Image

കാലം മാറി, കഥമാറി.... ആര്‍.സി.സി.മാത്രം...? (ഭാഗം-2: ഡോ.എം.വി.പിള്ള)

Published on 23 May, 2018
കാലം മാറി, കഥമാറി.... ആര്‍.സി.സി.മാത്രം...? (ഭാഗം-2: ഡോ.എം.വി.പിള്ള)
ആരോപണകൊടുങ്കാറ്റില്‍ ആടി ഉലയുകയാണ് നമ്മുടെ പൊതുസ്വത്തും കാന്‍സര്‍ ചികിത്സയില്‍ കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനവുമായ ആര്‍.സി.സി. ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയും പോലെ ആധുനിക കാലത്തിന്റെ വെല്ലുവിളികള്‍ അറുപഴഞ്ചന്‍ രീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് അടിസ്ഥാന കാരണം.

സേവനമേഖലയിലെ ഒരു പ്രത്യേക വിഭാഗത്തെയോ ജീവനക്കാരില്‍ ചിലരെയൊ പഴിചാരുന്നതില്‍ ഒരുര്‍ത്ഥവുമില്ല. പാലത്തിനു ബലം കൂട്ടാന്‍ നരബലി നടത്തിയിരുന്നതു പോലെ പ്രാകൃതമായ ഒരാചാരമായി അതവസാനിക്കുകയേ ഉള്ളൂ.
നമ്മള്‍ എങ്ങിനെ ഈ പതനത്തില്‍ എത്തി എന്നൊരു ആത്മപരിശോധനയ്ക്കു പറ്റിയ ഒരവസരമായിരിക്കാം ഇപ്പോള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം വരെ കേരളത്തിലെ ഒരു കാന്‍സര്‍ ആശുപത്രിയില്‍ രോഗി മരിച്ചാല്‍ അതില്‍ ഒരസാധാരണത്വം സമൂഹം കണ്ടിരുന്നില്ല. മാരകമായ ഒരു രോഗത്തിനടിപ്പെട്ടു. ചികിത്സയില്ല....തലവിധി, ദുര്യോഗം, അത്രയ്‌ക്കേ ആയുസ്സുള്ളൂ..... വിവിധ വിഹിത മേവനും ലംഘിച്ചുകൂടുമോ തുടങ്ങിയ സാന്ത്വന വാക്കുകളില്‍ ജനം അഭയം തേടിയിരുന്നു..... വിധി എന്ന വാക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യശാസ്ത്രലോകം അംഗീകരിക്കുന്നില്ല. ഈ ഭൂമിയില്‍ മനുഷ്യനസാദ്ധ്യമായൊന്നുമില്ലെന്നും എന്തും ഏതും നിയന്ത്രിച്ചു മനുഷ്യര്‍ക്കധീധമാക്കാമെന്നുമുള്ള അവരുടെ വിശ്വാസമാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയില്‍ ലോകം കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങളുടെ അടിസ്ഥാനം. മാദ്ധ്യമങ്ങളുടെ വളര്‍ച്ചയിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനത്തിലും അഭ്യസ്തവിദ്യരായ കേരളീയര്‍ ഈ ശാസ്ത്രനേട്ടങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ചികിത്സാകേന്ദ്രങ്ങളുടെ പ്രശസ്തി ഗണത്തില്‍ നിന്നും(ക്വാണ്ടിറ്റി) ഗുണത്തിലേക്കു അതിവേഗം മാറിയിരിക്കുന്നു. ആര്‍.സി.സി.യില്‍ 201718 ല്‍ 16176 പുതിയ കേസുകളും രണ്ടുലക്ഷത്തിലധികം രോഗികള്‍ തുടര്‍ പരിശോധനയ്ക്കും എത്തിയ വിവരം അത്ഭുതാദരങ്ങളോടെ നോക്കി കാണുന്നവര്‍ ഇന്നും വിരളം.

ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ ചികിത്സയുടെ ഗുണനിലാരമാണ് ഇന്നും ജനം പ്രതീക്ഷിക്കുന്നത്. എച്ച്. ഐ.വി. തടയാനുള്ള നടപടികളിലെ അപകാതകള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും അതുകൊണ്ടാണ്. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം, അപര്യാപ്ത ചികിത്സാനടപടികളിലെ പാകപ്പിഴകള്‍ ഇവയൊക്കെ ബിരുദബിരുദാനന്തര പരിശീലനം നടത്തുന്ന ഒരു സ്ഥാപനത്തില്‍ വരുത്തി തീര്‍ക്കുന്ന ദുരന്തം ദൂരവ്യാപകമായിരിക്കും. കാരണം തെറ്റായ രീതിയില്‍ കണ്ടു പഠിച്ചു പുറത്തിറങ്ങുന്ന സ്‌പെഷ്യലിസ്റ്റുകള്‍ കൈയിലേന്തുന്ന അറിവിന്റെ ദീപങ്ങള്‍ കടുത്ത മത്സരത്തില്‍ നിലകൊള്ളുന്ന സ്വകാര്യമേഖലയിലേക്കിറങ്ങുമ്പോള്‍ പെട്ടെന്ന് അണഞ്ഞുപോകും. അതാകാം കവി പറഞ്ഞത് 'വണ്ടേ നീ ഉലയുന്നു.... വിളക്കും നീ കെടുത്തുന്നു...'

എത്രയും വേഗം ആര്‍.സി.സി.യെ ലോകത്തിലെ മികച്ച ചികിത്സാസ്ഥാപനങ്ങളോടൊപ്പമെത്തിക്കാന്‍ നാം ഇനിയും അമാന്തിച്ചുകൂടാ....
അതിനുതകുന്ന ചില എളിയ നിര്‍ദ്ദേശങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവതരിപ്പിച്ചുകൊള്ളട്ടെ....

സാമ്പത്തിക ഭദ്രത

വിജയ സാദ്ധ്യത പതിന്‍മടങ്ങും അപകടസാദ്ധ്യത തീരെക്കുറവുമുള്ള ചികിത്സാരീതികളാണ് തുടര്‍ച്ചയായി കാന്‍സര്‍ ചികിത്സാരംഗത്തെത്തുന്നത്. സര്‍ജറിയില്‍ റോബോട്ടുകളും റേഡിയേഷനില്‍ പ്രോട്ടോണ്‍ ബീമും അത്ഭുതങ്ങള്‍ രചിക്കുന്നു. പുതിയ ഔഷധങ്ങള്‍ ആയിരക്കണക്കിനു രോഗികളെ മരണത്തിന്റെ പിടിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

അതിഭീമമായ ചിലവുള്ളവയാണ് ഈ ചികിത്സാ രീതികള്‍. സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആയി ഉയര്‍ത്തിയ ആര്‍.സി.സി.ക്കു ഇക്കൊല്ലം കിട്ടേണ്ടിയിരുന്ന കേന്ദ്രസഹായം സംസ്ഥാനവിഹിതമായ 16% നല്‍കാത്തതിനാല്‍ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. ആരാണ് ഇതിനുത്തരവാദി? 'വല്ലഭനു പുല്ലുമായുധം' എന്നു കരുതുന്ന ഭരണ സംവിധാനങ്ങള്‍ ആര്‍.സി.സി' ആയുധം കൈയിലില്ലാതെ അടരാടുന്ന അത്ഭുത ദൃശ്യത്തിനായി കാത്തിരിക്കുന്നു.

തിരക്ക് തിരിക്ക് സര്‍വ്വത്രതിരക്ക്.

പതിറ്റാണ്ടുകളായി കേള്‍ക്കുന്ന പരാതിയാണിത്.
മാര്‍ക്ക് ടൈ്വന്‍ കാലാവസ്ഥയെക്കുറിച്ചു പറഞ്ഞതുപോലെ എല്ലാവരും പരാതി പറയുന്നു; ആരും ഒന്നും ചെയ്യുന്നതായി കാണുന്നില്ല...'
ആധുനിക ടെക്‌നോളജിയെ അവഗണിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങളിലൊന്നാണിത്. തുടര്‍പരിശോധനയ്‌ക്കെത്തുന്ന രോഗികളെ പരിശോധിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ലോകമെമ്പാടും ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ ആര്‍.സി.സി.യിലെ ഹൃസ്വമായ ഓറിയന്റേഷനു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രശ്‌നമാണിത്. ടെലിമെഡിസിന്‍ സാദ്ധ്യത പ്രയോജനപ്പെടുത്തി ആര്‍.സി.സി.യിലെ സ്‌പെഷ്യലിസ്റ്റുകള്‍ പിന്‍തുണയ്ക്കാന്‍ കൂടി തയ്യാറായാല്‍, തുടക്കത്തിലുള്ള തടസ്സങ്ങള്‍ ക്രമേണ മാറും.

ഇലക്ട്രോണിക്ക് മെഡിക്കല്‍ റിക്കോര്‍ഡുകള്‍(ഇ.എം.ആര്‍.).

തിരക്കു കുറഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തേണ്ട ആധുനിക സംവിധാനങ്ങളിലൊന്നാണിത്. കേരളത്തിലെ സ്വകാര്യ കാന്‍സര്‍ ചിക്ിത്സാകേന്ദ്രങ്ങള്‍ ഈ രംഗത്ത് ബഹുദൂരം മുന്നോട്ടു പോയികഴിഞ്ഞു. പുതിയ ഇ.എം.ആറുകളുടെ ഉപയോഗക്ഷമത ആരെയും അത്ഭുതപ്പെടുത്തും. രോഗത്തെയും ചികിത്സയേയും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും, ഔഷധങ്ങള്‍, ലാബോട്ടറി ടെസ്റ്റുകള്‍, റേഡിയോളജി, മറ്റു വിദഗ്ദ്ധരുടെ കണ്‍സള്‍ട്ടേഷനുകള്‍ ഇവയൊക്കെ ഞൊടിയിടയില്‍ ഓണ്‍ലൈനായി കണ്‍മുമ്പിലെത്തും. ലോകത്തെവിടെ വേണമെങ്കിലും വിദഗ്ദ്ധരുടെ മറ്റൊരഭിപ്രായം തേടാനും പെട്ടെന്ന് കഴിയും.
ഇം.എം.ആറിന്റെ ഉപയോഗം ആശുപത്രിയുടെ സര്‍വ്വമേഖലകളിലുമെത്തുമ്പോള്‍ രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. പഴങ്കഥയായിതീരും. കാരണം രക്തസംഭരണം മുതല്‍ രോഗി രക്തം സ്വീകരിച്ചു കഴിയുന്നതുവരെയുള്ള ഓരോഘട്ടത്തിലും അനുവര്‍ത്തിക്കേണ്ട സൂഷ്മ സുരക്ഷാ നടപടികള്‍ കമ്പ്യൂട്ടറില്‍ തെളിയും.

പോരായ്മകള്‍ ചിലതുണ്ടെങ്കിലും അനുദിനം മെച്ചപ്പെട്ടു വരുന്ന ഇ.എം.ആറുകളുടെ ഏറ്റവും മികച്ച സംഭാവന ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നതാണ്. ആധുനിക മാനേജ്‌മെന്റ് തത്വങ്ങളിലെ അതിപ്രധാനപാഠമാണ് അളക്കാന്‍ കഴിയാത്തതൊന്നും മെച്ചപ്പെടുത്താന്‍ കഴിയില്ലയെന്ന തിരിച്ചറിവ്. ഇ.എം.ആറുകള്‍ പ്രവര്‍ത്തനക്ഷമത അളക്കാനും മെച്ചപ്പെടുത്താനും അത്യന്തം ഫലപ്രദമാണ്.
ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ്.

രൂക്ഷമായ പാശ്ച്വഫലങ്ങളുള്ള ആധുനിക കാന്‍സര്‍ മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍ താല്‍ക്കാലികമായിട്ടെങ്കിലും രോഗി ഗുരുതരാവസ്ഥയിലേക്കു നീങ്ങിയെന്നുവരാം. ഈ ഘട്ടം കഴിഞ്ഞാല്‍ ചിലര്‍ കാന്‍സര്‍ വിമുക്തരാവാം ചിലരുടെ രോഗം ദീര്‍ഘകാലത്തേക്കു നിയന്ത്രണവിധേയമാകാം. ക്രിട്ടിക്കള്‍ കെയറിന്റെ സേവനം ഏറ്റവും വിലപ്പെട്ടതാകുന്നതിന്റെ കാരണമിതാണ്. കിടക്കകളുടെ കുറവും പ്രത്യേക പരിശീലനം സിദ്ധിച്ച വിദ്ഗ്ധരുടെ അഭാവവും നിമിത്തം പലപ്പോഴും ആര്‍.സി.സി. ഇത്തരം രോഗികളെ മറ്റു ആശുപത്രികളിലേക്കയക്കുന്നു. ഈ നടപടി ഒട്ടും സ്വീകാര്യമല്ല. മേലെക്കിടയിലുള്ള ഒന്നാംതരം ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് എത്രയും വേഗം ആര്‍.സി.സി.യില്‍ പ്രവര്‍ത്തിച്ചു തുടങ്ങണം. അതുവരെ രൂക്ഷഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ചികിത്സാരീരികള്‍ നിര്‍ത്തിവയ്ക്കണം. സ്ഥലപരിമിതി തീര്‍ച്ചയായും പ്രതിബന്ധമാണ്.

ആര്‍.സി.സി.ക്കനുവദിച്ച 66 കോടിരൂപയില്‍ നിന്നും 80% തുകയും ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ഗവണ്‍മെന്റ് തിരിച്ചുവാങ്ങി. 14 നില കെട്ടിടം പണിഞ്ഞു തുടങ്ങുമ്പോള്‍ മടക്കി നല്‍കാമെന്നാണ് ധാരണ. ഈ വാര്‍ത്ത കാണുമ്പോള്‍ നീതി വൈകുന്നത് നീതി നിഷേധത്തിനു തുല്യം എന്ന ആപ്തവാക്യം ആരും ഓര്‍ത്തുപോകും.

സാമ്പത്തിക ദൗര്‍ലഭ്യം സേനവത്തിലെ പാളിച്ചകള്‍ക്കു കാരണമാണെങ്കിലും ഒരിക്കലും നീതീകരണമാവുന്നില്ല.

മോര്‍ട്ടാലിറ്റി മോര്‍ബിഡിറ്റി മീറ്റിംഗുകള്‍

ആര്‍.സി.സി.യില്‍ നടക്കുന്ന എല്ലാ മരണങ്ങളും മാരണങ്ങളും പ്രതിമാസം വിലയിരുത്താനും ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളുടെ കാരണങ്ങള്‍ തേടാനും തിരുത്താനുമുള്ള സംവിധാനമാണിത്. എല്ലാ മികച്ച ചികിത്സാകേന്ദ്രങ്ങളിലും ഇവ കാര്യക്ഷമമായി നടക്കുന്നു. ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡുകള്‍ ഇവ സ്വയം കണ്ടെത്താനും ഓര്‍മ്മപ്പെടുത്താനുമായി പരുവപ്പെടുത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആര്‍.സി.സി. ഈ രംഗത്ത് പുരോഗമിച്ചിട്ടില്ല.

ആര്‍.സി.സിയുടെ ഭാവി:

കാന്‍സര്‍ നിരക്കു കൂട്ടുന്ന വാര്‍ദ്ധക്യത്തിലേക്കു നീങ്ങുന്ന വലിയൊരു ജനവിഭാഗം.... കുതിച്ചു കയറുന്ന കാന്‍സര്‍ ചികിത്സാ ചിലവ്, ലോകത്തെവിടെയും കിട്ടുന്ന ഏറ്റവും നല്ല ചികിത്സ ലഭിക്കണമെന്നു ശഠിക്കുന്ന നികുതിദായകര്‍, 'അരിമണിയൊട്ടു കൊറിക്കാനില്ലെങ്കിലും തരിവളയിട്ടു കിലുക്കാന്‍' നിര്‍ദ്ദേശിക്കുന്ന ഭരണാധികാരികള്‍.... ഈ പശ്ചാത്തലത്തില്‍ ആര്‍.സി.സി.യെ രക്ഷിക്കാന്‍ നമുക്കു മുന്നില്‍ മൂന്നു മാര്‍ഗ്ഗങ്ങളേയുള്ളൂ.

കേന്ദ്രഗവണ്‍മെന്റു സഹായത്തോടെ ആര്‍.സി.സി.യെ ഒരു ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആയി ഉയര്‍ത്തുക. 1000 കോടി ബഡ്ജറ്റില്‍ ഇങ്ങിനെയൊരു നിര്‍ദ്ദേശം 5 കൊല്ലത്തിനു മുമ്പ് വന്നതാണ്. ഇന്ത്യയില്‍ 4 ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്്‌റ്യൂട്ടുകള്‍. എന്തുകൊണ്ടോ അതു ഒന്നായി പരിമിതപ്പെടുത്തി ഇപ്പോള്‍ ഹരിയാനയില്‍ ഉയര്‍ന്നുവരുന്നു.

പഴയ ആശയം പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.

പബ്ലിക്ക് െ്രെപവറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ ആര്‍.സി.സി.യെ നവീകരിക്കുക. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍, ഹോസ്പിറ്റല്‍ കല്‍ക്കട്ടയിലെ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തുടങ്ങിയവ നല്ല ഉദാഹരണങ്ങള്‍. ടാറ്റാട്രസ്റ്റ് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാടിലാണെന്നറിയുന്നു. കൊച്ചിയിലെ കാന്‍സര്‍ സെന്റര്‍ പരിഗണനയിലുണ്ടത്രേ. ആര്‍.സി.സി.യെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേക്കും. മേല്പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങളും സാദ്ധ്യമല്ലെങ്കില്‍, അപ്രിയ സത്യമാണെങ്കില്‍ കൂടി, ഗവണ്‍മെന്റ് ഈ ആതുരാലയത്തെ സ്വകാര്യമേഖലയ്ക്കു വില്‍ക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെ ഉള്ളവരെ സൗജന്യമായും, ഇടത്തരക്കാരെ സാരമായ ഡിസ്കൗണ്ടോടുകൂടിയും ചികിത്സിക്കണമെന്ന നിബന്ധനയോടുകൂടി ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നേക്കാം.... ഏറ്റവും വലിയ പോരായ്മ ആര്‍.സി.സി.യുടെ ലക്ഷ്യങ്ങളില്‍ നിന്നും ലാഭേച്ഛം ലക്ഷ്യമാക്കുന്ന സ്വകാര്യമേഖല അകന്നുപോകുമെന്നുള്ളതാണ്. കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കുന്ന കാന്‍സര്‍ രോഗങ്ങളെപ്പറ്റി പഠിക്കാനും ഗവേഷണം നടത്താനും, കാന്‍സര്‍ വിദഗ്ദ്ധരെ പരിശീലിപ്പിക്കുന്നതില്‍ മികവു പുലര്‍ത്താനും സ്വകാര്യമേഖലയ്ക്കുള്ള പ്രതിബദ്ധത ഇനിയും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

സൂക്ഷ്മ വിശകലനത്തില്‍, ആര്‍.സി.സിയിലെ സമീപകാല ദുരന്തങ്ങള്‍ ഒരു വലിയ സ്ഥാപനം ക്വാണ്ടിറ്റിയുടെ യുഗത്തില്‍ നിന്നും ക്വാളിറ്റിയുടെ യുഗത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളായി വേണം കണക്കാക്കാന്‍. അതിനു നാം വലിയ വില കൊടുക്കേണ്ടി വന്നുവെന്നതാണ് സത്യം. സുരക്ഷയുടെ കാര്യത്തില്‍ മെഡിക്കല്‍ രംഗത്തെ വ്യോമഗതാഗതവുമായി താരതമ്യം ചെയ്യാറുണ്ട്. പക്ഷേ ചികിത്സാശാസ്ത്രം തീര്‍ത്തും കുറ്റമറ്റ സംവിധാനമായി ഇനിയും മാറിയിട്ടില്ല. 'ഒത്തു പിടിച്ചാല്‍ മലയും പോരും' എന്ന പ്രമാണമനുസരിച്ച് കേരളം ഒരുമിച്ചു പരിശ്രമിച്ചാല്‍ ഈ സ്ഥാപനത്തെ മികച്ച നിലയിലെത്തിക്കാന്‍ ഇനിയും നമുക്കു കഴിയും.

അടികുറിപ്പ്:

(NCPR) ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ് ആന്റ് റിസര്‍ച്ച് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രസിഡന്റും, തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമാണ് ലേഖകന്‍.
Join WhatsApp News
ജിജ്ഞാസു 2018-05-23 19:33:58
Can this facility maintain a JCAHO standard to improve it's performance? 
"The Joint Commission standards that have the greatest impact on hospital environment and performance include those related to life safety, environment of care and emergency management. Life safety measures a hospital’s ability to respond to fires and other emergencies. Environment of care measures areas such as security, hazardous materials and waste, medical equipment, utility systems and environmental safety. Emergency management measures a hospital’s ability to plan for and respond to various types of emergencies. In order to receive Joint Commission accreditation, a facility must demonstrate its compliance by drafting and maintaining policies addressing these standards and agreeing to be subject to periodic, unscheduled audits by Joint Commission surveyors, according to ASHE."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക