Image

വിശന്നവന് പറയാനുള്ളത്(കവിത :അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍) Published on 24 May, 2018
വിശന്നവന് പറയാനുള്ളത്(കവിത :അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പാരതന്ത്ര്യത്തിന്‍ കനല്‍ക്കൂനതന്‍ നിറം
പാമരന്മാര്‍ക്കുമേല്‍ പത്തികള്‍ പലതരം
പതിതര്‍ക്കൊരായുസ്സു പരതിയാലീവിധം
പതിരുമാത്രം ലഭിക്കുന്നതോ ജീവിതം?
പേപിടിച്ചെന്നപോല്‍ പായിച്ചിടുന്നതിന്‍
ഹേതുവെന്തെന്നറിയുന്നതില്ലെങ്കിലും
ജാലകപ്പഴുതിലൂടെന്നുമെന്‍ തമ്പുരാ
നേറുകണ്ണിട്ടു രസിക്കുന്നു പിന്നെയും?
നഞ്ചുപാത്രംചേര്‍ത്തു നെഞ്ചോടുവച്ചുകൊ
ണ്ടെത്രകാലം കഴിഞ്ഞീടാനൊരേവിധം;
പശി കലശലാകില്‍ വിശപ്പുമാറ്റാനിതേ
വശമുള്ളു കേള്‍ക്കയീയവസാന നിസ്വനം.
കൈവശ,മാറടിമണ്ണിന്റെ പട്ടയം,
കെട്ടകാലത്തിന്റെ ജാതകക്കുറിമണം
കെട്ടിമേയാനില്ലൊരുത്തരം; തേടുന്നു
നഷ്ടലോകത്തില്‍ കണക്കറ്റ ജീവിതം.
പെറ്റവര്‍ക്കറിയില്ലിതിന്‍ ദോഷമെങ്കിലും
പെട്ടുപോയ് മാനവനെന്ന ഗണത്തിലും
വൃഷ്ടിവര്‍ഷിക്കുവാനാകില്ലയെങ്കി,ലാ
ദൃഷ്ടിയൊരല്പം കുനിച്ചുനോക്കീടണം.
സൃഷ്ടിഞാന്‍; സമസൃഷ്ടിയല്ലെങ്കി,ലെന്തിനീ
ഹൃഷ്ടയാം ലോകത്തിലിനിയുള്ള ജീവിതം?
പേടിയേറ്റീടുന്നു പാരതന്ത്ര്യത്തിന്റെ
കൂറ്റന്‍ചിറകുകള്‍ വീശുന്നതിന്‍ സ്വരം.
നീറ്റുന്ന നെഞ്ചി,ലാഴത്തിലായമ്പുകള്‍;
ചുറ്റിലും പെരുകിടുന്നാര്‍ത്തട്ടഹാസങ്ങള്‍
കൂട്ടത്തില്‍നിന്നകന്നേകനായകലെ നീ;
യേങ്ങിത്തളര്‍ന്നുവീഴുന്നു നിന്‍ പ്രതിനിഴല്‍!!

* അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ (മധു) യാചന കേള്‍ക്കാത്തവര്‍ക്ക്



വിശന്നവന് പറയാനുള്ളത്(കവിത :അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
വിദ്യാധരൻ 2018-05-24 15:10:28
എവിടെ ഇന്ന് മനുഷ്യന്റെ ഉള്ളിലെ നന്മ 
എവിടെ പോയി മറഞ്ഞവ?
ചവിട്ടി ആഴ്ത്തുന്നു മനുഷ്യർ മനുഷരെ 
എവിടെയും സ്വാർത്ഥത നടമാടുന്നു 
അതിമോഹം മൂത്ത ജനങ്ങൾ എങ്ങും 
ചതിക്കുഴി തീർക്കുന്നുടപ്പിറന്നോർക്കായ് 
പള്ളനിറഞ്ഞു വീർത്തിരിക്കിലും അതി-
നുള്ളിൽ തള്ളികയറ്റുന്നു ഭക്ഷണം പിന്നെയും 
ആട്ടിയോടിക്കുന്നു വിശപ്പിനെന്തെങ്കിലും തരാൻ  
നീട്ടിയ കൈകളുമായ് നിൽപ്പോരെ  തട്ടിമാറ്റി അവർ 
ആർത്തിയാണെന്തിനോടും അത്യാർത്തി ജനത്തിന് 
പാർത്തലം പതിതർക്ക് ദുഷ്ക്കരം 
മോക്ഷമില്ലൊരിക്കലും അവർക്കീ ഭൂവിൽ 
മോഷ്ടിച്ചു പശി തീർക്കാനുമില്ലവകാശം 

പണത്തിന്റെയും പ്രതാപത്തിന്റെയും പിന്നാലെ പായുന്ന ജനങ്ങൾ ചവുട്ടി കുതിക്കുന്നത് അട്ടപ്പാടിയിലെ മധുവിനെപ്പോലുള്ളവരുടെ നെഞ്ചിലൂടെയാണ് .  അവരുടെ ചവിട്ടേറ്റ് വേദനയിൽ ഞരങ്ങുന്നവരുടെ രോദനം ഒരിക്കലും അവർ കേൾക്കാറില്ല . പക്ഷെ ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒരു കവിക്ക് എ തേങ്ങലുകൾ കണ്ടില്ലെന്നു നടിക്കാനാവില്ല .  എഴുതുക കവി വീണ്ടും എഴുതുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക