്കാന്‍ പോയതാ. ഇടത്താവളത്തിലെവിടെയോ ഒരു മിടുക്കി ആ ബല്‍റ്റിലെ സുഭിഷത ഇപ്പോഴും അനുഭവിക്കുന്നണ്ട ത്രെ. കുളിക്കടവിലെ അടക്കം പറച്ചില്‍. രണ്ട ുമാസത്തിനകം ആറ്റു തീരത്തുള്ള രണ്ടേ ക്കര്‍ വിറ്റു. റാഹേലിന്റെയും അമ്മിണിയുടെയും കല്യാണം നടത്തി. റാഹേലിനെ പാലായിലും, അമ്മിണിയെ ഡല്‍ഹിയില്‍ ജോലിയുള്ളൊരു പയ്യനെക്കൊണ്ട ും കെട്ടിച്ചു. മിച്ചമുള്ളതുകൊണ്ട ് ആലീസിനു നാലു വളയും ഒരു കൊച്ചു മാലയും കരുതലായി കരുതി. അതും അമ്മച്ചീടെ നിര്‍ബന്ധം. അപ്പച്ചന്റെ കണ്ണുകള്‍ ഇപ്പോള്‍ സദാ ചുവന്നാണിരിക്കുന്നത്. ആരോടും പറയാത്ത ചില രഹസ്യങ്ങള്‍ അപ്പച്ചനെ വേട്ടയാടുന്നുണ്ടെ ന്നൊരു തോന്നല്‍. അപ്പച്ചന്റെ രഹസ്യങ്ങള്‍ ഒരു മകള്‍ക്കു ചോദിക്കാന്‍ പാടില്ലല്ലോ. അപ്പച്ചനും ഭൂമിക്കു കൊടുക്കാനായി ഒരു രഹസ്യം സൂക്ഷിച്ചതായിരിക്കാം. അതോ അമ്മച്ചിയോടൊല്ലാം തുറന്നു പറഞ്ഞിരുന്നുവോ. അവര്‍ അങ്ങനെയായിരുന്നുവല്ലോ. അമ്മച്ചി അപ്പച്ചനോടു പറഞ്ഞു. “”്‌നമ്മുടെ ജോണിക്കുട്ടി പട്ടാളത്തില്‍ ചേരാന്‍ പോകുവാന്ന്.” അപ്പച്ചന്റെ പ്രതികരണമറിയാനായി അമ്മച്ചി ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. “”ആ പോട്ടെ, പോയി രക്ഷ പെടട്ടെ.” അപ്പച്ചന്‍ അമ്മച്ചി മുറിച്ചു കൊടുത്ത പുകയില അണയില്‍ തിരുകിക്കൊണ്ട ു പറഞ്ഞു.

“”പക്ഷെ അവന്റെ കയ്യില്‍ കാശും പുത്തനുമൊന്നുമില്ല. ഒരു ആയിത്തഞ്ഞൂറു രൂപാ വേണമെന്ന് എന്നോടു പറഞ്ഞു.’’ അത്താഴം കഴിഞ്ഞുള്ള അവരുടെ പങ്കുവയ്ക്കലിന്റെ സമയമാണ്. അമ്മച്ചി കരുതി വെച്ചിട്ടുള്ള നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ ഈ സമയത്താണ് അപ്പച്ചനോടു പറയുക. പരസ്പരം കലഹിക്കുന്നതു കണ്ട ിട്ടില്ല. അപ്പച്ചന്‍ ആലോചനയിലാണ്. “”അതിനിവിടെ കാശു വല്ലതുമിരിപ്പുണ്ടേ ാ.’’ പെട്ടെന്നു മുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങ ചൂണ്ട ി ചോദിച്ചു. അതെത്ര കാണും. “”നാനൂറ്.’’ അമ്മച്ചി പറഞ്ഞു. “”അതു വിറ്റെടുത്തോളാന്‍ പറ’’ അപ്പച്ചന്‍ പറഞ്ഞു. “”അതുകൊണ്ട ു തികയില്ലല്ലോ.’’ അമ്മച്ചി ആശങ്കപ്പെട്ടു. “”ആ നോക്കട്ടെ.’’ അപ്പച്ചന്‍ ധൈര്യപ്പെടുത്തി. രണ്ട ു നാള്‍ കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ എഴുന്നൂറ്റമ്പതു രൂപ അമ്മച്ചിയുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു: “”ഇതുകൂടി ജോണിക്കുട്ടിക്ക് കൊടുത്തേര്. ഇത്രയേ ഒത്തൊള്ളൂ.’’ അമ്മച്ചിയുടെ സ്വകാര്യസമ്പാദ്യത്തിന്റെ മുദ്രകള്‍ പൊളിക്കപ്പെട്ടു. ഒരു മൂന്നൂറ്റിയമ്പത്തിരണ്ട ുരൂപ കൂടി. എന്നിട്ടും കുറവ്. ഉള്ളതെല്ലാം കൂടി ജോണിച്ചായന്റെ കൈയ്യില്‍ വച്ചു കൊടുക്കുമ്പോള്‍ അമ്മയുടെ തൊണ്ട ഇടറിയുന്നുവോ. “”മോനേ ഇത്രയേ ഒത്തുള്ളൂ. ബാക്കി നീ എങ്ങനെയെങ്കിലും ഉണ്ട ാക്ക്.’’ അമ്മച്ചി അത്രേ പറഞ്ഞുള്ളൂ. എന്നിട്ട് അവിടെനിന്നു മാറിക്കളഞ്ഞു. അമ്മച്ചി കരയുന്നുണ്ട ായിരുന്നു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ആലീസ് പെട്ടിയില്‍ നിന്നും ആരുമറിയാതെ അവളുടെ ഭാവിയ്ക്കായി കരുതിയിരുന്നതില്‍ രണ്ട ു വളകള്‍ എടുത്തു കൊടുത്തിട്ടു പറഞ്ഞു “”ജോണിച്ചായാ... പോയാല്‍....” ബാക്കി പറയേണ്ടെ തെന്തെന്നവള്‍ക്കറിയില്ലായിരുന്നു. ആദ്യമായാണവള്‍ പരസ്യമായി അവനെ അച്ചായന്‍ എന്നു വിളിക്കുന്നത്. അവന്‍ ആദ്യമൊന്നു പകച്ചു. പിന്നെ ഒന്നു വലുതായതുപോലെ. അവളുടെ സ്‌നേഹവും സങ്കടവും എല്ലാം തിരിച്ചറിഞ്ഞിട്ടെന്നപോലെ അവന്‍ പറഞ്ഞു.

“”ആലീസേ... മനസ്സു നിറയെ ഭാരങ്ങളും കടങ്ങളുമായാണു ഞാന്‍ പോകുന്നത്. എന്നെ പുറകോട്ടു വലിക്കുന്നതു നീ മാത്രമാണ്. ഇതു വരെ അനുഭവിക്കാത്ത ഒരു ഭാരം മനസ്സില്‍. അതു നിന്നെ പിരിയുന്നതിനാലാണെന്നു ഞാനറിയുന്നു. ഞാന്‍ നിന്നെ പിരിയില്ല. നീ എന്റെ കൂടെ എപ്പോഴുമുണ്ട ാകും....’’

എന്നിട്ടിപ്പോഴെവിടെ.... ഡ്രെസ്സിങ്ങ് ടേബിളില്‍ വെച്ചിരിക്കുന്ന ചിരിക്കുന്ന ജോണിയുടെ ഫോട്ടോയിലേക്കു നോക്കി ആലീസ് ഓര്‍മ്മകളില്‍ വെന്തു. ദാ ഇന്നലെ വരെ കൂടെയുണ്ട ായിരുന്നവന്‍ ഇന്നോര്‍മ്മയിലായിരിക്കുന്നു. അവന്‍ ഭൂതകാലത്തിലേക്കു തുരത്തപ്പെട്ടു. ഭാവിയവന്റേതല്ല. അവനെ ഒന്നു തൊടാന്‍, ഒന്നു വാരിപ്പുണരാന്‍, അവന്റെ ശ്വസനങ്ങളുടെ വേഗങ്ങള്‍ക്കൊപ്പം കിതക്കുവാന്‍.... അവന്റെ വികാരങ്ങളെവിടെ, അവന്‍ തന്ന ചൂട്... സാന്ത്വനങ്ങള്‍.... ആശ്വാസങ്ങള്‍.... സ്‌നേഹങ്ങള്‍.... ഒക്കെയെവിടെ? ഇതൊരു വല്ലാത്ത പ്രഹേളികയാണല്ലോ. നാളകളിലേക്കു മാറ്റിവെയ്ക്കപ്പെട്ട അവന്റെ സ്വകാര്യസ്വപ്നങ്ങള്‍.... ഇനി.... ഒന്നും മാറ്റിവെയ്ക്കാന്‍ പാടില്ലായിരുന്നു. അതെങ്ങനെ ഇന്നുകളില്‍ എന്നും മുന്‍ഗണന മറ്റുള്ളവര്‍ക്കായിരുന്നുവല്ലോ. ആവശ്യങ്ങള്‍ മുട്ടിവിളിച്ചുകൊണ്ടേ യിരുന്നു. മാറ്റിവെയ്ക്കുവാന്‍ ഞങ്ങളുടെ ജീവിതവും സ്വപ്നങ്ങളും മാത്രം. മാറ്റിവെയ്ക്കപ്പെട്ട അനേകം ആഗ്രഹങ്ങളുമായി ജോണിച്ചായന്‍ ആഗ്രഹങ്ങളില്ലാത്ത ഒരു ലോകത്തേക്കു യാത്രയായിരിക്കുന്നു. ഇനി ഞാന്‍ ഒറ്റയ്ക്ക്.... നീ സന്തോഷത്തേടെയാണോ എന്നെ പിരിഞ്ഞത്. അല്ലെങ്കില്‍ നിനക്കെന്നെങ്കിലും പരാതികളുണ്ട ായിരുന്നുവോ. ജീവിതകാലം മുഴുവന്‍ തിരസ്കാരങ്ങളുടെ തിരകളില്‍ ആടിയുലഞ്ഞവനല്ലേ. എന്നിട്ടും എന്നും ചിരിക്കുന്നവനായിരുന്നു നീ. ആ ചിരി നിന്റെ മുഖമുദ്രയായി. കൊടും താപങ്ങളില്‍ വെന്തുരുകുമ്പോള്‍ ഞാന്‍ ചോദിച്ചു. “”അച്ചായാ എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നു.” അപ്പോള്‍ നീ പറഞ്ഞു “”ആലീസേ നമ്മളെക്കാള്‍ കുറവുള്ളവരെ നോക്കുക.” നീ താത്വികന്‍ ആകുകയായിരുന്നു. നീ മൂത്തമകനായിരുന്നു. പിതാവിന്റെ കുരിശുവഹിക്കാന്‍ ചുമതലപ്പെട്ടവന്‍. അതുകൊണ്ട ുതന്നെ നീ എന്നും പരാതികളില്ലാത്തവനായിരുന്നുവല്ലോ.

പക്ഷേ ഒരു കാര്യത്തില്‍ മാത്രം നീയെന്നും പരാതിക്കാരനായിരുന്നു. എനിക്ക് നിന്നോടുള്ള സ്‌നേഹം.... അതു ഞാന്‍ പ്രകടിപ്പിക്കില്ലായിരുന്നു. അതല്ലേ സത്യം. നിന്നെ അല്ലാതെ മറ്റാരെ ഞാന്‍ സ്‌നേഹിക്കും.

ബാംഗ്ലൂരിനു പോകുന്നതിനു തലേ ദിവസം നീ ചോദിച്ചതു ഞാനോര്‍ക്കുന്നു. “”ഞാന്‍ പോയാല്‍ പിന്നെ ആലീസെന്നെയോര്‍ക്കുമോ?’’ ഞാന്‍ ഒരു തമാശ കേട്ടപോലെ ചിരിച്ചു. മറന്നവര്‍ക്കു മാത്രമല്ലേ ഓര്‍ത്തെടുക്കേണ്ട ആവശ്യമുള്ളൂ. അതെനിക്കു പറഞ്ഞറിയിക്കാന്‍ അറിയില്ലായിരുന്നു. എന്റെ ചിരികണ്ട ് നീ വല്ലാതായി. നീ ഒരു ശുദ്ധന്‍. ഞാന്‍ ഉള്ളില്‍ പറഞ്ഞു. ആ ദിവസം മുഴുവന്‍ നീ ഒരു വെരുകിനെപ്പോലെ ഓടി നടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് നിന്റെ വീട്ടിലേക്കൊന്നോടിപ്പോകും. പോയ വേഗത്തില്‍ തന്നെ മടങ്ങി വരും. “”അമ്മച്ചിയെ പാക്ക് തീര്‍ന്നോ... തേങ്ങാ ഇടണോ... ചൂട്ടും കൊതുമ്പും കുറച്ചു പറിക്കട്ടെ.’’ നീ സ്വയം നഷ്ടപ്പെട്ടവനെപ്പോലെയായിരുന്നു. നിന്റെ കണ്ണ് എന്റെ മേലായിരുന്നുവെന്ന് ഞാനറിയുന്നുണ്ട ായിരുന്നു. നീയെന്റെ കണ്ണില്‍ നിന്നു മറയുമ്പോള്‍ ഞാനനുഭവിച്ച നൊമ്പരം നീയറിഞ്ഞിരുന്നുവോ? സ്ത്രീ.... എല്ലാം മറച്ചുവയ്ക്കുന്നവളാണ്. അവള്‍ക്കെല്ലാം തുറന്നുപറയാന്‍ കഴിയാത്തവളാണ്.

“”എടാ ജോണിക്കുട്ടിയെ നീ എവിടെങ്കിലും ഒന്നിരിക്ക്.’’ അമ്മച്ചി വിളിച്ചു പറഞ്ഞു. അമ്മച്ചി വിളമ്പിയ ചോറുണ്ണുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതു ഞാന്‍ കണ്ട ിരുന്നു.

“”പോകാനുള്ളതെല്ലാമൊരിക്കിയോടാ.’’ അമ്മച്ചി അവന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട ു ചോദിച്ചു. അമ്മച്ചിയുടെ മുഖം മ്ലാനമായിരുന്നു. “”ഉം..’’ നിനക്കൊന്നു മൂളുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

“”ഒക്കെ സൂക്ഷിച്ചു പോകണം.’’ നിറഞ്ഞ കണ്ണുകള്‍ അവന്‍ കാണാതിരിക്കാനായി അമ്മച്ചി അടുക്കളയിലേക്കു പോയി. അയല്‍ക്കാരനായ ഒരു പയ്യനോടുള്ള സ്‌നേഹമായിരുന്നുവോ അമ്മച്ചിക്കു നിന്നോട്. നീ അമ്മച്ചിയുടെ വല്‍സലനായിരുന്നുവല്ലോ. അതല്ലേ എല്ലാവരുമെതിര്‍ത്തിട്ടും അമ്മച്ചി മാത്രം ഒന്നും പറയാതിരുന്നത്. ആ സ്‌നേഹം നിനക്കെന്നും അമ്മച്ചിയോടുണ്ട ായിരുന്നുവെന്നു എനിക്കറിയാം. അവര്‍ തമ്മില്‍ കാണുമോ? സ്വര്‍ക്ഷത്തിലേക്കുള്ള വഴി.... അറിയില്ലെങ്കിലാരോടെങ്കിലും ചോദിക്കുമോ... ആവോ.... സ്വര്‍ക്ഷത്തില്‍ അവര്‍ കണ്ട ുമുട്ടുമ്പോള്‍ അവന്‍ അമ്മച്ചിക്കായി എന്തായിരിക്കും കരുതുക. എന്തു തന്നെ ആയാലും അമ്മച്ചിക്കു സന്തോഷമായിരിക്കും. അന്നു നീ ട്രെയിനിംങ് കഴിഞ്ഞു വന്നപ്പോള്‍ അമ്മച്ചിക്കു കൊടുത്ത ചട്ടത്തുണി അമ്മച്ചി ഒരു നിധിപോലെ എന്നും സൂക്ഷിച്ചിരുന്നില്ലെ.

എനിക്കു സൂക്ഷിക്കാനായി നീ എന്താണു തന്നത്. ദുഃഖങ്ങളും വേദനകളുമോ? നിന്റെ പേരില്‍ എനിക്കോര്‍ക്കാന്‍ അതു മാത്രമേ ഉള്ളോ. അല്ല നീ എനിക്ക് മധുരമുള്ള കിനാക്കള്‍ തന്നില്ലേ. ആദ്യ ചുംബനം തന്നില്ലേ. അതു ഞാന്‍ മറക്കുമോ. നിന്റെ വിറയ്ക്കുന്ന ചുണ്ട ുകളെ ആദ്യമായറിഞ്ഞ ആ ദിവസം.... നീ വെരുകിനെപ്പോലെ പരതി നടന്ന ആ ദിവസം. സന്ധ്യ മയങ്ങിയിട്ടാണു നീ വീട്ടില്‍ നിന്നും പോയത്. പക്ഷേ നീ വീണ്ട ും വരുമെന്നെനിക്കറിയാമായിരുന്നു. അല്ലെങ്കില്‍ നീ വരണേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒന്നുമറിയാത്തവളെപ്പോലെ കുളിച്ച് നിനക്ക് എന്നും പ്രിയമുള്ള റോസ് നിറത്തിലുള്ള പാവാടയും ബ്ലൗസുമിട്ട് മുടിയും വിടര്‍ത്തിയിട്ട് ഞാന്‍ കാത്തു. ഒരു വട്ടംകൂടി.... ഞാന്‍ മൗനമായി പ്രതീക്ഷിച്ചു. പള്ളിപ്പെരുന്നാളിനു നീ ചൂണ്ട ിക്കാണിച്ചു തന്ന കരിവളയും അന്നു ഞാന്‍ കയ്യില്‍ ഇട്ടിരുന്നു. അപ്പച്ചനും അമ്മച്ചിയും തിണ്ണയ്ക്ക് മുറുക്കാന്‍ ചെല്ലവുമായി കൂടിയ സമയത്ത്, നിന്റെ കാല്‍ പെരുമാറ്റം.... ഞാന്‍ അടുക്കള വാതില്‍ മെല്ലെ തുറന്ന് വെളിയില്‍ വന്നു. നമ്മുടെ വരിക്കപ്ലാവിന്റെ വേരുകള്‍ക്കിടയില്‍ നമ്മള്‍ സുരക്ഷിതത്വം തേടി. ചില്ലകള്‍ വിട്ടു തന്ന നിലാവിന്റെ വെളിച്ചത്തില്‍ നമ്മള്‍ കണ്ണുകളില്‍ നോക്കി. നീ കരഞ്ഞു. ഒരു പെണ്ണിനെപ്പോലെ. നീ ലോലഹൃദയനായിരുന്നുവല്ലോ. ഞാന്‍ സ്ത്രീയാണ്. പ്രായോഗികതയാണ് സ്ത്രീയുടെ ബലം. പക്ഷേ ഞാന്‍ കരഞ്ഞിരുന്നുവോ? കരഞ്ഞിരുന്നു. നീ എന്റെ കണ്ണുനീര്‍ തുടച്ചതു ഞാനോര്‍ക്കുന്നു. നിന്റെ കൈ വിരലുകള്‍ക്കപ്പോള്‍ നല്ല ചൂടായിരുന്നു. നീ എന്റെ കവിളുകളില്‍ തലോടി.

“”ആ....ലീ....സേ.....’’ നീ ആദ്യമായാണ് എന്നെ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും വിളിക്കുന്നത്. ആ വിളി ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ വായ് തുറക്കുവാനെനിക്കു കഴിയുമായിരുന്നില്ല. അത്രമാത്രം ഞാന്‍ നിന്നില്‍ അലിഞ്ഞുപോയിരുന്നു. നീ എന്റെ നെറ്റിയില്‍ ചുംബിച്ചു. ആദ്യത്തെ ചുംബനം. ആയിരം പ്രകാശനക്ഷത്രങ്ങള്‍ എന്നിലേക്കു പ്രവേശിച്ച് ഞാനാകെ പ്രകമ്പിതയായി. ഞാന്‍ ഒരു ബിന്ദുവായി. ഞാന്‍ നിന്റെ കവിളില്‍ ചുംബിച്ചു. അവിടെ ഉപ്പുരസമായിരുന്നു.

പിന്നീട്, ഇവിടെ വഴിയോരങ്ങളില്‍ ചുണ്ട ുകള്‍ വലിച്ചു കുടിച്ച് സീല്‍ക്കാരത്തോടു ചുംബിക്കുന്ന കമിതാക്കളെക്കാണുമ്പോള്‍ നീ എന്നെ കളിയാക്കുമായിരുന്നു. “”കണ്ട ു പഠിച്ചോ.... ഇനിയെങ്കിലും...’’ പക്ഷേ ഇതു സ്‌നേഹത്തിന്റെ ചുംബനമല്ല. കാമത്തിന്റെ പിടിവലികളാണെന്നു നീ മാറ്റിപ്പറയുമായിരുന്നു. അപ്പോള്‍ നിന്റെ ചുണ്ട ുകളില്‍ സ്‌നേഹത്തിന്റെ വൈദ്യുതി പ്രവഹിക്കുന്നത് ഞാനറിയും.

പ്രിയമുള്ളവനെ നമ്മള്‍ ജീവിച്ചില്ലെ... സഹിച്ചും, ത്യജിച്ചും... ആരോടും പരിഭവമില്ലാതെ... പരാതികളില്ലാതെ... നിനിക്കിഷ്ടപ്പെട്ട ഒരു ജീവിതമായിരുന്നുവോ ഇത്. ആ രാത്രിയില്‍ നീ പറഞ്ഞതൊക്കെ ഞാനിപ്പോഴുമോര്‍ക്കുന്നു.

“”ഞാന്‍ പട്ടാളത്തില്‍ ചേരാന്‍ പോകുകയാണ്. പട്ടാളം എന്താണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. കൊല്ലാനും ചാവാനുമുള്ള ഒരു ജീവിതമാണെന്നുമാത്രം ഞാനറിയുന്നു. എണ്ണിവാങ്ങുന്ന ഓരോ നാണയത്തുട്ടുകളും മരണത്തിേന്മലുള്ള അച്ചാരമായി ഞാന്‍ കരുതുന്നു. എനിക്കതൊഴിവാക്കാന്‍ നിവൃത്തിയില്ല.’’

തെങ്ങുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന നിലാവെളിച്ചം ഇലകളനങ്ങുമ്പോള്‍ അവര്‍ക്കുമേല്‍ പ്രതീക്ഷയുടെ നാളംപോലെ പതിച്ചിരുന്നു. പിരിയുമ്പോള്‍ നീ പറഞ്ഞു. “”ഈ വീടും നീയും എന്റെ അത്താണിയായിരുന്നു. നിങ്ങളെയും ഹൃദയത്തില്‍ പേറിയാണിനിയെന്റെ യാത്ര. ആ...ലീ...സെ..’’ പറയാന്‍ വന്ന എന്തോ ഒന്ന് നീ മുഴുവനാക്കാതെ വിട്ടു. നീ എന്നും അങ്ങനെയായിരുന്നു. ഒന്നും മുഴുവനായി പറയില്ല. പക്ഷെ നീ പറയാതെ പോകുന്നതൊക്കെ എനിക്കൂഹിക്കാമായിരുന്നു. നിന്റെ സ്വരവും ഭാവവുമൊക്കെ ഞാന്‍ അറിഞ്ഞിരുന്നു.
(തുടരും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക