Image

ഉത്സവങ്ങളുടെ ഓര്‍മയ്ക്ക് (ചെറുകഥ: സുനില്‍ ന്യൂയോര്‍ക്ക്)

Published on 21 May, 2018
ഉത്സവങ്ങളുടെ ഓര്‍മയ്ക്ക് (ചെറുകഥ: സുനില്‍  ന്യൂയോര്‍ക്ക്)
"എന്‍ കണവ കണ്ടാലും എങ്കലൊരു കുസുമം'

വിളക്കിലെ എണ്ണയില്‍ നിന്ന് തിരി തീ പിടിച്ചു ഉണരുകയും അമ്പലത്തിനുള്ളിലെ അരമതിലില്‍ നട അടഞ്ഞു വെട്ടം നിഴലില്‍ ഒളിക്കുകയും ചെയ്യുമ്പോള്‍ സ്റ്റേജില്‍ ചേങ്ങല ഉണരും. മാറ് കുഴിഞ്ഞ ക്ഷീണിച്ച വൃദ്ധന്‍ കമ്പിലൂടെ പതുക്കെ തായമ്പകയെ ഉണര്‍ത്തി മുഴിഞ്ഞ കര്‍ട്ടന്‍ മാറ്റാന്‍ ആഗ്യം കൊടുക്കും. ഇരുണ്ടു തുടങ്ങിയ പടിഞ്ഞാറേ സൂര്യന്റെ അരിച്ചിറങ്ങിയ വെട്ടത്തിനിപ്പുറം സ്റ്റേജില്‍ ഇപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദ്രൗപദി. ഇളം ചുവപ്പിന്റെ നേര്‍ത്ത ചായക്കൂട്ട് . വിളക്കിലെ തീ വൃദ്ധന്റെ കൈകളില്‍ പടര്‍ന്നു തായമ്പക തകര്‍ക്കാന്‍ തുടങ്ങി. കൊടുങ്കാറ്റു പോലെ ഭീമന്‍ . സ്റ്റേജിനു മുന്‍പില്‍ അമ്മമാര്‍ കുട്ടികളെ അടക്കം പിടിച്ചു. വിളക്കിലെ തിരി ആടി ഇളകി . ഞാന്‍ കണ്ണടച്ചു. ഇരുണ്ട തിരി വെട്ടത്തിന്റെ നേര്‍ത്ത അനുവാദത്തില്‍ ഭീമന്‍ ദ്രൗപദിയെ അടക്കം പിടിച്ചു. ഞാന്‍ പുറകിലേക്ക് നോക്കി. കാര്‍ത്തിക എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇരുളാന്‍ തുടങ്ങിയ ഭൂമിക്കു ചുറ്റും സ്റ്റേജ് നിറഞ്ഞു നിന്നു . പൂവ് തേടി ഭീമന്റെ യാത്ര തുടങ്ങാന്‍ ഇരിക്കുന്നതെ ഉള്ളൂ .

സാധാരണ ഉത്സവം തീരുന്നതു നൃത്ത പരിപാടികളോടെ ആണ് . ഇപ്പോള്‍ കഥകളി, പിന്നെ മതപ്രസംഗം, തുടര്‍ന്ന് നൃത്തം. ഈ വര്ഷം കചന്‍ ആണ് നൃത്തം . ദൂരെ എവിടെ വരുന്ന ബാലെ ട്രൂപ് .

ഞാന്‍ എഴുന്നേറ്റു . വെറുതെ കറങ്ങി നടക്കണം അമ്പല പറമ്പില്‍ . ചീട്ടു കളിയും കിലിക്കി കുത്തും ഉണ്ട് . മുതിര്‍ന്നവര്‍ അവിടെ ചെല്ലാന്‍ സമ്മതിക്കില്ല. എഴുന്നെള്ളത്തും കഴിഞ്ഞു ആന തെങ്ങിലെ ഓല കടിച്ചു കുടഞ്ഞെടുത്തു വിശ്രമിക്കുന്നു . അമ്പല മുറ്റത്തെ വലിയ മരത്തിന്റെ താഴെ കുട്ടികള്‍ ഓടി മറിഞ്ഞു. ദരിദ്രനായ വൃദ്ധ യാചകന്‍ അരിശത്തോടു കമ്പു വീശി. നൃത്ത ഗ്രൂപ്പിനെ ബസ് വന്നപ്പോള്‍ കുട്ടികള്‍ അങ്ങോട്ടോടി. എണ്ണയുടെയും റാന്തല്‍ വിളക്കിന്റെയും ഗന്ധം കാറ്റിലാടി

ഞാന്‍ വീണ്ടും കാര്‍ത്തികയേ നോക്കി. അവള്‍ വെറുതെ നിലത്തു നോക്കി ഇരിക്കുകയാണ് . മിണ്ടാന്‍ ധൈര്യമില്ല . എന്റെ വീടിന്റെ അപ്പുറത്തെ വീട്ടില്‍ ഉത്സവം പ്രമാണിച്ചു വിരുന്നു വന്ന കുട്ടിയാണ് കാര്‍ത്തിക. അവിടുത്തെ വീട്ടിലെ അമ്മയുടെ അനിയന്റെ കൊച്ചു മകള്‍. ഉച്ചക്ക് കണ്ടിരുന്നു. വെറുതെ നോക്കി. മിണ്ടിയില്ല. കൈകളില്‍ രുദ്രാക്ഷത്തിന്റെ വളകള്‍. വെളുത്ത പാവാടയും ബ്ലൗസും. നീണ്ട മുടിയില്‍ അലസമായി കുറച്ചു തെറ്റി പൂക്കള്‍ .

നൃത്തക്കാര്‍ സാധനങ്ങള്‍ ഇറക്കി വയ്ക്കുന്ന ബസിന്റെ മുന്നില്‍ നിന്ന് ഞാന്‍ അവളെ വീണ്ടും നോക്കി. അരണ്ട വെളിച്ചത്തില്‍ അവള്‍ പതുക്കെ ചിരിച്ചു. എന്നിട്ടു എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു. നെഞ്ചിടിപ്പോടെ ഞാന്‍ അവള്‍ നടന്നു വരുന്നതും നോക്കി നിന്നു

'എനിക്ക് വീട്ടിലേക്കു പോണം. എന്റെ കൂടെ വരാമോ' അവള്‍ ചോദിച്ചു

ഞാന്‍ തലയാട്ടി. അമ്പലത്തിനു പുറകിലെ മരങ്ങളില്‍ ഇരുട്ട് കനക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ .

എന്താണ് ചോദിക്കേണ്ടത് എന്ന് വ്യക്തമല്ല. വെറുതെ നടന്നു. പുറകില്‍ അവള്‍ . ജംഗ്ഷനിലെ മാടക്കടയിലെ ഫുട്‌ബോള്‍ കളിക്കുന്ന കൂട്ടുകാര്‍ ചൂളം അടിക്കും എന്ന് ഉറപ്പ്.

'സുനില്‍ എന്നാണോ പേര്' അവള്‍ ചോദിച്ചു

'അതെ'. ഞാന്‍ പറഞ്ഞു. 'കാര്‍ത്തിക അല്ലെ?'

'ഉം' . അവള്‍ ചുണ്ടനക്കി. 'പത്തിലാണോ ഈ വര്ഷം'?

'അതെ. ഇവിടുത്തെ സ്‌കൂളില്‍ '

'ഞാനും പത്തിലാണ്. തിരുവല്ലയില്‍ .'

സംസാരം നിലച്ചു. ഇനി എന്താണ് ചോദിക്കേണ്ടത് എന്ന് അറിയില്ല. റോഡരികിലെ കരിയിലക്കൂട്ടം കാറ്റത്തു അനങ്ങിയപ്പോള്‍ അവള്‍ എന്റെയൊപ്പം അടുത്ത് ചേര്‍ത്ത് നടന്നു. ഞാന്‍ അവളെ നോക്കി. ഒരു മാന്‍ പേടയെ പോലെ അവള്‍ ചുറ്റും നോക്കി .

'നാളെ രാവിലെ ആമ്പല്‍ പൂ പറിക്കാന്‍ എന്നെ കൊണ്ട് പോകാമോ' അവള്‍ ചോദിച്ചു

'ആര് പറഞ്ഞു ആമ്പല്‍ പൂ ഉണ്ടെന്നു' ഞാന്‍ ചോദിച്ചു

'ചേച്ചി.. സുനിലിനോട് ചോദിച്ചാല്‍ കൊണ്ട് പോകും എന്നും പറഞ്ഞു '

വയല്‍ വരമ്പില്‍ നിന്നും ഇടവഴിയിലേക്ക് കയറുമ്പോള്‍ അവള്‍ കൈകള്‍ നീട്ടി. കയ്യിലെ രുദ്രാക്ഷ വളകളില്‍ ചന്ദ്ര വെട്ടം വീണു. ഞാന്‍ കയ്യുയര്‍ത്തി അവളുടെ വിരലികളില്‍ തൊട്ടു. ഒരു നിമിഷം അവള്‍ എന്നിലേക്ക് അടുത്തു . അവളുടെ മാറുകള്‍ എന്റെ കൈകളില്‍ തൊട്ടുവോ? എണ്ണയുടെയും തുളസിയുടെയും ഗന്ധം . അവള്‍ പെട്ടന്ന് തീരെ ചെറുതായി എന്റെ കൈകളില്‍ ഒതുങ്ങിയത് പോലെ. പിന്നെ ഞങ്ങള്‍ മിണ്ടിയില്ല . വീടടുക്കാറായിരിക്കുന്നു. മുറ്റത്തു അമ്മാവന്മാര്‍ ഉറക്കെ സംസാരിക്കുന്നതു കേള്‍ക്കാം.

'നാളെ രാവിലെ ആമ്പല്‍ പൂ പറിക്കാന്‍ പോണം കേട്ടോ ' അവള്‍ പറഞ്ഞു

ഞാന്‍ തലയനാക്കി. അവള്‍ കയറി പോകുന്നതും നോക്കി ഞാന്‍ നിന്നു. പടിക്കെട്ടിനു മുകളില്‍ എത്തിയിട്ട് അവള്‍ മുഖം തിരിച്ചു നോക്കി.

'വരുന്നില്ലേ?' അവള്‍ ചോദിച്ചു

ഞാനും കയറി. ഉമ്മറത്ത് അരിച്ചിറങ്ങുന്ന ബള്‍ബിന്റെ ചെറിയ വെട്ടത്തില്‍ അമ്മാവന്മാര്‍ പുരാണം പറഞ്ഞു

'കചന് ശുക്രാചാര്യന്‍ എത്ര വട്ടം ജീവന്‍ തിരുച്ചു കൊടുത്തു? രണ്ടോ മൂന്നോ?'

'ഓ കാര്‍ത്തിക നീ ഇവന്റെ കൂടെ ഇങ്ങു പോരുന്നോ.' ചേച്ചി ഉമ്മറത്ത് നിന്നും ചോദിച്ചു. ഡാ സുനി...കഴിക്കു. വൈകിട്ട് ബാലെ കാണാന്‍ പോകേണ്ടതാണ്.' ഞാന്‍ ഉമ്മറത്തേക്ക് കയറി. എന്റെ വീട് ഇതിനു പുറകിലാണ്. കൂടുതല്‍ നേരവും എന്റെ താമസം ഇവിടെ ചേച്ചിമാരൊത്താണ്

'കഥകളി കഴിഞ്ഞോ ' ചേച്ചി ചോദിച്ചു. കണ്ണെഴുതി ചെറിയ പൊട്ടു തൊടുകയാണ് ചേച്ചി

അമ്പലത്തില്‍ തായമ്പക മുറുകി തുടങ്ങിയിരിക്കുന്നു. പൂവ് തേടി ഭീമന്‍ യാത്ര പോയിരിക്കണം ഇപ്പോള്‍

'എനിക്കൊരു പൊട്ട്' ഞാന്‍ പറഞ്ഞു. കൈത്തലം എന്റെ മുഖത്തമര്‍ന്നു നെറ്റിയിലൊരു പൊട്ട് . ചേച്ചിയുടെ കൈകളില്‍ സിന്ദൂരത്തിന്റെയും കണ്മഷിയുടെയും സുഗന്ധം

വീട്ടിലെ 'അമ്മ മുറുക്കാന്‍ തുടങ്ങുകയാണ്.
നിനക്ക് വേണോ. ഉത്സവം ഒക്കെ അല്ലെ. ശകലം പൊയ്ല ഒക്കെ ആയി ഇച്ചിരെ ആര്‍ഭാടം ആവാം ഇന്ന് ' 'അമ്മ പറഞ്ഞു

വെറ്റിലയില്‍ ചുണ്ണാമ്പും പാക്കിന്റെ ചെറിയ കഷണവും ഇട്ടു, ഇത്തിരി പൊയ്ല. ഇന്നിത്തിരി ആര്‍ഭാടം ആവാം. ഉമ്മറത്തെ നിലവിളക്ക് കാറ്റില്‍ ആടി . തിരി പുറത്തേക്ക് വലിച്ചു ചേച്ചി കയ്യിലെ എണ്ണ തലയില്‍ തേച്ചു

ചെതുക്കിച്ച ജനാല കാലിനിടയിലൂടെ അമ്മ നീട്ടി തുപ്പി. അടുക്കളയിലെ അര മതിലില്‍ കാലും ആട്ടി ഇരുന്നു കാര്‍ത്തിക എന്നെ നോക്കി ചിരിച്ചു. എന്തോ..വലിയ സങ്കോചം ഇല്ലാതെ ഇപ്പോള്‍ എനിക്കും അവളെ നോക്കി ചിരിക്കാം . ഈ രാത്രി ഇങ്ങനെ ഇരുന്നെങ്കില്‍ എന്ന് ഞാനോര്‍ത്തു

വീട് നിറച്ചും ആളാണ് . ചിലര്‍ കഥകളി കാണാന്‍ പോയിരിക്കുന്നു . ചിലര്‍ മത പ്രസംഗം കേള്‍ക്കാന്‍ പോകാന്‍ തുടങ്ങുന്നു. ഞാന്‍ ബാലെ കാണാനേ പോകുന്നുള്ളൂ. ദേവയാനിയുടെയും കചന്റെയും കഥ. 'അമ്മ വീട്ടില്‍ വിരുന്നു പോയ ഏതോ ചെറുക്കന്‍ ബാലെ നേരത്തെ കണ്ടിട്ടുണ്ടത്രെ. രക്ത രക്ഷസിനെക്കാളും നല്ലതാണത്രേ

വീട്ടില്‍ നിന്ന് അമ്മച്ചി ഉറക്കെ വിളിച്ചു.

'നീ കഴിക്കുന്നില്ലേ ? രാവിലെ ഇറങ്ങിയതാണ് ...അമ്പലം നിരങ്ങാന്‍ '

ഞാന്‍ മുറുക്കാന്‍ തുപ്പി കളഞ്ഞു വീട്ടിലേക്കു നടന്നു. അപ്പച്ചന്‍ നേരത്തെ കിടന്നിരുന്നു .

'ചോറെടുക്കട്ടെ ' അമ്മച്ചി ചോദിച്ചു

'വിശക്കുന്നില്ല . ഇപ്പോള്‍ വേണ്ട ' ഞാന്‍ പറഞ്ഞു

'അവിടുന്ന് കഴിച്ചോ? '

ഞാന്‍ കള്ളം പറഞ്ഞു. ഉമ്മറത്ത് ഇരുട്ട് മൂടിയ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നിലാവ് വെട്ടം നോക്കി വെറുതെ ഇരുന്നു. അമ്പലത്തില്‍ സ്റ്റേജിനുള്ളില്‍ വായു സഹോദരങ്ങള്‍ ഉറഞ്ഞു പാടി കൊണ്ടിരുന്നു

'അഗ്രജ നീ ജലധിയെ വ്യഗ്രം കൂടാതെ കടന്ന
വിഗ്രഹം കാണ്‍മതിനുള്ളിലാഗ്രഹം വളര്‍ന്നീടുന്നു'

രാത്രി അരണ്ട വെട്ടങ്ങളെയും ഊതി കെടുത്തി കനത്തു തുടങ്ങി. ആനയും പാപ്പാനും കൂലി വാങ്ങി പോയിരിക്കുന്നു. വൃദ്ധ യാചകന്‍ മുഷിഞ്ഞ തുണികൂട്ടിനുള്ളില്‍ ചില്ലറകള്‍ അടക്കി വച്ച് ശോഷിച്ച കൈകള്‍ കൊണ്ട് മുട്ട് തിരുമ്മി ഇരിക്കുന്നു. കത്തി തീര്‍ന്ന എണ്ണവിളക്കുകള്‍ക്കും സാംബ്രാണിക്കും തുളസി മണത്തിനുമപ്പുറം ദേവി ഉറക്കം തുടങ്ങിയിരിക്കുന്നു . അമ്പല മൈതാനത്തെ വിളക്കുകള്‍ മൂന്നാം വിസിലില്‍ അണഞ്ഞിറങ്ങുമ്പോള്‍ സ്റ്റേജിലെ ചുവന്ന അരണ്ട വെളിച്ചത്തില്‍ കചനും ദേവയാനിയും. വല്യമ്മയോടു ചേര്‍ന്നിരിക്കുകയാണ് കാര്‍ത്തിക. നിലത്തു ചമ്ര പൂട്ടിട്ടു ഇരിക്കുന്ന ഞാന്‍ കണ്ണ് വെട്ടിച്ചു അവളെ നോക്കി. സ്റ്റേജിലെ വെട്ടത്തിനൊപ്പം അവളുടെ കണ്ണും തിളങ്ങി. ദേവയാനിയുടെ പ്രണയം നിഷേധിച്ചു കചന്‍ ഇറങ്ങി നടക്കുമ്പോള്‍ കിഴക്ക് സൂര്യന്‍ ഉണരാന്‍ തുടങ്ങിയിരിക്കും.

പിറ്റേന്ന് രാവിലെ ഉറക്ക ക്ഷീണം ഉണ്ടെങ്കിലും നേരത്തെ ഉണര്‍ന്നു. വയലില്‍ നിന്ന് ആമ്പല്‍ പൂ, ഒരു ഊഞ്ഞാല്‍, ഒത്താല്‍ ജംഗ്ഷനിലൂടെ കാര്‍ത്തികയോടൊപ്പം നദിയുടെ തീരം വരെ

അങ്ങേ വീട്ടില്‍ എല്ലാവരും ഉണര്‍ന്നു കഴിഞ്ഞു. ബാലെയില്‍ പറയാത്ത ദേവയാനിയുടെ ജീവിതം ആണ് വിഷയം. കാര്‍ത്തികയേ അവിടെ കാണാനില്ല.

'സുനി, കാര്‍ത്തികയേ രാവിലെ അവളുടെ അച്ഛന്‍ കൂട്ടികൊണ്ടു പോയി.' ചേച്ചി പറഞ്ഞു

'എപ്പോള്‍ ?' എന്റെ സ്വരം മുറിഞ്ഞു.

'രാവിലെ ആര് മണിക്ക്..കുടിച്ചിട്ടുണ്ടായിരുന്നു '

ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല. . അടുക്കളയിലെ അടുപ്പില്‍ വിറകിന്റെ തിരി ആളിക്കത്തുന്നതും നോക്കി ഞാന്‍ നിന്നു . കലത്തിന്റെ അടപ്പ് ചൂടില്‍ ഇളകിയാടി. വാതില്‍ പടിയില്‍ ചാരി ഞാന്‍ വെറുതെ നിന്നു. ഇരുണ്ട അടുക്കളയില്‍ നിഴലുകള്‍ ദേവയാനിയുടെ കഥ യയാതിയില്‍ എത്തിച്ചിരുന്നു

പിന്നെ കാര്‍ത്തികയെ ഉത്സവങ്ങള്‍ക്ക് കണ്ടിട്ടില്ല . എന്റെ ഉത്സവങ്ങള്‍ക്കും ഭംഗി കുറഞ്ഞിരുന്നു. കുറെ കഴിഞ്ഞു ഞാനും ഗ്രാമം വിട്ടു. പാടത്തെ വരമ്പിലൂടെ ഓടി ഞാന്‍ നഗരത്തിലെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. കിഴക്കുണരുന്ന സൂര്യന്‍ പടിഞ്ഞാറസ്തമിച്ച എന്റെ ഗ്രാമത്തിലെ സൂര്യന്‍ ആണെന്ന് പിന്നെ ഞാനും മറന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും ഗ്രാമത്തില്‍ എത്തി. ഗ്രാമത്തിലെ ചെമ്മണ്‍ വഴികളില്‍ ടാര്‍ നിറയുകയും വീടുകള്‍ക്കും മനുഷ്യര്‍ക്കും മതില്‍ വളരുകയും ചെയ്തു. ഗ്രാമം എന്നെയും മറന്നിരിക്കുന്നു. ഗ്രാമത്തിന്റെ കഥകളില്‍ ഞാന്‍ കഴിഞ്ഞ കാലമായി. പണ്ട് കളിച്ചിരുന്ന പാടങ്ങള്‍ പ്ലോട്ടുകളാവുകയും കളിസ്ഥലങ്ങള്‍ കാടിനു വഴി മാറുകയും ചെയ്തിരിക്കുന്നു. ജലം തേടി മരിച്ച നീണ്ട അസ്ഥികൂടം പോലെ മരങ്ങള്‍. എല്ലാറ്റിനെയും കത്തിക്കാന്‍ പോന്ന ചൂടില്‍ എന്റെ പഴയ സൂര്യന്‍ . മുറ്റത്തെ ചെടി കൂട്ടങ്ങള്‍ ജല കണങ്ങളെ കണ്ടിട്ട് പോലും ഉണ്ടാവുകയില്ല.

അമ്പലത്തില്‍ വീണ്ടും ഉത്സവം ആണ് . രാവിലെ ആറുമണിക്ക് യേശുദാസ് പാടി ഉണര്‍ത്തി. അങ്ങേ വീട്ടില്‍ ചേച്ചിമാരൊക്കെ വന്നിട്ടുണ്ട്. അവരുടെ ഭര്‍ത്താക്കന്മാര്‍, കുട്ടികള്‍

അങ്ങേ വീട്ടിലെ അമ്മയെ കണ്ടു. നനവിന്റെ നേര്‍ത്ത മര്‍മരം നെഞ്ചില്‍ നിന്ന് വാക്കുകളായി പുറത്തേക്ക്

'ഈ വഴി ഒക്കെ മറന്നില്ലല്ലോ' 'അമ്മ പതുക്കെ ചുണ്ടനക്കി. മറന്നു പോകാന്‍ പറ്റിയ പാകത്തില്‍ അല്ലായിരുന്നുവല്ലോ ആ ബാല്യം

കട്ടിലിനടിയില്‍ മുറുക്കാന്‍ പെട്ടി തുപ്പല്‍ കോളാമ്പിക്കു വഴി മാറിയിരിക്കുന്നു. അതെ ചെതുക്കിച്ച ജനാല . പുറത്തു ചടച്ച ഒരു പശു വെയിലത്ത് വെറുതെ നില്‍ക്കുന്നു. ചുമരില്‍ കഴിഞ്ഞ വര്‍ഷത്തെ ചീങ്കണ്ണി കടിക്കുന്ന ആനയുടെ പടമുള്ള കലണ്ടര്‍. ഉമ്മറത്തെ കനത്തുണങ്ങിയ നിശ്ശബ്ദതയോടു മുകളിലെ ഫാന്‍ കലഹിച്ചു കൊണ്ടിരുന്നു.

'എന്താ ഇങ്ങനെ മുടീം താടീം ഒക്കെ വളര്‍ത്തി.? പണ്ട് നീ സുന്ദരനായിരുന്നു. ഇപ്പോള്‍ സൗന്ദര്യം ഒക്കെ പോയി' 'അമ്മ പറഞ്ഞു

എല്ലാം അന്യമായ പോലെ.

ഇപ്പോള്‍ പഴയ പോലെ ഉത്സവങ്ങള്‍ക്ക് ആരും വിരുന്ന് വരാറില്ല. ഫോണിലും ടിവിയിലും ഉത്സവങ്ങള്‍ നേരിട്ട് കാണാമല്ലോ

കട്ടിലിനു ചുറ്റും ചേച്ചിമാര്‍ ഇരുന്നു കഥകളുടെ കെട്ടഴിച്ചു

ആശാരിയുടെ മകള്‍ ആറ്റില്‍ ചാടി ചത്തു അത്രേ. സ്‌കൂളിലെ ഡാന്‍സ് ടീച്ചറിന്റെ കാന്‍സര്‍ . ഭ്രാന്തു വന്ന അയല്‍വക്കത്തെ ഓട്ടോക്കാരന്‍

'വൈകിട്ട് ഇവിടെ കഴിക്കാം അത് കഴിഞ്ഞു അമ്പലത്തില്‍ പോകാം ' ചേച്ചി പറഞ്ഞു

ഞാന്‍ തലയാട്ടി

വൈകിട്ട് അമ്പലത്തില്‍ പോകണം ഗാനമേള ഉണ്ട്. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് അതാണ് ഇഷ്ടം. ഉമ്മറത്ത് കുട്ടികള്‍ പുതിയ സിനിമയുടെ കഥ പറഞ്ഞിരിക്കുന്നു

അമ്പലത്തില്‍ പ്രദിക്ഷിണം ആരംഭിച്ചിരിക്കുന്നു. നിലത്തു വച്ച ഒരു പറ നെല്ലില്‍ ആരതി പോലെ ഉഴുതി ആന നടന്നകന്നു. പുറകില്‍ തായമ്പക ആടി അമര്‍ന്നു. പഴയ ചങ്ങാതിമാരോടൊപ്പം മടക്കടയില്‍ ഇരുന്നു. ചെറിയ കുപ്പിഗ്ലാസ്സിലെ വിസ്‌കിയില്‍ കൂജയിലെ തണുത്ത വെള്ളം നിറഞ്ഞു. കയ്യിലെ സിഗ്ഗരറ്റ് അരണ്ട വെട്ടത്തില്‍ കത്തി എരിഞ്ഞു. ഇനി വൈകിട്ട് അത്താഴം അങ്ങേ വീട്ടില്‍ നിന്നാണ്. പണ്ട് ഓടി നടന്ന അതെ വരമ്പിലൂടെ നടന്നു. മരങ്ങളില്‍ നിന്ന് വരണ്ട ഒരു കാറ്റ് നിലത്തേക്കിറങ്ങി വന്നു. കരിയില കത്തുന്ന പുകയുടെ ഗന്ധം. അമ്പലത്തില്‍ ദീപാരാധന തുടങ്ങിയിരിക്കുന്നു . തെയ്യം കെട്ടിയ കുറെ പേരും ചില കുട്ടികളും ചിലങ്ക അനക്കി വേഗത്തില്‍ നടന്നു പോയി.

അത്താഴം കഴിക്കാന്‍ അടുക്കള വാതില്‍ വഴി അങ്ങേ വീട്ടിലേക്ക് കയറിയപ്പോള്‍ ഒന്ന് ഞെട്ടി. പെട്ടന്ന് മനസിലായി

കാര്‍ത്തിക !

അര മതിലില്‍ ഇരുന്നു കുട്ടിക്ക് ചോറ് വാരി കൊടുക്കുകയാണ്. കറുത്ത സാരി. നെറ്റിയില്‍ സിന്ദൂരത്തിന്റെ പൊട്ട് .

'നീ ഓര്‍ക്കുന്നുണ്ടോ സുനിലിനെ?' എന്റെ കൈകളില്‍ പിടിച് ചേച്ചി ചോദിച്ചു

കണ്ണുയര്‍ത്തി അവള്‍ നോക്കി. ചോറ് താഴെ വച്ച് കുട്ടിയെ ഒക്കത്തു വച്ച് അവള്‍ നിന്നു

'പിന്നെ അറിയാം. അപ്പുറത്തെ വീട്ടിലെ...പണ്ട് ഉത്സവത്തിനു വന്നപ്പോള്‍...എന്നെ ഓര്‍ക്കുന്നുണ്ടോ?'

ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഓര്‍ത്തിട്ടുള്ള ഒരാള്‍ മുന്‍പില്‍ നിന്ന് ചോദിക്കുകയാണ് ഓര്‍മ്മയുണ്ടോ എന്ന്

ഞാന്‍ തലയാട്ടി. 'ഇപ്പോള്‍ എന്ത് ചെയ്യുന്നു?'

'ഇപ്പോള്‍ വീട്ടില്‍ തന്നെ . ചേട്ടന്‍ ഇപ്പോള്‍ വരും. സ്‌കൂള്‍ മാഷാണ്. രണ്ടു കുട്ടികള്‍' അവള്‍ അര മതിലില്‍ ഇരുന്നു

ചേച്ചി ചോറ് വിളമ്പി. അവിയലും തോരനും പ്ലേറ്റില്‍ നിറഞ്ഞു . അരമതിലിനപ്പുറം അതെ തലമുടി. തലമുടിയില്‍ പഴയ തെറ്റി പൂക്കള്‍. ചോറ് വാരിയുണ്ട് ഒരു ഗ്ലാസ് വെള്ളം മൊത്തി കുടിച്ചു ഞാന്‍ അവളെ വീണ്ടും നോക്കി. തലമുടി മുന്നിലേക്കിട്ടു എന്നെ നോക്കി അവള്‍ ഹൃദ്ധ്യമായി ചിരിച്ചു.

പിന്നെ കൈകള്‍ കഴുകി ഇരുണ്ട നിരത്തിലൂടെ നിഴല് പോലെ ഞാന്‍ നടന്നകന്നു.
Join WhatsApp News
Kirukkan Vinod 2018-05-22 08:52:21
Beautiful narration and very nostalgic memories !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക